ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നേത്രങ്ങളുജ്വലിച്ചു നായക,ന്നെന്നാൽ ക്ഷണ-
മാത്രത്താലവ ദയാർദ്രങ്ങളാ, യത്യത്ഭുതം!
തൻകൊച്ചുപോരാളിതൻ കഞ്ചുകം നെഞ്ചിന്മീതെ
തൻകരംകൊണ്ടു പൊത്തീടുകിലും, രക്തത്തിനാൽ
വൈവർണ്ണ്യം പൂണ്ടു കണ്ടു, ചക്രവർത്തിയുമുടൻ
ഭാവമത്രയും മാറി, ബ്ബാലനെത്താങ്ങീടിനാൻ.

ചോദിച്ചു:- "കുഞ്ഞേ! മുറിപറ്റിയതെവിടത്തിൽ?
ഹാ ! ദിഷ്ടവൈപരീത്യം! പറ്റലർ ചതിച്ചുവോ ?"

കൃതകൃത്യനാം ബാലൻ പുഞ്ചിരി തൂകീ മന്ദം;
നൃപനോടോതീടിനാനസ്പഷ്ടാക്ഷരങ്ങളിൽ:
"മുറിയേല്ക്കുകയോ ? ഞാൻ മുക്കാലും ചത്തു - പക്ഷേ
പരിതൃപ്തൻ ഞാൻ, തൃക്കൈസ്പർശത്താൽത്തിരുമേനി!"

ബാലകൻതന്റെ ചുണ്ടു തൽക്ഷണം വിളർത്തുപോ-
യാലോലനേത്രങ്ങളും നിശ്ചലസ്ഥിതങ്ങളായ്;
ചുടുകണ്ണീരൊന്നുടൻ വീണു, മൃത്യുവിൻ മുദ്ര
പതിയും നെറ്റിതന്മേൽ- അന്നൊരു ദിനംമാത്രം !!

(ആശയാനുവാദം)

(കവനകൗമുദി, പുസ്തകം 19, ലക്കം 6,7, 1099 മീനം,മേടം-1924)