ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വിവർത്തനങ്ങളല്ല, മറ്റു കൃതികളുടെ ഛായയിൽ നിന്നുകൊണ്ടു നിർമ്മിച്ചുവിടുന്ന വികൃതങ്ങളും നിർജ്ജീവങ്ങളുമായ വെറും അനുകരണരൂപങ്ങൾ മാത്രമാണ്. ഉദാഹരണമായി നോവൽ, നാടകം മുതലായ സാഹിത്യശാഖകൾ എടുത്തു പരിശോധിച്ചു നോക്കുക. മിസ്റ്റർ ചന്തു മേനവന്റെയും, സി.വി. രാമൻപിള്ളയുടെയും ഏതാനും ആഖ്യായികകളെ ഒഴിച്ചു നിർത്തിയാൽ പിന്നെ കൈരളിക്കു സ്വന്തമെന്നഭിമാനിക്കത്തക്ക ഒരൊറ്റ നോവൽപോലും ഉണ്ടെന്ന് ഞാൻ വിചാരിക്കുന്നില്ല. മലയാളത്തിൽ ഒരു സ്വതന്ത്രനാടകകർത്താവിന്റെ പേർ പറയാൻ ആവശ്യപ്പെട്ടാൽ ഞാൻ മിഴിച്ചുനിന്നുപോകും. അടുത്തകാലത്ത് ഈ.വി., കൈനിക്കര, കെ. രാമകൃഷ്ണപിള്ള തുടങ്ങിയ ചിലർ നാടകവിഷയത്തിലേക്ക് ശ്രദ്ധയെ തിരിച്ചുവിട്ടതായിക്കാണാം. എഡ്‌വിൻ മഡലൈൻ തുടങ്ങിയ സായിപ്പന്മാരും മദാമ്മമാരും, കരുണാകരൻനായരും കമലാക്ഷിയമ്മയും മറ്റുമായി വേഷമാറി വന്നു കാട്ടിക്കൂട്ടുന്ന വേതാളകോലാഹലങ്ങളാണ് നോവൽസാഹിത്യത്തിൽ ഇന്നു നാം കാണുന്നത്. അവയുടെ നിർമ്മാതാക്കൾ മൂലകൃതികളുടെ ആത്മാവിനെ ആട്ടിപ്പായിച്ച്, വെറും നിർജ്ജീവശരീരങ്ങളെ മാത്രം എടുത്ത്, അവയുടെതന്നെ മജ്ജയും മാസവും ചീന്തിപ്പറിച്ചുകളഞ്ഞ് വെറും അസ്ഥിപഞ്ജരങ്ങളാക്കിയിട്ടാണ് അമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്. ഇതു മൂലഗ്രന്ഥകാരന്മാരോടു ചെയ്യുന്ന ഒരു വലിയ കടും കൈയാണെന്ന് അക്കൂട്ടർ ഓർമ്മിക്കാത്തതു കഷ്ടംതന്നെ.

നാലപ്പാടന്റെ 'പാവങ്ങൾ'

ഫ്രഞ്ചു മഹാകവിയായ വിക്റ്റർ യൂഗോവിന്റെ 'Les Miserables' എന്ന ലോകോത്തരമായ ഗ്രന്ഥത്തിന് 'ആസുരകേസരി', 'സരസ്വതി', 'ജീൻവാൽ ജീൻ' തുടങ്ങി എത്ര അനുകരണങ്ങളാണ് മലയാളത്തിൽ ഉണ്ടായിട്ടുള്ളത്! എന്നാൽ അവയിലൊന്നിനെങ്കിലും 'പാവങ്ങ'ളെ സമീപിക്കുവാൻ യോഗ്യതയുണ്ടോ? 'പാവങ്ങ'ളെ ഇന്നു കുറ്റം പറയുന്നവരിൽ ഭൂരിഭാഗവും നാലുപേജുവായിച്ച്ശേഷം "ഓ, മുഷിപ്പൻ!" എന്നു പറഞ്ഞ് പുറന്തള്ളിക്കളയുന്ന കൂട്ടരാണ്. ഒരിക്കലെങ്കിലും അതു മുഴുവനൊന്നു വായിച്ചുനോക്കാൻ സൗജന്യ ബുദ്ധിയുണ്ടായിട്ടുള്ള ഒരു സഹൃദയനെങ്കിലും, ഇന്നുവരെ എന്റെ പരിചയത്തിൽപ്പെട്ടിടത്തോളം, ആ ഉത്തമ വിവർത്തനഗ്രന്ഥത്തിന്റെ ആരാധകനായിത്തീരാതിരുന്നിട്ടില്ല, തർജ്ജിമ 'ഗ്യാസുപോയ സോഡ' പോലെയാണെന്നു സാധാരണ പറഞ്ഞുകേട്ടിട്ടുണ്ട്. ഏറെക്കുറെ ഇതു പരമാർത്ഥമാണുതാനും. എന്നാൽ പ്രാപ്തിയുള്ളവർ എടുത്തു പെരുമാറിയാൽ പെരുമയ്ക്കുടവുതട്ടുകയില്ലെന്നുള്ളതിന് ഉത്തനദൃഷ്ടാന്തമാണ് 'പാവങ്ങൾ'. അതിലെ പല ഭാഗങ്ങളും ഇംഗ്ലീഷിനെത്തന്നെ അതിശയിക്കുന്നുണ്ടെന്ന്, രണ്ടും ഒരേ അവസരത്തിൽ താരതമ്യം ചെയ്തു വായിച്ചു നോക്കുന്ന ഒരാൾക്ക് നിഷ്‌പ്രയാസം ഗ്രഹിക്കാൻ കഴിയും. 'പാവങ്ങ'ളെ ആരൊക്കെ

"https://ml.wikisource.org/w/index.php?title=താൾ:സുധാംഗദ.djvu/21&oldid=174552" എന്ന താളിൽനിന്ന് ശേഖരിച്ചത്