അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/അതികായവധം

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
യുദ്ധകാണ്ഡം


സിദ്ധഗന്ധർവ്വവിദ്യാധരഗുഹ്യകയക്ഷ
ഭുജംഗഖഗാപ്സരോവൃന്ദവും
കിന്നരചാരണ കിമ്പുരുഷന്മാരും
പന്നഗതാപസ ദേവസമൂഹവും
പുഷ്പവർഷം ചൈതു ഭക്ത്യാ പുകഴ്ത്തിനാർ
ചില്പുരുഷൻ പുരുഷോത്തമമദ്വയം
ദേവമുനീശ്വരൻ നാരദനും തദാ
സേവാർത്ഥ മമ്പോടവതരിച്ചീടിനാൻ
രാമം ദശരഥനന്ദനമുല്പലശ്യാമളം
കോമളം ബാണധനുർദ്ധരം
പൂർണ്ണചന്ദ്രാനനം കാരുണ്യപീയൂഷ
പൂർണ്ണസമുദ്രം മുകുന്ദം സദാശിവം
രാമം ജഗദഭിരാമമാത്മാരാമമാ
മോദമർന്നു പുകഴ്ന്നു തുടങ്ങിനാൻ:
“സീതാപതേ! രാമ! രാജേന്ദ്ര! രാഘവ!
ജഗന്നാഥ! നാരായണാ! ഖിലാധാരാ! നമോസ്തുതേ
വിശ്വസാക്ഷിൻ!പരമാത്മനൻ സനാതന!
വിശ്വമൂർത്തേ! പരബ്രഹ്മമേ! ദൈവമേ!
ദുഃഖസുഖാദികളെല്ലാമനുദിനം കൈക്കൊണ്ടു
മായാ മാനുഷാകാരനായ്
ശുദ്ധതത്ത്വജ്ഞനായ് ഞ്നാനസ്വരൂപനായ്
സത്യസ്വരൂപനായ് സർവ്വലോകേശനായ്
സത്വങ്ങളുള്ളിലേ ജീവസ്വരൂപനായ്
സത്വപ്രധാനഗുണപ്രിയനായ് സദാ
വ്യക്തനായവ്യക്തനായതിസ്വസ്ഥനായ്
നിഷ്കളനായ് നിരാകാരനായിങ്ങനെ
നിർഗ്ഗുണനായ് നിഗമാന്തവാക്യാർത്ഥമായ്
ചിൽഘനാത്മാവായ് ശിവനായ് നിരീഹനായ്
ചക്ഷുരുന്മീലനകാലത്തു സൃഷ്ടിയും
ചക്ഷുർന്നിമീലനംകൊണ്ടു സംഹാരവും
രക്ഷയും നാനാവിധാവതാരങ്ങളാൽ ശിക്ഷിച്ചു
ധർമ്മത്തെയും പരിപാലിച്ചു
നിത്യം പുരുഷപ്രകൃതികാലാഖ്യനായ്
ഭക്തപ്രിയനാം പരമാത്മനേ നമഃ
യാതൊരാത്മാവിനെക്കാണുന്നിതെപ്പൊഴും
ചേതസി താപസേന്ദ്രന്മാർ നിരാശയാ
തത്സ്വരൂപത്തിനായ്ക്കൊണ്ടു നമസ്കാരം
ചിത്സ്വരൂപ! പ്രഭോ! നിത്യം നമോസ്തുതേ
നിർവ്വികാരം വിശുദ്ധജ്ഞാനരൂപിണം
സർവ്വലോകാധാരമാദ്യം നമോ നമഃ
ത്വല്പ്രസാദം കൊണ്ടൊഴിഞ്ഞു മൊറ്റൊന്നിനാൽ
ത്വൽബോധമുണ്ടായ്‌വരികയുമില്ലല്ലോ
ത്വല്പാദപത്മങ്ങൾ കണ്ടു സേവിപ്പതിനി
പ്പോളെ നിക്കവകാശമുണ്ടായതും
ചില്പുരുഷ!പ്രഭോ!നിൻ‌കൃപാവൈഭവമെ
പ്പോഴുമെന്നുള്ളിൽ വാഴ്ക ജഗല്പതേ!
കോപകാമദ്വേഷമത്സരകാർപ്പണ്യലോഭ
മോഹാദി ശത്രുക്കളുണ്ടാകയാൽ
മുക്തിമാർഗ്ഗങ്ങളിൽ സഞ്ചരിച്ചീടുവാൻ
ശക്തിയുമില്ല നിന്മായാബലവശാൽ
ത്വൽക്കഥാപീയൂഷപാനവും ചൈയ്തു
കൊണ്ടുൾക്കാമ്പിൽ നിന്നെയും ധ്യാനിച്ചനാരതം
ത്വല്പൂജയും ചെയ്തു നാമങ്ങളുച്ച്രിച്ചിപ്ര
പഞ്ചത്തിങ്കലൊക്കെ നിരന്തരം
നിൻ‌ചരിതങ്ങളും പാടി വിശുദ്ധനായ്
സഞ്ചരിപ്പാനായനുഗ്രഹിക്കേണമേ!
രാജരാജേന്ദ്ര! രഘുകുലനായക!
രാജീവലോചന! രാമ! രമാപതേ!
പാതിയും പോയിതു ഭൂഭാരമിന്നു നീ ബാധിച്ച
കുംഭകർണ്ണൻ‌തന്നെക്കൊൽകയാൽ
ഭോഗീന്ദ്രനാകിയ സൌമിത്രിയും നാളെ
മേഘനിനാദനെക്കൊല്ലുമായോധനേ
പിന്നെ മെറ്റെന്നാൾ ദശഗ്രീവനെബ്ഭവാൻ
കൊന്നു ജഗത്രയം രക്ഷിച്ചുകൊള്ളുക
ഞാനിനി ബ്രഹ്മലോകത്തിനു പോകുന്നു
മാനവവീര! ജയിക്ക ജയിക്ക നീ
ഇത്ഥം പറഞ്ഞു വണങ്ങി സ്തുതിച്ചതി
ഭക്തിമാനാകിയ നാരദനും തദാ
രാഘവനോടനുവാദവും കൈക്കൊണ്ടു
വേഗേന പോയ്മറഞ്ഞീടിനാനന്നേരം