അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/അയോദ്ധ്യയിലേക്കുള്ള യാത്ര

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
യുദ്ധകാണ്ഡം


മന്നവൻതന്നെ വന്ദിച്ചപേക്ഷിച്ചിതു
പിന്നെ വിഭീഷണനായ ഭക്തൻ മുദാ
'ദാസനാമെന്നെക്കുറിച്ചു വത്സല്യമു-
ണ്ടേതാനുമെങ്കിലത്രൈവ സന്തുഷ്ടനായ്‌
മംഗലദേവതയാകിയ സീതയാ
മംഗലസ്നാനവുമാചരിച്ചീടണം
മേളമായിന്നു വിരുന്നും കഴിഞ്ഞിങ്ങു
നാളെയങ്ങോട്ടെഴുന്നള്ളീടുകയുമാം'
എന്നു വിഭീഷണൻ ചൊന്നതു കേട്ടുടൻ
മന്നവർമന്നവൻ താനുമരുൾചെയ്തു
'സോദരനായ ഭരതനയോദ്ധ്യയി-
ലാധിയും പൂണ്ടു സഹോദരൻ തന്നൊടും
എന്നെയും പാർത്തിരിക്കുന്നിതു ഞാനവൻ-
തന്നോടുകൂടിയൊഴിഞ്ഞലങ്കാരങ്ങൾ
ഒന്നുമനുഷ്ഠിയ്ക്കയെന്നുള്ളതില്ലെടോ!
ചെന്നൊരു രാജ്യത്തിൽ വാഴ്കയെന്നുള്ളതും.
സ്നാനാശനാദികളാചരിക്കെന്നതും
നൂനമവനോടുകൂടിയേയാവിതു
എന്നു പതിനാലു സംവത്സരം തിക-
യുന്നതെന്നുള്ളതും പാർത്തവൻ വാഴുന്നു
ചെന്നീല ഞാനന്നുതന്നെയെന്നാലവൻ
വഹ്നിയിൽ ചാടിമരിക്കുമേ പിറ്റേന്നാൾ
എന്നതുകൊണ്ടുഴറുന്നിതു ഞാനിഹ
വന്നു സമയവുമേറ്റമടുത്തങ്ങു
ചെന്നുകൊൾവാൻ പണിയുണ്ടതിൻ മുന്നമേ
നിന്നിൽ വാത്സല്യമില്ലായ്കയുമല്ല മേ
സൽക്കരിച്ചീടു നീ സത്വരമെന്നുടെ
മർക്കടവീരരെയൊക്കവെ സാദരം
പ്രീതിയവർക്കു വന്നാലെനിയ്ക്കും വരും
പ്രീതി,യതിന്നൊരു ചഞ്ചലമില്ല കേൾ
എന്നെക്കനിവോടു പൂജിച്ചതിൻഫലം
വന്നുകൂടും കപിവീരരെപ്പൂജിച്ചാൽ'
പാനാശനസ്വർണ്ണരത്നാംബരങ്ങളാൽ
വാനരന്മാർക്കലംഭാവം വരുംവണ്ണം
പൂജയും ചെയ്തു കപികളുമായ്‌ ചെന്നു
രാജീവനേത്രനെക്കൂപ്പി വിഭീഷണൻ
'ക്ഷിപ്രമയോദ്ധ്യയ്ക്കെഴുന്നള്ളുവാനിഹ
പുഷ്പകമായ വിമാനവുമുണ്ടല്ലോ'
രാത്രിഞ്ചരാധിപനിത്ഥമുണർത്തിച്ച
വാർത്ത കേട്ടാസ്ഥയോടും പുരുഷോത്തമൻ
കാലത്തു നീ വരുത്തീടുകെന്നാനഥ
പൗലസ്ത്യയാനവും വന്നു വന്ദിച്ചിതു
ജാനകിയോടുമനുജനോടും ചെന്നു
മാനവവീരൻ വിമാനവുമേറിനാൻ
അർക്കാത്മജാദി കപിവരന്മാരൊടും
നക്തഞ്ചാധിപനോടും രഘൂത്തമൻ
മന്ദസ്മിതം പൂണ്ടരുൾചെയ്തിതാദരാൽ
'മന്ദേതരം ഞാനയദ്ധ്യയ്ക്കു പോകുന്നു
മിത്രകാര്യം കൃത്യമായിതു നിങ്ങളാൽ
ശത്രുഭയമിനി നിങ്ങൾക്കകപ്പെടാ
മർക്കടരാജ! സുഗ്രീവ! മഹാമതേ!
കിഷ്കിന്ധയിൽ ചെന്നു വാഴ്ക നീ സൗഖ്യമായ്‌
ആശരാധീശ! വിഭീഷണ! ലങ്കയി-
ലാശു പോയ്‌ വാഴ്ക നീയും ബന്ധുവർഗ്ഗവും'
കാകുത്സ്ഥനിത്ഥമരുൾചെയ്ത നേരത്തു
വേഗത്തിൽ വന്ദിച്ചവർകളും ചൊല്ലിന്നാർ
'ഞങ്ങളും കൂടെ വിടകൊണ്ടയോദ്ധ്യയി-
ലങ്ങു കൗസല്യാദികളെയും വന്ദിച്ചു
മംഗലമാമ്മാറഭിഷേകവും കണ്ടു
തങ്ങൾതങ്ങൾക്കുള്ളവിടെ വാണീടുവാൻ
ഉണ്ടാകവേണം തിരുമനസ്സെങ്കിലേ
കുണ്ഠത ഞങ്ങൾക്കു തീരു ജഗൽപ്രഭോ!'
'അങ്ങനെതന്നെ നമുക്കുമഭിമതം
നിങ്ങൾക്കുമങ്ങനെ തോന്നിയതത്ഭുതം
എങ്കിലോ വന്നു വിമാനമേറീടുവിൻ
സങ്കടമെന്നിയേ മിത്രവിയോഗജം'
സേനയാ സാർദ്ധം നിശാചരരാജനും
വാനർന്മാരും വിമാനമേറീടിനാർ
സംസാരനാശനാനുജ്ഞയാ പുഷ്പകം
ഹംസസമാനം സമുൽപതിച്ചു തദാ
നക്തഞ്ചരേന്ദ്രസുഗ്രീവാനുജപ്രിയാ-
യുക്തനാം രാമനെക്കൊണ്ടു വിമാനവും
എത്രയും ശോഭിച്ചതംബരാന്തേ തദാ
മിത്രബിംബം കണക്കേ ധനദാസനം
ഉത്സംഗസീമ്‌നി വിന്യസ്യ സീതാഭക്ത-
വത്സലൻ നാലു ദിക്കും പുനരാലോക്യ
'വത്സേ! ജനകാത്മജേ! ഗുണ വല്ലഭേ!
സത്സേവിതേ! സരസീരുഹലോചനേ!
പശ്യ ത്രികൂടാചലോത്തമാംഗസ്ഥിതം
വിശ്വവിമോഹനമായ ലങ്കാപുരം
യുദ്ധാങ്കണം കാൺകതിലങ്ങു ശോണിത-
കർദ്ദമമാംസാസ്ഥിപൂർണ്ണം ഭയങ്കരം
അത്രൈവ വാനര രാക്ഷസന്മാർ തമ്മി-
ലെത്രയും ഘോരമായുണ്ടായി സംഗരം
അത്രൈവ രാവണൻ വീണു മരിച്ചിതെ-
ന്നസ്ത്രമേറ്റുത്തമേ! നിന്നുടെ കാരണം
കുംഭകർണ്ണൻ മകരാക്ഷനുമെന്നുടെ-
യമ്പുകൊണ്ടത്ര മരിച്ചിതു വല്ലഭേ!
വൃത്രാരിജിത്തുമതികായനും പുന-
രത്ര സൗമിത്രിതന്നസ്ത്രമേറ്റുത്തമേ!
വീണു മരിച്ചിതു പിന്നെയും മറ്റുള്ള
കൗണപന്മാരെക്കപികൾ കൊന്നീടിനാർ
സേതു ബന്ധിച്ചതും കാണെടോ! സാഗരേ
ഹേതു ബന്ധിച്ചതതിന്നു നീയല്ലയോ?
സേതുബന്ധം മഹാതീർത്ഥം പ്രിയേ! പഞ്ച-
പാതകനാശനം ത്രൈലോക്യപൂജിതം
കണ്ടാലുമുണ്ടാം ദുരിതവിനാശനം
കണ്ടാലുമങ്ങതിന്നത്ര രാമേശ്വരം
എന്നാൽ പ്രതിഷ്ഠിതനായ മഹേശ്വരൻ
പന്നഗഭൂഷണൻ തന്നെ വണങ്ങു നീ
അത്ര വന്നെന്നെശ്ശരണമായ്‌ പ്രാപിച്ചി-
തുത്തമനായ വിഭീഷണൻ വല്ലഭേ!
പുഷ്കരനേത്രേ! പുരോഭുവി കാണേടോ!
കിഷ്കിന്ധയാകും കപീന്ദ്രപുരീമിമാം'
ശ്രുത്വാ മനോഹരം ഭർത്തൃവാക്യം മുദാ
പൃത്ഥ്വീസുതയുമപേക്ഷിച്ചതന്നേരം
'താരാദിയായുള്ള വാനരസുന്ദരി-
മാരെയും കണ്ടങ്ങു കൊണ്ടുപോയീടണം
കൗതൂഹലമയോദ്ധ്യാപുരിവാസിനാം
ചേതസി പാരമുണ്ടായ്‌വരും നിർണ്ണയം
വാനരവീരരുമൊട്ടുനാളുണ്ടല്ലോ
മാനിനിമാരെപ്പിരിഞ്ഞിരുന്നീടുന്നു!
ഭർത്തൃവിയോഗജദുഃഖമിന്നെന്നോള-
മിത്രിലോകത്തിങ്കലാരറിഞ്ഞിട്ടുള്ളു!
എന്നാലിവരുടെ വല്ലഭമാരെയു-
മിന്നുതന്നെ കൂട്ടികൊണ്ടുപോയീടണം
രാഘവൻ ത്രൈലോക്യനായകൻതന്നിലു-
ള്ളാകൂതമപ്പോളറിഞ്ഞു വിമാനവും
ക്ഷോണീതലം നോക്കി മന്ദമന്ദം തദാ
താണതുകണ്ടരുൾചെയ്തു രഘൂത്തമൻ
'വാനരവീരരേ നിങ്ങൾ നിജനിജ-
മാനിനിമാരെ വരുത്തുവിനേവരും'
മർക്കടവീരരതു കേട്ടു മോദേന
കിഷ്കിന്ധപുക്കു നിജാംഗനമാരെയും
പോകെന്നു ചൊല്ലി വിമാനം കരേറ്റിനാർ
ശാഖാമൃഗാധിപന്മാരും കരേറിനാർ
താരാർമകളായ ജാനകീദേവിയും
താരാരുമാദികളോടു മോദാന്വിതം
ആലോകനാലാപ മന്ദഹാസാദി ഗാ-
ഢാലിംഗനഭ്രൂചലനാദികൾകൊണ്ടു
സംഭാവനചെയ്തവരുമായ്‌ വേഗേന
സംപ്രീതിപൂണ്ടു തിരിച്ചു വിമാനവും
വിശ്വൈകനായകൻ ജാനകിയോടരു-
ളിച്ചെയ്തിതു പരമാനന്ദസംയുതം
'പശ്യ മനോഹരേ! ദേവി! വിചിത്രമാ-
മൃശ്യമൂകാചലമുത്തുംഗമെത്രയും
അത്രൈവ വൃത്രാരിപുത്രനെക്കൊന്നതും
മുഗ്ദ്ധാംഗി പഞ്ചവടി നാമിരുന്നേടം
വന്ദിച്ചുകൊൾകഗസ്ത്യാശ്രമം ഭക്തി പൂ-
ണ്ടിന്ദീവരാക്ഷി സുതീക്ഷ്ണാശ്രമത്തെയും
ചിത്രകൂടാചലം പണ്ടു നാം വാണേട-
മത്രൈവ കണ്ടു ഭരതനെ നാമെടോ!
ഭദ്രേ മുദാ ഭരദ്വാജാശ്രമം കാൺക!
ശുദ്ധീകരം യമുനാതടശോഭിതം
ഗംഗാനദിയതിന്നങ്ങേ,തതിന്നങ്ങു
ശൃംഗിവേരൻ ഗുഹൻ വാഴുന്ന നാടെടോ!
പിന്നെസ്സരയൂനദിയതിന്നങ്ങേതു
ധന്യമയോദ്ധ്യനഗരം മനോഹരേ!
ഇത്ഥമരുൾചെയ്ത നേരത്തു രാഘവൻ-
ചിത്തമറിഞ്ഞാശു താണു വിമാനവും
വന്ദിച്ചിതു ഭരദ്വാജമുനീന്ദ്രനെ
നന്ദിച്ചനുഗ്രഹം ചെയ്തു മുനീന്ദ്രനും
രാമനും ചോദിച്ചിതപ്പോ'ളയോദ്ധ്യയി-
ലാമയമേതുമൊന്നില്ലയല്ലീ മുനേ?'
മാതൃജനത്തിനും സൗഖ്യമല്ലീ മമ
സോദരന്മാർക്കുമാചാര്യജനത്തിനും?'
താപസശ്രേഷ്ഠനരുൾചെയ്തിതന്നേരം
'താപമൊരുവർക്കുമില്ലയോദ്ധ്യാപുരേ
നിത്യം ഭരതശത്രുഘ്നകുമാരന്മാർ
ശുദ്ധമാകും ഫലമൂലവും ഭക്ഷിച്ചു
ഭക്ത്യാ ജടാവൽക്കലാദികളും പൂണ്ടു
സത്യസ്വരൂപനാം നിന്നെയും പാർത്തുപാർ-
ത്താഹന്ത! സിംഹാസനേ പാദുകം വച്ചു
മോഹം ത്യജിച്ചു പുഷ്പാഞ്ജലിയും ചെയ്തു
കർമ്മങ്ങളെല്ലാമതിങ്കൽ സമർപ്പിച്ചു
സമ്മതന്മാരായിരിക്കുന്നിതെപ്പൊഴും
ത്വൽപ്രസാദത്താലറിഞ്ഞിരിയ്ക്കുന്നിതു
ചിൽപുരുഷപ്രഭോ! വൃത്തന്തമൊക്കെ ഞാൻ
സീതാഹരണവും സുഗ്രീവസഖ്യവും
യാതുധാനന്മാരെയൊക്കെ വധിച്ചതും
യുദ്ധപ്രകാരവും മാരുതിതന്നുടെ
യുദ്ധപരാക്രമവും കണ്ടിതൊക്കവേ
ആദിമദ്ധ്യാന്തമില്ലാത പരബ്രഹ്മ-
മേതു തിരിക്കരുതാതൊരു വസ്തു നീ
സാക്ഷാൽ മഹാവിഷ്ണു നാരായണനായ
മോക്ഷപ്രദൻ നിന്തിരുവടി നിർണ്ണയം
ലക്ഷ്മീഭഗവതി സീതയാകുന്നതും
ലക്ഷ്മണനായതനന്തൻ ജഗൽപ്രഭോ!
ഇന്നു നീ ശുദ്ധമാക്കേണം മമാശ്രമം
ചെന്നയോദ്ധ്യാപുരം പുക്കീടടുത്തനാൾ'
കർണ്ണാമൃതമാം മുനിവാക്കു കേട്ടുപോയ്‌
പർണ്ണശാലാമകം പുക്കിതു രാഘവൻ
പൂജിതനായ്‌ ഭ്രാതൃഭാര്യാസമന്വിതം
രാജീവനേത്രനും പ്രീതിപൂണ്ടീടിനാൻ