അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/മേഘനാദവധം

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
യുദ്ധകാണ്ഡം


രാഘവന്മാരും മഹാകപിവീരരും
ശോകമകന്നു തെളിഞ്ഞു വാഴും‌വിധൌ
മർക്കടനായകന്മാരോടു ചൊല്ലിനാ-
നർക്കതനയനുമംഗദനും തദാ:
‘നിൽക്കരുതാരും പുറത്തിനി വാനര-
രൊക്കെക്കടക്ക മുറിക്ക മതിലുകൾ‌.
വയ്ക്ക ഗൃഹങ്ങളിലൊക്കവേ കൊള്ളിയും
വൃക്ഷങ്ങളൊക്കെ മുറിക്ക തെരുതെരെ.
കൂപതടാകങ്ങൾതൂർക്ക കിടങ്ങുകൾ‌
ഗോപുരദ്വാരാവധി നിരത്തീടുക.
മിക്കതുമൊക്കെയൊടുങ്ങി നിശാചര-
രുൾ‌ക്കരുത്തുള്ളവരിന്നുമുണ്ടെങ്കിലോ
വെന്തുപൊറാഞ്ഞാൽ‌പുറത്തു പുറപ്പെടു-
മന്തകൻ‌വീട്ടിന്നയയ്ക്കാമനുക്ഷണം.’
എന്നതു കേട്ടവർകൊള്ളിയും കൈക്കൊണ്ടു
ചെന്നു തെരുതെരെ വച്ചുതുടങ്ങിനാർ‌.
പ്രാസാദഗോപുരഹർമ്മ്യഗേഹങ്ങളും
കാസീസകാഞ്ചനരൂപ്യതാമ്രങ്ങളും
ആയുധശാലകളാഭരണങ്ങളു-
മായതനങ്ങളും മജ്ജനശാലയും
വാരണവൃന്ദവും വാജിസമൂഹവും
തേരുകളും വെന്തുവെന്തുവീണീടുന്നു.
സ്വർഗ്ഗലോകത്തോളമെത്തീ ദഹനനും
ശക്രനോടങ്ങറിയിപ്പാനനാകുലം
മാരുതി ചുട്ടതിലേറെ നന്നായ് ചമ-
ച്ചോരു ലങ്കാപുരം ഭൂതിയായ് വന്നിതു.
രാത്രിഞ്ചരസ്ത്രീകൾ‌വെന്തലറിപ്പാഞ്ഞു-
മാർത്തിമുഴുത്തു തെരുതെരെച്ചാകയും
മാർത്താണ്ഡഗോത്രജനാകിയ രാഘവൻ
കൂർത്തുമൂർത്തുള്ള ശരങ്ങൾപൊഴിക്കയും
ഗോത്രാരിജിത്തും ജയിച്ചതുമെത്രയും
പാർത്തോളമത്ഭുതമെന്നു പറകയും
രാത്രിഞ്ചരന്മാർ‌നിലവിളിഘോഷവും
രാത്രിഞ്ചരസ്ത്രീകൾകേഴുന്ന ഘോഷവും
വാനരന്മാർനിന്നലറുന്ന ഘോഷവും
മാനവേന്ദ്രൻ‌‌ധനുർജ്ജ്യാനാദഘോഷവും
ആനകൾ‌വെന്തലറീടുന്ന ഘോഷവും
ദീനതപൂണ്ട തുരഗങ്ങൾനാദവും
സന്തതം തിങ്ങി മുഴങ്ങിച്ചമഞ്ഞിതു
ചിന്ത മുഴുത്തു ദശാനനവീരനും
കുംഭകർണ്ണാത്മജന്മാരിൽ‌മുമ്പുള്ളൊരു
കുംഭനോടാശു നീ പോകെന്നും ചൊല്ലിനാൻ‌.
തമ്പിയായുള്ള നികുംഭനുമന്നേരം
മുമ്പിൽ‌ഞാനെന്നു മുതിർന്നു പുറപ്പെട്ടാൻ.
കമ്പനൻ‌താനും പ്രജംഘനുമെത്രയും
വൻപുള്ള യൂപാക്ഷനും ശോണിതാക്ഷനും
വൻപടയോടും പുറപ്പെട്ടു ചെന്നള-
വിമ്പം കലർന്നടുത്താർകപിവീരരും.
രാത്രിയിലാർത്തങ്ങടുത്തു പൊരുതൊരു
രാത്രിഞ്ചരന്മാർതെരുതെരെച്ചാകയും
കൂർത്ത ശസ്ത്രാസ്ത്രങ്ങൾ‌കൊണ്ടു കപികളും
ഗാത്രങ്ങൾഭേദിച്ചു ധാത്രിയിൽ‌വീഴ്കയും
ഏറ്റുപിടിച്ചുമടിച്ചുമിടിച്ചു മ-
ങ്ങേറ്റം കടിച്ചും പൊടിച്ചും പരസ്പരം
ചീറ്റം മുഴുത്തു പറിച്ചും മരാമരം
തോറ്റുപോകായ്കെന്നു ചൊല്ലിയടുക്കയും
വാനരരാക്ഷസന്മാർപൊരുതാരഭി-
മാനം നടിച്ചും ത്യജിച്ചും കളേബരം
നാലഞ്ചുനാഴികനേരം കഴിഞ്ഞപ്പോൾ‌
കാലപുരിപുക്കിതേറ്റ രക്ഷോഗണം.
കമ്പനൻ വൻപോടടുത്താനതുനേര-
മമ്പുകൊണ്ടേറ്റമകന്നു കപികളും.
കമ്പംകലർന്നൊഴിച്ചാരതു കണ്ടഥ
ജംഭാരിനന്ദനപുത്രനും കോപിച്ചു
കമ്പൻ‌തന്നെ വധിച്ചോരനന്തരം
പിമ്പേ തുടർന്നങ്ങടുത്താൻപ്രജംഘനും
യൂപാക്ഷനും തഥാ ശോണിതനേത്രനും
കോപിച്ചടുത്താരതുനേരമംഗദൻ‌
കൌണപന്മാർ‌മൂവരോടും പൊരുതതി-
ക്ഷീണനായ് വന്നിതു ബാലിതനയനും.
മൈന്ദനുമാശു വിവിദനുമായ്ത്തത്ര
മന്ദേതരം വന്നടുത്താരതുനേരം.
കൊന്നാൻ‌പ്രജംഘനെത്താരേയനുമഥ
പിന്നെയവ്വണ്ണം വിവിദൻ‌മഹാബലൻ‌
കൊന്നിതു ശോണിതനേത്രനെയുമഥ
മൈന്ദനും യൂപാക്ഷനെക്കൊന്നു വീഴ്ത്തിനാൻ‌
നക്തഞ്ചരവരന്മാരവർനാൽ‌വരും
മൃത്യുപുരം പ്രവേശിച്ചോരനന്തരം
കുംഭനണഞ്ഞു ശരം പൊഴിച്ചീടിനാൻ‌
വമ്പരാം വാനരന്മാരൊക്കെ മണ്ടിനാർ‌
സുഗ്രീവനും തേരിലമ്മാറു ചാടി വീ-
ണുഗ്രതയോടവൻ‌ വിൽ‌കളഞ്ഞീടിനാൻ‌.
മുഷ്ടിയുദ്ധംചെയ്ത നേരത്തു കുംഭനെ-
പ്പെട്ടെന്നെടുത്തെറിഞ്ഞീടിനാനബ്ധിയിൽ‌.
വാരാന്നിധിയും കലക്കിമറിച്ചതി-
ഘോരനാം കുംഭൻ‌കരേറിവന്നീടിനാൻ‌.
സൂര്യാത്മജനുമതു കണ്ടു കോപിച്ചു
സൂര്യാത്മജലായത്തിന്നയച്ചീടാൻ‌.
സുഗ്രീവനഗ്രജനെക്കൊന്നനേരമ-
ത്യുഗ്രൻ‌നികുംഭൻപരിഘവുമായുടൻ‌
സംഹാരരുദ്രനെപ്പോലെ രണാജിരേ
സിംഹനാദം ചെയ്തടുത്താനതുനേരം.
സുഗ്രീവനെപ്പിന്നിലിട്ടു വാതാത്മജ-
നഗ്രേ ചെറുത്താൻനികുംഭനെത്തൽ‌ക്ഷണേ.
മാരുതിമാറിലടിച്ചാൻ‌നികുംഭനും
പാരിൽ‌നുറുങ്ങി വീണു തൽ‌പരിഘവും.
ഉത്തമാംഗത്തെപ്പറിച്ചെറിഞ്ഞാനതി-
ക്രുദ്ധനായോരു ജഗൽ‌പ്രാണപുത്രനും
പേടിച്ചു മണ്ടിനാർശേഷിച്ച രാക്ഷസർ‌
കൂടെത്തുടർനടുത്താർകപിവീരരും,
ലങ്കയിൽ‌പുക്കടച്ചാരവരും ചെന്നു
ലങ്കേശനോടറിയിച്ചാരവസ്ഥകൾ‌.
കുംഭാദികൾ‌മരിച്ചോരുദന്തം കേട്ടു
ജംഭാരിവൈരിയും ഭീതിപൂണ്ടീടിനാൻ‌.
പിന്നെ ഖരാത്മജനാം മകരാക്ഷനോ-
ടന്യൂനകോപേന ചൊന്നാൻ‌ദശാനനൻ‌:
‘ചെന്നു നീ രാമാദികളെജ്ജയിച്ചിങ്ങു
വന്നീടു’ കെന്നനേരം മകരാക്ഷനും
തന്നുടെ സൈന്യസമേതം പുറപ്പെട്ടു
സന്നാഹമോടുമടുത്തു രണാങ്കണേ
പന്നഗതുല്യങ്ങളായ ശരങ്ങളെ
വഹ്നികീലാകാരമായ് ചൊരിഞ്ഞീടിനാൻ‌.
നിന്നുകൂടാഞ്ഞു ഭയപ്പെട്ടു വാനരർ‌
ചെന്നഭയം തരികെന്നു രാമാന്തികേ
നിന്നു പറഞ്ഞതു കേട്ടളവേ രാമ-
ചന്ദ്രനും വില്ലും കുഴിയെക്കുലച്ചുടൻ‌
വില്ലാളികളിൽ‌മുമ്പുള്ളവൻ‌തന്നോടു
നില്ലെന്നണഞ്ഞു ബാണങ്ങൾ‌തൂകീടിനാൻ‌.
ഒന്നിനൊന്നൊപ്പമെയ്താൻ‌മകരാക്ഷനും
ഭിന്നമായീ ശരീരം കമലാക്ഷനും
 അന്യോന്യമൊപ്പം പൊരുതു നിൽക്കുന്നേര-
മൊന്നു തളർന്നു ചമഞ്ഞു ഖരാത്മജൻ‌.
അപ്പോൾ‌കൊടിയും കുടയും കുതിരയും
തൽ‌പാണിതന്നിലിരുന്നൊരു ചാപവും
തേരും പൊടിപെടുത്താനെയ്തു രാഘവൻ‌
സാരഥിതന്നെയും കൊന്നാനതുനേരം.
പാരിലാമ്മാറു ചാടിശൂലവുംകൊണ്ടു
പാരമടുത്ത മകരാക്ഷനെത്തദാ
പാവകാസ്ത്രംകൊണ്ടു കണ്ഠവും ഛേദിച്ചു
ദേവകൾക്കാപത്തുമൊട്ടു തീർത്തീടിനാൻ.
രാവണിതാനതറിഞ്ഞു കോപിച്ചു വ-
ന്നേവരെയും പൊരുതാശു പുറത്താക്കി
രാവനനോടറിയിച്ചാനതു കേട്ടു
ദേവകുലാന്തകനാകിയ രാവണൻ‌
ഈരേഴുലോകം നടുങ്ങും‌പടി പരി-
ചാരകന്മാരോടുകൂടിപ്പുറപ്പെട്ടാൻ‌.
അപ്പോളതു കണ്ടു മേഘനിനാദനും
തൽ‌പാദയുഗ്മം പണിഞ്ഞു ചൊല്ലീടിനാൻ‌:
‘ഇപ്പോളടിയനരികളെ നിഗ്രഹി-
ച്ചുൾ‌പ്പൂവിലുണ്ടായ സങ്കടം പോക്കുവൻ‌
അന്ത:പുരം പുക്കിരുന്നരുളീടുക
സന്താപമുണ്ടാകരുതിതുകാരണം.’
ഇത്ഥം പറഞ്ഞു പിതാവിനെ വന്ദിച്ചു
വൃത്രാരിജിത്തും പുറപ്പെട്ടു പോരിനായ്.
യുദ്ധ്യോദ്യമം കണ്ടു സൌമിത്രി ചെന്നു കാ-
കുൽ‌സ്ഥനോടിത്ഥമുണർത്തിച്ചരുളിനാൻ‌:
‘നിത്യം മറഞ്ഞുനിന്നിങ്ങനെ രാവണ-
പുത്രൻകപിവരന്മാരെയും നമ്മെയും
അസ്ത്രങ്ങളെയ്തുടനന്തം വരുത്തുന്ന-
തെത്രനാളേക്കു പൊറുക്കണമിങ്ങനെ?
ബ്രഹ്മാസ്ത്രമെയ്തു നിശാചരന്മാർ‌കുല-
മുന്മൂലനാശം വരുത്തുക സത്വരം.’
സൌമിത്രി ചൊന്ന വാക്കിങ്ങനെ കേട്ടഥ
രാമഭദ്രസ്വാമി താനുമരുൾ‌ചെയ്തു:
‘ആയോധനത്തിങ്കലോടുന്നവരോടു-
മായുധം പോയവരോടും വിശേഷിച്ചു
നേരേ വരാതവരോടും, ഭയം പൂണ്ടു
പാദാന്തികേ വന്നു വീഴുന്നവരോടും
പൈതാമഹാസ്ത്രം പ്രയോഗിക്കരുതെടോ!
പാതകമുണ്ടാമതല്ലായ്കിലേവനും
ഞാനിവനോടു പോർ‌ചെയ്‌വനെല്ലാവരും
ദീനതയെന്നിയേ കണ്ടുനിന്നീടുവിൻ.’
എന്നരുൾ‌ചെയ്തു വില്ലും കുലച്ചന്തികേ
സന്നദ്ധനായതു കണ്ടൊരു രാവണി
തൽ‌ക്ഷണേ ചിന്തിച്ചു കല്പിച്ചു ലങ്കയിൽ‌
പ്പുക്കു മായാസീതയെത്തേരിൽ‌വച്ചുടൻ‌
പശ്ചിമഗോപുരത്തൂടെ പുറപ്പെട്ടു
നിശ്ചലനായ് നിന്നനേരം കപികളും
തേരിൽ‌മായാസീതയെക്കണ്ടു ദു:ഖിച്ചു
മാരുതിതാനും പരവശനായിതു
വാനരവീരരെല്ലാവരും കാണവേ
ജാനകീ ദേവിയെ വെട്ടിനാൻനിർദ്ദയം.
‘അയ്യോ! വിഭോ! രാമരാമേ’ തി വാവിട്ടു
മയ്യൽ‌മിഴിയാൾ‌മുറവിളിച്ചീടിനാൾ‌.
ചോരയും പാരിൽപരന്നതിതു കണ്ടു
മാരുതി ജാനകിയെന്നു തേറീടിനാൻ‌.
‘ശോഭയില്ലേതും നമുക്കിനി യുദ്ധത്തി-
നാപത്തിതിൽ‌പരമെന്തുള്ളതീശ്വര!
നാമിനി വാങ്ങുക; സീതാവധം മമ
സ്വാമി തന്നോടുണർത്തിപ്പാൻ‌കപികളെ!’
ശാഖാമൃഗാധിപന്മാ‍രെയും വാങ്ങിച്ചു
ശോകാതുരനായ മാരുതനന്ദനൻ‌
ചൊല്ലുന്നതു കേട്ടു രാഘവനും തദാ
ചൊല്ലിനാൻജാംബവാൻ‌തന്നോടു സാകുലം:
‘മാരുതിയെന്തുകൊണ്ടിങ്ങോട്ടു പോന്നിതു!
പോരിൽ‌പുറംതിരിഞ്ഞീടുമാറില്ലവൻ‌.
നീകൂടെയങ്ങു ചെന്നീടുക സത്വരം
ലോകേശനന്ദന! പാർക്കരുതേതുമേ.’
ഇത്ഥമാകർണ്യ വിധിസുതനും കപി-
സത്തമന്മാരുമായ് ചെന്നു ലഘുതരം.
‘എന്തു കൊണ്ടിങ്ങു വാങ്ങിപ്പോന്നിതു ഭവാൻ‌?
ബന്ധമെന്തങ്ങോട്ടുതന്നെ നടക്ക നീ.’
എന്നനേരം മാരുതാത്മജൻ‌ചൊല്ലിനാ-
‘നിന്നു പേടിച്ചു വാങ്ങീടുകയല്ല ഞാൻ‌.
ഉണ്ടൊരവസ്ഥയുണ്ടായിട്ടതിപ്പൊഴേ
ചെന്നു ജഗൽ‌സ്വാമിയോടുണർത്തിക്കണം.
പോരിക നീയുമിങ്ങോട്ടിനി‘യെന്നുടൻ‌
മാരുതി ചൊന്നതു കേ,ട്ടവൻ‌താനുമായ്
ചെന്നു തൊഴുതുണർത്തിച്ചിതു മൈഥിലി-
തന്നുടെ നാശവൃത്താന്തമെപ്പേരുമേ.
ഭൂമിയിൽ‌വീണു മോഹിച്ചു രഘൂത്തമൻ‌
സൌമിത്രി താനുമന്നേരം തിരുമുടി
ചെന്നു മടിയിലെടുത്തു ചേർത്തീടിനാൻ‌,
മന്നവൻ‌തൻ‌പദമഞ്ജനാപുത്രനും
ഉത്സംഗസീമനി ചേർത്താനതു കണ്ടു
നിസ്സമ്ജ്ഞരായൊക്കെ നിന്നൂ കപികളും
ദു:ഖം കെടുപ്പതിനായുള്ള വാക്കുക-
ളൊക്കെപ്പറഞ്ഞു തുടങ്ങീ കുമാരനും.
എന്തൊരു ഘോഷമുണ്ടായ്തെന്നാത്മനി
ചിന്തിച്ചവിടേക്കു വന്നു വിഭീഷണൻ‌.
ചോദിച്ച നേരം കുമാരൻ‌പറഞ്ഞിതു
മാതരിശ്വാത്മജൻ‌ചൊന്ന വൃത്താന്തങ്ങൾ‌.
‘കയ്യിണ കൊട്ടിച്ചിരിച്ചു വിഭീഷണ-
നയ്യോ! കുരങ്ങന്മാരെന്തറിഞ്ഞൂ വിഭോ!
ലോകേശ്വരിയായ ദേവിയെക്കൊല്ലുവാൻ‌
ലോകത്രയത്തിങ്കലാരുമുണ്ടായ് വരാ.
മായനിപുണനാം മേഘനിനാദനി-
ക്കാര്യമനുഷ്ഠിച്ചതെന്തിനെനാശു കേൾ‌.
മർക്കടന്മാർചെന്നുപദ്രവിച്ചീടാതെ
തക്കത്തിലാശു നികുംഭിലയിൽ‌ചെന്നു
പുക്കുടൻതന്നുടെ ഹോമം കഴിപ്പതി-
നായ്ക്കൊണ്ടു കണ്ടോരുപായമത്യത്ഭുതം.
ചെന്നിനി ഹോമം മുടക്കണമല്ലായ്കി-
ലെന്നുമവനെ വധിക്കരുതാർക്കുമേ.
രാഘവ! സ്വാമിൻ! ജയജയ മാനസ-
വ്യാകുലം തീർന്നെഴുന്നേൽക്ക ദയാനിധേ!
ലക്ഷ്മണനുമടിയനും കപികുല-
മുഖ്യപ്രവരരുമായിട്ടു പോകണം;
ഓർത്തു കാലം കളഞ്ഞീടരുതേതുമേ
യാത്രയയയ്ക്കേണ’ മെന്നു വിഭീഷണൻ
ചൊന്നതു കേട്ടളവാലസ്യവും തീർന്നു
മന്നവൻപോവാനനുജ്ഞ നൽകീടിനാൻ‌.
വസ്തുവൃത്താന്തങ്ങളെല്ലാം ധരിച്ച നേ-
രത്തു കൃതാർത്ഥനായ് ശ്രീരാമഭദ്രനും
സോദരൻ‌തന്നെയും രാക്ഷസപുംഗവ-
സോദരൻ‌തന്നെയും വാനരന്മാരെയും
ചെന്നു ദശഗ്രീവനന്ദനൻ‌തന്നെയും
കൊന്നു വരികെന്നനുഗ്രഹം നൽകിനാൻ‌.
ലക്ഷ്മണനോടും മഹാകപിസേനയും
രക്ഷോവരനും നടന്നാരതുനേരം
മൈന്ദൻ‌വിവിദൻ‌സുഷേണൻ‌നളൻ‌നീല-
നിന്ദ്രാത്മജാത്മജന്‌കേസരി താരനും
ശൂരൻ‌വൃഷഭൻ‌ശരഭൻ‌വിനതനും
വീരൻ‌പ്രമാഥി ശതബലി ജാംബവാൻ‌
വാതാത്മജൻ‌വേഗദർശി വിശാലനും
ജ്യോതിർ‌മ്മുഖൻ‌സുമുഖൻബലിപുംഗവൻ
ശ്വേതൻ, ദധിമുഖനഗ്നിമുഖൻഗജൻ
മേദുരൻധ്രൂമൻഗവയൻഗവാക്ഷനും
മറ്റുമിത്യാദി ചൊല്ലുള്ള കപികളും
മുറ്റും നടന്നിതു ലക്ഷ്മണൻ‌തന്നൊടും.
മുന്നിൽ‌നടന്നു വിഭീഷണൻ‌താനുമായ്
ചെന്നു നികുംഭിലപുക്കു നിറഞ്ഞിതു
നക്തഞ്ചരവരന്മാരെച്ചുഴലവേ
നിർത്തി ഹോമം തുടങ്ങീടിനാൻരാവണി.
കല്ലും മലയും മരവുമെടുത്തുകൊ-
ണ്ടെല്ലാവരുമായടുത്തു കപികളും
എറ്റുമേറും കൊണ്ടു വീണു തുടങ്ങിനാ-
രറ്റമില്ലാതോരോ രാക്ഷസവീരരും.
മുറ്റുകയില്ല ഹോമം നമുക്കിങ്ങിനി-
പ്പറ്റലരെച്ചെറ്റകറ്റിയൊഴിഞ്ഞെന്നു
കല്പിച്ചു രാവണി വില്ലും ശരങ്ങളും
കെല്പോടെടുത്തു പോരിന്നടുത്തീടിനാൻ
വന്നു നികുംഭിലയാൽ‌ത്തലമേലേറി
നിന്നു ദശാനനപുത്രനുമന്നേരം
കണ്ടു വിഭീഷണൻസൌമിത്രി തന്നോടു
കുണ്ഠത തീർത്തു പറഞ്ഞുതുടങ്ങിനാൻ:
‘വീര കഴിഞ്ഞീല ഹോമമിവനെങ്കിൽ‌
നേരേ വെളിച്ചത്തു കണ്ടുകൂടാ ദൃഢം.
മാരുതനന്ദനൻ‌തന്നോടു കോപിച്ചു
നേരിട്ടു വന്നതു കണ്ടതില്ലേ ഭവാൻ?
മൃത്യുസമയമടുത്തിതിവന്നിനി
യുദ്ധം തുടങ്ങുക വൈകരുതേതുമേ.’
ഇത്ഥം വിഭീഷണൻ‌ചൊന്ന നേരത്തു സൌ-
മിത്രിയുമസ്ത്രശസ്ത്രങ്ങൾതൂകിടിനാൻ.
പ്രത്യസ്ത്രശസ്ത്രങ്ങൾ‌കൊണ്ടു തടുത്തിന്ദ്ര-
ജിത്തുമത്യർത്ഥമസ്ത്രങ്ങളെയ്തീടിനാൻ.
അപ്പോൾ‌കഴുത്തിലെറ്റുത്തു മരുൽ‌സുത-
നുല്പന്നമോദം കുമാരനെസ്സാദരം.
ലക്ഷ്മണപാർശ്വേ വിഭീഷണനെക്കണ്ടു
തൽ‌ക്ഷണം ചൊന്നാൻദശാനനപുത്രനും
‘രാക്ഷസജാതിയിൽവന്നു പിറന്ന നീ
സാക്ഷാൽപിതൃവ്യനല്ലോ മമ കേവലം
പുത്രമിത്രാദി വർഗ്ഗത്തെയൊടുക്കുവാൻ
ശത്രുജനത്തിനു ഭൃത്യനായിങ്ങനെ
നിത്യവും വേല ചെയ്യുന്നതോർത്തീടിനാ-
ലെത്രയും നന്നുനന്നെന്നതേ ചൊല്ലാവൂ.
ഗോത്രവിനാശം വരുത്തും ജനങ്ങള്‌ക്കു
പാർത്തുകണ്ടോളം ഗതിയില്ല നിർണ്ണയം.
ഊർദ്ധ്വലോകപ്രാപ്തി സന്തതികൊണ്ടത്രേ
സാധ്യമാകുന്നതെന്നല്ലോ ബുധമതം.
ശാസ്ത്രജ്ഞനാം നീ കുലത്തെയൊടുക്കുവാ-
നാസ്ഥയാ വേലചെയ്യുന്നതുമത്ഭുതം.’
എന്നതു കേട്ടു വിഭീഷണൻചൊല്ലിനാൻ;
‘നന്നു നീയും നിൻ‌പിതാവുമറിക നീ
വംശം മുടിക്കുന്നതിന്നു നീയേതുമേ
സംശയമില്ല വിചാരിക്ക മാനസേ.
വംശത്തെ രക്ഷിച്ചുകൊള്ളുവനിന്നു ഞാ-
നംശുമാലീകുലനായകാനുഗ്രഹാൽ.’
ഇങ്ങനെ തമ്മിൽപറഞ്ഞുനിൽക്കുന്നേരം
മങ്ങാതെ ബാണങ്ങൾതൂകീ കുമാരനും
എല്ലാമതെയ്തു മുറിച്ചുകളഞ്ഞഥ
ചൊല്ലിനാനാശു സൌമിത്രി തന്നോടവൻ‌.
‘രണ്ടുദിനം മമ ബാഹുപരാക്രമം
കണ്ടതില്ലേ നീ കുമാരാ വിശേഷിച്ചും?
കണ്ടുകൊൾകല്ലായ്കിലിന്നു ഞാൻനിന്നുടൽ‌
കൊണ്ടു ജന്തുക്കൾക്കു ഭക്ഷണമേകുവൻ‌‘
ഇത്ഥം പറഞ്ഞേഴു ബാണങ്ങൾകൊണ്ടു സൌ-
മിത്രിയുടെയുടൽ‌കീറിനാനേറ്റവും.
പത്തു ബാണം വായുപുത്രനെയേല്പിച്ചു
സത്വരം പിന്നെ വിഭീഷണൻ‌തന്നെയും
നൂറു ശരമെയ്തു വാനരവീരരു-
മേറേ മുറിഞ്ഞു വശംകെട്ടു വാങ്ങിനാർ.
തൽ‌ക്ഷണേ ബാണം മഴപൊഴിയുംവണ്ണം
ലക്ഷ്മണൻ‌തൂകിനാൻശക്രാരിമേനിമേൽ.
വൃത്രാരിജിത്തും ശരസഹസ്രേണ സൌ-
മിത്രികവചം നുറുക്കിയിട്ടീടിനാൻ.
രക്താഭിഷിക്തശരീരികളായിതു
നക്തഞ്ചരനും സുമിത്രാതനയനും.
പാരമടുത്തഞ്ചു ബാണം പ്രയോഗിച്ചു
തേരും പൊടിച്ചു കുതിരകളെക്കൊന്നു
സാരഥിതന്റെ തലയും മുറിച്ചതി-
സാരമായോരു വില്ലും മുറിച്ചീടിനാൻ.
മറ്റൊരു ചാപമെടുത്തു കുലച്ചവ-
നറ്റമില്ലാതോളം ബാനങ്ങൾ‌തൂകിനാൻ.
പിന്നെ മൂന്നമ്പെയ്തതും മുറിച്ചീടിനാൻ.
മന്നവൻപംക്തികണ്ഠാത്മജനന്നേരം
ഊറ്റമായോരു വില്ലും കുഴിയെക്കുല-
ച്ചേറ്റമടുത്തു ബാണങ്ങൾ‌തൂകീടിനാൻ.
സത്വരം ലങ്കയിൽപുക്കു തേരും പൂട്ടി
വിദ്രുതം വന്നിതു രാവണപുത്രനും
ആരുമറിഞ്ഞീല പോയതു വന്നതും
നാരദൻ‌താനും പ്രശംസിച്ചിതന്നേരം.
ഘോരമായുണ്ടായ സംഗരം കണ്ടൊരു
സാരസസംഭവനാദികൾചൊല്ലിനാർ:
‘പണ്ടു ലോകത്തിങ്കലിങ്ങനെയുള്ള പോ-
രുണ്ടായതില്ലിനിയുണ്ടാകയുമില്ല.
കണ്ടാലുമീദൃശം വീരപുരുഷന്മാ-
രുണ്ടോ ജഗത്തിങ്കൽമറ്റിവരെപ്പോലെ.’
ഇത്ഥം പലരും പ്രശംസിച്ചു നില്പതിൻ‌
മദ്ധ്യേ ദിവസത്രയം കഴിഞ്ഞൂ ഭൃശം.
വാസരം മൂന്നു കഴിഞ്ഞോരനന്തരം
വാസവ ദൈവതമസ്ത്രം കുമാരനും
ലാഘവം ചേർന്നു കരേണ സന്ധിപ്പിച്ചു
രാഘവൻ‌തൻപദാംഭോരുഹം മാനസേ
ചിന്തിച്ചുറപ്പിച്ചയച്ചാനതു ചെന്നു
പംക്തികണ്ഠാത്മജൻ‌കണ്ഠവും ഛേദിച്ചു
സിന്ധുജലത്തിൽ‌മുഴുകി വിശുദ്ധമാ-
യന്തരാ തൂണിയിൽവന്നു പുക്കൂ ശരം.
ഭൂമിയിൽവീണിതു രാവണിതന്നുട-
ലാമയം തീർന്നിതു ലോകത്രയത്തിനും
സന്തുഷ്ടമാനസന്മാരായ ദേവകൾ‌
സന്തതം സൌമിത്രിയെ സ്തുതിച്ചീടിനാർ.
പുഷ്പങ്ങളും വരിഷിച്ചാരുടനുട-
നപ്സരസ്ത്രീകളും നൃത്തം തുടങ്ങിനാർ.
നേത്രങ്ങളായിരവും വിളങ്ങീ തദാ
ഗോത്രാരിതാനും പ്രസാദിച്ചിതേറ്റവും
താപമകന്നു പുകഴ്ന്നുതുടങ്ങിനാർ
താപസന്മാരും ഗഗനചരന്മാരും
ദുന്ദുഭി നാദവും ഘോഷിച്ചിതേറ്റമാ-
നന്ദിച്ചിതാശു വിരിഞ്ചനുമന്നേരം.
ശങ്കാവിഹീനം ചെറുഞാണൊലിയിട്ടു
ശംഖും വിളിച്ചുടൻസിംഹനാദംചെയ്തു
വാനരന്മാരുമായ് വേഗേന സൌമിത്രി
മാനവേന്ദ്രൻ‌ചരണാംബുജം കൂപ്പിനാൻ.
ഗാഢമായാലിംഗനം ചെയ്തു രാഘവ-
നൂഢമോദം മുകർന്നീടിനാൻമൂർദ്ധനി
ലക്ഷ്മണനോടു ചിരിച്ചരുളിച്ചെയ്തു:
‘ദുഷ്കരമെത്രയും നീ ചെയ്ത കാരിയം
രാവണി യുദ്ധേ മരിച്ചതു കാരണം
രാവണൻ‌താനും മരിച്ചാനറിക നീ
ക്രുദ്ധനായ് നമ്മോടു യുദ്ധത്തിനായ് വരും
പുത്രശോകത്താലിനി ദശഗ്രീവനും.’