ആൎയ്യവൈദ്യചരിത്രം (ചരിത്രം)
രചന:പി. വി. കൃഷ്ണവാരിയർ
ഒമ്പതാം അദ്ധ്യായം : ഒരു വൈദ്യന്റെ ഗുണങ്ങളും, സാദ്ധ്യാസാദ്ധ്യവിചാരവും

[ 161 ]

ഒമ്പതാം അദ്ധ്യായം

ഒരു വൈദ്യന്റെ ഗുണങ്ങളും, സാദ്ധ്യാസാദ്ധ്യവിചാരവും


വൈദ്യശാസ്ത്രത്തിന്റെ തത്വങ്ങളേയും, അതിലുള്ള പരിചയത്തേയും, എന്നുവേണ്ട അതിനെ സംബന്ധിച്ചുള്ള മറ്റും സം [ 162 ] ഗതികളേയും കുറിച്ചു പൂൎവ്വഗ്രന്ഥകാരന്മാൎക്കുള്ള അഭിപ്രായങ്ങൾറിയുന്നതു രസകരമായിട്ടുള്ളതു തന്നെയാണു. എന്നാൽ ഒരു നല്ല വൈദ്യനാവണമെങ്കിൽ എന്തെല്ലാം ഗുണങ്ങളാണു അവശ്യം ഉണ്ടായിരിക്കേണ്ടതെന്നുള്ളതിനെപ്പറ്റി അവൎക്കുള്ള സിദ്ധാന്തങ്ങൾ അറിയുന്നതും രസത്തിന്ന് ഒട്ടും കുറവില്ലാത്ത സംഗതിയാകുന്നു. അവരാകട്ടെ, നല്ലൊരു വൈദ്യനാകുവാൻ വിചാരിക്കുന്ന ഒരാൾക്കു വേണ്ടുന്ന ഗുണങ്ങൾ ഇന്നിന്നതാണെന്ന് എണ്ണിപ്പറകയും, ആയാൾ തന്റെ വിശിഷ്ടമായ പ്രവൃത്തി നടത്തിക്കൊണ്ടുവരുമ്പോൾ, പൊതുവിലും സ്വകാൎയ്യമായും എങ്ങിനെയാണു മറ്റുള്ളവരോട് ഇടപെടേണ്ടതെന്നു വിവരിക്കുകയും ചെയ്തിട്ടുണ്ട്.

ഒരു വൈദ്യൻ എപ്പോഴും ശുചിയും, ശുദ്ധനുമായിരിക്കണം. എന്തുകൊണ്ടെന്നാൽ, മലിനമായും കുത്സിതമായും വസ്ത്രം ധരിക്കുന്നവനും, അഹംഭാവിയും, ചീത്തവാക്കു പറയുന്നവനും, സദാചാരഹീനനും ആവശ്യപ്പെടാതെ ഒരു രോഗിയുടെ അടുക്കൽ ചെല്ലുന്നവനുമായ ഒരു വൈദ്യൻ, സാക്ഷാൽ ധൻവന്തരിയെപ്പോലെ സമൎത്ഥനാണെന്നിരുന്നാലും, മാന്യനാകുന്നതല്ല. ആയാൾ, തന്റെ നഖങ്ങളെ മുറിയ്ക്കുകയും, തലമുടി വേണ്ടതുപോലെ വൃത്തിയാക്കുകയും, ശുചിയായ വസ്ത്രം ധരിക്കുകയും, ഒരു കുടയോ വടിയോ കയ്യിലെടുക്കുകയും, [1]ചെരുപ്പിടുകയും, മുഖപ്രസാദത്തോടുകൂടിയിരിക്കുകയും വേണ്ടതാണു. ആയാൾ മനശ്ശുദ്ധിയുള്ളവനും, നിഷ്കപടനും, ഈശ്വരവിശ്വാസമുള്ളവനും, എല്ലാ [ 163 ] വരോടും സ്നേഹമുള്ളവനും, സത്യത്തേയും തന്റെ പ്രവൃത്തിയേയും പരിപാലിച്ചു പോരുന്നവനും ആയിരിക്കണം. ആയാളുടെ പ്രധാനമായ കൃത്യം തന്റെ രോഗിയെ ശരിയായും, ലാഭേഛ കൂടാതെയും ചിത്സിക്കുകയാകുന്നു. മനസ്സാക്ഷിക്കനുസരിച്ച് ഒരു രോഗിയെ ചികിത്സിക്കുന്നതുകൊണ്ട് വൈദ്യന്നു പുണ്യം കിട്ടുമെന്നാണു പറയപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് ആയാൾ ഒരു ദരിദ്രനായ രോഗിയുടെ കാൎയ്യത്തിൽ പണത്തിന്നുള്ള മോഹംകൊണ്ടു ചികിത്സിച്ചു തന്റെ ഗുണം വിറ്റുകളയരുത്. എന്നാൽ, തന്റെ നിത്യവൃത്തിക്കായി ഒരു വിധം കഴിച്ചിലിന്നു വകയുള്ളവരോടു ന്യായമായ വല്ലഫീസ്സും കിട്ടണമെന്നാവശ്യപ്പെടുന്നതിൽ തെറ്റില്ലതാനും. തന്റെ വൈദ്യന്നു വല്ല ഫീസ്സും കൊടുക്കുവാൻ കഴിയുന്ന ഒരാൾ ആയാളുടെ ചികിത്സയിലിരിക്കുമ്പോൾ അതു കൊടുക്കാതിരിക്കുകയാണെങ്കിൽ ആയാളെ "പാപി" എന്നു വിളിക്കുന്നതാണു. എന്നുമാത്രമല്ല, ആയാളുടെ പുണ്യമെല്ലാം ആ വൈദ്യന്നു കിട്ടുന്നതാണെന്നും കൂടി പറയപ്പെട്ടിരിക്കുന്നു. പണം കൊടുക്കേണ്ട കാൎയ്യത്തിൽ മതസംബന്ധമായ ഒരു നിബന്ധന കൂടി ഉള്ളതായി കാണുന്നു. വെറുംകയ്യായി അതായതു യാതൊരു സമ്മാനമോ, കാഴ്ചദ്രവ്യമോ കൂടാതെ, ഒരു രാജാവിന്റേയും, ഗുരുവിന്റെയും, വൈദ്യന്റെയും അടുക്കൽ ചെല്ലുകയോ, അവരെ കാണുകയോ ഹിന്തുക്കളാരും ചെയ്തുപോകരുതെന്നു വിധിച്ചിട്ടുണ്ട്. അതുകൊണ്ട്, ഒരു രാജ്യത്ത് ആളുകൾ ഉണ്ടാകാതിരിക്കയില്ലെന്നും, ആളുകൾക്കു ദീനം പിടിക്കാതിരിക്കയില്ലെന്നും, എന്നാൽ വൈദ്യന്ന് ഏതുവിധത്തിലും നിത്യവൃത്തിക്കു ബുദ്ധിമുട്ടേണ്ടിവരില്ലെന്നു തീർച്ചയാണെന്നും പറഞ്ഞിട്ടുള്ളതു വളരെ ശരിയാണു. ഏതെങ്കിലും ഒരു ദീനത്തിന്നു നൂറു മരുന്നറിയുന്ന ഒരു ചികിത്സക്കാരനെ "വൈദ്യൻ" എന്നു പറയാം. ഏതെങ്കിലും ഒരു ദീനത്തിന്നുതന്നെ ഇരുനൂറു മ [ 164 ] രുന്നുകൾ അറിയുന്ന ഒരാൾ 'ഭിഷക്ക്' എന്ന പേരിന്ന് അൎഹനാണു. സകലരോഗങ്ങൾക്കും മുന്നൂറിൽ കുറയാതെ മരുന്നുകൾ നിശ്ചയമുള്ള ഒരാൾക്ക് "ധൻവന്തരി" എന്ന പേരും കൊടുക്കാവുന്നാകുന്നു. രോഗങ്ങളുടെ ജ്ഞാനവും ഔഷധങ്ങളുടെ പരിചയവും ഒരു വൈദ്യന്ന് ഒരുപോലെ മുഖ്യമായിട്ടുള്ളതാണു. ഇതിൽ ഒന്നില്ലാതെ മറ്റൊന്നു മാത്രമായാൽ അത്, അമരക്കാരനില്ലാത്ത കപ്പലുപോലെ, ആയിരിക്കുകയും ചെയ്യും. സുശ്രുതന്റെ അഭിപ്രായത്തിൽ അവനവൻ നേരിട്ടുകണ്ടു യാതൊരു പരിചയവും വരുത്താതെ വൈദ്യശാസ്ത്രതത്വങ്ങളെ വെറുതെ പഠിക്കുകമാത്രം ചെയ്തിട്ടുള്ള ഒരാൾ ഒരു രോഗിയെ കാണുമ്പോൾ, ഒരു ഭയശീലൻ യുദ്ധത്തിൽ കിടന്നു പരിഭ്രമിക്കുന്നതുപോലെ, പെട്ടന്നു തന്റെ മനോധൈൎയ്യം വിട്ടുകളയുന്നതാണെന്നു കാണുന്നു. എന്നാൽ, വേറെ ഒരാൾ ശാസ്ത്രാനുസാരേണയല്ലാതെ കുറെ വൈദ്യപരിചയം മാത്രം സമ്പാദിച്ചിട്ടുണ്ടെങ്കിലും, പുസ്തകങ്ങളിൽ പ്രതിപാദിക്കുന്ന ശാസ്ത്രതത്വങ്ങളൊന്നും ധരിക്കാത്തപക്ഷം ആയാളും വിദ്വാന്മാരുടെ ബഹുമതിക്ക് അൎഹിക്കുന്നില്ലെന്നു മാത്രമല്ല, രാജശിക്ഷയ്ക്കു പാത്രമായിത്തീരുകയും ചെയ്യും. ഈ പറഞ്ഞ രണ്ടുകൂട്ടരും വൈദ്യന്നു വേണ്ട ഗുണങ്ങൾ പൂർത്തിയാകാത്തവരും അതുകൊണ്ടു ചികിത്സിക്കാൻ കൊള്ളരുതാത്തവരുമാണു. ഒരു ചിറകുമാത്രമുള്ള ഒരു പക്ഷിക്കു ശരിയായി പറക്കുവാൻ ഒരിക്കലും കഴിയുന്നതല്ലല്ലൊ.

ഹിന്തുവൈദ്യന്മാർ, വെളുത്തപക്ഷത്തിൽ ഞായർ, ബുധൻ, വ്യാഴം, വെള്ളി എന്നീ ആഴ്ചകളിലാണു ഔൽഭിദങ്ങളായ ഔഷധങ്ങളെ സമ്പാദിക്കുവാൻ പുറത്തു പോകുന്നത്. ബുധൻ, വ്യാഴം, വെള്ളി ഈ ദിവസങ്ങളിലേ അവർ ധാത്വൗഷധങ്ങളുടെ പ്രവൃത്തി ആരംഭിക്കുകയുള്ളൂ. തിങ്കൾ, ബുധൻ, ശനി ഈ ദിവസങ്ങളിൽ--അതിൽ പ്രത്യേകിച്ചു തിങ്കളാഴ്ച--യാതൊരു [ 165 ] ചികിത്സയും വിധിച്ചു കൊടുക്കില്ലെന്നു ചില വൈദ്യന്മാർക്കു ശാഠ്യമുണ്ട്. പിന്നെ രോഗികളാകട്ടെ തിങ്കൾ, ചൊവ്വ, ശനി ഈ ദിവസങ്ങളിൽ ഒരു വിധം നിവൃത്തിയുണ്ടെങ്കിൽ ചികിത്സ തുടങ്ങുന്നതല്ല. ഛൎദ്ദിപ്പിക്കുവാനോ വയറിളക്കുവാനോ ആണെങ്കിൽ ചൊവ്വ, വ്യാഴം, ഞായർ ഈ ആഴ്ചകളും, രക്തമോക്ഷത്തിന്ന് ചൊവ്വ ഞായർ ഈ ദിവസങ്ങളും ആണു അധികം നല്ലതെന്നും വിചാരിച്ചുപോരുന്നു.

രോഗം ഇന്നതാണെന്നു തീർച്ചപ്പെടുത്തിയശേഷം വൈദ്യൻ സാദ്ധ്യാസാദ്ധ്യ വിഭാഗത്തെക്കുറിച്ചാണു ആലോചന ചെയ്യുന്നത്. രോഗങ്ങളെല്ലാം 'സാദ്ധ്യം' (മാറുവാൻ നിവൃത്തിയുള്ളത്) "അസാദ്ധ്യം" (ഒരിക്കലും മാറാത്തത്) "യാപ്യം" (ഔഷധങ്ങളെക്കൊണ്ടും മറ്റും ഒരു വിധം നിലനിൎത്തിക്കൊണ്ടു പോരാവുന്നത്) ഇങ്ങിനെ മൂന്നാക്കി വിഭജിക്കപ്പെട്ടിരിക്കുന്നു. ഇതിൽ ഒടുക്കം പറഞ്ഞമാതിരി രോഗമുള്ള ഒരാൾക്ക് മരുന്നു ശീലിക്കുന്ന കാലത്തോളമൊക്കെ സുഖമുണ്ടായിരിക്കും. എന്നാൽ ചികിത്സ നിൎത്തിയ ഉടനെ, സ്വതേ തന്നെ വീഴുവാൻ ഭാവിക്കുന്ന ഒരു വീട്ടിന്ന് അതിന്റെ തൂണുകൾ കൂടി നീക്കം ചെയ്താൽ സംഭവിക്കുന്നതുപോലെ, ആയാളുടെ ദേഹസുഖം നശിക്കുന്നതുമാണു. തീരെ അസാദ്ധ്യമാണെന്നു തോന്നുന്ന ഒരു ദീനത്തിന്നു വൈദ്യൻ ചികിത്സിക്കാതിരിക്കുകയാണു വേണ്ടത്.[2]മറ്റു രണ്ടു തരം രോഗങ്ങൾക്കും കഴിയുന്നേടത്തോളം ശ്രദ്ധയോടും സാമർത്ഥ്യത്തോടും കൂടി ചികിത്സിക്കുകയും വേണ്ടതാണു. തന്റെ പ്രവൃത്തിയിൽ തക്കതായ ഗുണം കിട്ടേണ്ടതിന്നു ചികിത്സകന്നു വൈദ്യശാസ്ത്രത്തിന്റെ തത്വങ്ങളിൽ നല്ല അറിവും, ധാരാളം പരിചയവും രണ്ടും ഉണ്ടായിരിക്കുന്നത് അത്യാവശ്യമാകുന്നു. [ 166 ]

ഹിന്തുവൈദ്യന്മാർ രോഗിയുടെ അടുക്കൾ ചികിത്സക്കു ചെല്ലുന്നതിന്നു മുമ്പായി ശകുനങ്ങളെ പ്രത്യേകം ശ്രദ്ധവെച്ചു നോക്കുക പതിവുണ്ട്. നല്ല ശകുനങ്ങൾ ഭേരി, മൃദംഗം, ശംഖ് എന്നിവകയുടെ ശബ്ദങ്ങൾ, കുട, കുട്ടിയോടുകൂടിയ പശു, കന്യക, കുട്ടിയോടുകൂടിയ സ്ത്രീ, രണ്ടു ബ്രാഹ്മണർ, മത്സ്യം, കുതിര, ഭരദ്വാജപക്ഷി, മയിൽ, മാൻ, കീരി, ഗജം, നല്ല ഫലങ്ങൾ, പാൽ, വെളുത്ത പുഷ്പങ്ങൾ, വേശ്യാസ്ത്രീ, പുകയില്ലാത്ത തീ, മാംസം, മദ്യം, വാൾ, പലിശ, ചുരിക, അലക്കി ഉണക്കിയ വസ്ത്രങ്ങളോടുകൂടിയ വെളുത്തേടൻ, ദധി, ധാന്യങ്ങൾ, കൊടിക്കൂറ നിറക്കുടം മുതലായവയാകുന്നു. വിറക്, തോൽ, ദർഭ, പുകഞ്ഞും കൊണ്ടിരിക്കുന്ന തീ, പാമ്പ്, ഉമി, വെറും പരുത്തി, വന്ധ്യാസ്ത്രീ(മച്ചി), എണ്ണ, ഗുളം, ശത്രു, കലഹിച്ചുകൊണ്ടിരിക്കുന്ന ആളുകൾ, ശരീരത്തിന്മേൽ എന്തെങ്കിലും തേച്ചിട്ടുള്ളവൻ, സമ്മാർജ്ജകൻ, ഷണ്ഡൻ, തക്രം (മോർ), ചളി, നനഞ്ഞ വസ്ത്രങ്ങൾ, ദരിദ്രൻ, യോഗി, യാജകൻ, ഭ്രാന്തൻ, ഒറ്റക്കണ്ണൻ, കാക്ക, കുറുക്കൻ, ഒഴിഞ്ഞ കുടം, എന്നിവകയൊക്കെ ദുശ്ശകുനങ്ങളുമാകുന്നു. താൻ ചികിത്സിക്കുവാൻ പോകുന്ന രോഗിയുടെ കാൎയ്യത്തിൽ ഫലം അനുകൂലമായോ പ്രതികൂലമായോ എങ്ങിനെയാണു സിദ്ധിക്കുന്നതെന്നു തീർച്ചപ്പെടുത്തുന്നതിന്നു വേണ്ടിയാണു വൈദ്യൻ ഈവക ശകുനങ്ങളെ നോക്കി അറിയുന്നത്. ഇവകൾ വൈദ്യൻ രോഗിയുടെ അടുക്കലേക്കു പോകുന്ന വഴിക്കു യദൃച്ഛയാ കണ്ടുമുട്ടുന്നവയായിരിക്കണം. എന്നാൽ വൈദ്യനെ കൂട്ടിക്കൊണ്ടുവരുവാൻ പോയദൂതനാണു മേല്പറഞ്ഞ നല്ല ശകുനങ്ങൾ കണ്ടതെങ്കിൽ, അതു രോഗിക്കു ദോഷമായിരിക്കും. ആയാൾ വല്ല ദുശ്ശകുനങ്ങളേയുമാണു കണ്ടതെങ്കിൽ അതു രോഗിക്കു നല്ലതുമാണു.

ദൂതൻ രോഗിയുടെ സമജാതിയിൽ പെട്ടവനും, നല്ല കുലീ [ 167 ] നനും, അംഗവൈകല്യമൊന്നുമില്ലാത്തവനും, സമർത്ഥനും, ശുചിയും, നല്ല വസ്ത്രം ധരിച്ചവനും, ഒരു കുതിരവണ്ടിയിലോ അല്ലെങ്കിൽ കാളവണ്ടിയിലോ കയറി വരുന്നവനും, ഫലങ്ങളും വെളുത്ത പുഷ്പങ്ങളും കയ്യിൽ ധരിച്ചവനും ആയിരിക്കേണ്ടതാണു. ഒരു വിധവയേയോ ഭിക്ഷുവിനേയോ ദൂതനാക്കി അയക്കരുതെന്നാണു വെച്ചിട്ടുള്ളത്. വൈദ്യനെ വിളിക്കുവാൻ ചെല്ലുന്ന ദൂതൻ കുറേ വകതിരിവോടുകൂടി സകലവിവരങ്ങളും ശരിയായി പറഞ്ഞുകൊടുപ്പാൻ കഴിയുന്നവനായിരിക്കുകയും, രോഗിയെ ശുശ്രൂഷിക്കുന്ന പരിചാരകൻ വേണ്ട സമയത്തൊക്കെ മരുന്നു കൊടുക്കുവാനും മറ്റും മസ്സിരുത്തുന്ന ഒരാളാവുകയും, രോഗി വൈദ്യൻ വിധിക്കുന്ന മരുന്നുകളുടെ ഗുണദോഷങ്ങളെക്കുറിച്ചു വാദിക്കാതെ ആയാളുടെ ഉപദേശങ്ങളെല്ലാം കേട്ടു നടക്കുവാൻ തക്ക വിവേകമുള്ളവനായിരിക്കുകയും ചെയ്താൽ, വൈദ്യന്റെ പ്രവൃത്തിക്കു വളരെ എളുപ്പമുണ്ട്. എന്നാൽ അതിന്നു വൈദ്യൻ നല്ല പരിചയമുള്ളവനും, ഔഷധങ്ങളുടെ ഗുണദോഷങ്ങൾ നല്ലവണ്ണം അറിയുന്ന ആളും കൂടി ആയിരിക്കേണമെന്നു വിശേഷിച്ചു പറയേണ്ടതുമില്ലല്ലൊ.

ശകുനങ്ങൾ നോക്കിക്കഴിഞ്ഞശേഷം, വൈദ്യന്നു തന്റെ ചികിത്സയുടെ ഫലം ഏകദേശം എന്തായിരിക്കുമെന്നു തീർച്ചപ്പെടുത്തുവാൻ സ്വപ്നങ്ങളുടെ സംഭവത്തേയും ജാതകസ്ഥിതിയേയും അറിയുന്നതുകൊണ്ടും കുറെ സഹായം ലഭിക്കുവാനുണ്ട്. ഈ ലോകത്തിൽ ഒരു സ്വപ്നമെങ്കിലും കണ്ടിട്ടുള്ള അനുഭവമില്ലാത്തവർ ആരുമുണ്ടായിരിക്കുകയില്ല. പക്ഷെ ആ സ്ഥിതിയിൽ മനസ്സും ദേഹവും തമ്മിൽ എങ്ങിനെയാണു സംബന്ധിക്കുന്നതെന്നോ, ആ സംബന്ധംകൊണ്ട് എങ്ങിനെയാണു സ്വപ്നങ്ങളുണ്ടാകുന്നതെന്നോ പറയുവാൻ കഴിയുന്നവർ വളരെ വളരെ ചുരുക്കമായിരിക്കയും ചെയ്യും. ആർട്ടിമിഡോറസ്സ്, മാക്രോബസ്സ്, ആക്വിനസ്സ് [ 168 ] ഇങ്ങിനെയുള്ള ചില പ്രാചീനഗ്രന്ഥകർത്താക്കന്മാർ അവരുടെ ഗ്രന്ഥങ്ങളിൽ ഈ ചോദ്യത്തിന്നുത്തരം കണ്ടുപിടിക്കുവാനും, ഓരോ സ്വപ്നങ്ങൾ സൂചിപ്പിക്കുന്നതായ ഫലങ്ങൾക്കും ആ വക സ്വപ്നങ്ങൾക്കും തമ്മിൽ ഉണ്ടെന്ന് ഊഹിക്കപ്പെടുന്നതായ സംബന്ധത്തെ സ്ഥാപിക്കുവാനും ശ്രമം ചെയ്തിട്ടുണ്ട്. ഹിന്തു ഗ്രന്ഥകാരന്മാരും ഈ വിഷയത്തിൽ കുറെ വെളിച്ചം വരുത്തുവാൻ ശ്രമിച്ചിട്ടില്ലെന്നില്ല. ഏതായാലും അവരുടെ സിദ്ധാന്തം എടുത്ത് ഉപപാദിക്കുവാനുള്ള സ്ഥലം ഇതല്ലല്ലൊ. അതുകൊണ്ട് സ്വപ്നങ്ങൾ, ജാഗ്രദവസ്ഥ (ഉണൎന്നിരിക്കുന്ന നില)യുടെയും സുഷുപ്തി (സുഖനിദ്ര)യുടേയും ഇടയ്ക്കുള്ള ഒരു ജീവിതാവസ്ഥയുടെ ഫലങ്ങളാണെന്നും, പക്ഷേ അവകൾക്ക് ഈ രണ്ടിനോടും ഒരേ സമയത്തുതന്നെ ലഘുവായ ഒരു സംബന്ധമുണ്ടെന്നുമാണു ഹിന്തുക്കൾ തീർച്ചപ്പെടുത്തിയിരിക്കുന്നതെന്നു മാത്രം പറഞ്ഞാൽ മതിയാവുന്നതാണു. കാൎയ്യം ഇങ്ങിനെയാണെന്നു നിശ്ചയിച്ചു ഹിന്തുവൈദ്യന്മാർ, രോഗികൾക്കുണ്ടാകുന്ന സ്വപ്നങ്ങളിൽനിന്നു തങ്ങൾക്കാവശ്യമുള്ള സൂചനകളെ ഗ്രഹിക്കാമെന്നാണു വിശ്വസിച്ചുപോരുന്നത്. എന്നാൽ, ചിലപ്പോൾ ഭയം, ശക്തിക്ഷയം, മൂത്രത്തിന്റെ ശരിയല്ലാത്ത കിനിവ്, വാതപിത്തങ്ങൾ ഈ വക കാരണങ്ങളാലും സ്വപ്നങ്ങളുണ്ടാകുന്നതാണെന്ന് അവർ അഭിപ്രായപ്പെട്ടിട്ടുണ്ട്.. ഈവക സ്വപ്നങ്ങളെ, ഭാവിഫലത്തെ സൂചിപ്പിക്കുന്നവയോ അല്ലെങ്കിൽ അതിന്റെ അടയാളങ്ങളൊ ആണെന്ന് ഊഹിക്കപ്പെടുന്ന മറ്റു സ്വപ്നങ്ങളിൽനിന്നും തിരിച്ചറിയേണ്ടതാണു.. ഒരു ഒട്ടകത്തിന്റേയോ പോത്തിന്റേയോ പുറത്തുകയറിപ്പോവുക, ഒരു ശവത്തേയോ സന്യാസിയേയോ ആലിംഗനം ചെയ്യുക, തന്റെ സ്വരൂപംതന്നെ കാണുക, പക്വാന്നത്തെ ഭക്ഷിക്കുക, പാലോ അ [ 169 ] ല്ലെങ്കിൽ എണ്ണയോ കുടിക്കുക, വെറും പരുത്തി ഭസ്മം അസ്ഥികൾ ഇവയെ കാണുക, തലമൊട്ടയടിച്ചു കറുത്ത ഒരാൾ ഒരു കോവർകഴുതയുടെ പുറത്തു കയറി തെക്കോട്ടു പോകുന്നതായികാണുക ഇങ്ങിനെയുള്ള സ്വപ്നങ്ങളെല്ലാം ചീത്തയാണെന്നാണു വെച്ചിട്ടുള്ളത്. സ്വസ്ഥനായ ഒരാൾ ഈ വക സ്വപ്നങ്ങൾ വല്ലതും കണ്ടാൽ ഉടനെ ദീനം പിടിക്കുകയും, രോഗിയാണു കണ്ടതെങ്കിൽ രോഗം അധികമായിത്തീരുകയും ചെയ്യും. എന്നാൽ അപ്പോൾ ജീവിച്ചിരിക്കുന്ന രാജാക്കന്മാർ, സ്നേഹിതന്മാർ, അല്ലെങ്കിൽ ബ്രാഹ്മണർ, പുണ്യസ്ഥലങ്ങൾ, നിർമ്മലങ്ങളായ ജലാശയങ്ങൾ, വണ്ടുകൾ, അട്ടകൾ, പശുക്കൾ, മേലൊക്കെ ചളിവെച്ചുതേച്ച അവനവന്റെ സ്വരൂപം ഇങ്ങിനെ എന്തെങ്കിലും കാണുക; കുട, കണ്ണാടി, വിഷം, എന്നിവ ലഭിക്കുക; പൎവ്വതങ്ങളിലോ, ആനപ്പുറത്തോ, കുതിരപ്പുറത്തോ കയറുക; തന്റെ മരണം ഭവിക്കുന്നതായി കാണുക; ഇങ്ങിനെയുള്ള സ്വപ്നങ്ങൾ സുഖശരീരിയാണു കാണുന്നതെങ്കിൽ ആയാൾക്കു പിന്നെയും അധികം സുഖമുണ്ടായിക്കൊണ്ടിരിക്കുകയും, രോഗിയാണെങ്കിൽ ദീനം ആശ്വാസപ്പെടുകയും ചെയ്യും. പനി പിടിച്ചു കിടക്കുന്ന ആൾ സ്വപ്നത്തിൽ ഒരു ശ്വാവിനാൽ ആകർഷിക്കപ്പെടുന്നതും, മൂത്രാഘാതം രക്താതിസാരം അല്ലെങ്കിൽ സൎവ്വാംഗശോഫം ഇതിൽ ഏതെങ്കിലുമുള്ള ഒരാൾ വെള്ളം കാണുന്നതും, അപസ്മാരരോഗമുള്ള ആൾ ശവത്തെ കാണുന്നതും അനുകൂലമല്ലാത്ത സ്വപ്നങ്ങളാകുന്നു. അങ്ങിനെതന്നെ, ഒരു കുഷ്ഠരോഗി എണ്ണ കുടിക്കുന്നതായും, ഗുന്മന്റെ ഉപദ്രവമുള്ള ആൾ സസ്യങ്ങൾ ഭക്ഷിക്കുന്നതായും, നീർദോഷമുള്ള ആൾ മധുരപലഹാരങ്ങൾ തിന്നുന്നതായും, ശ്വാസരോഗി സ്വപ്നത്തിൽ സഞ്ചരിക്കുന്നതായും, പാണ്ഢുരോഗി മഞ്ഞനിറത്തിലുള്ള ആഹാരങ്ങൾ ഭക്ഷിക്കുന്നതായും സ്വപ്നം കണ്ടാൽ അതും വളരെ ചീത്തയായി [ 170 ] ചീത്തയായിട്ടുള്ളതാണു. സ്വപ്നത്തിന്റെ അധീശ്വരിയായി "സ്വപ്നേശ്വരി" എന്നൊരു ദേവതയുണ്ടെന്നും, അതു തന്റെ ഭക്തന്മാർക്ക് ചില ഭാവീഫലങ്ങളെ മുൻ കൂട്ടി അറിയിച്ചു കൊടുക്കുമെന്നും ഹിന്തുക്കൾ വിശ്വസിച്ചുപോരുന്നു. ദുസ്സ്വപ്നങ്ങളുടെ ഫലം പറ്റാതിരിക്കുവാൻ നിവൃത്തിയുള്ളേടത്തോളമൊക്കെ പ്രതിവിധികളും പറയപ്പെട്ടിട്ടുണ്ട്.

ജോതിഷത്തെ വൈദ്യശാസ്ത്രത്തിന്ന് ഒരു സഹായമായിട്ടാണു വിചാരിച്ചുപോരുന്നത്. ആൎയ്യന്മാർ ചരിത്രകാലത്തിന്നു മുമ്പുതന്നെ, സൂൎയ്യൻ, ചന്ദ്രൻ, ചൊവ്വ, ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു എന്നീ നവഗ്രഹങ്ങൾക്ക് മനുഷ്യരുടെമേലുള്ള അധികാരശക്തിയെക്കുറിച്ച് കലശലായി വിശ്വസിച്ചിരുന്നവരാണു. മറ്റു പലജാതിക്കാരെപ്പോലെതന്നെ അവരും, ആകാശത്തുള്ള ഈ ഗോളങ്ങളാണു ഓരോ മനുഷ്യന്റേയും ജനസമുദായങ്ങളുടേയും ഭവിതവ്യതയെ അല്ലെങ്കിൽ ഭാഗ്യനിർഭാഗ്യങ്ങളെ നിയമിക്കുന്നതെന്നു വിശ്വസിച്ചുപോരുന്നു. ഓരോ പ്രത്യേകജീവിയുടേയും കൎമ്മങ്ങളിൽ ഗ്രഹങ്ങൾക്കുള്ള അന്യോന്യാപേക്ഷിതശക്തിയെക്കുറിച്ചു തങ്ങൾക്കറിയാമെന്നും, അതുകൊണ്ടു മനുഷ്യന്റെ ഭൂതവിഷ്യദ്വർത്തമാനകാൎയ്യങ്ങളെപ്പറ്റിയും അറിയുവാൻ കഴിയുമെന്നും ആണു അവർ ഇതിലേക്ക് ന്യായമായി പറയുന്നത്. മിസ്റ്റർ പ്രോക്ടർ തന്റെ പ്രസിദ്ധപ്പെട്ട കൃതിയായ 'അനന്തങ്ങളുടെ കൂട്ടത്തിൽ നമ്മുടെ സ്ഥാനം' എന്നുള്ള പുസ്തകത്തിൽ, ഭാവിയെക്കുറിച്ച് അറിയുവാനുള്ള ആഗ്രഹം നിമിത്തം മനുഷ്യർക്ക് പറ്റീട്ടുള്ള അബദ്ധങ്ങളിൽ വെച്ചു ജോതിശ്ശാസ്ത്ര മാണു ഏറ്റവും മാന്യമായിട്ടുള്ളതെന്നും, അതാണു ഏറ്റവും യുക്തിയുക്തമായിട്ടുള്ളതെന്നു കൂടി നമുക്കു പറയാവുന്നതാണെന്നും അഭിപ്രായപ്പെട്ടിരിക്കുന്നു. "റുഡോഫിൻ ടേബ് ൾസ്" (Rudophine Tables) എന്ന പുസ്തകത്തിന്നുള്ള തന്റെ [ 171 ] മുഖവുരയിൽ കെപ്ലർ എന്ന ആൾ ജ്യോതിഷവിദ്യ 'വിദുഷിയായ മാതാവിന്നുണ്ടായ ഒരു ബുദ്ധിയില്ലാത്ത മകളാണെന്നും, എന്നാൽ ആ മാതാവിന്റെ രക്ഷയ്ക്കും ആയുസ്സിന്നും ഈ കഥയില്ലാത്ത മകൾ കൂടാതെ കഴിയുന്നതല്ലെന്നും' പറഞ്ഞിരിക്കുന്നു. ഈ 'മകളെ' മാനിക്കുന്നവർക്ക് അവളുടെ ഭാഗം വാദിക്കുവാനായി സ്വന്തം ചില ന്യായങ്ങളുമുണ്ട്. ഏതായാലും, ജ്യോതിശ്ശാസ്ത്രം ശാസ്ത്രസിദ്ധമായ ഒരു അടിസ്ഥാനത്തിൽ ഉറപ്പിക്കപ്പെട്ടതോ, അതോ പണ്ടെത്തെ അന്ധവിശ്വാസത്തിന്റെ ഒരു അവശേഷമോ എന്നു തീർച്ചപ്പെടുത്തുന്നത് ഇവിടെ നമ്മുടെ ഉദ്ദേശ്യത്തിന്നു ചേൎന്നതല്ലല്ലൊ. നമ്മുടെ ഇപ്പോഴത്തെ ഉദ്ദേശ്യമാകട്ടെ ഹിന്തുവൈദ്യന്മാർ ഒരു രോഗിക്ക് സാധാരണ ചികിത്സകൾ ചെയ്തുനോക്കീട്ടൊന്നും ഫലം കാണുന്നില്ലെങ്കിൽ, ആയാളുടെ ജാതകം കൂടി നോക്കുക പതിവുണ്ടെന്നുള്ള ഒരു സംഗതി ഇവിടെ പ്രസ്താവിക്കുകമാത്രമാകുന്നു. പിഴച്ച ഗ്രഹങ്ങളുടെ ദോഷം തീർക്കുവാൻ പലേ പ്രതിവിധികളുമുണ്ട്. ഏതെങ്കിലും ഒരു രോഗിയുടെ കാൎയ്യത്തിൽ ചൊവ്വ ചന്ദ്രന്റെ ഗൃഹത്തിൽ ചെല്ലുമ്പോൾ ആയാൾക്ക് രക്തസംബന്ധമായ രോഗങ്ങളുണ്ടാകുവാനിടയുണ്ട്. അപ്പോൾ ആയാൾക്കുണ്ടാകുന്ന ദോഷഫലം മന്ത്രോച്ചാരണം, വിശിഷ്ടനായ ഒരു ബ്രാഹ്മണന്ന് ഒരു ചുകന്ന കൂറ്റനെ ദാനം ചെയ്യുക[3],അഗ്നിയിൽ നെയ്യുകൊണ്ടുള്ള ഹോമം ഈ വക പ്രതിവിധികൊണ്ടു തീരുന്നതാണു. ഈ സംഗതിയിൽ പ്രതിവിധിയായി ചില സ്നാനങ്ങൾ ചെയ് വാനും, പവിഴം കൊണ്ടുണ്ടാക്കിയ ചില ആഭരണങ്ങൾ ധരിക്കുവാനും വിധിച്ചിട്ടുണ്ട്. രോഗിയുടെ ജാതകത്തിൽ ഓരോ ഗ്രഹങ്ങളുടെ സ്ഥിതിഭേദം പോലെ ഫലത്തിന്നു ഭേദമുണ്ടെന്നാണു വിശ്വസിക്കപ്പെട്ടിരിക്കുന്നത്. അപ്പോൾ അതിന്നനുസരിച്ച് പ്രതിവിധികൾക്കും [ 172 ] ഭേദമുണ്ടെന്നു വിശേഷിച്ചു പറയേണ്ടതില്ലല്ലൊ.

ഒരു രോഗം ആദ്യം ആരംഭിച്ചു കണ്ടത് ഒരു പക്ഷത്തിൽ അല്ലെങ്കിൽ ആഴ്ചയിൽ ഏതുദിവസമാണെന്നു നോക്കി, അതുകൊണ്ടു ചിലവൈദ്യന്മാർ ആ രോഗം എത്രകാലത്തോളം നിലനിൽക്കുമെന്നോ, അല്ലെങ്കിൽ മാറുമെന്നോ മാറില്ലെന്നോ സാഹസമായി മുൻകൂട്ടി പറയുമാറുണ്ട്. ഈ കാൎയ്യത്തിൽ താഴേ കാണിക്കുന്നവിധം രണ്ട് അഭിപ്രായഭേദങ്ങളുണ്ട്.

പട്ടിക 1
പ്ര ദ്വി തൃ ദ്വാ ത്ര വെളുത്ത വാവ് പ്രതി പദം
15 30 3 0 5 5 30 3 0 5 5 30 3 0 5 30
10 30 3 0 5 10 30 0 0 5 10 0 3 0 5 0
പട്ടിക 2
ഞാ തി ചൊ ബു വ്യാ വെ
30 45 0 8 5 7 30
0 45 0 8 6 7 0

ഇവിടെ ഒന്നാമത്തെ പട്ടികയിൽ 'പ്ര' മുതലായ അക്ഷരങ്ങൾ ഒരു പക്ഷത്തിലെ ഓരോ തിഥികളേയും, രണ്ടാമത്തേതിൽ 'ഞാ' മുതലായവ ഒരാഴ്ചയിലെ ദിവസങ്ങളേയും ക്രമത്തിൽ കാ [ 173 ] ണിക്കുന്നതാകുന്നു. ഓരോ പട്ടികയിൽതന്നെ ഒന്നിന്റെ കീഴിൽ മറ്റൊന്നായി ചേർത്തിരിക്കുന്ന ഇംഗ്ലീഷ് അക്കങ്ങൾ, അതാതിന്റെ നേരെ മുകളിൽ കാണുന്ന ദിവസങ്ങളിൽ ഒരു രോഗം ബാധിക്കുന്നതാണെങ്കിൽ അതു മേൽപ്രസ്താവിച്ച രണ്ടു മതക്കാരിൽ ഓരോരുത്തരുടെ അഭിപ്രായപ്രകാരം എത്ര ദിവത്തോളം നിലനിൽക്കുമോ ആ ദിവസത്തിന്റെ സംഖ്യയെ കാണിക്കുകയാണു ചെയ്യുന്നത്. പൂജ്യ(0)മായി കാണുന്നതു രോഗം അസാദ്ധ്യമാണെന്നതിന്റെ ലക്ഷണവുമാണു.

ഇപ്രകാരം ഏതെങ്കിലുമൊരു രോഗം ഒരു പക്ഷത്തിന്റെ ആദ്യത്തെ ദിവസം (പ്രതിപദത്തിൽ) ആണു ആരംഭിക്കുന്നതെങ്കിൽ, അത് ഒരു ഗ്രന്ഥകൎത്ത്റ്റാവിന്റെ മതത്തിൽ, ൧൫ ദിവസവും, മറ്റേയാളുടെ അഭിപ്രായത്തിൽ ൧0 ദിവസവും നിലനിൽക്കുന്നതാകുന്നു. അതുപോലെതന്നെ, ഒരു രോഗം ഞായറാഴ്ചയാണു ആദ്യം തുടങ്ങിയതെങ്കിൽ, അതു മുപ്പതു ദിവസത്തോളം വിടാതെ നിൽക്കുകയൊ, അല്ലെങ്കിൽ മരണപൎയ്യവസായിയായിത്തീരുകയോ ചെയ്യുമെന്നും ധരിക്കേണ്ടതാണു.

മനുഷ്യായുസ്സു ദീൎഗ്ഘം, മദ്ധ്യം, അല്പം ഇങ്ങിനെ മൂന്നു വിധത്തിലാണെന്നാണു സുശ്രുതന്റെ പക്ഷം. അതിൽ ദീൎഗ്ഘായുസ്സ് നൂറ്റിരുപതു കൊല്ലവും, മദ്ധ്യായുസ്സ് എഴുപത്തഞ്ചു കൊല്ലവും, അല്പായുസ്സ് ഇരുപത്തഞ്ച് കൊല്ലവും നിലനിൽക്കുന്നതാണു. പാണികൾ, കാലടികൾ, വാരിഭാഗങ്ങൾ, പുറം, ചൂചുകങ്ങൾ (സ്തനാഗ്രങ്ങൾ), പല്ലുകൾ, ചുമലുകൾ, വായ്, നെറ്റി ഇവ വലുതായിരിക്കുക; ഭുജങ്ങൾ, വിരലുകൾ, ശ്വാസം, ദൃഷ്ടിപാതം (കാഴ്ച) ഇവ ദീൎഗ്ഘങ്ങളായും, പുരികങ്ങൾ, മാറിടം ഇവ വിസ്തീൎണ്ണങ്ങളായുമിരിക്കുക; കാലുകൾ, ലിംഗം, കഴുത്ത് ഇവ അധികം ദീൎഗ്ഘങ്ങളല്ലാതേയും, ശബ്ദവും നാഭിയും ഗംഭീരങ്ങളായുമിരിക്കുക; പരാക്രമം അധികമായും, തല അല്പം പിന്നാക്കം ഉന്തിയും [ 174 ] ഇരിക്കുക; സന്ധികൾ, നീലിനികൾ, ലോഹിനികൾ ഇവ മാംസത്തിൽ താണിരിക്കുകയും, ശരീരം നല്ല ബലത്തോടുകൂടി സൃഷ്ടിക്കപ്പെട്ടതായിരിക്കുകയും ചെയ്ക; ശാന്തനും സമാധാനശീലനും, സ്വതേ നീരോഗിയുമായിരിക്കുക; ചെവികളിൽ രോമം വളൎന്നിരിക്കുക; ദേഹവും മനസ്സും, ലോകപരിചയവും ക്രമത്തിൽ വൎദ്ധിച്ചുവരിക ഈവക ലക്ഷണങ്ങൾ ഏതൊരാൾക്കാണോ കാണുന്നത്, ആയാൾ ദീർഗ്ഘായുസ്സോടുകൂടി സുഖമായിരിക്കുമെന്നാണു വെച്ചിട്ടുള്ളത്.

കണ്ണിന്നു താഴേ രണ്ടോ മൂന്നോ വലികൾ ഉണ്ടായിരിക്കുക; കാലുകളും ചെവികളും മാംസങ്ങളായിരിക്കുക; മൂക്ക് ഉയൎന്നിരിക്കുക ഇങ്ങിനെയുള്ള ലക്ഷണങ്ങൾ കാണുന്ന ആൾക്ക് മദ്ധ്യവയസ്സോളം ജീവിച്ചിരിക്കുവാൻ ഇടവരുമെന്നാണു പറയപ്പെടുന്നത്.

നീളം കുറഞ്ഞ വിരലുകൾ, ദീർഗ്ഘമായ ലിംഗം, വീതികുറഞ്ഞ (ഇടുങ്ങിയ) പുറം, സ്ഫഷ്ടമായി കാണുന്ന തൊണ്ണുകൾ, വ്യാകുലമായ നോട്ടം ഇവയെല്ലാം അല്പായുസ്സിന്റെ ലക്ഷണങ്ങളുമാണു.

ഇതിന്നൊക്കെ പുറമെ, ഒരു ശരീരത്തിന്റെ പ്രമാണം എങ്ങിനെയായാലാണു കണക്കാവുക എന്നു വിവരിക്കുവാൻ തന്നെ സുശ്രുതൻ ഒരദ്ധ്യായം ഒഴിച്ചിട്ടിട്ടുണ്ട്.

ഇപ്രകാരം ഒരാളുടെ പുറമെ കാണുന്ന സ്വരൂപവും ഭാവവും നോക്കി ആയാൾ എത്രകാലം ജീവിച്ചിരിക്കുവാൻ ഇടയുണ്ടെന്നു വൈദ്യന്മാർക്ക് എങ്ങിനെ പറയുവാൻ കഴിയുമെന്ന് ഊഹിക്കപ്പെട്ടിരിക്കുന്നുവോ, അങ്ങിനെതന്നെ അവശ്യം സംഭവിക്കുന്നതായ മരണം നേരിടുന്നതെപ്പോഴാണെന്നു തീർച്ചപ്പെടുത്തുവാനും അവൎക്ക് ചില ലക്ഷണങ്ങളും സൂചനകളും നോക്കുവാനുണ്ട്. എങ്ങിനെയെന്നാൽ, ഒരാളുടെ വലത്തെ മൂക്കിൽ കൂടിയാണു ഒരു ദിവസം ഇടവിടാതെ ശ്വാസം പോകുന്നതെ [ 175 ] ങ്കിൽ, ആയാൾ മൂന്നു കൊല്ലത്തിലധികം ജീവിച്ചിരിക്കുകയില്ല; രണ്ടുദിവസം അടുപ്പിച്ച് അങ്ങിനെതന്നെ കാണുന്നതായാൽ ആയാൾ ഒരു കൊല്ലത്തിലകത്തു മരിക്കും; അതേമൂക്കിൽകൂടിത്തന്നെ മൂന്നു ദിവസം ഇടവിടാതെ ശ്വാസം പോകുന്നതാണെങ്കിൽ ആയാളുടെ ആയുഷ്കാലം മൂന്നു മാസത്തിലധികമില്ലെന്നും തീൎച്ചപ്പെടുത്താം. ഒരാൾ പകൽസമയം ഇടത്തെ മൂക്കിൽകൂടി വേഗം വേഗം ശ്വാസം വിടുകയും, രാത്രിയിൽ അതിൽകൂടി അശേഷമില്ലാതിരിക്കുകയും ചെയ്യുന്നതായാൽ, ആയാൾ നാലുദിവസത്തിന്നുള്ളിൽ മരിക്കും, പിന്നെ, രണ്ടു മൂക്കിൽകൂടിയും പത്തു ദിവസം ഇടവിടാതെ ശ്വാസം വലിക്കുന്ന ഒരാൾ മൂന്നു ദിവസമേ ജീവിച്ചിരിക്കുകയുള്ളൂ. വലത്തെ നാഡി വിഷമമായി സ്പന്ദിക്കുകയും, ഇടത്തെ മൂക്കിൽകൂടിയുള്ള ശ്വാസത്തിന്റെ പ്രവൃത്തി തീരെ നിൽക്കുകയും ചെയ്തുകണ്ടാൽ ആരോഗി മരിക്കുമാറായി എന്നു തീർച്ചപ്പെടുത്താം. മൂക്കു വളഞ്ഞുപോകയും, പിന്നെ മൂക്കിൽ കൂടി ശ്വസിക്കുന്നതിന്നു പകരം വായിൽ കൂടി ശ്വസിക്കേണ്ടിവരികയും ചെയ്യുന്നതാണെങ്കിൽ ആ ഒരു മനുഷ്യൻ പിന്നെ മുപ്പതു മണിക്കൂർ മാത്രമേ ശ്വാസം വലിക്കുകയുള്ളൂ. സ്വതേ കറുത്തിരുന്ന ഒരാൾ പെട്ടന്നു വെളുത്താൽ (മഞ്ഞനിറമായാൽ) ആയാൾ രണ്ടുമാസത്തിലകത്തു സിദ്ധികൂടും, പല്ലുകൾ, ചുണ്ടു, നാവ് ഇവ വറളുകയും, കണ്ണുകളും, നഖങ്ങളും കറുത്തുപോവുകയും ചെയ്യുന്നവനും, മഞ്ഞ, പച്ച, ചുകപ്പ് ഈ നിറങ്ങൾ കറുപ്പായി തോന്നുന്നവനും, പിന്നെ ആറുമാസത്തോളമേ ജീവിച്ചിരിക്കുകയുള്ളൂ. സുരതാവേഗത്തിന്നിടയിൽ തുമ്മുന്നവനും, മൂത്രത്തോടുകൂടി ശുക്ലവും സ്രവിക്കുന്നവന്നും പിന്നെ ഒരു കൊല്ലത്തിലധികം ആയുസ്സുണ്ടായിരിക്കുകയില്ല. ഒരാൾക്കു മലവും മൂത്രവും ഒപ്പം പോകുന്നതാണെങ്കിൽ ആയാളും പിന്നെ ഒരു കൊല്ലമേ ജീവിച്ചിരിക്കുകയുള്ളൂ. ഒരാൾ വെള്ളത്തിൽനിന്നു പൊന്തിയ ഉടനെ [ 176 ] തന്നെ കൈകൾ, കാലുകൾ മാറ് ഇവ ഉണങ്ങുന്നതായി കണ്ടാൽ, അതു മൂന്നുമാസത്തിന്നുള്ളിൽ ആയാൾ മരിക്കുമെന്നുള്ളതിന്റെ ലക്ഷണമാണു. സ്വതേ മെലിഞ്ഞ ആൾ പെട്ടന്നു തടിച്ചാലും, തടിച്ച ആൾ പെട്ടന്നു മെലിഞ്ഞാലും ആറു മാസത്തിന്നുള്ളിൽ മരിക്കുമെന്നു തീർച്ചപ്പെടുത്താം. തന്റെ നാവിന്റെ അഗ്രം കാണ്മാൻ കഴിയാത്ത ഒരാൾ ഇരുപത്തിനാലു മണിക്കൂറിന്നുള്ളിൽ മരിക്കുന്നതാണു. ഒരു അറുപിശുക്കൻ പെട്ടന്നു ധാരാളിയാവുകയോ ധർമ്മിഷ്ഠനായിത്തീരുകയോ ചെയ്താൽ, അത് ആയാൾക്ക് ഇനി ആറുമാസത്തെ ആയുസ്സേ ഉള്ളൂ എന്നു സൂചിപ്പിക്കുകയാകുന്നു. ഒരാളുടെ ശരീരത്തിന്റെ പകുതിഭാഗം ചൂടോടുകൂടിയിരിക്കുകയും, മറ്റേഭാഗം തണുത്തിരിക്കുകയും ചെയ്യുന്നതാണെങ്കിലും ഒരാഴ്ചക്കുള്ളിൽ ആയാൾ മരിച്ചുപോകുമെന്നു തീർച്ചയാണു.

പിന്നെ, ഒരു പാത്രത്തിൽ വെള്ളം നിറച്ച് അതിലുള്ള സൂൎയ്യന്റെ പ്രതിബിംബം നോക്കീട്ടും ആയുഷ്കാലം തീർച്ചപ്പെടുത്തുമാറുണ്ട്. രോഗി ആ പ്രതിച്ഛായ മുഴുവനായും, ഛിന്നഭിന്നമാകാതേയും കാണുന്നുണ്ടെങ്കിൽ ആയാളുടെ ദിനം ക്ഷണത്തിൽ ആശ്വാസമാകുമെന്നു വിചാരിക്കാം. എന്നാൽ അതു തെക്കോട്ടു ഭിന്നമായി കണ്ടാൽ ആറുമാസത്തിലകത്തും, പടിഞ്ഞാട്ടാണെങ്കിൽ രണ്ടു മാസത്തിന്നു ശേഷവും ആയാൾ മരിക്കുകയും ചെയ്യും. ആയാൾ അതു വടക്കു ഭാഗത്തായിട്ടു ഭേദിച്ചു കണ്ടുവെങ്കിൽ ആയാളുടെ മരണം മൂന്നു മാസത്തിലകത്തു സംഭവിക്കും. അതല്ല, കിഴക്കാണു ഭിന്നമായി കണ്ടതെങ്കിൽ മരണം ഒരു മാസത്തിന്നുള്ളിലായിരിക്കുകയും ചെയ്യും. ആയാൾ ആ പ്രതിബിബത്തിന്റെ നടുവിൽ ഒരു ദ്വാരം കാണുന്നതായാൽ പത്തുദിവസം കഴിയുന്നതിന്നുമുമ്പെ മരിച്ചുപോകും. ഇനി എന്നെങ്കിലും ആ [ 177 ] പ്രതിബിംബം ചുറ്റും പുകയോടുകൂടിയാണു കാണുന്നതെങ്കിൽ അത് ആയാളുടെ ഒടുക്കത്തെ ദിവസമായിരിക്കുന്നതുമാണു.


  1. ഈ ഒരു നിയമം ഇംഗ്ലീഷുവൈദ്യന്മാരെസ്സംബന്ധിച്ചിടത്തോളം അനാവശ്യമാണെന്നു പക്ഷെ തോന്നിയേക്കാം. അവൎക്കാണെങ്കിൽ ഉടുപ്പിന്റെ കൂട്ടത്തിൽ ചെരിപ്പ് (ബൂട്സ്) ഒഴിച്ചുകൂടാത്ത ഒന്നാണല്ലോ. എന്നാൽ ഇന്ത്യയിൽ ശിതോഷ്ണസ്ഥിതിഭേദംകൊണ്ടും, മറ്റു ചില സംഗതികളാലും കാലടി മൂടുവാനുള്ള വല്ല ഒരു സാധനവും വേണമെന്ന് അത്ര നിൎബ്ബന്ധമില്ല.
  2. രോഗികളുടെ ഭാഗ്യം കൊണ്ടു വൈദ്യന്മാരെല്ലാവരും ഈ അഭിപ്രായക്കാരല്ല.
  3. ദാനം എപ്പോഴും ബ്രാഹ്മണൎക്കാണല്ലൊ പതിവ്