ഐതിഹ്യമാല
രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
അവണാമനയ്ക്കൽ ഗോപാലൻ


കൊച്ചി രാജ്യത്ത് തലപ്പിള്ളി താലൂക്കിൽ ദേശമംഗലം വില്ലേജിൽ ദേശമംഗലത്തു മനയെന്നും, തൃശ്ശിവപേരൂർ താലൂക്കിൽ ഇടക്കുന്നിൽ വില്ലേജിൽ തെക്കിനിയേടത്തു കിരാങ്ങാട്ടുമനെയെന്നും ടി താലൂക്കിൽ ത്തന്നെ കടലാശ്ശേരി വില്ലേജിൽ അവണാമനയെന്നും പറഞ്ഞുവരുന്ന ബ്രാഹ്മണോത്തമകുടുംബവകയായി പണ്ടു ഗോപാലൻ എന്നു പ്രസിദ്ധനായിട്ട് ഒരു കൊമ്പനാനയുണ്ടായിരുന്നു. അനേകം ഗുണങ്ങളും യോഗ്യതകളുമുണ്ടായിരുന്ന ആ ഗോപാലനോടു കിടയായിട്ട് ഒരു കൊമ്പനാന അക്കാലത്തു വേറെയെങ്ങുമുണ്ടായിരുന്നില്ലെന്നു മാത്രമല്ല, ഇക്കാലത്തും എങ്ങുമുള്ളതായി കേട്ടുകേൾവി പോലുമില്ല. ഈ ആന ഈ മനയ്ക്കൽ വന്നു ചേർന്നത് ഏതുവിധമെന്നും മറ്റും താഴെ പറഞ്ഞുകൊള്ളുന്നു.

മേൽപ്പറഞ്ഞ മനയ്ക്കൽ കൊല്ലം 1068-ആമാണ്ടുവരെജീവിച്ചിരുന്ന നാരായണൻ നമ്പൂരിപ്പാട് സത്യം, ദയ, ദാനം, ധർമ്മം, നീതി, പരോപകാരതത്പരത മുതലായ സൽഗുണങ്ങളുടെ വിളനിലമായിരുന്നതിനാൽ അദ്ദേഹത്തെക്കുറിച്ച് ഓർമ്മയുള്ളവർ ഇപ്പോഴും പലരുമുണ്ടായിരിക്കാനിടയുണ്ട്. യോഗ്യനും ഭാഗ്യവാനുമായിരുന്ന അവിടേയ്ക്ക് ഒരിക്കൽ സ്വന്തമായി ഒരു കൊമ്പനാനയെ വാങ്ങിയാൽ കൊള്ളാമെന്ന് ഒരു മോഹമുണ്ടായിത്തീരുകയാൽ അതിനായി അന്വേ‌ഷണം തുടങ്ങി. അപ്പോൾ പാമ്പുംമേയ്ക്കാട്ടുമനയ്ക്കൽ ഒരു കുട്ടിക്കൊമ്പൻ നിൽക്കുന്നുണ്ടെന്നും അതിനെ വിൽക്കാൻ പോകുന്നുവെന്നും കേട്ടു നമ്പൂരിപ്പാട് അങ്ങോട്ടു പുറപ്പെട്ടു. അക്കാലത്ത് ആനകളുടെ ലക്ഷണങ്ങളും ഗുണദോ‌ഷങ്ങളും അറിയാവുന്ന ആളായിട്ട് ഊരകത്തു തെക്കേവെളിയത്ത് എന്ന വീട്ടിൽ കൃ‌ഷ്ണൻനായർ എന്നൊരാളുണ്ടായിരുന്നതിനാൽ നമ്പൂരിപ്പാട് അവിടെച്ചെന്ന് ആ മനു‌ഷ്യനെ കൂട്ടിക്കൊണ്ടാണ് പോയത്. അടുത്ത ദിവസം തന്നെ അവർ പാമ്പുംമേയ്ക്കാട്ട് എത്തുകയും നമ്പൂരിപ്പാടു താൻ ചെന്നിരിക്കുന്നതിന്റെ ഉദ്ദേശം ആ മനയ്ക്കലെ അച്ഛൻനമ്പൂരിയെ ധരിപ്പിക്കുകയും ചെയ്തു. അപ്പോൾ അച്ഛൻനമ്പൂരി, "ഇവിടെ ഒരാനക്കുട്ടിയുണ്ടെന്നും അതിനെ വിൽക്കണമെന്നു വിചാരിച്ചിരിക്കുകയാണെന്നും കേട്ടത് വാസ്തവം തന്നെയാണ്. എന്നാൽ പരമാർത്ഥം പറയാതെ നമ്പൂരിയെ ചതിക്കുന്നത് കഷ്ടമാണല്ലോ. അതുകൊണ്ടു സത്യം ഞാൻ പറയാം. ആ ആനക്കുട്ടിക്ക് 'കരിനാക്ക്' (നാവിൽ കറുത്ത രേഖ) ഉണ്ട്. അതു ദുർലക്ഷണവും ദോ‌ഷമായിട്ടുള്ളതുമാണല്ലോ. അതുകൊണ്ടാണ് അതിനെ വിറ്റുകളയാമെന്ന് ഇവിടെ വിചാരിക്കുന്നത്" എന്നു പറഞ്ഞു. അക്കാലത്തു മലയാള ബ്രാഹ്മണർ ശുദ്ധന്മാരും നി‌ഷ്കളങ്കഹൃദയന്മാരും സത്യസന്ധന്മാരും അന്യായമായും ചതിച്ചും പരദ്രവ്യം കൈക്കലാക്കാൻ ഇച്ഛയില്ലാത്തവരുമായിരുന്നു എന്നുള്ളതിന് ഇതൊരു ഉത്തമദൃഷ്ടാന്തമാണല്ലോ.

ഇതു കേട്ടയുടനെ നമ്പൂരിപ്പാടും കൃ‌ഷ്ണൻനായരും കൂടി ആന നിന്നിരുന്ന സ്ഥലത്തേക്കു പോയി. അവിടെച്ചെന്ന് ആ ആനക്കുട്ടിയുടെ ഭംഗിയും മറ്റും ആകപ്പാടെ കണ്ടപ്പോൾ, എന്തെല്ലാം ദോ‌ഷങ്ങളുണ്ടായിരുന്നാലും അതിനെ വാങ്ങണമെന്നുള്ള ഭ്രമം നമ്പൂരിപ്പാട്ടിലേക്കു കലശലായി. കൃ‌ഷ്ണൻനായർ ആകപ്പാടെ പരിശോധിച്ചു നോക്കീട്ട്, "ഇതിനു കരിനാക്കുണ്ടെന്നു പറഞ്ഞതു വാസ്തവം തന്നെ. അതു ദോ‌ഷമായിട്ടുള്ളതുമാണ്. എങ്കിലും ഇതിനു മറ്റനേകം ശുഭലക്ഷണങ്ങളുള്ളതുകൊണ്ട് ഇതിനെ വാങ്ങിയാൽ നമുക്കു ഗുണമല്ലാതെ ദോ‌ഷമൊന്നുമുണ്ടാകയില്ലെന്നാണ് അടിയന്റെ അഭിപ്രായം. 'ഏകോഹി ദോ‌ഷോ ഗുണസന്നിപാതേ നിമ ́തീന്ദോഃ കിരണേ‌ഷ്വിവാങ്കഃ' എന്നുള്ളതുപോലെയാണ് ഈ ദോ‌ഷമിരിക്കുന്നത്" എന്നു നമ്പുരിപ്പാട്ടിലെ അടുക്കൽ സ്വകാര്യമായിട്ടു പറഞ്ഞു. ഉടനെ രണ്ടുപേരും കൂടി വീണ്ടും അച്ഛൻ നമ്പൂതിരിയുടെ അടുക്കൽ ചെന്നു വിലയെക്കുറിച്ചു ചോദിച്ചു. അപ്പോൾ അച്ഛൻ നമ്പൂരി, "ഈ കൊമ്പൻകുട്ടിക്കു കരിനാക്കെന്നുള്ള ദോ‌ഷമില്ലായിരുന്നുവെങ്കിൽ അയ്യായിരമുറുപ്പികയിൽ കുറയാതെ ആരും തരുമായിരുന്നു. അയ്യായിരമല്ല, പതിനായിരം കിട്ടിയാലും ഞാൻകൊടുക്കുകയുമില്ലായിരുന്നു. ഈ ഒരു ദോ‌ഷമുള്ളതുകൊണ്ട് ഇതിനെ വിലതന്ന് ആരും വാങ്ങുമെന്നു തോന്നുന്നില്ല. നമ്പൂരിക്കു വേണമെങ്കിൽ, ആയിരമുറുപ്പിക തന്നാൽ ഈ കുട്ടിയെ ഞാൻതന്നേക്കാം. നല്ല സമ്മതമുണ്ടെങ്കിൽ മതി താനും" എന്നു പറഞ്ഞു. അയ്യായിരമുറുപ്പികയിൽ കുറയാതെ കൊടുക്കേണ്ടതായി വന്നേക്കുമെന്നായിരുന്നു നമ്പൂരിപ്പാടു വിചാരിച്ചിരുന്നത്. ആയിരമെന്നു കേട്ടപ്പോൾ അദ്ദേഹം സസന്തോ‌ഷം സമ്മതിക്കുകയും "കരിനാക്കുണ്ടെങ്കിലും മേയ്ക്കാടിനെ നഷ്ടപ്പെടുത്തണമെന്നു ഞാൻ വിചാരിക്കുന്നില്ല" എന്നു പറയുകയും അപ്പോൾത്തന്നെ ഉറുപ്പിക വരുത്തി രൊക്കം കൊടുത്ത് ആനക്കുട്ടിയെ വാങ്ങുകയും ഒരാനക്കാരന്റെ സഹായത്തോടുകൂടി ആ കൊമ്പൻകുട്ടിയെ അവിടെനിന്നു കൊണ്ടു പോരികയും ചെയ്തു. ഇപ്രകാരമാണ് ഗോപാലൻ അവണാമനയ്ക്കൽ വന്നുചേർന്നത്. അക്കാലത്തു ഗോപാലന് ഇരുപതു വയസ്സു മാത്രമേ പ്രായമായിരുന്നുള്ളു എങ്കിലും ഉടലിന്റെ പുഷ്ടിയും ഉയർച്ചയും കണ്ടാൽ അതിലധികം തോന്നുമായിരുന്നു. കൊമ്പുകളുടെ ഭംഗി, തലക്കട്ടി, തലയെടുപ്പു മുതലായ ഗുണങ്ങൾ കൊണ്ടു ഗോപാലൻ നിസ്തുലനായ ഒരു കൊമ്പൻകുട്ടി തന്നെയായിരുന്നു.

ആനക്കുട്ടിയെ ദേശമംഗലത്തു കൊണ്ടുചെന്നപ്പോൾ അന്നത്തെ അച്ഛൻ നമ്പൂരിപ്പാട് അതിന്റെ ഭംഗി കണ്ടും വിലയുടെ ലഘുത്വമറിഞ്ഞും വളരെ സന്തോ‌ഷിക്കുകയും, "ഉണ്ണീ, കൊമ്പൻകുട്ടി നമ്മുടെ ബ്രഹ്മസ്വം വകയായിരിക്കട്ടെ. ഇതിനു കൊടുത്ത വില ഞാൻതന്നേക്കാം" എന്നു പറയുകയും ആയിരമുറുപ്പിക രൊക്കം മകനു കൊടുത്ത് ആ ആനക്കുട്ടിയെ മനയ്ക്കലേക്കായിട്ടു വാങ്ങുകയും ചെയ്തു.

ഗോപാലന്റെ ബുദ്ധിഗുണം അസാധാരണമായിരുന്നു. അവൻ വളർന്നുവന്നതിനോടുകൂടി അവന്റെ ഗുണങ്ങളും വർദ്ധിച്ചു. നീർക്കോളുള്ള സമയത്തല്ലാതെ ഗോപാലനെ തളയ്ക്കുക (കെട്ടിയിടുക) പതിവില്ല. അല്ലാത്ത കാലങ്ങളിൽ മനയ്ക്കലെ പറമ്പിൽ അവനു നിശ്ചയിച്ചു കൊടുത്തിരുന്ന സ്ഥലത്തുപോയി നിൽക്കുകയും കിടക്കുകയും ചെയ്തുകൊള്ളും. തീറ്റസ്സാമാനങ്ങളെല്ലാം നേരനീക്കം കൂടാതെ അവിടെ കൊണ്ടുചെന്നു കൊടുത്തേക്കുകയാണു പതിവ്. ആ പറമ്പിൽ തെങ്ങും വാഴയും മറ്റും ധാരാളമുണ്ടായിരുന്നു. ഒരു സമയം തീറ്റയ്ക്കുള്ളവ കൊണ്ടുചെന്നുകൊടുക്കാൻ സ്വൽപം താമസിച്ചുപോയാലും തെങ്ങും വാഴയും മറ്റും ഒടിച്ചിട്ടും പറിച്ചും അവൻ തിന്നു നശിപ്പിക്കാറില്ല. മനയ്ക്കലെ കുട്ടികളും മറ്റും ഗോപാലന്റെ അടുക്കൽ ചെന്നു കളിക്കുക സാധാരണമായിരുന്നു. കുട്ടികൾ അവന്റെ കൊമ്പിലും വാലിലും പിടിച്ച് അവനെ കുറേശ്ശെ ഉപദ്രവിച്ചാലും അവൻ ആരെയും ഉപദ്രവിക്കാറില്ല. കുട്ടികൾ കളിച്ചു ചെയ്യുന്ന ഉപദ്രവങ്ങളെല്ലാം ഗോപാലനു സന്തോ‌ഷാവഹങ്ങളായിരുന്നു. കഥയില്ലാത്ത കുട്ടികൾ കളിച്ചു വല്ലതും ചെയ്താലും കാര്യവിവരമുള്ള താൻ അതിനു പകരം ചെയ്യുന്നതു ശരിയല്ലല്ലോ എന്നായിരുന്നു അവന്റെ വിചാരം.

മനയ്ക്കലുള്ള ഒരോരുത്തരും ഗോപാലനു പതിവായി ചില അവകാശങ്ങൾ കൊടുത്തിരുന്നു. അവയെല്ലാം ഒരു മാത്രപോലും സമയം തെറ്റിക്കാതെ അവൻ അതാതു സ്ഥലങ്ങളിൽ ചെന്നു നിശ്ചിതസമയങ്ങളിൽ ത്തന്നെ വാങ്ങി അനുഭവിച്ചുകൊണ്ടിരുന്നു.

മനയ്ക്കൽ കാലത്തെ ഗണപതിഹോമം, തേവരം, പൂജ മുതലായതു കഴിയുമ്പോൾ ഗോപാലൻ അടുക്കളയുടെ വടക്കെ വാതിൽക്കലെത്തുക പതിവാണ്. അപ്പോൾ കുറച്ചു നിവേദ്യച്ചോറും അപ്പം, അട, ശർക്കര, കദളിപ്പഴം, തേങ്ങാപൂൾ മുതലായവയും അമ്മാത്തോൽ കൊടുക്കും. അവയെല്ലാം അമ്മാത്തോൽ കൊച്ചുകുട്ടികൾക്കെന്നപോലെ ഗോപാലനെ വായിൽ വെച്ചുകൊടുക്കുകയും അവൻ സാദരം വാങ്ങി ഭക്ഷിക്കുകയും ഇടയ്ക്കൊക്കെ അമ്മാത്തോൽ മകനേ, മകനേ എന്നു വിളിക്കുകയും അതിനൊക്കെ ഗോപാലൻ അനുസരണത്തോടുകൂടിയും നന്ദിസൂചകമായും ചില ശബ്ദങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുന്നതു കാണുകയും കേൾക്കുകയും ചെയ്താൽ ഈ ജന്മത്തിലല്ലെങ്കിലും പൂർവ്വ്വജന്മത്തിൽ ഇവർ അമ്മയും മകനും തന്നെയായിരിക്കുമെന്ന് ആർക്കും തോന്നിപ്പോകും. വാസ്തവത്തിൽ ആ അമ്മാത്തോൽക്കു ഗോപാലനെക്കുറിച്ചു പുത്രനിർവ്വിശേ‌ഷമായ വാത്സല്യവും ഗോപാലന് അമ്മാത്തോലിനെക്കുറിച്ചു മാതൃനിർവ്വിശേ‌ഷമായ ഭക്തിസ്നേഹാദരങ്ങളുമുണ്ടായിരുന്നു.

ഗോപാലന്റെ ബുദ്ധിവിശേ‌ഷങ്ങൾ വിസ്തരിക്കുകയെന്നുവെച്ചാൽ അവസാനമില്ലാതെയുണ്ട്. അവയിൽ ചിലതുമാത്രം താഴെ പ്രസ്താവിച്ചു കൊള്ളുന്നു:

ഒരു ദിവസം കാലത്തു ഗോപാലൻ പതിവുപോലെ അടുക്കള വാതിൽക്കൽ ചെന്നു വായും പൊളിച്ചു നിന്നപ്പോൾ അമ്മാത്തോൽ നിവേദ്യച്ചോറു കൊണ്ടുവന്ന് അവന്റെ വായിൽ വച്ചുകൊടുത്തിട്ട് ശർക്കര, തേങ്ങാപ്പൂൾ മുതലായവ എടുത്തുകൊണ്ടുവരാനായിട്ടു പോയി. ആ സമയം മനയ്ക്കലെ ഒരു ഉണ്ണി ഓടിച്ചെന്നു ഗോപാലന്റെ കൊമ്പുകളിൽ ചാടിപ്പിടിച്ചു ഞാന്നു. താൻ വായ് കൂട്ടിയാൽ ഉണ്ണി വീണെങ്കിലോ എന്നു വിചാരിച്ചു ഗോപാലൻ വായ് കൂട്ടാതെയും അനങ്ങാതെയും ആ നിലയിൽത്തന്നെ നിന്നു. അതിനാൽ വായിൽക്കൊടുത്ത ചോറു മുഴുവനും താഴെ വീണുപോയി. അപ്പോഴേയ്ക്കും അമ്മാത്തോൽ വീണ്ടും അവിടെ വരികയും ഉണ്ണിയെപ്പിടിച്ചിറക്കി വിടുകയും ഗോപാലന്റെ ബുദ്ധിഗുണത്തെ ക്കുറിച്ചു വിസ്മയിക്കുകയും ചെയ്തു.

ഒരിക്കൽ മനയ്ക്കലെ തെക്കുവശത്തുണ്ടായിരുന്ന ഒരു പൊട്ടക്കിണറിന്റെ വക്കത്ത് അറുപത്തിനാലു വണ്ണമുള്ളതായ ഒരു പിലാവു നിൽക്കുന്നുണ്ടായിരുന്നു. അതു മറിഞ്ഞുവീണാൽ അനേകവിധത്തിലുള്ള നാശങ്ങൾ സംഭവിക്കാനിടയുണ്ടായിരുന്നതിനാൽ അതു മുറിച്ചുമാറ്റണ മെന്നു തീർച്ചപ്പെടുത്തി. കിണറ്റിലും മറ്റും വീഴാതെയിരിക്കാനായി അനേകമാളുകൾ കൂടി വലിയ വടങ്ങളിട്ടു പിടിച്ചുകൊണ്ടാണ് പിലാവു വെട്ടിയത്. എങ്കിലും കടയറ്റപ്പോൾ അതു വീണതു കിണറ്റിലാണ്. സാമാന്യത്തിലധികം വലിപ്പമുള്ളതായ ആ തടി കിണറ്റിൽനിന്നു പിടിച്ചുകയറ്റുക എന്നതു സുകരമായിട്ടുതല്ലല്ലോ. ഒന്നാംതരം ഒരു തടി വെറുതേ കളയാൻ ആർക്കെങ്കിലും മനസ്സുവരുമോ? ഏതുവിധമെങ്കിലും ആ തടി പിടിച്ചു കയറ്റിക്കണെമെന്ന് അച്ഛൻ നമ്പൂരിപ്പാടു പറയുകയാൽ ആനക്കാർ ഗോപാലനെയും കൊണ്ടുപോയി പലപ്രാവശ്യം പഠിച്ച വിദ്യകളെല്ലാം പ്രയോഗിച്ചു നോക്കീട്ടും ഒരു ഫലവുമുണ്ടായില്ല. പിന്നെ ഒരു ദിവസം അച്ഛൻ നമ്പൂരിപ്പാട് അവിടെ സ്വന്തം ക്ഷേത്രത്തിൽ വഴിപാടു കഴിപ്പിച്ച് ഒരു നാലിടങ്ങഴിയുരുളി നിറച്ച് അപ്പവും നാലഞ്ചു കുല പഴവും, അമ്പതു കൊട്ടത്തേങ്ങയും അരത്തുലാം ശർക്കരയും വരുത്തി അച്ഛൻ നമ്പൂരിപ്പാടിരിക്കുന്ന പൂമുഖത്തിന്റെ മുൻവശത്തു നിരത്തിവെപ്പിച്ചു. ഗോപാലനെ പകൽ നാലുമണിക്കു കുളിപ്പിച്ച് അച്ഛൻ നമ്പൂരിപ്പാട്ടിലെ അടുക്കൽ കൊണ്ടുചെല്ലുക പതിവാണ്. ആ പതിവനുസരിച്ച് അവനെ അന്നും കൊണ്ടുചെന്നു. അപ്പോൾ മേൽപറഞ്ഞ സാധനങ്ങളൊക്കെ അവിടെയിരിക്കുന്നത് അവൻ കണ്ടു. എങ്കിലും അതൊന്നും കണ്ടതായി അവൻ ഭാവിച്ചു പോലുമില്ല. ഗോപാലൻ അടുത്തുചെന്നയുടനെ അച്ഛൻ നമ്പൂരിപ്പാട്, 'ഗോപാലാ, ആ തടി ആ കിണറ്റിൽ കിടന്നാൽ മതിയോ? നീ ഇവിടെയുള്ള സ്ഥിതിക്ക് അത് അവിടെക്കിടന്നു വെറുതെ പോകുന്നതു കഷ്ടമാണ്. നിവൃത്തിയുണ്ടെങ്കിൽ അതു പിടിച്ചെടുത്തു കരയ്ക്കിട്ടാൽ കൊള്ളാം' എന്നു പറഞ്ഞു. അതു കേട്ട ക്ഷണത്തിൽ ഗോപാലൻ ആ തടി കിടന്നിരുന്ന സ്ഥലത്തേയ്ക്കു നടന്നു. അവിടെച്ചെന്നയുടനെ കിണറിന്റെ വക്ക് ഇടിഞ്ഞുപോയേക്കുമോ എന്നുള്ള സംശയം തീർക്കുന്നതിനായി ചുറ്റും നടന്നു ചവിട്ടിനോക്കി; ഇടിയുകയില്ലെന്നു നിശ്ചയം വരുത്തിയ തിന്റെ ശേ‌ഷം മുട്ടുകുത്തി കിടന്നുകൊണ്ടു കിണറ്റിൽ കിടന്ന തടി തുമ്പിക്കൈ കൊണ്ടു പിടിച്ചുവലിച്ചു കരയക്കു കയറ്റി അലക്ഷ്യഭാവത്തിൽ ഒരേറുകൊടുത്തിട്ടു വീണ്ടും അച്ഛൻനമ്പൂതിരിപ്പാട്ടിലെ മുമ്പിൽ എത്തി. ഉടനെ നമ്പൂരിപ്പാട് അവിടെ ഒരുക്കി വെച്ചിരുന്ന സാധനങ്ങളെല്ലാം ഗോപാലനു കൊടുക്കുകയും അവൻ അവയെല്ലാം വാങ്ങി തിന്നുകയും ചെയ്തു. കിടങ്ങൂർ കണ്ടങ്കോരൻ എന്തെങ്കിലും കൈക്കൂലി കൊടുക്കാമെന്ന് ഉടമ്പടിചെയ്യാതെ ഒന്നും ചെയ്യാറില്ലല്ലോ. ഗോപാലന് അങ്ങനെ യുള്ള നിർബന്ധമൊന്നുമില്ല. പറയാനുള്ളവർ പറഞ്ഞാൽ അവൻ എന്തും ചെയ്യും. പിന്നെ സന്തോ‌ഷിച്ച് എന്തെങ്കിലും കൊടുത്താൽ അതു വാങ്ങുക യും ചെയ്യും. അങ്ങനെയാണ് ഗോപാലന്റെ സ്വഭാവം.

അവണാമനയ്ക്കൽ നമ്പൂരിപ്പാട് ഊരകത്ത് അമ്മതിരുവടിയെക്കുറിച്ചു വളരെ ഭക്തിയുള്ളയാളും അവിടേയ്ക്കുവേണ്ടി എന്തും ചെയ്യാൻ സദാസന്നദ്ധനുമായിരുന്നു. ആറാട്ടുപുഴെ പൂരത്തിന് അമ്മതിരുവടിയെ എഴുന്നള്ളിക്കാൻ ആണ്ടുതോറും ഗോപാലനെ അയച്ചുകൊടുക്കുക പതിവായിരുന്നു. ആ എഴുന്നുള്ളത്തിന് ഇരുപത്തൊൻപത് ആനകളാണല്ലോ പതിവ്. അതിനാൽ ഗോപാലനെക്കൂടാതെ ഇരുപത്തെട്ടാനകൾ കൂടി അവിടെ ആവശ്യമാണ്. ഒരു കൊല്ലം ആനകൾ തികയാതെവന്നതിനാൽ അവണാമനയ്ക്കൽ നമ്പൂരിപ്പാട് കോവിലകം വക മൂന്നാനകളെക്കൂടി വരുത്തിക്കൊടുത്തു. പൂരം കഴിഞ്ഞതിന്റെ ശേ‌ഷം ഗോപാലനെയും മറ്റേ മൂന്നാനകളെയും അടുക്കലടുക്കൽ കെട്ടി തീറ്റിയിട്ടുകൊടുത്തു. തന്റെ അടുക്കലെങ്ങാനും മറ്റാനകളെ കെട്ടുന്നുണ്ടെങ്കിൽ തന്റെ ദൃഷ്ടിയിൽപ്പെടത്തക്കവണ്ണം വേണമെന്നു ഗോപാലനു നിർബന്ധമുണ്ടായിരുന്നതിനാലാണ് അങ്ങനെ ചെയ്തത്. കോട്ടയ്ക്കൽ നിന്നു വരുത്തിയിരുന്ന ആനകളുടെ കൂട്ടത്തിൽ ഒരു കുട്ടിക്കൊമ്പനുണ്ടായിരുന്നു. അവന്റെ മുമ്പിലിട്ടിരുന്ന തീറ്റ തീർന്നുപോയതിനാൽ അവൻ ഗോപാലന്റെ മുമ്പിൽ കിടന്നിരുന്ന തീറ്റയിൽനിന്ന് ഒരു തെങ്ങിൻപട്ട (തെങ്ങോലമടൽ) വലിച്ചെടുത്തു. ഉടനെ ഗോപാലൻ തന്റെ മുമ്പിൽനിന്നു മൂന്നുനാലു പട്ട ആ കുട്ടിക്കൊമ്പന്റെ അടുക്കലേക്കു മാറ്റിയിട്ടുകൊടുത്തു. അതുകൊണ്ടും തൃപ്തിപ്പെടാതെ ആ കുട്ടിയാന കയറി ഗോപാലനെ കുത്തി. ഗോപാലൻ കുത്തുകൊള്ളാതെ ഒഴിഞ്ഞുമാറീട്ടു തുമ്പിക്കൈ ചുരുട്ടി ആ ആനയ്ക്കിട്ട് ഒരു തട്ടുകൊടുത്തു. തട്ടുകൊണ്ടു കുട്ടിയാന നാലുകാലും മലച്ചു 'പൊത്തോ' എന്നു വീണു. അപ്പോഴേയ്ക്കും ആനക്കാർ ചെന്നു ചങ്ങല അഴിച്ചതുകൊണ്ട് അതു ചത്തില്ല. ആനക്കാർ ഉടനെ അടുത്തെത്തി ചങ്ങല അഴിച്ചില്ലായിരുന്നെങ്കിൽ ആ കുട്ടിയാനയുടെ കഥ അപ്പോൾത്തന്നെ കഴിയുമായിരുന്നു. അതുകൊണ്ടു ഗോപാലനു വേണ്ടതുപോലെ ഔദാര്യവും, ദുസ്സാമർത്ഥ്യം കാട്ടുന്നവരെ ഉടനുടൻ ശിക്ഷിക്കണമെന്നുള്ള വിചാരവുമുണ്ടായിരുന്നു എന്നു സ്പഷ്ടമാണല്ലോ.

ആറാട്ടുപുഴെ പൂരം കഴിഞ്ഞ് ആറാട്ടിനു കടവിലേക്കെഴുന്നള്ളിച്ചാൽ ഗോപാലനെ കുളിപ്പിച്ച് അവനു തീറ്റയ്ക്കു പതിവുള്ള അമ്പതു തെങ്ങിൻ പട്ടയുമെടുപ്പിച്ച് അവിടെനിന്ന് രണ്ടുനാഴിക വടക്ക് അവണാമനയ്ക്കലെ വക പിടിക്കപ്പറമ്പ് എന്ന ദിക്കിൽ ഒരു സ്ഥലത്തു കൊണ്ടുപോയി കെട്ടുകയാണ് പതിവ്. അങ്ങോട്ടു പോകുമ്പോൾ കുറച്ചിട രണ്ടുവശവും വേലിയായിട്ടുള്ള ഒരിടവഴിയുണ്ട്. ഒരിക്കൽ ആ ഇടവഴിയിലായപ്പോൾ നായ്ക്കൻജാതിയിലുള്ള കുരുടനായ ഒരുത്തൻ തപ്പിത്തപ്പി അതിലെ വരുന്നുണ്ടായിരുന്നു. ആനപ്പുറത്ത് ഉറക്കംതൂങ്ങിക്കൊണ്ടിരുന്നതിനാൽ ആനക്കാരനും രണ്ടുവശത്തുമുള്ള വേലിക്കു കേടുവരാതെയിരിക്കുന്നതിനായി പൊക്കിപ്പിടിച്ചിരുന്ന തെങ്ങിൻപട്ടയുടെ മറവുകൊണ്ട് ആനയും ആ കുരുടൻ വരുന്നതു കണ്ടില്ല. അടുത്തുവന്നപ്പോൾ ചങ്ങല കിലുങ്ങുന്നതു കേട്ടോ എന്തോ ഒരാന വരുന്നുണ്ടെന്നു തോന്നുകയാൽ ആ കുരുടൻ ഭയപ്പെട്ട്, 'അയോ!' എന്ന് ഉറക്കെ നിലവിളിച്ചു. അതു കേട്ടപ്പോൾ ആരോ ഒരാൾ തന്റെ മുൻവശത്തെത്തിയിട്ടുണ്ടെന്ന് ഗോപാലനും മനസ്സിലായി. ഉടനെ അവൻ സ്വൽപം പിമ്പോട്ടു മാറി തെങ്ങിൻപട്ട താഴെ വെച്ചിട്ടു തുമ്പിക്കൈ കൊണ്ടു കുരുടനെ പതുക്കെയെടുത്തു വേലിക്കുമീതെ പറമ്പിലേയ്ക്കു വെച്ചതിന്റെ ശേ‌ഷം പട്ടയുമെടുത്തു നേരെ പോവുകയും ചെയ്തു. ഇതുകൊണ്ടു ഗോപാലനു ഭൂതദയയും മനസ്സലിവും എത്രമാത്രമുണ്ടായിരുന്നു എന്ന് ഊഹിക്കാമല്ലോ. ഇങ്ങനെ വേറെയും പല സംഗതികളും ഉണ്ടായിട്ടുണ്ട്.

ഒരിക്കൽ ഗോപാലൻ ദേശമംഗലത്തുവച്ച്, ഏറ്റവും കുണ്ടായിട്ടുള്ള ഒരിടവഴിയിൽക്കൂടി പുഴയിലേക്കു പോയ സമയം, ഗർഭിണിയായ ഒരീഴവസ്ത്രീ എതിരെ വന്നു. ഏറ്റവും അടുത്തായതിൽപ്പിന്നെയാണ് അവൾ ആനയെ കണ്ടത്. വഴിമാറിപ്പോകുന്നതിന് അവിടെ യാതൊരു സകൗര്യവുമില്ലാതെയിരുന്നതിനാൽ അവൾ ഭയപരവശയായി അവിടെ നിന്നു വല്ലാതെ പരുങ്ങി. അപ്പോൾ ഗോപാലൻ ഇതൊരു ഉപദ്രവമായിത്തീർന്നല്ലോ എന്നുള്ള ഭാവത്തോടുകൂടി ഒരു പറമ്പിലേക്കു കയറി ഒഴിഞ്ഞുപോയി. ഇങ്ങനെ ഇനിയും പലതും പറവാനുണ്ടെങ്കിലും മിക്കവയും ഒരുപോലെതന്നെയുള്ളവയാകയാൽ ഈ ഭാഗം ഇനി വിസ്തരിക്കുന്നില്ല.

സാധാരണമായി വലിയ ആനകളെല്ലാം തന്നെ എഴുന്നള്ളിപ്പിനോ തടിപിടിപ്പിക്കുന്നതിനോ ഏതിനെങ്കിലും ഒന്നിനു കൊള്ളാവുന്നവയായിരിക്കും. രണ്ടിനും കൊള്ളാവുന്ന ആനകൾ ചുരുക്കമാണ്. എന്നാൽ ഗോപാലൻ ഈ രണ്ടു കാര്യങ്ങൾക്കും അദ്വിതീയൻ തന്നെയായിരുന്നു. ഗോപാലൻ വളർന്ന് ഒരൊത്തയാനയായതിൽപ്പിന്നെ ആജീവനാന്തം കൊച്ചീരാജ്യത്തെ പ്രധാനപ്പെട്ട എഴുന്നള്ളത്തുകളെല്ലാം നിർവ്വഹിച്ചിട്ടുള്ളത് അവൻ തന്നെയാണ്. ഗോപാലൻ പ്രകൃത്യാതന്നെ തലയെടുപ്പുള്ള ഒരാനയായിരുന്നു. അവന്റെ തലയിൽ ചട്ടം (കോലം) വെച്ച് എഴുന്നള്ളിച്ചു കഴിയുമ്പോൾ അവൻ തല ഒന്നുകൂടി പൊക്കിപ്പിടിക്കുക പതിവായിരുന്നു. ഒന്നിലധികം ദേവന്മാരെ എഴുന്നള്ളിച്ചിരിക്കുമ്പോൾ അവനെക്കാൾ വലിയതായ മറ്റൊരാനയുടെ പുറത്തു മറ്റൊരു ദേവനെ എഴുന്നള്ളിച്ച് അടുപ്പിച്ചു നിർത്തിയാൽ അധികം പൊങ്ങിക്കാണുന്നതു ഗോപാലന്റെ തലയായിരിക്കും. എന്നാൽ ആവശ്യം പോലെ തലതാഴ്ത്തിയും ദേഹം ചുരുക്കിയും ചെറുതാവാനും ഗോപാലനു കഴിയുമായിരുന്നു. ഗോപാലനുണ്ടായിരുന്ന കാലത്തെല്ലാം തൃശ്ശിവപേരൂർ പൂരത്തിൽ പാറമേക്കാവിലെ എഴുന്നള്ളത്തിന് അവൻ തന്നെയായിരുന്നു പതിവ്. പാറമേക്കാവിൽനിന്ന് എഴുന്നള്ളിച്ചുവന്നു വടക്കുന്നാഥക്ഷേത്രത്തിലെ കിഴക്കേഗോപുരത്തിൽ ക്കൂടി അകത്തേക്കു കടക്കുമ്പോഴും തെക്കേ ഗോപുരത്തിൽക്കൂടി പുറത്തേക്കിറങ്ങുമ്പോഴും ഗോപാലനെക്കണ്ടാൽ തലയെടുപ്പില്ലാത്ത ഒരു കുട്ടിയാനയാണെന്നു തോന്നുമായിരുന്നു. അവിടം കടന്നാൽപ്പിന്നെ അവന്റെ തലയേക്കൾ പൊന്തി മറ്റൊരാനയുടെ തലയും കണ്ടിരുന്നുമില്ല. പഞ്ചാരി, പാണ്ടി എന്നീ മേളങ്ങൾ കൊട്ടുന്ന സമയം ഗോപാലൻ ചെവിയാട്ടുന്നതുകണ്ടാൽ അവനു മേളത്തിൽ ജ്ഞാനവും താളസ്ഥിതിയും നല്ലപോലെയുണ്ടെന്നു മനസ്സിലാക്കാമായിരുന്നു. ഗംഗാധരനെപ്പോലെ കൂട്ടാനകളെ കുത്തുക മുതലായ ഉപദ്രവങ്ങളൊന്നും ഗോപാലൻ ചെയ്തിരുന്നില്ല. എന്നാൽ അവനെ ഉപദ്രവിക്കാൻ ചെല്ലുന്ന ആനകളെ അവൻ നല്ല പാഠം പഠിപ്പിക്കുകയും ചെയ്യുമായിരുന്നു.

ഒരു കൊലം തൃപ്പൂണിത്തുറ ഉത്സവത്തിൽ ഗോപാലന്റെ പുറത്തു തൃപ്പൂണിത്തുറയപ്പനെ വിളക്കിനെഴുന്നള്ളിച്ചിരുന്ന സമയം കൂട്ടാനകളുടെ കൂട്ടത്തിൽ പാഴൂർ പടുതോൾവക ആനയുമുണ്ടായിരുന്നു. ആ ആനയെയാണ് ഗോപാലന്റെ അടുക്കൽ നിർത്തിയിരുന്നത്. ആ ആനയ്ക്കു നീരുവന്നു പൊട്ടിയൊലിക്കുന്നുണ്ടായിരുന്നു. മദജലത്തിന്റെ ഗന്ധം ഗോപാലന് അത്ര ഇഷ്ടമല്ലാത്തതിനാൽ അവൻ ഒന്നു ചുളിഞ്ഞ് ഇടതു വശത്തേക്ക് ഒതുങ്ങി നിന്നു. അതു കണ്ടപ്പോൾ പാഴൂരാനയ്ക്കു ഗോപാലൻ തന്നെ കുത്താൻ ഭാവിക്കുകയാണെന്നു തോന്നുകയാൽ ആ ആന കയറി ഗോപാലനിട്ട് ഒരു കുത്തു കൊടുത്തു. ഗോപാലൻ അതു കൊള്ളാതെ തടുത്തിട്ട് പാഴൂരാനയെ കുത്താനായി തിരിഞ്ഞു. അതുകണ്ടു പാഴൂരാന പേടിച്ചോടി മതിൽക്കകത്തു തെക്കുകിഴക്കേ മൂലയ്ക്കെത്തി.

പിന്നാലെച്ചെന്നു പാഴൂരാനയുടെ അപ്പോഴേയ്ക്കും ഗോപാലൻ പിൻഭാഗത്ത് ഒരു കുത്തു കൊടുത്തു. ഗോപാലൻ വലിയ ഊക്കോടു കൂടിയല്ല കുത്തിയത്. അതിനാൽ അവന്റെ കൊമ്പ് ഒരു ചാൺ മാത്രമേ മറ്റേ ആനയുടെ ദേഹത്തിൽ കയറിയുള്ളു. എങ്കിലും മറ്റേ ആനയുടെ കൊമ്പുകൾ പകുതിയിലധികം ഭാഗം മതിലിമേൽ കയറുകയും ആ ആന ഉറക്കെ നിലവിളിച്ചുകൊണ്ട് മലമൂത്രവിസർ ́നം ചെയ്യുകയും ചെയ്തു. ഇത്രയും കഴിഞ്ഞതിന്റെ ശേ‌ഷം ഗോപാലൻ എഴുന്നള്ളിച്ചു നിർത്തി യിരുന്ന സ്ഥലത്തു വന്നു യഥാപൂർവ്വം അനങ്ങാതെ നിൽക്കുകയും ചെയ്തു. അവന്റെ അപ്പോഴത്തെ ഭാവം കണ്ടാൽ ഇതൊന്നും അവനറിഞ്ഞ തേയില്ലെന്നും തോന്നുമായിരുന്നു.

എഴുന്നള്ളിച്ചിരിക്കുന്ന സമയങ്ങളിൽ എന്തെല്ലാം ബഹളങ്ങളും ലഹളകളുമുണ്ടായാലും ഗോപാലൻ അനങ്ങാറില്ല. ഒരിക്കൽ പെരുമനത്തു പൂരത്തിന് ഒരു വലിയ ബഹളമുണ്ടായി. ശേ‌ഷമുണ്ടായിരുന്ന ആറാനകളും ഓടിയെങ്കിലും ഗോപാലൻ നിന്ന നിലയിൽനിന്നിളകിയില്ല. കമ്പക്കോട്ടകൾ പൊട്ടിത്തുടങ്ങുമ്പോൾ ചില ആനകൾ കമ്പം പിടിച്ച് ഓടിത്തുടങ്ങുമല്ലോ. എന്നാൽ ഗോപാലനു കരിമരുന്നു പ്രയോഗങ്ങൾ കാണുകയും അവയുടെ ശബ്ദം കേൾക്കുകയും ചെയ്യുന്നതു ബഹുരസമായിരുന്നു. നീർക്കോളിന്റെ ആരംഭകാലത്തുമാത്രമേ അവന് ഈവക സംഗതികളിൽ വൈരസ്യമുണ്ടാ യിരുന്നുള്ളു. ദേഹസുഖമില്ലാത്തതിനാൽ മനു‌ഷ്യർക്കും വിനോദങ്ങളിൽ രസമുണ്ടായിരിക്കുകയില്ലല്ലോ.

തൃശ്ശിവപേരൂർപ്പൂരത്തിനു പാറമേക്കാവിലെ എഴുന്നള്ളത്തിനു കൊണ്ടു പോയാൽ തലയിൽക്കെട്ടു കെട്ടിച്ചു കഴിഞ്ഞാൽ പിന്നെ ഇറക്കി യെഴുന്നള്ളിച്ചു കഴിയുന്നതുവരെ ഗോപാലന്റെ കാര്യത്തിൽ ആനക്കാരനെക്കൊണ്ട് ആവശ്യമൊന്നുമുണ്ടായിരുന്നില്ല. എഴുന്നള്ളിക്കാറാകുമ്പോൾ മടക്കുന്നതിനും എഴുന്നള്ളിച്ചിരിക്കുമ്പോൾ നടക്കേണ്ടുന്ന ദിക്കിൽ നടക്കുന്നതിനും നിൽക്കേണ്ടുന്നിടത്തു നിൽക്കുന്നതിനും മറ്റും അവനോടാരും പറയേണ്ടിയിരുന്നില്ല. എല്ലാമവനറിയാമായിരുന്നു.

ഗോപാലൻ എഴുന്നള്ളിപ്പിനെന്ന പോലെത്തന്നെ തടിപിടിക്കുന്നതിനും സമർത്ഥനായിരുന്നുവെന്നു മുൻപു പറഞ്ഞിട്ടുണ്ടല്ലോ. ഇരുപതു കണ്ടിവരെയുള്ള തടിപിടിക്കുന്നതിന് അവനു യാതൊരു കൂസലുമുണ്ടായിരുന്നില്ല. കൊച്ചിരാജ്യത്തു മൂന്നു മലകളിൽ തടികൾ കുറ്റക്കാണം തീർത്തു വാങ്ങി കച്ചവടം നടത്തിയിരുന്ന വെള്ളായ്ക്കൽ ശങ്കുണ്ണി മേനവനാണ്, അദ്ദേഹത്തിന്റെ ജീവാവസാനം വരെ, ഗോപാലനെ പാട്ടത്തി നേറ്റിരുന്നത്. പൂരത്തിനു പാറമേക്കാവിലെ എഴുന്നള്ളത്തിനു ഗോപാലൻ അക്കാലത്തു പതിവുകാരനായിത്തീർന്നതും ദേവസ്വം സമുദായവും പൂരശ്രമക്കാരിൽ പ്രമാണിയുമായ ഈ മേനവൻ മുഖാന്തരമാണ്.

ഗോപാലന് തടിപിടിക്കുന്ന കാര്യത്തിൽ ഒട്ടും മടിയുണ്ടായിരുന്നില്ലെങ്കിലും വക്കകെട്ടിക്കൊടുക്കുന്നവരോട് അവനു വലിയ വിരോധമായി രുന്നു. 'ഇവർ നിമിത്തമാണ് ഞാനിതു പിടിക്കേണ്ടതായിവന്നത്' എന്നായിരുന്നിരിക്കാമവന്റെ വിചാരം. അതിനാൽ വക്കകെട്ടിക്കഴിഞ്ഞിട്ടേ ഗോപാലനെ തടിയുടെ അടുക്കലേക്കു കൊണ്ടുചെല്ലാറുള്ളു. ഗോപാലൻ ചെല്ലുമ്പോൾ വക്കകെട്ടുന്നവർ ഒളിച്ചുമാറിക്കളയും. അങ്ങനെയാണ് പതിവ്. നേരെ കണ്ടാൽ ഉപദ്രവിച്ചേക്കുമെന്നുള്ള ഭയം അവർക്കും വളരെ യുണ്ടായിരുന്നു. എന്നാൽ ഗോപാലൻ കേവലം നിർദ്ദയനല്ലായിരുന്നു. എങ്കിലും വക്കകെട്ടുന്നവർ വളരെ ഭയത്തോടുകൂടിയാണ് പെരുമാറിയി രുന്നത്.

ഒരിക്കൽ കണക്കൻ (എന്നൊരു ജാതിക്കാരൻ) ശങ്കരൻ എന്നൊരുവൻ പറവട്ടാനി മലയിൽ 'എരപ്പൻപാറ' എന്ന സ്ഥലത്തു തടിക്കൾക്കു വക്ക കെട്ടിക്കൊണ്ടു നിന്നു. ഗോപാലൻ അടുത്തു ചെന്നപ്പോൾ ശങ്കരൻ ഒളിച്ചുമാറിനിന്നു. ഗോപാലൻ ചെന്നു മുറയ്ക്കു തടി പിടിച്ചുതുടങ്ങി. ആ സമയം ഗോപാലൻ കണ്ടേക്കുമെന്നു ഭയപ്പെട്ടു സ്വൽപം കൂടി മാറിയതിനാൽ ശങ്കരൻ പെട്ടന്നു പുഴയിലേക്കു വീണു. അവിടം അത്യഗാധമായ ഒരു സ്ഥലമായിരുന്നു. അതിനാൽ അവൻ പുഴയിൽനിന്നു കയറുവാൻ കഴിയാതെ ക്ഷീണിച്ചുതുടങ്ങി. ഗോപാലൻ അതുകണ്ടു പെട്ടന്നു വക്ക താഴെ വെച്ചിട്ട് ഓടിച്ചെന്നു തുമ്പിക്കൈകൊണ്ടു ശങ്കരനെ പതുക്കെ പിടിച്ചെടുത്തു കരയ്ക്കു വെച്ചു. അതിനാൽ ശങ്കരൻ മരിച്ചില്ല. വക്ക കെട്ടിയത് ഈ ശങ്കരനാണെന്നു ഗോപലനു നല്ലപോലെ അറിയാമായിരുനു. എങ്കിലും ആ വിരോധം അവനപ്പോൾ കാണിച്ചില്ല. ഗോപാലൻ രക്ഷിച്ചില്ലെങ്കിൽ ശങ്കരന്റെ കഥ അന്നു കഴിയുമായിരുന്നു.

അവണാമനയ്ക്കലേക്കു 'കുട്ടികൃ‌ഷ്ണൻ' എന്നൊരാനകൂടിയുണ്ടായിരുന്നു. അവനും തടിപിടിക്കുന്നതിന് അതിസമർത്ഥനായിരുന്നു. ഗോപാലൻ പിടിക്കുന്ന തടികളെല്ലാം കുട്ടികൃ‌ഷ്ണനും പിടിക്കുമായിരുന്നു. എങ്കിലും അവൻ ഒരു കുസൃതിക്കാരനായിരുന്നു. ദേ‌ഷ്യം വന്നാൽ കുട്ടികൃ‌ഷ്ണൻ കിടങ്ങൂർ കണ്ടങ്കോരനെപ്പോലെ മുൻപോട്ടുകൊണ്ടുപോയ തടി പിന്നോക്കം കൊണ്ടുവന്നു വല്ല അപകടസ്ഥലത്തും തട്ടിയിടും. അതിനാൽ ഗോപാലനോടുകൂടിയല്ലാതെ അവനെ പാട്ടത്തിനു കൊടുക്കാറില്ലായിരുന്നു. ഗോപാലൻ കൂടെയുണ്ടെങ്കിൽ കുട്ടികൃ‌ഷ്ണൻ ഏറ്റവും മര്യാദക്കാരനായിരിക്കും. ഗോപാലനെ അവനു വളരെ ഭയവും ബഹുമാനവുമായിരുന്നു. കുട്ടികൃ‌ഷ്ണൻ നീർക്കോൾ കൊണ്ടു ഭ്രാന്തുപിടിച്ചു നിൽക്കുന്ന സമയത്തായാലും ഗോപാലൻ ചെന്നാൽ പട്ടിയെപ്പോലെ പിന്നാലെ പോകുമായിരുന്നു. ദുസ്സാമർത്ഥ്യം കാട്ടിയാൽ ഗോപാലൻ മുറയ്ക്കു ശിക്ഷിക്കുമെന്നു കുട്ടികൃ‌ഷ്ണനു നല്ലപോലെ അറിയാമായിരുന്നു.

തീറ്റസ്സാമാനങ്ങൾ എന്തുതന്നെ കണ്ടാലും അവ എടുത്തു കൊള്ളുന്നതിന് അവയുടെ ഉടമസ്ഥനോ ആനക്കാരനോ പറയാതെ ഗോപാലൻ തൊടുകപോലും ചെയ്യാറില്ല. ഒരിക്കൽ ഗോപാലനെ ദേശമംഗലത്ത് ഒരു പറമ്പിലൂടെ കൊണ്ടുപോയപ്പോൾ അവിടെ ഒരു പിലാവിന്മേൽ ധാരാളം ചക്ക കിടക്കുന്നതുകണ്ടിട്ട് ആനക്കാരൻ, 'ഒരു ചക്ക ഈ ആനയ്ക്കു കൊടുക്കാമോ' എന്നു ചോദിച്ചു. 'ആനയ്ക്കു ചക്ക കൊടുക്കണമെങ്കിൽ വിലകൊടുത്തു വാങ്ങിക്കൊടുക്കണം' എന്നു പറമ്പിന്റെ ഉടമസ്ഥൻ പറഞ്ഞപ്പോൾ ആനക്കാരൻ, 'ഈ ആന മനയ്ക്കലെ വകയാണ്. പറമ്പും മനയ്ക്കലെ വക തന്നെയാണല്ലോ' എന്നു വീണ്ടും പറഞ്ഞു. അതിനു മറുപടിയായി പറമ്പിന്റെ ഉടമസ്ഥൻ പറഞ്ഞത്, 'പറമ്പ് മനയ്ക്കലെ വകയാണെങ്കിൽ ഞാൻപാട്ടം ശരിയായിട്ട് അവിടെ കൊടുക്കുന്നുണ്ട്. ആനയ്ക്കു ചക്ക കൊടുക്കണമെന്ന് ആധാരത്തിൽ പറഞ്ഞിട്ടില്ല' എന്നാണ്. പിന്നെ ആനക്കാരൻ അയാളോടൊന്നും പറഞ്ഞില്ല. പറമ്പിന്റെ ഉടമസ്ഥൻ കേൾക്കാതെ തന്നത്താൻ 'നാളെ നേരം വെളുക്കുമ്പോൾ ഈ പിലാവിന്മേൽ ഒരു ചക്കയും കാണുകയില്ല' എന്നു പതുക്കെ പറഞ്ഞുകൊണ്ടു പോയി. ഇതു ഗോപാലനോടായിട്ടുമല്ലായിരുന്നു. എങ്കിലും ഗോപാലൻ അതു കേൾക്കാതെയിരുന്നില്ല.

അന്നു വൈകുന്നേരവും ആനക്കാരൻ ഗോപാലനെ പതിവുസ്ഥല ത്തു കൊണ്ടുപോയി നിർത്തി. ഏകദേശം അർദ്ധരാത്രിയായപ്പോൾ ഗോപാലൻ പതുക്കെ അവിടെനിന്നു പുറപ്പെട്ടു. പകൽ കണ്ട പിലാവിന്റെ ചുവട്ടിൽച്ചെന്ന് അതിന്മേലുണ്ടായിരുന്ന ചക്ക മുഴുവനും പറിച്ചു താഴെയിട്ട് അവനു വേണ്ടതു തിന്നുകയും അധികമുണ്ടായിരുന്നതു മനയ്ക്കലെ മറ്റാനകൾക്കു കൊണ്ടുചെന്നു കൊടുക്കുകയും ചെയ്തതിന്റെ ശേ‌ഷം സ്വസ്ഥാനത്തു ചെന്നു യഥാപൂർവ്വം നിൽക്കുകയും ചെയ്തു. അതിൽ പ്പിന്നെ ഗോപാലനുവേണ്ടി എന്തു ചോദിച്ചാലും ആ ദിക്കുകാരിലാരും കൊടുക്കാതെയിരുന്നിട്ടില്ല.

ഇത്രയുമെല്ലാം ബുദ്ധിയും സാമർത്ഥ്യവും സത്യവും കൃത്യ നി‌ഷ്ഠയും മറ്റനേകം ഗുണങ്ങളുമുണ്ടായിരുന്നിട്ടും ഗോപാലൻ ഒരു കടുംകൈ ചെയ്തിട്ടുണ്ട്. അത്, അവന്റെ ആനക്കാരനായിരുന്ന അച്യുത മേനവനെ പുഴയിൽ മുക്കിക്കൊന്നു എന്നുള്ളതാണ്. പക്ഷേ, അവൻ അതു മനസ്സറിയാതെ ചെയ്തുപോയതാണ്. സ്വബോധത്തോടുകൂടി ഇപ്രകാര മുള്ള ദു‌ഷ്കൃത്യം അവൻ ഒരിക്കലും ചെയ്തിട്ടില്ല നീർക്കോളുകൊണ്ട് ഭ്രാന്തുപിടിച്ചിരുന്ന സമയം പുഴയിൽ നനയ്ക്കാൻ കൊണ്ടുപോയതിനാലാണ് അവൻ ഇപ്രകാരം ചെയ്തുപോയത്. നീരു ഭേദമായപ്പോൾ അച്യുതമേനവനെക്കാണാഞ്ഞിട്ടു ഗോപാലൻ വളരെ വ്യസനിക്കുകയും താൻ ചെയ്ത ക്രൂരപ്രവർത്തിയെക്കുറിച്ച് അന്യന്മാർ പറഞ്ഞറിഞ്ഞപ്പോൾ ഏറ്റവും പശ്ചാത്തപിക്കുകയും ചെയ്തു.

ഗോപാലൻ ദേശമംഗലത്തു താമസിച്ചിരുന്ന കാലത്തെല്ലാം അവനെ ഭാരതപ്പുഴയുടെ ഒരു ഭാഗമായ ദേശമംഗലത്തു പുഴയിലാണ് കൊണ്ടു പോയി കുളിപ്പിക്കുക പതിവ്. ഒരു ഭാഗം തേച്ചു വൃത്തിയാക്കിക്കഴിഞ്ഞാൽ മറ്റേഭാഗം അവൻ ആരും പറയാതെ സ്വയമേ കാണിച്ചുകൊടുക്കും. പക്ഷേ തേച്ച ഭാഗം വൃത്തിയായിയെന്നു ആനക്കാരും മറ്റും പറഞ്ഞാൽ പോരാ; അവനുതന്നെ തോന്നണം. അവന്റെ കുളി കഴിഞ്ഞാൽ ആനക്കാരുടെ കുളികൂടി കഴിയുന്നതുവരെ അവനവിടെ കാത്തു നിൽക്കാറില്ല. കുളി കഴിഞ്ഞു കരയ്ക്കു കയറിയാലുടനെ അവൻ നേരെ മനയ്ക്കലേക്കു നടക്കും അപ്പോൾ അവിടെ ഗോപാലനു പതിവുള്ള ചോറും നെയ്യും കൂട്ടിക്കുഴച്ചു വെച്ചിരിക്കും. അവൻ അതു വാങ്ങി തിന്നിട്ട് അവനു കിടപ്പിനു നിശ്ചയിച്ചിട്ടു സ്ഥലത്തു പോയി നിൽക്കും. അപ്പോഴേക്കും ആനക്കാർ കുളിയും മറ്റും കഴിഞ്ഞു വരും. പിന്നെ അവർ ഗോപാലനു രാത്രിയിൽ തിന്നാനുള്ള സാധനങ്ങളെല്ലാം അവിടെ ശേഖരിച്ചുകൊടുത്തിട്ടു പോകും. ഇങ്ങനെയെല്ലാമായിരുന്നു ഗോപാലന്റെ പതിവുകൾ.

ഒരുദിവസം ഗോപാലൻ പകലേ നാലുമണിക്കു കുളികഴിഞ്ഞു മനയ്ക്കൽ വന്നു പതിവുള്ള ചോറുമേടിച്ചു തിന്നതിന്റെ ശേ‌ഷം അവിടേ മുറ്റത്തു കിടന്നിരുന്ന ചാരം തുമ്പിക്കൈകൊണ്ടു വാരി മേലെല്ലാമിട്ടിട്ടു തെക്കോട്ടു തലവെച്ച് അവിടെ കിടക്കുകയും ഉടനെ അന്ത്യശ്വാസം വിടുകയും ചെയ്തു. ഇത് 1079 ചിങ്ങത്തിൽ ചിത്തിരനാളിലാണ്.

വിചാരിച്ചിരിക്കാതെ പെട്ടന്നുണ്ടായ ഈ കഷ്ടസംഭവം നിമിത്തം അപ്പോൾ അവിടെ ദുഃഖസൂചകങ്ങളായിട്ടുണ്ടായ കോലാഹലങ്ങളും ബഹളങ്ങളുമെല്ലാം അപരിമിതങ്ങളും അവർണ്ണനീയങ്ങളുമായിരുന്നു. അപ്പോൾ അവിടെ അലയും മുറയും കരച്ചിലും പിഴിച്ചിലുമല്ലാതെ കേൾപ്പാനില്ലായിരുന്നു. ഗോപാലൻ കഴിഞ്ഞു എന്നു കേട്ടപ്പോൾ കരയാത്തവരായി ആ ദേശത്താരുമുണ്ടായിരുന്നില്ല. മനയ്ക്കലെ കഥ പറയാനുമില്ലല്ലോ. 'വല്യ ദുഃഖമെന്നാലും കാലം ചെല്ലുമ്പോൾ കുറഞ്ഞുപോം' എന്നുണ്ടല്ലോ. ഗോപാലൻ മരിച്ചതു സംബന്ധിച്ചുള്ള അടിയന്തിരത്തിനു മുന്നൂറു പറയരി വെച്ചു കേമായി സദ്യ നടത്തിച്ചു. തടിപിടിച്ച വകയിലും എഴുന്നള്ളിപ്പുവകയിലുമായി ഗോപാലന്റെ സ്വന്ത സമ്പാദ്യം, അവനെസ്സംബന്ധിച്ചുണ്ടായിട്ടുള്ള സകല ചെലവുകളും കഴിച്ച്, ഒരു ലക്ഷം ഉറുപ്പികയോളമുണ്ടായിരുന്നുവെന്നാണ് കേൾവി.