ഐതിഹ്യമാല/ചെമ്പ്രയെഴുത്തച്ഛന്മാർ

ഐതിഹ്യമാല
രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
ചെമ്പ്രയെഴുത്തച്ഛന്മാർ


ചെമ്പ്രയെഴുത്തച്ഛന്റെ ഗൃഹം ബ്രിട്ടീ‌ഷ് മലബാറിൽ വള്ളുവനാടു താലൂക്കിൽ തിരുവേഗപ്ര അംശത്തിൽ ചെമ്പ്രദേശത്തു പള്ളിപ്പുറം തീവണ്ടിസ്റ്റേ‌ഷനിൽനിന്ന് ഒന്നര നാഴിക വടക്കാണ്. ഇവർക്കു സാമൂതിരി കോവിലകത്തു പെൺവഴിത്തമ്പുരാക്കന്മാരിൽ മൂപ്പായ അമ്പാടി കോവിലകത്തു വലിയ തമ്പുരാട്ടിയാണ് "എഴുത്തച്ഛൻ" എന്നുള്ള സ്ഥാനം കൊടുത്തിട്ടുള്ളത്. ഈ സ്ഥാനം തറവാട്ടിലേക്കായി കൊടുത്തിട്ടുള്ളതാകയാൽ ആ കുടുംബത്തിലുള്ളവരും ഉണ്ടായിരുന്നവരും ഇനി ഉണ്ടാകുന്നവരും എല്ലാം എഴുത്തച്ഛന്മാർ തന്നെ. കുട്ടികളെ എഴുത്തിനിരുത്തുകയും എഴുത്തു പഠിപ്പിക്കുകയും ചെയ്യുന്നവരെ തെക്കൻ ദിക്കുകളിൽ ആശാന്മാരെന്നാണല്ലോ പറഞ്ഞുവരുന്നത്. വടക്കൻ ദിക്കുകളിൽ എഴുത്തച്ഛന്മാരെന്നു പറയപ്പെടുന്നവരുടെ പ്രധാന തൊഴിലും കുട്ടികളെ എഴുത്തിനിരുത്തുകയും എഴുത്തു പഠിപ്പിക്കുകയുമാണ്. അതിനാൽ എഴുത്തച്ഛൻ എന്നുള്ളത് ആശാൻ എന്നുള്ളതിന്റെ പര്യായപദമാണെന്നും ഇതൊരു ജാതിപ്പേരല്ലെന്നും ഈ രണ്ടു പദങ്ങൾക്കും ഗുരു എന്നു മാത്രമാണ് അർത്ഥമെന്നും മനസ്സിലാക്കേണ്ടതാണ്. തുഞ്ചത്തെഴുത്തച്ഛൻ ജാതിയിൽ ചക്കാലനായിരുന്നു എന്നാണല്ലോ പ്രസിദ്ധി. അദ്ദേഹത്തെ തുഞ്ചത്തു ഗുരു എന്നും പറയാറുണ്ടല്ലോ. ആധാതാവ്, അന്നദാതാവ്, ഉപനേതാവ്, വിദ്യാദാതാവ്, ഭയത്രാതാവ് ഈ അഞ്ചുപേരും പിതാക്കന്മാരാണെന്നാണല്ലോ പ്രമാണം. അതിനാൽ എഴുത്തച്ഛൻ എന്നുള്ള വാക്ക് ഏറ്റവും ശരിയായിട്ടുള്ളതാണെന്നു തന്നെ പറയേണ്ടിയിരിക്കുന്നു.

ചെമ്പ്രയെഴുത്തച്ഛന്മാരും അവരുടെ പ്രധാന തൊഴിലാക്കി വച്ചിരിക്കുന്നതു സ്വദേശത്തുള്ള അബ്രാഹ്മണബാലന്മാരെ എഴുത്തിനിരുത്തുകയും എഴുത്തു പഠിപ്പിക്കുകയും തന്നെയാണ്. എങ്കിലും മന്ത്രവാദം നിമിത്തമാണ് അവർക്കു പ്രസിദ്ധി സിദ്ധിച്ചിട്ടുള്ളത്. മന്ത്രവാദം ഈ കുടുംബക്കാർക്ക് മുൻപിനാലെ ഉള്ളതാണ്. എങ്കിലും "മാക്കു" എന്നു പേരായിരുന്ന എഴുത്തച്ഛന്റെ കാലം മുതൽക്കാണ് തന്നിമിത്തമുള്ള ഖ്യാതി ലോകത്തിൽ സർവത്ര വ്യാപിച്ചത്. മാക്കു എഴുത്തച്ഛൻ മന്ത്രവാദം പഠിച്ചതു കാക്കശ്ശേരി ഭട്ടതിരിയുടെ അടുക്കൽനിന്നാണ്. ചെമ്പ്രയെഴുത്തച്ഛന്മാരുടെ കുടുംബപരദേവത വേട്ടയ്ക്കൊരു മകനാണെങ്കിലും മാക്കു എഴുത്തച്ഛൻ‍ ഗണപതിയെ സേവിച്ചു പ്രത്യക്ഷപ്പെടുത്തുകകൂടി ചെയ്തിരുന്നു. അദ്ദേഹം ഗണപതിയെ സ്വഗൃഹത്തിനു സമീപം പ്രതിഷ്ഠിച്ച് പതിവായി പൂജയും കർക്കിടകമാസത്തിൽ പന്ത്രണ്ടു ദിവസവും മണ്ഡലകാലം മുഴുവനും (വൃശ്ചികം ഒന്നാം തീയതി മുതൽ‍ നാല്പത്തൊന്നു ദിവസം) മുടങ്ങാതെ ഗണപതി ഹോമവും നടത്തിയിരുന്നു. ആ ഗണപതിയെ ഇപ്പോഴും ആ ഗൃഹത്തിലുള്ളവർ സ്വയമേവ പതിവായി പൂജിക്കുന്നുണ്ട്.

മന്ത്രവാദം സംബന്ധിച്ചു മാക്കു എഴുത്തച്ഛൻ അനേകം അത്ഭുതകർമങ്ങൾ ചെയ്തിട്ടുണ്ട്. അവയിൽ ചിലതു മാത്രം പറഞ്ഞുകൊള്ളുന്നു.

പൊന്നാനിത്താലൂക്കിലുള്ള ചൊവ്വരത്തുമനയ്ക്കലെ ഒരന്തർജനം ആരുടെയോ ഉപദേശപ്രകാരം ഹനുമാനെ സേവിച്ചുതുടങ്ങി. സേവയിൽ എന്തോ തെറ്റു പറ്റുകയാൽ അന്തർജനത്തിനു ബുദ്ധിഭ്രമം പിടിപെട്ടു. അതു ക്രമേണ വർദ്ധിച്ചു മുഴുഭ്രാന്തായിത്തീർന്നു. അനേകം മന്ത്രവാദികളെ മനയ്ക്കൽ വരുത്തി പല വിധത്തിലുള്ള മന്ത്രവാദങ്ങൾ ചെയ്യിച്ചു. ഒന്നുകൊണ്ടും ഭ്രാന്തിനു യാതൊരു ഭേദവുമുണ്ടായില്ല. വലിയ മരത്തിന്മേലും പുരമുകളിലും മറ്റും കയറി, പാദങ്ങൾ എവിടെയെങ്കിലുമുറപ്പിച്ചിട്ടു തലകീഴായി തൂങ്ങിക്കിടക്കുക, കിണറ്റിൽ ചാടുക, മനു‌ഷ്യർക്കാർക്കും ഇളക്കാൻപോലും വയ്യാത്ത വലിയ കല്ലുകൾ നി‌ഷ്പ്രയാസം എടുത്തു കൊണ്ട് നടക്കുക മുതലായ അത്ഭുതകർമങ്ങളും, മന്ത്രവാദത്തിനായി ചെല്ലുന്നവരുടെ മുഖത്തു തുപ്പുക ചെകിട്ടത്തടിച്ച് അവരെ ഓടിക്കുക മുതലായ അക്രമങ്ങളുമാണ് ആ അന്തർജനം ഭ്രാന്തുനിമിത്തം ചെയ്തുകൊണ്ടിരുന്നത്. ഒരു നിവൃത്തിയുമില്ലാതെയായിത്തീരുകയാൽ ഒടുക്കം മാക്കു എഴുത്തച്ഛനെ മനയ്ക്കൽ വരുത്തി വിവരംപറഞ്ഞു. എഴുത്തച്ഛൻ ഒന്നുഴിഞ്ഞു നീക്കുന്നതിനും ഒരു ബലികൊടയ്ക്കും വേണ്ട സാമാനങ്ങൾക്കു ചുരുക്കത്തിൽ ഒരു ചാർത്തെഴുതിക്കൊടുത്തു. അതു കണ്ടിട്ട് മനയ്ക്കലെ കാര്യസ്ഥൻ, "ഇതിനെക്കാൾ കേമമായിട്ട് വട്ടങ്ങൾ കൂട്ടി വലിയ വലിയ മന്ത്രവാദങ്ങൾ പലരും നടത്തീട്ടു മാറാത്ത ഭ്രാന്ത് ഇത്രയും കൊണ്ടാണോ മാറുന്നത്? വിശേ‌ഷം തന്നെ" എന്ന് ആരും കേൾക്കാതെ ഹാസ്യമായി പറഞ്ഞു. എങ്കിലും ഒരുക്കങ്ങൾ തയ്യാറാക്കിക്കൊടുത്തു. നേരം ഏഴരനാഴിക ഇരുട്ടായതിന്റെ ശേ‌ഷം എഴുത്തച്ഛൻ നാലുകെട്ടിൽ ഒരു സ്ഥലത്തിരുന്നു പൂജ തുടങ്ങി. ആ സമയം കാര്യസ്ഥൻ പടിപ്പുര മാളികച്ചുവട്ടിൽ ഒരു സ്ഥലത്തു കിടന്നുറങ്ങുകയായിരുന്നു. അപ്പോൾ ആരോ അയാളുടെ തലയ്ക്കിട്ടടിക്കുന്നതായിത്തോന്നി. അയാൾ കണ്ണു തുറന്നു നോക്കീട്ട് ആരെയും കണ്ടുമില്ല. ഇങ്ങനെ പലപ്രാവശ്യമായപ്പോൾ കിടക്കാൻ നിവൃത്തിയില്ലാതെ കാര്യസ്ഥൻ എണീറ്റ് എഴുത്തച്ഛന്റെ അടുക്കൽ ചെന്നു വിവരം പറഞ്ഞു. അപ്പോൾ എഴുത്തച്ഛൻ "നിങ്ങൾ എന്റെ മന്ത്രവാദത്തെയോ എന്നെയോ പരിഹാസ്യമായി വല്ലതും വിചാരിക്കുകയോ പറയുകയോ ഉണ്ടായോ?" എന്നു ചോദിക്കുകയും കാര്യസ്ഥൻ പരമാർഥം സമ്മതിച്ചു പറയുകയും ക്ഷമായാചനം ചെയ്യുകയും ചെയ്തു. "ആട്ടെ, ഇനി അങ്ങനെയുള്ള വിഡ്ഢിത്തം വിചാരിക്കുകയും പറയുകയും ചെയ്യരുത്. ആ സ്ഥലത്തുനിന്നു മാറി എവിടെയെങ്കിലും കിടന്നുകൊള്ളൂ. ഉപദ്രവമൊന്നും ഉണ്ടാവുകയില്ല" എന്ന് എഴുത്തച്ഛൻ പറയുകയും കാര്യസ്ഥൻ സ്ഥലം മാറി കിടക്കുകയും ചെയ്തു. പിന്നെ ഉപദ്രവമൊന്നുമുണ്ടായതുമില്ല. എഴുത്തച്ഛൻ പിന്നെയും പൂജ മുറയ്ക്കു നടത്തിക്കൊണ്ടിരുന്നു.

ആ സമയം ഒരു മുറിക്കകത്തിരുന്ന അന്തർജനം പെട്ടെന്ന് ചാടിയെണീറ്റു നാലുകെട്ടിലേക്കു ചെന്നു. ഇതു തന്നെ തല്ലാനുള്ള വരവാണെന്നറിഞ്ഞ് എഴുത്തച്ഛൻ വേഗത്തിലെണീറ്റു പുറത്തേക്കിറങ്ങി. പിന്നാലെ അന്തർജനവുമെത്തി. എഴുത്തച്ഛൻ മുമ്പിലും അന്തർജനം പിറകിലുമായി പുരയ്ക്കു മൂന്നു പ്രദക്ഷിണം ഓടി. എഴുത്തച്ഛൻ ഗണപതിയുടെ മൂലമന്ത്രം ജപിച്ചു ഗണപതിയെ ധ്യാനിച്ചുകൊണ്ടാണ് ഓടിയത്. മൂന്നു പ്രദക്ഷിണം ഓടിയതിന്റെ ശേ‌ഷം എഴുത്തച്ഛൻ തിരിഞ്ഞുനിന്നു. അപ്പോൾ അന്തർജനവും നിന്നു. അന്തർജനം "അയ്യോ! എന്നെ ഈ ഒറ്റക്കൊമ്പനെക്കൊണ്ടു കുത്തിക്കല്ലേ; എന്നെ രക്ഷിക്കണേ; ഞാൻ ഈ ദിക്കു വിട്ടു പൊയ്ക്കൊള്ളാമേ" എന്നു നിലവിളിച്ചു പറഞ്ഞുകൊണ്ടാണ് നിന്നത്. "എന്നാൽ അകത്തേക്കു വരിക" എന്നു പറഞ്ഞ് എഴുത്തച്ഛൻ നാലുകെട്ടിലേക്ക് കടന്നു. അന്തർജനവും പിന്നാലെ ചെന്നു. അവിടെ വെച്ച് അന്തർജനത്തെ ബാധിച്ചിരുന്ന ദേവത പൊന്നുംവിളക്കു പിടിച്ചു സത്യംചെയ്ത് ഒഴിഞ്ഞുപോയി. അതോടുകൂടി അന്തർജനത്തിന്റെ ഭ്രാന്തും ഭേദമായി. അന്തർജനത്തിന്റെ ഭർത്താവായ നമ്പൂതിരിപ്പാട് എഴുത്തച്ഛനു പലവിധ സമ്മാനങ്ങളും മറ്റും കൊടുത്തു സന്തോ‌ഷിപ്പിച്ചയയ്ക്കുകയും ചെയ്തു.

എഴുത്തച്ഛന്റെ ദേശത്തിനു സമീപം മരുതൂരംശത്തിൽ വലിയ ധനികനായ ചെള്ളാപ്പുള്ളി മേനോൻ എട്ടുകെട്ടും മാളികയുമായിട്ട് ഒരു പുര പണിയിച്ചു. പുരപണിക്കു കെട്ടിയ മാലിപ്പുരയുടെ നടുത്തൂണ് നടുമുറ്റത്താണ് കുഴിച്ചിട്ടിരുന്നത്. പുരപണി കഴിഞ്ഞതിന്റെ ശേ‌ഷം മാലിപ്പുര പൊളിച്ചു മാറ്റി. എങ്കിലും നടുത്തൂണ് അവിടെനിന്ന് എടുത്തുമാറ്റാൻ ഒരു മാർഗവും കാണായ്കയാൽ മേനോൻ ഏറ്റവും വി‌ഷണ്ണനായിത്തീർന്നു. തൂണു വളരെ വണ്ണവും നീളവുമുള്ള ഒരൊറ്റത്തടിയായിരുന്നു. മേനോൻ പലരെയും വരുത്തിക്കാണിച്ചു. പുരയ്ക്കു കേടുപറ്റാതെ നടുമുറ്റത്തുനിന്ന് ഈ തൂണു മാറ്റുന്ന കാര്യം അസാദ്ധ്യം തന്നെയാണെന്ന് അതു വന്നു കണ്ടവരെല്ലാം പറഞ്ഞു. മേനോനു കുണ്ഠിതം ദുസ്സഹമായിത്തീർന്നു. ഒടുക്കം മേനോൻ മാക്കു എഴുത്തച്ഛനെക്കണ്ടു വിവരം പറഞ്ഞു. "പന്ത്രണ്ടു പറ മലരും നൂറ്റെട്ടു കൊട്ടത്തേങ്ങയും മൂന്നു തുലാം ശർക്കരയും ആയിരത്തെട്ടു കദളിപ്പഴവും അവിടെ ശേഖരിച്ചു വയ്ക്കണം. ആ രാത്രി അവിടെനിന്ന് എല്ലാവരും എവിടെയെങ്കിലും മാറിത്താമസിക്കണം. ഇത്രയുമൊക്കെ തയ്യാറുചെയ്തിട്ട് എന്നോടു വിവരം പറയുക. വല്ലതും നിവൃത്തിയുണ്ടോ എന്നു നോക്കാം" എന്ന് എഴുത്തച്ഛൻ പറയുകയാൽ മേനോൻ അപ്രകാരമെല്ലം തയ്യാറുചെയ്തുകൊണ്ട് വിവരം എഴുത്തച്ഛനെ അറിയിച്ചു. അന്നു പതിനെട്ടു നാഴിക ഇരുട്ടിയപ്പോൾ അവിടെനിന്നു മൂന്നു നാഴിക ദൂരെ ഭാരതപ്പുഴയിൽ എന്തോ വീണതു പോലെ ഒരു ശബ്ദം കേട്ടു. നേരം വെളുത്തപ്പോൾ ചെള്ളാപ്പുള്ളി മേനോന്റെ നടുമുറ്റത്തുനിന്നിരുന്ന തൂണ് അവിടെ കാണ്മാൻ ഇല്ലായിരുന്നു. അതു ഭാരതപ്പുഴയിൽ കിടക്കുന്നതായി കാണുകയും ചെയ്തു. മേനോന്റെ പുരയ്ക്കു യാതൊരു കേടും പറ്റാതെ ആ തൂണെടുത്തുകൊണ്ടുപോയി ഭാരതപ്പുഴയിലിട്ടത് എഴുത്തച്ഛന്റെ സേവാമൂർത്തിയായ ഗണപതിയാണെന്നുള്ളത് വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ.

എഴുത്തച്ഛന്റെ പറമ്പിൽ കറിസ്സാമാനങ്ങൾ ധാരാളമായി കൃ‌ഷി ചെയ്യിക്കുക പതിവായിരുന്നു. അവിടെ കള്ളന്മാർ കയറി ചിലപ്പോൾ ചില സാമാനങ്ങൾ മോഷ്ടിച്ചുകൊണ്ടുപോയിത്തുടങ്ങിയതിനാൽ വേലക്കാർ ഒരു ദിവസം ആ വിവരം മാക്കു എഴുത്തച്ഛനെ ഗ്രഹിപ്പിച്ചു. "ആട്ടെ, അതിനു സമാധാനം ഉണ്ടാക്കിക്കൊള്ളാം" എന്ന് എഴുത്തച്ഛൻ മറുപടി പറയുകയും ചെയ്തു. അന്നു രാത്രിയിലും കള്ളന്മാർ അവിതെ കയറി ചില സാമാനങ്ങൾ മോഷ്ടിച്ചു. അവർ സാമാനങ്ങളെല്ലാം എഴുത്തച്ഛൻ കിടന്നിരുന്ന കട്ടിലിന്റെ അടുക്കൽ കൊണ്ടുചെന്നു വച്ചിട്ട് എഴുത്തച്ഛനെ കട്ടിലോടുകൂടി എടുത്തുകൊണ്ടു പുരയ്ക്കു പ്രദക്ഷിണം വച്ചുതുടങ്ങി. അങ്ങനെ നേരം വെളുത്തു. അപ്പോൾ എഴുത്തച്ഛൻ ഉണരുകയും കള്ളന്മാർ പരമാർത്ഥമെല്ലാം പറയുകയും എഴുത്തച്ഛനോടു മാപ്പു ചോദിക്കുകയും ഇനി ഒരിക്കലും തങ്ങൾ അവിടെക്കയറി യാതൊന്നും മോഷ്ടിക്കയില്ലെന്നു സത്യം ചെയ്യുകയും ചെയ്തു. ഉടനെ എഴുത്തച്ഛൻ "അയൽവാസികളായ നിങ്ങൾ എന്തെങ്കിലും വേണമെങ്കിൽ ഇവിടെ വന്നു ചോദിച്ചാൽ തരുന്നതിനു എനിക്ക് യാതൊരു വിരോധവുമില്ലല്ലോ. പിന്നെ നിങ്ങൾ രാത്രിയിൽ ഇങ്ങനെ കഷ്ടപ്പെടുന്നതെന്തിനാണ്? ആട്ടെ, ഇനി ഇങ്ങനെ ചെയ്യരുതെന്നേയുള്ളൂ. ഇപ്പോൾ നിങ്ങൾ മോഷ്ടിച്ചതു നിങ്ങൾതന്നെ കൊണ്ടു പോയിക്കൊൾവിൻ" എന്നു പറഞ്ഞ് ആ സാമാനങ്ങൾ അവർക്കുതന്നെ കൊടുത്തയച്ചു. അതിൽപ്പിന്നെ അവിടെ കള്ളന്മാരുടെ ഉപദ്രവം ഒരിക്കലും ഉണ്ടായിട്ടില്ല.

പാടത്തവീട്ടിൽ കേളുമേനോൻ എന്നൊരു ധനികൻ മാക്കു എഴുത്തച്ഛന്റെ പ്രാണസ്നേഹിതനായിരുന്നു. അയാൾ മിക്കസമയവും എഴുത്തച്ഛന്റെ അടുക്കൽത്തന്നെയായിരിക്കും. രാത്രിയിൽ കിടപ്പു അയാൾക്ക് എഴുത്തച്ഛന്റെ അടുക്കൽത്തന്നെയാണ് പതിവ്. അങ്ങനെയിരുന്ന കേളുമേനോനെ ഒടിവിദ്യ പ്രയോഗിച്ചു കൊല്ലുവാൻ അയാളുടെ ചില വിരോധികൾ ചില ഒടിയന്മാരെ ചട്ടംകെട്ടി ഏതാനും പണവും കൊടുത്ത് ഏർപ്പാടുചെയ്തു.

ഒരു കോലോ ഈർക്കിലിയോ എടുത്ത് ഒരു മനു‌ഷ്യന്റെ നേരെ കാണിച്ച് ഒരു മന്ത്രം ജപിച്ച് ഒടിച്ചാൽ ആ മനു‌ഷ്യനും ഒടിഞ്ഞ് നിലത്തു വീണു മരിക്കും. ഇങ്ങനെ ചെയ്യുന്നതിന് ഒടിവിദ്യ എന്നും ഈ വിദ്യ പ്രയോഗിക്കുന്നവരെ ഒടിയന്മാർ എന്നുമാണു പറയുക പതിവ്. മുൻകാലങ്ങളിൽ ബ്രിട്ടീ‌ഷ് മലബാറിൽ ഒടിയന്മാർ ധാരാളമുണ്ടായിരുന്നു. ബ്രിട്ടീ‌ഷ് ഗവൺമെന്റ് ഒടിയന്മാരെപ്പിടിച്ചു ശിക്ഷിച്ചു തുടങ്ങിയതിനാൽ ഇപ്പോൾ അവിടെ ഒടിയന്മാർ വളരെ കുറഞ്ഞിട്ടുണ്ട്. ഒടിയന്മാർക്ക് ഒടിക്കുകയെന്നും മാട്ടുകയെന്നും രണ്ടുതരം വിദ്യകളുണ്ട്. ഒടിവിദ്യയെക്കുറിച്ചു മുൻപ് പറഞ്ഞുവല്ലോ. ഒടിയന്മാർ കാളയുടെയും കുതിരയുടെയും പട്ടിയുടെയും മറ്റും രൂപം ധരിച്ചും കടമ്പയായിട്ടും രാത്രി കാലങ്ങളിൽ വഴിയിൽപ്പോയി നിൽക്കും. വിരോധികൾ ആ വഴിയെ വന്നാൽ പലവിധത്തിലുള്ള ഉപദ്രവങ്ങൾ ഏൽപ്പിക്കും. ഇതിനാണ് മാട്ടുക എന്നു പറയുന്നത്. തെക്കൻ ദിക്കുകളിൽ ഈ വിദ്യകൾ നടപ്പില്ലാത്തതിനാലാണ് ഇതിനെക്കുറിച്ച് ഇത്രയും വിവരിച്ചത്.

തന്റെ വിരോധികൾ തന്നെ കൊല്ലാനായി ഒടിയന്മാരെ ചട്ടം കെട്ടീട്ടുണ്ടെന്നുള്ള സംഗതി കേളുമേനോൻ എങ്ങനെയോ മനസ്സിലാക്കി. എന്നുമാത്രമല്ല, അയാൾ ഒരു ദിവസം രാത്രിയിൽ അത്താഴം കഴിഞ്ഞു കിടക്കാനായിട്ട് എഴുത്തച്ഛന്റെ വീട്ടിലേക്കു പോയ സമയം വഴിയിൽവെച്ച് ഒരു വലിയ കാളയെ കാണുകയും അതു തന്നെ അകപ്പെടുത്താനായി ഒരൊടിയൻ വേ‌ഷംമാറി നിൽക്കുന്നതാണെന്നു മനസ്സിലാക്കുകയും ചെയ്തു. അതിനാൽ അയാൾ ആ കാളയുടെ അടുക്കൽ പോകാതെ സഭയം വഴി മാറി ഓടി എഴുത്തച്ഛന്റെ വീട്ടിലേക്കു പോയി. അവിടെച്ചെന്ന് എഴുത്തച്ഛനെ കണ്ടപ്പോൾ "നിങ്ങൾ വലിയ മന്ത്രവാദിയും ഞാൻ നിങ്ങളുടെ ഇഷ്ടനുമായിരുന്നിട്ടും രാത്രികാലങ്ങളിൽ ഒടിയന്മാരെ ഭയപ്പെട്ടു നടക്കേണ്ടതായിവന്നിരിക്കുന്നുവല്ലോ" എന്നു മേനോനും "ഇനി അങ്ങനെ വേണ്ടിവരികയില്ല" എന്നു എഴുത്തച്ഛനും പറഞ്ഞു. എഴുത്തച്ഛൻ ഉടനെ എന്തോ ഒരു വിദ്യ പ്രയോഗിച്ചു. കേളുമേനോനെ കൊല്ലാൻ സന്നദ്ധനായിരുന്ന ഒടിയന്മാർ നാലുപേരും തൽക്ഷണം എഴുത്തച്ഛന്റെ പടിക്കലെത്തുകയും അവർ നേരം വെളുക്കുന്നതുവരെ പരസ്പരം അടിച്ചുകൊണ്ടു നിൽക്കുകയും ചെയ്തു. അവരിൽ ഒരാൾ ഒരു പാണനും ശേ‌ഷം മൂന്നു പേർ അവന്റെ കൂട്ടുകാരായ പറയരുമായിരുന്നു. നേരം വെളുത്തപ്പോഴേക്കും അടികൊണ്ടു നാലുപേരും ഏറ്റവും അവശരായിത്തീർന്നു. അപ്പോഴേക്കും എഴുത്തച്ഛൻ പടിക്കൽ ചെന്നു. അപ്പോഴും അവർ പരസ്പരം അടിച്ചുകൊണ്ട് നിൽക്കുകയായിരുന്നു. എഴുത്തച്ഛൻ അവരോട് "എന്താ ഒട്ടു മതിയായോ?" എന്നു ചോദിച്ചു. അപ്പോൾ ഒടിയന്മാർ "പൊന്നു തിരുമേനി, രക്ഷിക്കണം. അടിയങ്ങൾ വല്ല തെറ്റും ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമിക്കണം" എന്നു പറഞ്ഞു. ഉടനെ എഴുത്തച്ഛൻ "ഇനി നിങ്ങൾ ഈ ദേശത്ത് ഒരിക്കലും ഒടിവിദ്യ പ്രയോഗിക്കുകയില്ലെന്ന് സത്യം ചെയ്താൽ നിങ്ങളെ വിട്ടയയ്ക്കാം" എന്നു പറയുകയും ആ ഒടിയന്മാർ അപ്രകാരം സത്യം ചെയ്യുകയും എഴുത്തച്ഛൻ ഉടനെ അവരെ അവിടെനിന്നു പറഞ്ഞയയ്ക്കുകയും അപ്പോൾ അവർ അടി മതിയാക്കി യഥാപൂർവം പരസ്പരസ്നേഹാകുലന്മാരായി പോവുകയും ചെയ്തു.

മാക്കു എഴുത്തച്ഛൻ ഒരിക്കൽ മുതുതല പനമ്പറ്റക്കളത്തിൽ നായരുടെ വീട്ടിൽ ഒരു മന്ത്രവാദത്തിനായി പോയപ്പോൾ രാത്രിസമയത്ത് വഴിമധ്യേ മുമ്പു കണ്ടിട്ടില്ലാത്ത ഒരു കടമ്പ കണ്ടു. ആ സ്ഥലത്ത് അതിനുമുമ്പ് ഒരിക്കലും കടമ്പ കണ്ടിട്ടില്ലാത്തതിനാൽ എഴുത്തച്ഛന് സംശയം തോന്നി. അദ്ദേഹം അടുത്തുചെന്നു കയ്യിലുണ്ടായിരുന്ന പിശ്ശാങ്കത്തികൊണ്ടു കടമ്പയുടെ ഒരു പടി മുറിച്ചു. അപ്പോൾ ആ കടമ്പ ഒരു മനു‌ഷ്യനായിത്തീർന്നു. അവൻ വാസ്തവത്തിൽ ഒടിയനായ ഒരു പറയനായിരുന്നു. അവൻ എഴുത്തച്ഛനെ കണ്ടയുടനെ താണുതൊഴുതു കൊണ്ട് "തമ്പുരാനേ, ക്ഷമിക്കണം. അവിടുന്ന് ഇതിലേ എഴുന്നള്ളുമെന്ന് അറിഞ്ഞിരുന്നില്ല. ഇതറിഞ്ഞിരുന്നെങ്കിൽ ഇങ്ങനെ ചെയ്യുകയില്ലായിരുന്നു. മറ്റൊരാളെ അപായപ്പെടുത്താനാണ് ഈ വിദ്യ ചെയ്തത്. തമ്പുരാനും ഈ ദിക്കിൽ സഞ്ചാരമുള്ളതുകൊണ്ട് അടിയങ്ങൾ ഇനി ഒരിക്കലും ഈ പ്രദേശത്ത് ഒടിവിദ്യ പ്രയോഗിക്കുകയില്ല" എന്നു പറഞ്ഞ് അപ്രകാരം സത്യം ചെയ്ത് അവിടെനിന്ന് പോയി.

എഴുത്തച്ഛന്റെ അമ്പലത്തിലെ ഗണപതിയുടെ വിഗ്രഹം 'അൻപൊന്നു' കൊണ്ടുള്ളതാണ്. ആ ബിംബവും മറ്റു സാധനങ്ങളുമെല്ലാം മോഷ്ടിച്ചുകൊണ്ടുപോകുന്നതിനായി ഒരു നവരാത്രികാലത്തു ചില കള്ളന്മാർ അവിടെ ചെന്നു കയറി. അവിടെ ഒരു ഭൃത്യൻ കാവൽ കിടക്കുന്നുണ്ടായിരുന്നു. അവൻ കൂർക്കം വലിക്കുന്നതു കേട്ടിട്ട് നല്ല ഉറക്കമാണെന്ന് അറിഞ്ഞാണ് അകത്തു കള്ളന്മാർ കടന്നത്. അകത്തു കയറിയ സമയം ആ ഭൃത്യന് തന്നെ ആരോ ചൂരൽ വടികൊണ്ട് അടിക്കുന്നതായി തോന്നുകയാൽ അവൻ പെട്ടെന്നെഴുന്നേറ്റു. അതുകണ്ട് കള്ളന്മാർ പേടിച്ച് ഓടിപ്പോവുകയും ചെയ്തു. അവർക്ക് ഒന്നും മോഷ്ടിച്ചുകൊണ്ടു പോകുവാൻ സാധിച്ചില്ല.

മാക്കു എഴുത്തച്ഛന്റെ സ്നേഹിതനായ കൊച്ചിയിൽക്കാരൻ എരോമമേനോൻ എന്നു പ്രസിദ്ധനായിട്ട് ഒരു വി‌ഷവൈദ്യനുണ്ടായിരുന്നു. ആ മനു‌ഷ്യന്റെ സ്ഥിരവാസം ചെമ്പ്രയ്ക്കു സമീപം ഒരു സ്ഥലത്തായിരുന്നു. ഒരു ദിവസം ഉച്ചതിരിഞ്ഞ സമയം ഈ വി‌ഷവൈദ്യനും വേറെ ചില രസികന്മാരുംകൂടി എഴുത്തച്ഛന്റെ മാളികയിൽ വെടിപറഞ്ഞു രസിച്ചുകൊണ്ടിരുന്നപ്പോൾ ചില സ്ത്രീകൾ അവിടെ അടുത്തുള്ള വഴിയിലൂടെ പോകുന്നതു കണ്ടു. അന്നു തൃത്താല ക്ഷേത്രത്തിൽ ഉത്സവമായിരുന്നതിനാൽ ആ സ്ത്രീകൾ കാഴ്ചശ്ശീവേലി കാണാൻ പോവുകയായിരുന്നു. അവരെക്കണ്ടപ്പോൾ വി‌ഷവൈദ്യൻ മേനോൻ "വി‌ഷവൈദ്യന്മാർ മന്ത്രശക്തി കൊണ്ടു പാമ്പുകളെ വരുത്തി വി‌ഷമെടുപ്പിക്കാറുണ്ട്. അതുപോലെ എഴുത്തച്ഛനു മന്ത്രശക്തികൊണ്ട് ആ സ്ത്രീകളെ എല്ലാം ഇവിടെ വരുത്താമോ?" എന്നു ചോദിച്ചു. അതിനു മറുപടിയായി എഴുത്തച്ഛൻ "എന്താഭാസത്തരമാണ് മേനോൻ പറയുന്നത്? ഒരു കാര്യവും കൂടാതെ അന്യസ്ത്രീകളെ ഇങ്ങോട്ടു വരുത്തുന്നത് മര്യാദയാണോ?" എന്നു ചോദിച്ചു. "അവരെ ഇവിടെ വരുത്തുകയെന്നുള്ളത് അസാധ്യമാകയാലല്ലേ ഈ തത്ത്വജ്ഞാനം പറയുന്നത്" എന്നു മേനോൻ വീണ്ടും ചോദിച്ചു. എഴുത്തച്ഛൻ അവിടെയിരുന്നുകൊണ്ട് ആ സ്ത്രീകളുടെ നേരെ ഒന്നു നോക്കി. സ്ത്രീകളെല്ലാം വഴി തെറ്റി എഴുത്തച്ഛന്റെ പടിക്കലേക്കു നടന്നു തുടങ്ങി. അടുത്തു വന്നപ്പോൾ ആ സ്ത്രീകൾ മേനോന്റെ വീട്ടിലുള്ളവർ തന്നെയാണെന്നു മനസ്സിലാവുകയും അവരെ യഥായോഗ്യം സൽക്കരിച്ചയയ്ക്കുന്നതിന് എഴുത്തച്ഛൻ സ്വഗൃഹത്തിലുള്ള സ്ത്രീകളെ വിളിച്ചു പറയുകയും വന്ന സ്ത്രീകൾ യാത്രയായപ്പോൾ "ഘോ‌ഷങ്ങൾ കണ്ട് അമ്പലത്തിൽ അധികം താമസിക്കരുത്. നേരം ഇരുട്ടുന്നതിനുമുമ്പു വീട്ടിലേക്കു പോകണം" എന്നു പറഞ്ഞയയ്ക്കുകയും ചെയ്തു. അവിടെ കൂടിയിരുന്നവരെല്ലാം മേനോനെ പരിഹസിക്കുകയാൽ മേനോൻ ഏറ്റവും ഇളിഭ്യനായിത്തീർന്നു.

തിരുവിതാംകൂർ മഹാരാജവംശത്തെ നശിപ്പിക്കുന്നതിനായി ഒരിക്കൽ ചില ശത്രുക്കൾ ആഭിചാരക്കാരെക്കൊണ്ടു ചില മാരണദേവതകളെ വിടുവിച്ചു. ആ ബാധകളുടെ ഉപദ്രവം അവിടെ ദുസ്സഹമായിത്തീരുകയാൽ പലരെക്കൊണ്ടും പല മന്ത്രവാദങ്ങൾ ചെയ്യിച്ചിട്ട് ഒരു ഫലവുമുണ്ടായില്ല. ഒടുക്കം കല്പനപ്രകാരം മാക്കു എഴുത്തച്ഛനെ തിരുവനന്തപുരത്തു കൊണ്ടുപോയി. എഴുത്തച്ഛൻ ചുരുക്കത്തിൽ‍ മൂന്നു ദിവസത്തെ മന്ത്രവാദംകൊണ്ട് ആ ബാധകളെ ഒഴിച്ചു. പിണിയാളിരുത്തിത്തുള്ളിച്ചു സത്യം ചെയ്യിച്ചാണ് എഴുത്തച്ഛൻ ആ ദേവതകളെ ഒഴിച്ചുവിട്ടത്. മഹാ രാജാവു തിരുമനസ്സുകൊണ്ടു വളരെ സന്തോ‌ഷിച്ച് എഴുത്തച്ഛന്റെ രണ്ടു കൈയ്ക്കും വീരശൃംഖലയും മറ്റും കൊടുത്തു സബഹുമാനം പറഞ്ഞയച്ചു. ഇങ്ങനെ മാക്കു എഴുത്തച്ഛന്റെ അത്ഭുതകർമ്മങ്ങൾ പറഞ്ഞുതുടങ്ങിയാൽ അവസാനമില്ലാതെയുണ്ട്. മുഴുവനും പറഞ്ഞുതീർക്കുന്ന കാര്യം അസാധ്യമാകയാൽ അതിനായിത്തുനിയുന്നില്ല.

മാക്കു എഴുത്തച്ഛന്റെ ശി‌ഷ്യനായി കുഞ്ഞുണ്ണി എഴുത്തച്ഛൻ എന്നൊരാളുണ്ടായിരുന്നു. അദ്ദേഹം വലിയ മന്ത്രവാദിയും അനേകം അത്ഭുതകർമങ്ങൾ ചെയ്തിട്ടുള്ള ആളുമായിരുന്നു. അദ്ദേഹത്തിന്റെ അത്ഭുതകർമങ്ങൾ കണ്ടറിഞ്ഞിട്ടുള്ളവർ ഇപ്പോൾ പലരുമുള്ളതിനാൽ അവയെപ്പറ്റി അധികം വിസ്തരിക്കുന്നില്ല. കുഞ്ഞുണ്ണിയെഴുത്തച്ഛൻ ഒരിക്കൽ കിണറു കെട്ടിച്ചപ്പോൾ അതിനു പാലംവയ്ക്കുന്നതിനായി ഒരു കരിങ്കല്ല് എടുത്തുകൊണ്ടു വരുവാൻ സ്വന്തം ഭൃത്യന്മാരായ രണ്ടുപേരെയും അഞ്ചെട്ടു കൂലിക്കാരെയും പറഞ്ഞയച്ചു. കല്ലു രണ്ടു മൂന്നു പറമ്പിട അകലെയാണ് കിടന്നിരുന്നത്. അതിനു വളരെ നീളവും വീതിയും കനവുമുണ്ടായിരുന്നു. അയയ്ക്കപ്പെട്ടവർ ചെന്നു പിടിച്ചുനോക്കീട്ടു കല്ലൊന്നിളക്കാൻ പോലും സാധിച്ചില്ല. ആ വിവരം ഭൃത്യന്മാർ എഴുത്തച്ഛന്റെ അടുക്കൽ ചെന്നു പറഞ്ഞു. "എന്നാൽ ഞാൻ വരാം. നിങ്ങൾ രണ്ടുപേരും മാത്രം എന്റെ കൂടെ വന്നാൽ മതി" എന്നു പറഞ്ഞ് എഴുത്തച്ഛൻ ഒരു മുളവടിയുമെടുത്തുകൊണ്ട് ആ ഭൃത്യന്മാരോടുകൂടെ പോയി. കല്ലു കിടന്ന സ്ഥലത്തു ചെന്ന് എഴുത്തച്ഛൻ മുളവടി കൊണ്ടു കല്ലിന്മേലൊന്നു തൊട്ടു. "ഇനി കല്ലെടുത്തു നോക്കുവിൻ" എന്ന് ഭൃത്യന്മാരോട് പറഞ്ഞു. അവർ രണ്ടുപേരുംകൂടി ആ കല്ലു നി‌ഷ്പ്രയാസമെടുക്കുകയും എഴുത്തച്ഛൻ ആ മുളവടി കൊണ്ട് കല്ലിന്മേൽ തൊട്ടു കൊണ്ടിരിക്കുകയും അങ്ങനെ കല്ല് അനായാസേന എഴുത്തച്ഛൻ വീട്ടിൽ കൊണ്ടുവരികയും ചെയ്തു. ഈ എഴുത്തച്ഛനും ഗണപതിയെസ്സേവിച്ചു പ്രത്യക്ഷപ്പെടുത്തീട്ടുള്ള ആളായിരുന്നു. (ഈ കുഞ്ഞുണ്ണിയെഴുത്തച്ഛൻ മരിച്ചിട്ട് ഇപ്പോൾ 19 കൊല്ലമേ ആയിട്ടുള്ളൂ).

കുഞ്ഞുണ്ണിയെഴുത്തച്ഛന്റെ മകനായി കൃ‌ഷ്ണനെഴുത്തച്ഛൻ എന്നൊരാളുണ്ടായിരുന്നു. അദ്ദേഹവും വലിയ മന്ത്രവാദിയായിരുന്നു.

എഴുത്തച്ഛന്റെ വീട്ടിനു സമീപം ഒരു മനയ്ക്കൽ ഒരു കുടിവയ്പടിയന്തിരത്തിനു ക്ഷണിച്ചിരുന്നതിനാൽ മഴയുണ്ടാവുകയില്ലെന്നു വിചാരിച്ച് സദ്യയ്ക്കില വയ്ക്കുന്നതിന് മുറ്റത്തു പന്തലാണിട്ടിരുന്നത്. സദ്യയ്ക്കില വെയ്ക്കാറായപ്പോൾ ഇടിയും മിന്നലും മഴക്കാറും കലശലാവുകയും ഉടനെ മഴ തുടങ്ങുന്നതിനുള്ള ലക്ഷണങ്ങളെല്ലാം കണ്ടു തുടങ്ങുകയും ചെയ്തു. അപ്പോൾ അവിടെ കൂടിയിരുന്നവരും ഇല്ലത്തുള്ളവരുമെല്ലാം ഏറ്റവും വി‌ഷണ്ണരായിത്തീർന്നു. ഗൃഹസ്ഥൻ നമ്പൂരി എഴുത്തച്ഛന്റെ അടുക്കൽച്ചെന്ന് "കാര്യം വലിയ വി‌ഷമത്തിലായല്ലോ. ഇതിന് എഴുത്തച്ഛൻ എന്തെങ്കിലും നിവൃത്തിയുണ്ടാക്കണം" എന്നു പറഞ്ഞു. ഉടനെ എഴുത്തച്ഛൻ സ്വഗൃഹത്തിൽപ്പോയി ഒരു ഗ്രന്ഥമെടുത്തു കൊണ്ടു വന്നഴിച്ചു രണ്ടായിപ്പകുത്തു പന്തലിന്റെ മുകളിൽവച്ചു. ആ ഇല്ലപ്പറമ്പിന്റെ അതിരുവരെ നാലു വശങ്ങളിലും അതികലശലായി മഴ പെയ്തു. അവിടെ മാത്രം പെയ്തില്ല. എല്ലാവരും വളരെ വിസ്മയിച്ചു. നമ്പൂരി എഴുത്തച്ഛനെ യഥേഷ്ടം ഊണുകഴിപ്പിച്ച് ചില സമ്മാനങ്ങളും കൊടുത്തു സന്തോ‌ഷിപ്പിച്ചയച്ചു.

വിദ്വാൻ മാനവിക്രമൻ ഏട്ടൻ തമ്പുരാൻ എന്നു പ്രസിദ്ധനായിരുന്ന തീപ്പെട്ടുപോയ സാമൂതിരിപ്പാടു തിരുമനസ്സിലേക്കുണ്ടായിരുന്ന കാസരോഗം ഇദ്ദേഹമാണ് ഭേദപ്പെടുത്തിയത്. ഇദ്ദേഹത്തിന് വൈദ്യവുമുണ്ടായിരുന്നു.


ഒരു സ്വജനഗൃഹത്തിൽ കല്യാണത്തിനു കിണ്ടി പോരാതെയിരുന്നതിനാൽ ആ വീട്ടുകാർ അഞ്ചെട്ടു കിണ്ടിക്കായി കൃ‌ഷ്ണനെഴുത്തച്ഛന്റെ അടുക്കൽ ആളയച്ചു. ആ ചെന്ന ആളോട് എഴുത്തച്ഛൻ "കിണ്ടി അവിടെയുള്ളതുകൊണ്ടു മതിയാകും; പോരെങ്കിൽ ഞാനവിടെ വരുമ്പോൾ ഉണ്ടാക്കിക്കൊള്ളാം" എന്നു പറഞ്ഞ് ആളെ മടക്കിയയച്ചു. എഴുത്തച്ഛൻ കല്യാണവീട്ടിൽ ചെന്നപ്പോൾ എങ്ങനെയോ എന്തോ അവിടെ വേണ്ടതിലധികം കിണ്ടി കാണപ്പെട്ടു.

ഈ എഴുത്തച്ഛൻ വലിയ കാള ഭ്രാന്തനായിരുന്നു. നല്ല കാള എവിടെയുണ്ടെന്നു കേട്ടാലും എന്തു വില കൊടുത്തും അദ്ദേഹം വാങ്ങും.

ഒരിക്കൽ അദ്ദേഹം വലിയ വില കൊടുത്തു രണ്ടുകാളകളെ വാങ്ങി. കണ്ടത്തിൽ പൂട്ടാനായി അവയെ കൊണ്ടുപോയി നുകം വച്ചു കെട്ടിയപ്പോൾ രണ്ടു കാളകളും കിടന്നു. പൂട്ടുകാർ പഠിച്ച വിദ്യകളൊക്കെ പ്രയോഗിച്ചുനോക്കീട്ടും കാളകളെ എണീപ്പിക്കാൻ കഴിഞ്ഞില്ല. "ഈ ശവങ്ങൾക്ക് ഇത്ര വളരെ വില കൊടുത്ത് ഇദ്ദേഹം വാങ്ങിയല്ലോ. ഇതു മഹാകഷ്ടമായിപ്പോയി" എന്നു പറഞ്ഞു കണ്ടുനിന്നവരെല്ലാം പരിഹസിച്ചു ചിരിച്ചു. അപ്പോൾ എഴുത്തച്ഛൻ ഒരു പുല്ലു പറിച്ചെടുത്തുകൊണ്ട് അങ്ങോട്ടു ചെന്ന് അതുകൊണ്ട് രണ്ടു കാളകൾക്കും ഓരോ അടിവച്ചു കൊടുത്തു. കാളകൾ എണീറ്റു നടന്നുതുടങ്ങുകയും ചെയ്തു. അതിൽപ്പിന്നെ ആ കാളകൾ പൂട്ടാൻ കൊണ്ടുചെന്നു കെട്ടിയാൽ ഒരിക്കലും കിടന്നിരുന്നില്ല.

ചെമ്പ്രദേശത്തുതന്നെയുള്ള ഒരു വാര്യരുടെ ബ്രഹ്മരക്ഷസ്സിനെ ഒഴിക്കാൻ വേണ്ടുന്ന ഉപകരണങ്ങൾക്ക് എഴുത്തച്ഛൻ ചാർത്തു കൊടുക്കുകയും വാര്യത്തുള്ളവർ സാമാനങ്ങളെല്ലാം ശേഖരിച്ചുവയ്ക്കുകയും ചെയ്തു. അതിന്റെ ശേ‌ഷം കൃ‌ഷ്ണനെഴുത്തച്ഛൻ അവിടെച്ചെന്നു ചില പൂജകളും ഹോമങ്ങളും മറ്റും ആരംഭിച്ചു. ഒരു ചക്രം വരച്ച് അതിൽ ഒരു തൂശനിലവച്ചിട്ടു രക്ഷസ്സു ബാധിച്ചിട്ടുള്ള വാര്യരെക്കൊണ്ടുവന്ന് ആ ഇലയിലിരുത്താൻ പറഞ്ഞു. അവിടെയുണ്ടായിരുന്നവരെല്ലാം ഇണങ്ങിയും പിണങ്ങിയും പല വിധത്തിൽ പറഞ്ഞുനോക്കിയിട്ടും വാര്യർ ആ ഇലയിൽ ചെന്നിരുന്നില്ല. ബലാൽ പിടിച്ചുകൊണ്ടുപോകാനായി ശ്രമിച്ചപ്പോൾ വാര്യർ ശവംപോലെ നിശ്ചേഷ്ടനായിക്കിടന്നുകളഞ്ഞു. ഒരു നിവൃത്തിയുമില്ലെന്നായപ്പോൾ പൂജ കഴിച്ചുകൊണ്ടിരുന്ന എഴുത്തച്ഛന്റെ അടുക്കൽ ചെന്നു വിവരം പറഞ്ഞു. എഴുത്തച്ഛൻ ഉടനെ ഒരു പിടി അരിയും പൂവും വാരിയെടുത്തു ജപിച്ചു കൊടുത്ത് അത് ആ വാര്യരുടെ ശിരസ്സിൽ കൊണ്ടുചെന്നിടാൻ പറഞ്ഞു. അരിയും പൂവും ശിരസ്സിലിട്ട ക്ഷണത്തിൽ വാര്യരെണീറ്റ് ആ തൂശനിലയിൽ ചെന്നിരുന്നു. എഴുത്തച്ഛൻ ഭസ്മം ജപിച്ചിട്ട് തുള്ളിക്കയും രക്ഷസ്സു സത്യം ചെയ്ത് ഒഴിഞ്ഞുപോവുകയും ചെയ്തു.

ഈ കൃ‌ഷ്ണനെഴുത്തച്ഛൻ മരിച്ചിട്ട് ഇപ്പോൾ 9 കൊല്ലമേ ആയിട്ടുള്ളൂ. ഇദ്ദേഹത്തിന്റെ മകനാണ് ഇപ്പോൾ ഈ തറവാട്ടിൽ കാരണവരായിരിക്കുന്ന കുഞ്ചുവെഴുത്തച്ഛൻ. അദ്ദേഹവും നല്ല മന്ത്രവാദിയാണ്.

ചെമ്പ്രയെഴുത്തച്ഛന്മാർ മന്ത്രവാദം ചെയ്യണമെങ്കിൽ ആദ്യം തന്നെ അവരുടെ പരദേവതകൾക്ക് വഴിപാടിനായി ആറണ അവിടെക്കൊടുക്കണം. ഇതു മുൻപിനാലെ ഉള്ള പതിവാണ്. പിന്നെ വലതും കൊടുത്താലും ഒന്നും കൊടുത്തില്ലെങ്കിലും യാതൊരു വിരോധവുമില്ല.

മാക്കുവെഴുത്തച്ഛന്റെ കാലത്ത് അദ്ദേഹത്തിന്റെ പടിപ്പുരമാളികയിൽ ദിവസംപ്രതി അനേകം യോഗ്യന്മാർ വന്നുകൂടുകയും മൃദംഗംവായന, വീണവായന, പാട്ട് മുതലായവയും ചതുരംഗക്കളി, ചെപ്പടി വിദ്യ മുതലായവയും പതിവായിരുന്നു. ഇതു കൂടാതെ എഴുത്തച്ഛൻ‍ ശ്രീകൃ‌ഷ്ണന്റെ ഒരു ചിത്രം വെച്ച് അതിന്റെ മുമ്പിലിരുന്ന് പതിവായി ഭാഗവതം വായിക്കുകയും ചെയ്തിരുന്നു. ആ ചിത്രം ഇപ്പോഴും അവിടെ ഇരിക്കുന്നുണ്ട്. ഭാഗവതപാരായണം ഇപ്പോഴും അവിടെ പതിവായി നടത്തിവരുന്നുണ്ട്. കാലക്രമംകൊണ്ട് ആ ചിത്രത്തിന് ഭഗവൽസാന്നിദ്ധ്യമുണ്ടായിത്തീരുകയാൽ ആ മാളികയിൽ രാത്രികാലങ്ങളിൽ ചില ദിവ്യന്മാർ വന്നു പോകുന്നുണ്ടെന്നാണ് വിശ്വാസം. അതിനാൽ ആ പടിപ്പുര മാളികയിൽ രാത്രിയിൽ മനു‌ഷ്യരാരും കിടക്കാറില്ല. അവിടെ കിടന്നുറങ്ങുന്നവരെ ആരോ ഉരുട്ടിത്താഴെയിടുമെന്നുള്ളത് തീർച്ചയാണ്. രാത്രിയിൽ ചിലപ്പോൾ ആ മാളികയിൽ പാട്ടും വീണവായനയും മറ്റും കേൾക്കാറുണ്ടായിരുന്നുവെന്നല്ല, ഇപ്പോഴും കേൾക്കാം. അതു ഞായർ, ചൊവ്വ, വെള്ളി ഈ ആഴ്ചകളിലാണ്.