കുന്ദലത
രചന:അപ്പു നെടുങ്ങാടി
യോഗീശ്വരൻ

കുന്ദലത

  • ആമുഖം
  1. യോഗീശ്വരൻ
  2. കുന്ദലത
  3. നായാട്ട്
  4. ചന്ദനോദ്യാനം
  5. രാജകുമാരൻ
  6. അതിഥി
  7. വൈരാഗി
  8. ഗൂഢസന്ദർശനം
  9. അഭിഷേകം
  10. ശിഷ്യൻ
  11. ശുശൂഷകി
  12. ദൂത്
  13. ദുഃഖ നിവാരണം
  14. അനുരാഗവ്യക്തി
  15. നിഗൂഹനം
  16. യുദ്ധം
  17. അഭിഞ്ജാനം
  18. വിവരണം
  19. വിമോചനം
  20. കല്യാണം

കുന്ദലത


[ 1 ]

1. യോഗീശ്വരൻ


ണ്ഡകാരണ്യത്തിന്റെ എത്രയും ഉത്തരഭാഗത്ത് വില്വാദ്രി എന്നൊരു മലയുടെ താഴ്‍വാരത്തിൽ ധർമ്മപുരി എന്നൊരു ഗ്രാമം ഉണ്ടായിരുന്നു. അവിടെ ഈ കഥയുടെ കാലത്ത് രണ്ടോ നാലോ ബ്രാഹ്മണഗൃഹങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അധികം ജനങ്ങൾ ചക്കാലന്മാരായിരുന്നു. ധർമപുരിയിൽ നിന്ന് ഒരു കാതം ദൂരത്തു് ഒരു ചന്തയും ഉണ്ടായിരുന്നു. ആ ചന്തയിൽ എണ്ണ വിറ്റിട്ടായിരുന്നു അവരുടെ നിത്യവൃത്തി. ഒരു ദിവസത്തെ വഴി കിഴക്കോട്ടായി സാമാന്യം വലിയ ഒരു പട്ടണം ഉണ്ടായിരുന്നതിലേക്കു പോകുന്ന പെരുവഴി ധർമപുരിയുടെ സമീപത്തിൽക്കൂടിയായിരുന്നതിനാൽ ഒരു കുഗ്രാമമാണങ്കിലും അവിടെ ദിവസേന രണ്ടുനാലു വഴിപോക്കന്മാർ എവിടുന്നെങ്കിലും എത്തിക്കൂടുക പതിവായിരുന്നു.

ഒരു ദിവസം തിരിഞ്ഞു് പതിറ്റടി സമയമായപ്പോൾ ഒരു ബ്രാഹ്മണൻ വഴി നടന്നു ക്ഷീണിച്ച് ധർമപുരിയിൽ എത്തി. ദുർഗ്ഗാലയത്തിന്റെ മുമ്പിലുള്ള ആൽത്തറയിന്മേൽ വന്നിരുന്നു. അല്പനേരം കാറ്റുകൊണ്ടു ക്ഷീണം തീർന്നപ്പോഴേക്ക് വേറെ ഒരാൾകൂടി എത്തി. ആ ആളെ കണ്ടാൽ ഒരു യോഗീശ്വരനാണെന്നു തോന്നും. പീതാംബരം ചുറ്റിയിരിക്കുന്നു. വേറെ ഒരു വസ്ത്രം കൊണ്ട് ശരീരം നല്ലവണ്ണം മറയത്തക്കവിധത്തിൽ പുതച്ചിരുന്നതിനു പുറമെ ഒരു മാന്തോൽകൊണ്ട് ഇടത്തുഭാഗം മുഴുവനും മറയ്ക്കുകയും ചെയ്തിരിക്കുന്നു. കഴുത്തിൽകൂടി പുറത്തേക്ക് ഒരു ചെറിയ ഭാണ്ഡം തൂക്കീട്ടുണ്ട്. കൈയിൽ ഒരു ദണ്ഡും ഉണ്ട്. വലിയ ജടാഭാരം ശിരസ്സിന്റെ മുൻഭാഗത്ത് നിർത്തിക്കെട്ടിവച്ചിരിക്കുന്നു. താടി അതിനിബിഡമായി വളർന്നിട്ടുള്ളതിൽ അങ്ങുമിങ്ങും ദുർലഭമായി ഒന്നോ രണ്ടോ നരച്ച രോമവും കാണ്മാനുണ്ട്. ഉന്നതകായനായ അദ്ദേഹത്തിന്റെ ലക്ഷണയുക്തമായ മുഖവും വ്യുഢമായിരിക്കുന്ന ഉരസ്സും പീവരമായിരിക്കുന്നെ സ്കന്ധവും ഉജ്ജ്വലത്തുക്കളായിരിക്കുന്ന നേത്രങ്ങളും ശരീരത്തിന്റെ തേജസ്സും കണ്ടാൽ സാമാന്യനല്ലെന്ന് ഉടനെ തോന്നാതെയിരിക്കയില്ല. അങ്ങനെയിരിക്കുന്ന യോഗീശ്വരനും ആ ആൽത്തറയിന്മേൽത്തന്നെ വന്നിരുന്നു. ദുർഗ്ഗാലയത്തിലേക്കു ദർശനത്തിനു പോയിക്കൊണ്ടിരുന്ന ചിലരല്ലാതെ അവിടെ സമീപം വേറെ ആരും [ 2 ] ഉണ്ടായിരുന്നില്ല. ബ്രാഹ്മണൻ യോഗീശ്വരനെ കണ്ടപ്പോൾ വളരെ വിസ്മയിച്ചു എങ്കിലും യോഗീശ്വരൻ മൗനവ്രതക്കാരനായിരിക്കുമോ എന്നു ശങ്കിച്ച് ഒന്നും ചോദിച്ചില്ല. കുറച്ചു കഴിഞ്ഞപ്പോൾ യോഗീശ്വരൻതന്നെ സംഭാഷണം തുടങ്ങി:

യോഗീശ്വരൻ: അങ്ങുന്ന് ഏതു ദിക്കിൽനിന്നാണ് വരുന്നത്, എങ്ങോട്ടേക്കാണ് ഇപ്പോൾ പോകുന്നത്, എന്നറിവാൻ ആഗ്രഹിക്കുന്നു.

ബ്രാഹ്മണൻ: ഞാൻ അവന്തിരാജ്യത്തിൽ നിന്നാണ് ഇപ്പോൾ വരുന്നത്. കുറെക്കാലമായിട്ടു സഞ്ചാരംതന്നെയായിരുന്നു. ഇപ്പോൾ പോകുന്നത് ബദരീപട്ടണത്തിലേക്കാണ്. അങ്ങുന്നു ആരാണെന്ന് അറിഞ്ഞാൽകൊള്ളായിരുന്നു.

യോഗീശ്വരൻ: ഞാനും അങ്ങേപ്പോലെതന്നെ ഒരു സഞ്ചാരിയാണ്. എന്നാൽ ഈയിടെ കുറെക്കാലമായി ഒരു ദിക്കിൽ സ്ഥിരമായിട്ടാണ് താമസിച്ചുവരുന്നത് . അങ്ങേ കണ്ടപ്പോൾ വിശേഷവർത്തമാനങ്ങൾ വല്ലതും ഉണ്ടെങ്കിൽ അറിയാമല്ലോ എന്നുവിചാരിച്ച് ചോദിച്ചതാണ്. ചേദിരാജ്യത്തോ അതിനടുക്കയോ മറ്റോ വിശേഷവർത്തമാനങ്ങൾ വല്ലതും ഉണ്ടോയെന്നറിയാമോ? എനിക്കു കുറച്ചുകാലം കഴിഞ്ഞാൽ ആ ദിക്കുകളിലേക്ക് പോകണമെന്നുണ്ടായിരുന്നു.

ബ്രാഹ്മണൻ: അവന്തിരാജ്യത്തെ വലിയ രാജാവ് വാനപ്രസ്ഥത്തിനു പോയിരിക്കുന്നു എന്നറിയുന്നു. അദ്ദേഹത്തിന്റെ സീമന്തപുത്രന് അഭിഷേകമായിരുന്നു‍ ഞാനവിടെ ചെന്നപ്പോൾ. പിന്നെ വിശേഷാൽ- വിശേഷാൽ ഒന്നുമില്ലെന്നില്ല. കലിംഗ രാജാവിന്റെ പുത്രന്നു വിവാഹം ആലോചിക്കുന്നുണ്ടെന്നോ നിശ്ചയിച്ചിരിക്കുന്നുവെന്നോ ഒരു വർത്തമാനം കേൾക്കയുണ്ടായി.

യോഗീശ്വരൻ: നിശ്ചയിച്ചുകഴിഞ്ഞുവോ? എന്നാണെന്നു കേൾക്കയുണ്ടായോ?

ബ്രാഹ്മണൻ: അത് എനിക്കു രൂപമില്ല. ആ ദിക്കിൽ രാജകുമാരനും മന്ത്രികുമാരിയുമായി വിവാഹം നിശ്ചയിച്ചിരിക്കുന്നു എന്നൊരു കിംവദന്തിയുണ്ട്. ഞാൻ ഇങ്ങോട്ട് പോരുന്നതാകയാൽ സൂക്ഷ്മം അന്വേഷിപ്പാൻ എനിക്കു അത്ര താൽപ്പര്യം ഉണ്ടായുമില്ല.

യോഗീശ്വരൻ: വേറെ വിശേഷവർത്തമാനങ്ങൾ ഒന്നും ഇല്ലായിരിക്കും?

ബ്രാഹ്മണൻ: വേറെ ഒന്നും കേട്ട ഓർമ തോന്നുന്നില്ല.

ഇങ്ങനെ ബ്രാഹ്മണനും യോഗീശ്വരനും തമ്മിൽ കുറച്ചു നേരം കൂടി സംഭാഷണം ചെയ്തശേഷം ബ്രാഹ്മണൻ സ്നാനത്തിന്നായി യോഗീശ്വരനോട് യാത്ര പറഞ്ഞു പോയി, നേരം സന്ധ്യയുമായി. യോഗീശ്വരൻ ചിന്താപരനായിട്ടോ എന്നു തോന്നും. അല്പനേരം [ 3 ] അവിടെത്തന്നെ കാററുകൊണ്ടുംകൊണ്ടിരുന്നശേഷം എഴുനീറ്റ് നേരെ വടക്കോട്ടു ഒരു ചെറിയ ഊടുവഴിയിൽകൂടെ പോയി. വില്വാദ്രിയുടെ താഴ്‍വാരത്തിൽ ജനസഞ്ചാരമില്ലാത്ത ഒരേടത്തുകൂടി യാതൊരു ഭയമോ സംശയമോ കൂടാതെ ആ ദിക്കൊക്കേയും നല്ല പരിചയമുള്ളതുപോലെ നടന്നു. നാലു പുറത്തും അതിഘോരമായ വനം. ജനങ്ങളാരും നല്ല പകൽസമയത്തുകുടി ആ ദിക്കിലേക്ക് സ്മരിക്കയില്ല. വില്വാദ്രിയുടെ മുകളിൽ യക്ഷകിന്നരന്മാരുടെ വാസസ്ഥലമാണെന്നായിരുന്നു പൊതുജനങ്ങളുടെ വിശ്വാസം. വിജനതകൊണ്ടു് സ്വതേ ഭയങ്കരമായിരുന്ന ആ വനപ്രദേശം കൂടണയുവാൻ ശ്രമിക്കുന്ന പല പക്ഷികളുടെ ഉച്ചത്തിലുള്ള ക്രേങ്കാരങ്ങളാലും രാത്രി മാത്രം സ‍ഞ്ചരിക്കുന്ന മററു പല പക്ഷികളുടെയും ദുഷ്ടമൃഗങ്ങളുടെയും ഉത്സാഹസൂചകങ്ങളായ ബഹുവിധ അപശബ്ദങ്ങളാലും, അപ്പോൾ അധികം ഭയങ്കരമായിരുന്നു. ധൈര്യശാലികൾക്കുകൂടി അപ്പോൾ ആ പ്രദേശത്ത് സഞ്ചരിക്കുന്നതായാൽ എന്തെന്നില്ലാത്ത ഒരു ഭയം തോന്നാതിരിക്കയില്ല. യോഗീശ്വരനാകട്ടെ യാതൊരു കുലുക്കവും കൂടാതെ പെരുത്ത വങ്കാട്ടിൻ നടുവെ മലയുടെ മുകളിലേക്കു കയറിത്തുടങ്ങി. ഇടക്കിടെ തന്റെ വഴി തെറ്റിപ്പോകാതിരിപ്പാൻ ചിലവൃക്ഷങ്ങളേയോ പാറകളെയോ അടയാളം വച്ചിട്ടുള്ളതുമാത്രം നോക്കിക്കൊണ്ടു വേഗം കയറിച്ചെന്നപ്പോൾ, വഴിയിൽ വലിയ ഒരു പാറപ്പുറത്ത് കരിമ്പടംകൊണ്ടു ശരീരം മുഴുവൻ മൂടി ഒരു മനുഷ്യൻ ഇരിക്കുന്നതു കണ്ടു. സാധാരണ ഒരാളാണെങ്കിൽ ആ രൂപം കണ്ടാൽ പേടിക്കാതിരിക്കയില്ല. യോഗീശ്വരനെ കണ്ടപ്പോൾ ആ മനുഷ്യൻ എഴുനീറ്റ് അടുത്തു വന്നു വണങ്ങി: 'സ്വാമി ഇത്ര താമസിച്ചതുകൊണ്ടു ഞങ്ങൾ കുറേ ഭയപ്പെട്ടു' എന്നു പറഞ്ഞു. യോഗീശ്വരൻ, 'ഞാൻ വിചാരിച്ചതിൽ അല്പം അധികം വൈകിപ്പോയി. ആകട്ടെ,നീ വേഗം മുമ്പിൽ നടന്നോ' എന്നുത്തരം പറഞ്ഞു. രണ്ടുപേരും കൂടി വേഗത്തിൽ നടന്നു തുടങ്ങി. വൃക്ഷങ്ങളുടെ നിബിഡതകൊണ്ടും രാത്രിയായതിനാലും കാത്തുനിന്നിരുന്ന അവൻ ഒരു ചൂട്ടു കൊളുത്തി, ഏകദേശം ഒരു നാഴിക മേല്പോട്ടു കയറിയപ്പോഴേക്കു് ദൂരെ വേറൊരു വെളിച്ചം കാണുമാറായി. ആ വെളിച്ചത്തിന്റെനേരെ ഇവർ രണ്ടാളുകളും നടന്ന് താമസിയാതെ ഒരു പർണാശ്രമത്തിൽ എത്തി.

ആയതു യോഗീശ്വരന്റെ വാസസ്ഥലമാണ്. വലിയ വൃക്ഷങ്ങൾ അതിന്നു വളരെ അരികെ ഒന്നും ഇല്ല. തുറന്നു പരന്ന സ്ഥലം, ശീതളമായ കാറ്റ്, വിശേഷപരിമളമുള്ള അനവധി കുസുമങ്ങൾ ഭവനത്തിന്റെ മുൻഭാഗത്തുതന്നെ പൂത്തുനില്ക്കുന്നുണ്ടാകയാൽ മന്ദാനിലൻ വീശുന്ന ‍സമയം പരമാനന്ദം തന്നെ. യോഗീശ്വരന്റെകൂടെ വന്നവൻ അദ്ദേഹത്തിന്റെ ഭൃത്യനായിരുന്നു. രണ്ടുപേരും കൂടി ആശ്രമത്തിന്റെ പടിക്കൽ എത്തിയപ്പോഴേക്കു് കുറെ പ്രായംചെന്ന ഒരു സ്ത്രീ ഒരു കോലുവിളക്കുംകൊണ്ട് പുറത്തു വന്നു. യോഗീശ്വരൻ [ 4 ] ചെന്നു കയറിയ ഉടനെ 'കുന്ദലത എവിടെ?' എന്നു ചേദിച്ചു.' ഉറങ്ങുന്നു എന്ന് ആയവൾ ഉത്തരം പറഞ്ഞു. 'ഇത്ര നേരത്തെ ഉറക്കമായതു എന്തേ' എന്നു ചോദിച്ചപ്പോൾ 'പകലൊക്കെയും വളരെ അഹങ്കരിച്ചു ഓടിനടക്കുകയാൽ ക്ഷീണംകൊണ്ടു ഉറങ്ങുന്നതായിരിക്കണം' എന്നുത്തരം പറഞ്ഞു. 'ആകട്ടെ ഉറങ്ങട്ടെ' എന്നു പറഞ്ഞു യോഗീശ്വരൻ അകത്തേക്കു കടന്ന് തന്റെ ഉടുപ്പഴിച്ചുവച്ചു. അതിന്റെകൂടെ ജടയും താടിയുംകൂടി അഴിച്ചുവച്ചു. ആയവ കൃത്രിമമായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ. യോഗീശ്വരൻ പുറത്തേക്കു പോകുമ്പോൾ ആ ജടയും താടിയും വച്ചുകെട്ടുക പതിവായിരുന്നു .അതിന്റെ ആവശ്യം എന്തെന്നറിവാൻ പ്രയാസം. പക്ഷേ, സ്വകാരാച്ഛാദനത്തിനായിരിക്കാം.മഹാന്മാരുടെ അന്തർഗതം അറിവാൻ എളുതല്ലല്ലോ.

ഏതെങ്കിലും, വേഷം ഒക്കെയും അഴിച്ചുവച്ചപ്പോൾ മുഖത്തിനു വളരെ സൗമ്യത കൂടി. സ്വതേയുള്ള പകുതി നരച്ച താടിയും മീശയും കാണുമാറായി. മുഖത്തു പ്രായാധിക്യസൂചകങ്ങളായ ഒന്നു രണ്ടു ചുളികൾ ഉണ്ട്. ചുരുണ്ടു നീളം കുറഞ്ഞ തലമുടി വകഞ്ഞു പിൻഭാഗത്തേക്കു മാടിവച്ചു. ഉടുപ്പു്കോപ്പുകളും അതാതിന്റെ പാട്ടിൽ എടുത്തുവച്ച്, 'ആ- ആ-വൂ! കാലം! കാലം! എത്ര വേഗത്തിൽ പോകുന്നൂ കാലം! അത്ഭുതം' എന്നു പറഞ്ഞു് വളരെ വിചാരങ്ങൾ ആ ക്ഷണനേരം കൊണ്ട് തന്റെ മനസ്സിൽകൂടി പാ‍ഞ്ഞുപോയതുപോലെ ഒരു ദീർഘശ്വാസം അയച്ചു് മറ്റേ അകത്തിന്റെ വാതിൽ പതുക്കെ തുറന്നു കടന്നു.

ചുവരിന്മേൽ വളരെ മങ്ങികൊണ്ടു കത്തിയിരുന്ന വെളിച്ചം കുറച്ചുകൂടി പ്രകാശിപ്പിച്ച് കുറഞ്ഞൊരു പരിഭ്രമത്തോടുകൂടി അടുക്കെ ഒരു കട്ടിലിന്മേൽ കിടന്നുറങ്ങിയിരുന്ന ഒരു കുമാരിയെ അധികമായ പ്രേമമോടും ആനന്ദത്തോടുംകൂടി കുറച്ചുനേരം കുമ്പിട്ടുനോക്കി. അപ്പോൾ മനസ്സിൽ നിറഞ്ഞിരുന്ന വിചാരങ്ങൾ ജലരൂപേണ പുറപ്പെടുകയോ എന്നു തോന്നുംവണ്ണം രണ്ടുമൂന്ന് അശ്രുബിന്ദുക്കൾ യോഗീശ്വരന്റെ നേത്രങ്ങളിൽനിന്ന് അദ്ദേഹത്തിന്റെ അറിവുകൂടാതെ ഉറങ്ങുന്ന കുമാരിയുടെ മാറിടത്തിൽ പൊടുന്നനെ വീണു. ഉടനെ ആ കുമാരി കണ്ണു മിഴിച്ച് അച്ഛാ! അച്ഛാ! എന്നു വിളിച്ച് എഴുനീറ്റിരുന്നു്, യോഗീശ്വരനെ ഗാഢമായി ആലിംഗനം ചെയ്തു. ഈ വ്യസനത്തിന് കാരണമെന്തെന്നു ചോദിക്കും വിധത്തിൽ അതിഖിന്നതയോടുകൂടി യോഗീശ്വരന്റെ മുഖത്തേക്കു നോക്കി. യോഗീശ്വരൻ, 'ഒട്ടും പരിഭ്രമിക്കേണ്ട, വിശേഷാൽ ഒന്നും ഇല്ല. ഞാൻ കുറച്ചുമുമ്പെ പുറത്തേക്കു പോയിരുന്നു, വരുവാൻ കുറേ വൈകിപ്പോയി. വന്ന ഉടനെ എന്റെ കുട്ടിക്കു തരക്കേടൊന്നും ഇല്ലല്ലോ എന്നറിവാൻ വേണ്ടി വന്നു നോക്കിയതാണു്. സുഖമായി ഉറങ്ങുന്നതുകണ്ടപ്പോൾ എനിക്കു സന്തോഷവും, കുട്ടിക്കു വല്ലതും വന്നുപോയാൽ എനിക്കുണ്ടാവുന്ന വ്യസനവുംകൂടി [ 5 ] വിചാരിച്ചപ്പോൾ ഞാൻ അറിയാതെ കണ്ണുനീർ പൊടിഞ്ഞതാണു്. അല്ലാതെ ഒന്നും ഇല്ല, ഉറങ്ങിക്കൊള്ളു. ഞാൻ നമുക്ക് അത്താഴത്തിനു കാലമായാൽ വന്നു വിളിക്കാം' എന്നു പറഞ്ഞു. കുമാരി, 'അച്ഛാ! എനിക്കു സംസാരിപ്പാൻ ആരും ഇല്ലാഞ്ഞിട്ടും തോട്ടത്തിൽ പണി എടുത്തതിന്റെ ക്ഷീണംകൊണ്ടും ഇത്ര നേരത്തെ ഉറങ്ങിപ്പോയതാണു്. അച്ഛൻ വന്നുവല്ലോ, ഇനി എനിക്കു ഉറങ്ങേണ്ട' എന്നു പറഞ്ഞു. യോഗീശ്വരനും ആ കുമാരിയുംകൂടി ഉമ്മറത്തേക്കു പോകുമ്പോൾ, മുമ്പേ പറഞ്ഞ മുത്തശ്ശി അമ്മ 'ഉമ്മാൻ കാലായിരിക്കുന്നു' എന്നു പറഞ്ഞു. യോഗീശ്വരൻ 'എന്നാൽ ഊൺ കഴിയട്ടെ' എന്നു പറഞ്ഞു് കാലും മുഖവും കഴുകി ഉമ്മാൻ ഇരുന്നു.

കുന്ദലത എന്ന ആ കുമാരി യോഗീശ്വരന്നു് പതിവു പോലെ ചോറു മാത്രം വിളമ്പി കൊടുത്തു് അടുക്കേതന്നെ ഉമ്മാൻ ഇരുന്നു. യോഗീശ്വരൻ ഒന്നും സംസാരിക്കാതെ വേഗത്തിൽ ഉമ്മാൻ തുടങ്ങി. കുന്ദലത 'എന്താ അച്ഛാ! എനിക്കു് ഉരുള തരാതെ ഉമ്മാൻ തുടങ്ങിയതു്?' എന്നു ചോദിച്ചു. യോഗീശ്വരൻ 'ഓ! അതു ഞാൻ മറന്നുപോയേ!' എന്നു പറഞ്ഞു് കൈ കഴുകി വേറെ കുറെ ചോറു മേടിച്ചു് വേഗത്തിൽ ഒരു ഉരുള ഉരുട്ടി കുന്ദലതയ്ക്കു് കൊടുത്തു. 'ഞാൻ വഴി നടന്ന ക്ഷീണംകൊണ്ടും, വിശപ്പുകൊണ്ടും പതിവുപോലെ ഉരുള തരുവാൻ മറന്നതാണു് ' എന്നു പറഞ്ഞു. കുന്ദലത 'അച്ഛൻ ക്ഷീണം കൊണ്ടു മറന്നതായിരിക്കും എന്നു ശങ്കിച്ചു; എങ്കിലും എനിക്കു് അച്ഛൻ തരുന്ന ഉരുള ഒന്നാമതുണ്ടില്ലെങ്കിൽ സുഖമില്ല. അതു കൊണ്ട് ചോദിച്ചതാണ്' എന്നു പറഞ്ഞു് ഉമ്മാൻ തുടങ്ങി. ഊൺ കഴിഞ്ഞാൽ രണ്ടുപേരുംകൂടി ഉമ്മറത്തും മുറ്റത്തും കുറച്ചുനേരം നടക്കുക പതിവുണ്ടു്. അന്നു രാത്രി അധികനേരം നടന്നില്ല. എന്നു തന്നെയല്ല, തമ്മിൽ അധികമായി ഒന്നും സംസാരിച്ചതുമില്ല. പൂന്തോട്ടത്തിൽ താൻ അന്നു ചെയ്ത പ്രയത്നങ്ങളെക്കുറിച്ചു് കുന്ദലത ചിലതൊക്കെ പറഞ്ഞതു് യോഗീശ്വരൻ മൂളിക്കേട്ടു എങ്കിലും മറുപടി പറഞ്ഞില്ല. അസാരം നേരം നടന്നശേഷം യോഗീശ്വരൻ 'പാർവതീ' എന്നു വിളിച്ചു. അപ്പോൾ ആ പ്രായം ചെന്ന സ്ത്രീ പുറത്തു വന്നു കിടക്ക വിരിച്ചിരിക്കുന്നുവെന്നറിയിച്ചു. 'കിടക്കാൻ സമയമായാൽ പോയിക്കിടന്നുകൊള്ളു' എന്നു പറഞ്ഞു. യോഗീശ്വരൻ കുന്ദലതയെ കൊണ്ടു പോയിക്കിടത്തി. 'ഞാനും കിടക്കട്ടെ' എന്നു പറ‍ഞ്ഞു പോകുവാൻ തുടങ്ങുമ്പോൾ 'ഇന്നു് അച്ഛനെന്താ ഇത്ര മറവി' എന്നു് കുന്ദലത ചോദിച്ചു. 'ഓ! എന്റെ മറവി ഇന്നു കുറെ അധികംതന്നെ, ക്ഷീണം കൊണ്ടാണു്' എന്നു പറഞ്ഞു് പതിവു പോലെ കുന്ദലതയുടെ കവിളിന്മേൽ ഗാഢമായി ചുംബനം ചെയ്ത് 'ഉറങ്ങിക്കൊള്ളൂ' എന്നു പറഞ്ഞു് വിളക്കു നന്നെ താഴ്‌ത്തി പുറത്തേക്കു പോയി.

എന്നാൽ, കുന്ദലതയോടു പറഞ്ഞപോലെ ഉറങ്ങുകയല്ല ചെയ്തതു്. കുറെ നേരം ഉമ്മറത്തു് ഉലാത്തിയശേഷം മുറ്റത്തേക്കിറങ്ങി [ 6 ] 'രാമദാസാ' എന്നു വിളിച്ചു. അപ്പോഴേക്കു് യോഗീശ്വരന്റെ ഭൃത്യൻ വന്നു. അവനോടു് മൂന്നുനാലു നാഴികനേരം രഹസ്യമായി ചിലതു സംസാരിച്ചു് അവനെ ഉറങ്ങുവാൻ പറ‍‍ഞ്ഞയച്ചു. പിന്നെയും വളരെ മനോരാജ്യത്തോടും ആലോചനയോടും കൂടി താൻ ഏകനായി കുറെ നേരം മുറ്റത്തു് അങ്ങോട്ടും ഇങ്ങോട്ടും നടന്നു്, ഏകദേശം അർദ്ധരാത്രി സമയമായപ്പോൾ ഉറങ്ങുവാൻ പോകയുംചെയ്തു.

"https://ml.wikisource.org/w/index.php?title=കുന്ദലത/യോഗീശ്വരൻ&oldid=134487" എന്ന താളിൽനിന്ന് ശേഖരിച്ചത്