കാന്തതേ, നിൻ വിടർന്ന മുഖത്തുനി-
ന്നേതോ സുഗന്ധമന്നാദ്യമായെത്തവേ;
കോമളമാകുമൊരത്യനുഭൂതിയിൽ
കോൾമയിർക്കൊണ്ടിതെന്നാത്മാവുപോലുമേ!

പാപക്കറപിടിച്ചേറെപ്പരുത്തോരെൻ
പാണികൾ നിൻ കൈത്തളിരിൽ ഗഹിച്ചു, നീ,
സല്ലീല, മോമലേ, സാമോദ, മെന്നോടു
സല്ലപിച്ചീലെത്ര സായന്തനങ്ങളിൽ?

മിന്നിവിടർന്ന മധുരപ്രതീക്ഷകൾ
മണ്ണിലൊന്നൊന്നായടർന്നുവീണങ്ങനെ;
കാല, മിരിക്കാൻ നമുക്കൊരുക്കിത്തന്നു
കാമദമാമൊരു പുഷ്പശയ്യാതലം!

നഷ്ടസൌഭാഗ്യസ്മൃതിയാൽ പലപ്പൊഴും
പൊട്ടിക്കരഞ്ഞു നിൻ ചാരത്തിരുന്നു ഞാൻ.
അപ്പൊഴെല്ലാ, മത്യുദാരമെൻ കണ്ണുനീ-
രൊപ്പിയൊപ്പി, സ്വയം, സാന്ത്വനിപ്പിച്ചു നീ!
പ്രാണനെക്കാളും പ്രിയപ്പെട്ട നിന്നൊ, ടെൻ
പ്രാണരഹസ്യങ്ങൾപോലും, പറഞ്ഞു ഞാൻ.

മച്ചിത്തവൃത്തിതൻ ശുദ്ധി കണ്ടി, ട്ടിളം-
പിച്ചകപ്പൂപോലെ, പുഞ്ചിരിക്കൊണ്ടു നീ;
നീചവികാരങ്ങളെന്നിൽ കിളരുകിൽ
നീരസപ്പെട്ടു മുഖം കറുപ്പിച്ചു നീ;
ഞാനങ്ങു പുൽകാനണഞ്ഞാൽ, പൊടുന്നനെ
നാണംകുണുങ്ങിപിടഞ്ഞേറ്റകന്നു നീ
പിന്മടങ്ങുമ്പോൾ നിരാശനായ്ഞാ,നെന്റെ
പിന്നാലെവന്നുടൻ കെട്ടിപ്പിടിച്ചു നീ;-
ഓതാവതല്ലെനി,ക്കേതോ നിരഘമാ-
മോടക്കുഴലായിരുന്നു നീ, യോമനേ!
നിന്നിൽ നിന്നൂറിയ നിശ്ശബ്ദസംഗീത-
നിർമ്മലപീയൂഷനിർഝരവീചികൾ
മാറിമാറി, സ്വയം, താലോലമാടി, യെൻ
മാലാണ്ട മാനസപ്പൊൻകളിത്തോണിയെ,
കൊണ്ടുപോകാറു, ണ്ടനുപമകൽപക-
ച്ചെണ്ടിട്ടൊരേതോ വനിയിലേ, ക്കെന്തിനോ!

ഫുല്ലപ്രമാദപ്രസന്നേ, മരിപ്പോള-
മില്ല, ഞാൻ നിന്നെ മറക്കില്ലൊരിക്കലും!
ശങ്കിച്ചിടായ്കെന്നെ ലേശവും, നിന്നെ, യെൻ
സങ്കൽപ,മെന്നും പുണർന്നോമനിച്ചിടും!

കൊച്ചുപൂമ്പാറ്റതൻ പിന്നാലെ, വെമ്പി ഞാൻ
പിച്ചവെച്ചാദ്യം നടന്നനാൾതൊട്ടിദം
ഇന്നോള,മെന്നെപ്പിരിയാ,തരികത്തു
നിന്നവളാ,ണെൻ കളിത്തോഴിയായി, നീ!
ആനന്ദരംഗങ്ങളെലാം, മറക്കിലു-
മാ നന്ദിയെന്നും തുളുമ്പുമെൻ പ്രാണനിൽ!

ഇന്നു ഞാ,നായിരം ജോലിത്തിരക്കിനാ-
ലൊന്നിനുമൊട്ടും സമയമില്ലാത്തവൻ-
അഭ്യുദയത്തിന്റെ വാതിൽക്കലെത്തുവാൻ
മൽപ്രയത്നത്താൽ വഴിതെളിക്കേണ്ടവൻ.
മുന്നേക്കണക്കെനിക്കിപ്പൊഴും, നിന്നടു-
ത്തൊന്നിച്ചിരുന്നാൽ മതിയോ, മനോരമേ?
നിന്നെപ്പിരിഞ്ഞിദം പോവ,തുലകിലെൻ
വെന്നിക്കൊടികൾ പറത്തുവാനാണു ഞാൻ!
ഇത്രനാൾ പാഴിൽക്കളഞ്ഞി,തൊരുവെറും
സ്വപ്നത്തി,ലെന്റെ നിലയറിയാതെ ഞാൻ.
ഇന്നു ഞാൻ കണ്ണുതുറന്നു; നീ മാറാതെ
മിന്നുകില്ലെന്റെ പുരോഗതിപ്പാതകൾ!
കിട്ടുമിസ്ഥാനത്തൊരായിരംപേരെ, നിൻ
പട്ടുടൽ പുൽകാൻ നിനക്കു വേണ്ടുന്നവർ.
ഈ വിയോഗത്തിലൊരുൽക്കടസങ്കടം
ഭാവിക്കുവാനെന്തിനുദ്യമിക്കുന്നു നീ?
ലജ്ജയില്ലാത്ത നിൻ ചേഷ്ടകണ്ടെൻ മുഖ-
ത്തുദ്ഭവിക്കുന്നു പരിഹാസസുസ്മിതം!
നിന്നൊടിന്നോളം പിണങ്ങിയിട്ടില്ല ഞാൻ
നിന്നോടു മേലും പിണങ്ങുകയില്ല തോഴി.
മോഹനേ, നമ്മുടെ വേർപാടിതെൻ വെറും
സ്നേഹമില്ലായ്കയായെണ്ണായ്ക മേലിൽ നീ!
പൊയ്പ്പോയനാളുകൾ നൽകിയോരുജ്ജ്വല-
സ്വപ്നാനുഭൂതികൾ മാത്രമോർത്തെങ്കിലും
വിട്ടുപിരിയാൻ വിടതരൂ!-വന്നിതാ
കർത്തവ്യമെന്നെ വിളിക്കുന്നു-പോട്ടെ ഞാൻ!
വിസ്മരിക്കില്ല ഞാൻ നീയെനിക്കേകിയ
വിസ്മയനീയവിവിധാനുഭൂതികൾ!
എന്നും കൃതജ്ഞനിത്തോഴൻ!-മറന്നേക്കു-
കെന്നെ!-ഞാൻ പോട്ടെ!-മടങ്ങുകേകാന്തതേ!

                             -നവംബർ 1937

"https://ml.wikisource.org/w/index.php?title=ചൂഡാമണി/പണ്ടത്തെ_തോഴി&oldid=36438" എന്ന താളിൽനിന്ന് ശേഖരിച്ചത്