ചൂഡാമണി/വിഷാദത്തിന്റെ വിരിമാറിൽ

ദിനാന്തചിന്ത:

അങ്ങതാദൂരെപ്പടിഞ്ഞാറു ചെന്നെത്തി
മങ്ങിപ്പൊലിഞ്ഞു മറഞ്ഞിടുന്നെൻ പകൽ.
ദു:ഖം മനസ്സിലെന്നോണം, പരക്കുന്നു
ചക്രവാളത്തിൽ മുഴുവനും കൂരിരുൾ.
ഞാനെന്നപോലീ പ്രപഞ്ചവും നിശ്ചല-
ദ്ധ്യാനനിമഗ്നമായ് നിൽക്കയാണെന്തിനോ!
എത്രകണ്ണീരാൽ നനച്ചുവളർക്കിലു-
മൊറ്റത്തളിരും പൊടിക്കാത്തൊരാശയും;
ചിന്താശതങ്ങളാലോരോ നിമേഷവും
നൊന്തുനൊന്തേങ്ങിക്കരയും ഹൃദയവും;
കാണുന്നതെല്ലാം നിഴലും നിരാശയും
കാണേണ്ടതെല്ലാം വെളിച്ചവും ശാന്തിയും;
-എന്തിതോ ജീവിതം?-വേണ്ട വേണ്ടെന്ന, യെൻ
ചിന്തേ, വിടൂ, വിടൂ, പൊള്ളുന്നു, പോട്ടെഞാൻ!
വാടുവാനുള്ളൊരിപ്പൂവിലും കാണ്മു, ഹാ
വാസനാജന്യമാം മന്ദസ്മിതാങ്കുരം.
എങ്കിലുമച്ചെറു പുഞ്ചിരിക്കുള്ളിലും
തങ്കുന്നിതേതോ കരയാത്തസങ്കടം
നിശ്ശബ്ദദു:ഖ,മതാണു മറ്റെന്തിലും
ദുസ്സഹം-അയ്യോ, ചിരിക്കുന്ന സങ്കടം!
നാമറിയുന്നതില്ലെന്നുമാത്രം-ദീപ-
നാളത്തിനുള്ളിലും തെല്ലിരുൾ കണ്ടിടാം.
കത്തിജ്വലിക്കുമതിങ്കൽനി,ന്നല്ലെങ്കി-
ലെത്തുമോധൂമം? - വിഷാദാസ്പദം സുഖം!
ഞാനും ചിരിക്കാം - പ്രപഞ്ചമറിയാതെ
വേണം ദഹിക്കാനെരിഞ്ഞെരിഞ്ഞെന്മനം.
കാട്ടാറിനെപ്പോൽ കരയാതെ, മേലി, ല-
ക്കൂട്ടിലെപ്പക്ഷിയെപ്പോലെ പാടട്ടെ ഞാൻ!
അന്നെന്നെ ലോകം പുകഴ്ത്തിടും-"സ്വർഗ്ഗത്തിൽ
നിന്നിങ്ങണഞ്ഞോരു ഗന്ധർവനാണവൻ!
എന്തു ഗാനങ്ങൾ, മധുരങ്ങൾ, മാദക-
മുന്തിരിച്ചാറുകൾ, തേന്തെളിച്ചാലുകൾ!"
കഷ്ട, മെൻ ലോകമേ; വേണ്ടെനിക്കത്തര-
മർത്ഥമില്ലാത്തതാം, നിൻ കീർത്തിമുദ്രകൾ!
നിന്നെയെള്ളോളം ഭയമില്ലെനിക്കു, നിൻ
മുന്നിലിക്കണ്ണീർക്കണങ്ങളർപ്പിക്കുവാൻ,
നിന്നഭിപ്രായഹിതങ്ങളെ നോക്കിയ-
ല്ലെന്മനം വർഷിപ്പതുല്ലസൽസ്പന്ദനം!
ഗാനങ്ങളെക്കാൾ മധുരമാം നിർവൃതി-
യാണെനിക്കേകുന്നതീയാത്മരോദനം!
നിൻ നെറ്റിയെത്ര ചുളിഞ്ഞാൽ ചുളിയട്ടെ
കണ്ണുനീർച്ചോലയിൽത്തന്നെ ഞാൻ മേലിലും,
ഈവിധം തോണി തുഴഞ്ഞുപോകും സ്വയം
ഭാവിയിലേക്കെന്റെ സങ്കേതമെത്തുവാൻ.
ആ മയൂഖങ്ങൾ, പുളകങ്ങൾ, പുഷ്പങ്ങൾ
ഹേമപ്രഭകൾ-വിലാസലഹരികൾ
എല്ലാം കഴിഞ്ഞു, മറഞ്ഞു സമസ്തവു-
മില്ലിനിക്കിട്ടില്ലവയിലൊന്നെങ്കിലും!
ശോകവും, ചുറ്റുമിരുട്ടും, നിരാശയു-
മേകാന്തതയുമെനിക്കിതാ ബാക്കിയായ്!
ഭൂമിയണിഞ്ഞുകഴിഞ്ഞു, തണുത്തതാ-
മാ, മരണംപോ,ലൊരാനനാച്ഛാദനം!
വിസ്മൃതി!-യാ വാക്കുതന്നെ, യേതോ, നേർത്ത
ദു:ഖമണിയൊലിപോലെ തോന്നുന്നു മേ!
ഹാ, വിസ്മൃതിയിൽ, ശവക്കല്ലറയ്ക്കക-
ത്തീ വിശ്വവും ഞാനുമൊന്നിച്ചടികയായ്!
എങ്ങുമിരുട്ടാ, ണവസാനമില്ലാതെ
തിങ്ങിപ്പടരുമിരുട്ടാണു ചുറ്റിലും!
അയ്യോ, വെളിച്ചം! വെളിച്ചം വെളിച്ചമേ!
വയ്യെനി,ക്കെന്നെത്തലോടൂ, വെളിച്ചമേ!

                             -ഏപ്രിൽ 1935