<poem> നെടുകേ കിഴക്കുവഴി പാഞ്ഞുപാഞ്ഞു ചെ- ന്നൊടുവിങ്കൽ മേക്കു പടവെത്തിടുന്നപോൽ ചുടുമാൽ ക്രമത്തിലധികം വരുന്ന നാൾ- പ്പെടുമേതു ഭീരുവബലയ്ക്കുമുൾബലം. 67
അതിലും വിശിഷ്യ പതിദേവതാഗ്ര്യയാം
സതി ചാമ്പൽ മൂടുമെരിതീ കൊടുങ്കനൽ;
അതിലാശ പക്വഫലബുദ്ധിയാൽ വരും
കൊതിയന്നു നാവുമകവും ദഹിച്ചുപോം. 68
അതുമല്ല തന്വി നരനാഥപുത്രിയെ-
ന്നതുമായുധങ്ങളിൽ വിദഗ്ദ്ധയെന്നതും
ചതുരന്നു കാണ്മതിനു പറ്റിയില്ലവൻ
ചതുരത്തെയോർത്തു ശരിയായ വൃത്തമായ്. 69
രസ കാക്കുവോന്റെ തനയയ്ക്കു വായ്ക്കുവോ-
രസമാനശക്തിയറിയാത്തൊരക്ഖലൻ
രസ,മെന്തുചെയ്‌വൂ, ഘനപൂർവമായിടും
രസമെന്നുവച്ചു പിശകിക്കുടിച്ചുപോയ്. 70
അതുനാളിൽ മാനി, വിധിതന്ന ചമ്പക-
പ്പുതുതാർ വിരിച്ച പുരടക്കിടക്കയായ്
കുതുകത്തൊടോർത്ത വധു കത്തുമന്തക-
ക്രതുശാലയായ ചിതയായ്ച്ചമഞ്ഞുപോയ്. 71
ഉടലിങ്കൽനിന്നു തലവിട്ടു കാളിതൻ
കൊടനാളിൽ വെട്ടിയ കരിങ്കിടാവുപോൽ
തടവറ്റു ചോര ചളിയാക്കുമൂഴിയിൽ-
ക്കിടകൊണ്ടിരുന്നു കിടയറ്റ കീർത്തിമാൻ. 72
തിരിയൊന്നു പെട്ടിയിലുരച്ചതുക്കൊടൊ-
ത്തെരിയുമ്പൊഴേക്കുമെറിയുന്ന കുട്ടിപോൽ
ഹരിണാക്ഷി തന്റെ നരഹത്യ ചെയ്ത വാ-
ളരികത്തുനിന്നുമകലെക്കളഞ്ഞുതേ. 73
പ്രമദം വിഷാദമിവരണ്ടിനും സ്ഥലം
സമമേകിടുന്നൊരകതാരിലോമലാൾ
ശമലം ശമിച്ചു ശമലം വരുന്നതി-
ന്നുമതിൻ പദങ്ങൾ നിലനിർത്തി മേവിനാൾ. 74
ഉടനുണ്ടു വാതിൽ ഞൊടികൊണ്ടടിച്ചുട-
ച്ചടരിൽപ്പരർക്കു മൃതിചേർത്തു മൂന്നുപേർ
തടവറ്റു പാഞ്ഞു കയറുന്നു; ദാനവ-
പ്പട വെന്നണഞ്ഞ് വിധി, വിഷ്ണു, ശർവർപോൽ. 75
അരിതന്റെ കൂട്ടരവരെന്നു ഹൃത്തിലും
ശരിയല്ലതെന്നുടനിടത്തുകണ്ണിലും