ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


വടിവിൽ സ്തുതിപ്പളവു നിഷ്ഫലമി-
പ്പടി യാത്രയെന്നരുളി പക്ഷിതതി.        23

അരി രാമനാമാമൊളിച്ചൊരിടം
ധരിയാതെ ഭൂപതി കുഴങ്ങിടവെ
അരികത്തു ചാരനൊരുവൻ വരവായ്'
ഹരിദശ:സന്നിധിയിലംശുസമം        24

അവനോതി 'നേമ,മറിയാമവിടേ-
ക്കവശത്വമുറ്റതിനടുത്തൊരിടം
തവ വൈരി പാർപ്പതിനെടുക്കുകയായ്
നവമാം വിലം ഭുജഗമെന്നവിധം.        25

അതിലോഭമാർന്ന പുരുഷന്റെയടു-
ത്തതിഥിപ്പടിക്കു ഹരിദശ്വകരം
അതിലെത്തിടാതെ ഭയദായകതയ്-
ക്കതിരായ് ലസിപ്പൂ വനമൊന്നവിടെ.        26

ഹരി, കൊമ്പനാന, കടുവാ, പുലി, വൻ-
കിരി, കാട്ടുപോത്തജഗരം, കരടി,
പരിചോടിവയ്ക്കതയി; സംയമനീ-
പുരി പാപികൾക്കുപടി പാർപ്പിടമാം.        27

പകപൂണ്ടു ഗോക്കളെ വധിപ്പതിനാ-
യകലത്തുമാ മൃഗകുലം വരവേ
മികവാളുമിന്ദുരവിഗോക്കളതി-
ന്നകമെത്തിടാത്തതുചിതോചിതമായ്.        28

ചുടലപ്പിശാചു, യജമാൻ, മറുതാ,
പടഭദ്രകാളി, വനയക്ഷി മുതൽ
നടനത്തിനെന്നുമതിനുള്ളിൽ കഹോൽ-
ക്കടഘോരമൂർത്തികൾ വരുന്നു പലർ.        29

ഉയരാത്ത വൃക്ഷവു,മതാശു നിജാ-
ലയമാക്കിടാത്തൊരു പിശാചു,മതിൽ
ഭയമാർന്നിടാത്തൊരയൽ വാസിയു,മി-
ല്ലയഥാർത്ഥമല്ലതതിഘോരവനം.        30

പകൽ, പൂർണ്ണിമാ നിശ, യമാതമി,യീ-
വക മൂന്നുമൊപ്പ, മിരുളെപ്പൊഴുതും;
പക വാച്ചപോൽ പ്രകൃതിരാക്ഷസിയായ്
പ്രകടീഭവിപ്പു അനദൃഷ്ടികളിൽ.        31

തരുയോധർതന്നുടെ രസാഭിധമാം
വരുണാസ്ത്രമേൽക്കുവതിലുള്ള ഭയം
പെരുതായ്,ത്തദീയവനപുരിനകം
വരുവാൻ മടിപ്പു ദവപാവകനും.        32

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/179&oldid=172830" എന്ന താളിൽനിന്ന് ശേഖരിച്ചത്