ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഈടിൽജ്ജനത്തിനു മധുദയത്തിലാ-
വാടിക്കകം പോവൊരു ബോധമേകിയും,
മോടിക്കു പൊൽക്കൈവള കർണ്ണവീഥിയിൽ-
ക്കൂടിഝണൽക്കാരസുധാംബു തൂകിയും.        80

സോമപ്രഭാസ്യം ത്രപകൊണ്ടു താഴ്കിലും
പ്രേമത്തിനാലൂന്നു കൊടുത്തുയർത്തിയും,
ആ മന്നിനായി സ്മിതനേത്രകാന്തിയാൽ
ക്ഷൗമക്കരിമ്പട്ടണി വീണ്ടുമേകിയും,        81

ഓടാതെനിൽക്കും മഴനാളിൽ മിന്നലോ?
ചൂടാകെ നീങ്ങും രവിതന്റെ രശ്മിയോ?
ഈടായ്ച്ചരിക്കും നവഹേമവല്ലിയോ?
വാടാത്ത വാനിൻമലർ കോർത്തമാലയോ?        82

ലാവണ്യപാഥോനിധി പെറ്റ ലക്ഷ്മിയോ?
ദേവൻ വിധിക്കുള്ളൊരു ശിൽപസീമയോ?
പൂവമ്പനേന്തും പുതുമോഹനാസ്ത്രമോ?
ജീവൻപെറും ജ്യേഷ്ഠരസപ്രഭാവമോ?        83

ഈമട്ടനേകംവിധമുള്ള ചിന്തകൾ-
ക്കാ മർത്ത്യവൃന്ദത്തിനു ഹേതു നൽകിയും,
ഓമൽപ്രിയോപാന്തമണഞ്ഞു തയ്യലാൾ
പൂമങ്ക മുന്നം ഹരിപാർശ്വമെന്നപോൽ. (കുളകം)        84

സത്യസ്ഥനേകൻ ചതുരാസ്യനാദരാൽ
ക്ഷിത്യംഗനാപങ്‌ക്തിയിലദ്വിതീയയായ്
അത്യത്ഭുതം തീർത്തവളെ ദ്വിതീയയായ്
സത്യസ്ഥനന്യൻ ചതുരാസ്യനക്കിനാൻ.        85

ആരോമലാൾ ദക്ഷിണതൊട്ടു വേണ്ടതാ-
മോരോ ചടങ്ങും നിറവേറ്റി നന്മയിൽ
നേരോടു ഗുർവാജ്ഞ ലഭിച്ചു മന്ത്രിയുൾ-
ത്താരോടു നൽകും മുറി താണു വാങ്ങിനാൾ.        86

എല്ലാരുമാകീടുമനുഗ്രഹാഖ്യമാം
ചൊല്ലാർന്ന പന്തൽപ്പൊലിവാകെ വാങ്ങവേ
മല്ലാക്ഷിയാൾക്കും കണവന്നുമന്നു പ-
ണ്ടില്ലാത്ത ധന്യത്വമുദിച്ചു നിർഭരം        87

ആ രാജ്ഞിതൊട്ടോർ വിടനൽകിയസ്ഥലം
പാരാതെവിട്ടുൾക്കുളിരാന്തിമേൽക്കുമേൽ
സ്മേരാനനാംഭോരൂഹരായ കാമുക-
ന്മാരാത്മലീലാനിലയത്തിലെത്തിനാർ.        88

ഒന്നിച്ചതിൽച്ചെന്നളവും നൃപാലകൻ
തന്നിഷ്ടപുത്രിക്കുമമാത്യവര്യനും
നിന്നില്ല നേരോ കളവോ നടക്കുവോ-
ന്നെന്നിത്തരം ഹൃത്തിലെഴുന്ന സംശയം.        89

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/205&oldid=172858" എന്ന താളിൽനിന്ന് ശേഖരിച്ചത്