ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ആരണപ്രവരവേദഘോഷവും
സ്ഫാരവാദ്യചയഗീതഘോഷവും
പൗരർതൻ ഭജനഘോഷവും തദാ
പാരമൊത്തു വിലസീ ത്രിവേണിപോൽ.        52

ക്ഷേത്രതല്ലജമതിൽക്കടന്നു ചി-
ന്മാത്രരൂപമിയലും മുരാരിയെ
ഗോത്രതൻപതി കരങ്ങൾകൂപ്പി നൽ-
സ്തോത്രമോതി വഴിപോൽ വണങ്ങിനാൻ.        53

'കാമനീയകനിവാസഗേഹമേ!
പൂമകൾക്കുടയ പൂർവ്വപുണ്യമേ!
കോമളാഗമസുമപ്രകാണ്ഡമേ!
കാമമേകുക; കഴൽക്കു കൂപ്പിനേൻ.        54

നെയ്യുറുമ്പുമുതലാത്മഭൂവരെ
പയ്യു, പക്ഷി, പുഴു, മീൻ, നരൻ, സുരൻ
കൈയുമില്ലൊരു കണക്കുമെന്തു ഞാൻ
ചെയ്യു,മിജ്ജനികളെത്ര പോക്കിയോ?        55

മുറ്റുമിങ്ങനെ ഭവാംബുരാശിയിൽ
ച്ചുറ്റുമന്ധനിവനല്പമെങ്കിലും
തെറ്റുവിട്ടു കടവൊന്നടുക്കുവാൻ
പറ്റുമെങ്കിൽ മതി; ചാരിതാർത്ഥ്യമായ്.        56

തുട്ടു, പെൺ, പുകളിവക്കുവേണ്ടി ഞാൻ
പെട്ടുപാടു പല,തിത്തരങ്ങളിൽ
ഒട്ടുമില്ല കൊതി; മേലുമെന്നെ നീ-
യിട്ടുവട്ടമിതുപോൽതിരിക്കൊലാ.        57

ദേവകീതനയ! ദേവദേവ! നിൻ
സേവകൊണ്ടു ദിവസങ്ങൾ പോക്കുവാൻ
ആവതും വഴിതരാതിരിക്കുകിൽ
പാവമെൻ കഥപരുങ്ങലാകുമേ.        58

കല്ലുവെച്ച മുടിയും പ്രഭുത്വവും
പുല്ലുപോലെ കരുതുന്നൊരെന്മനം
അല്ലുമീശ! പകലും ഭവൽപദം
തെല്ലുണർന്നു നിരുപിച്ചിടേണമേ!        59

കാലമേഘകമനീയകായ! നൽ
ക്കാലമൊട്ടു വളരെത്തുലച്ച ഞാൻ
കാലനെത്തുമളവിൽബ്ഭവാന്റെ തൃ-
ക്കാലണഞ്ഞു പിടികൂടിടേണമേ!        60

കൗസ്തഭം, കമല, ഭൂമി, പന്നഗം
നിസ്തുലായുധഗണം, മഹാഖഗം,

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/53&oldid=208211" എന്ന താളിൽനിന്ന് ശേഖരിച്ചത്