ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


മറിമായമശേഷമിന്നമട്ടെ—
ന്നറിയാതേവമുരച്ചരിക്കു നേരെ
ചെറിയൊരു കിടാങ്ങൾ ധാര തെല്ലും
മുറിയാതശ്രു വഴിഞ്ഞ കണ്ണയച്ചു.        130

കരുണത്വമൊടാസ്യമൊട്ടുയർത്തി—
പ്പെരുകും മാലൊടു മാൻ‌കിടാങ്ങൾപോലെ
മരുവും നൃപബാലരെ ശണം ഹൃ—
ത്തുരുകിക്കണ്ടരിയമ്പരന്നു നിന്നു.       131

‘കഴിയില്ലൊരു വസ്തു, വന്നതാകും
വഴിയേ ബാലരുമായ് തിരിച്ചുപോകാം?
പഴി കൂട്ടരൊടേൽക്കിലെന്തിനിക്കി—
ത്തൊഴിൽചെയ്‌വാൻ പണി’യെന്നവർ നിനച്ചു.       132

നൃപമാരണമഗ്നിസാക്ഷിയായ്ത്താൻ
ശപഥം ചെയ്തതു ചെറ്റു തെറ്റിയെന്നാൽ
കൃപവിട്ടിടുമഷ്ടരെന്നു പിന്നീ—
ടുപലംപോലെഴുമുള്ളിലോർത്തു പാപി:       133

‘ദുരിതം കൊലയെങ്കിലെ,ന്തതെല്ലാം
ശരി; ഞാനേറ്റതു ചെയ്കതന്നെ വേണം;
വരികില്ലൊരു തെറ്റെനിക്കു ചൊന്നാ—
ലെരിതീക്കുണ്ടിലെടുത്തു ചാടുവാനും.       134

ഒരു സംഗതിയൊന്നുചേർന്നുറച്ചാൽ
കരുതും ഞങ്ങളതന്നു തീർന്നുവെന്നായ്;
വിരുതുള്ളവരെട്ടുവീട,രീ ഞാ—
നൊരുവന്മാത്രമിവണ്ണമാകെയെന്നോ?       135

ഇതിലപ്പുറമുള്ള കൃത്യവും ഞാൻ
മതി ചെയ്യുന്നതിനെന്നു കൂട്ടരോർക്കെ
ഗതികെട്ടൊരു പെൺകിടാവുപോൽ പാർ‌—
പ്പതിനന്ത:കരണം കഥിച്ചിടുന്നോ?       136

കഥമിദ്ദയ, നല്ലകാര്യ,മെന്തോ
കഥ, ഞാനാ,രിവരാ,രിതെന്തു കഷ്ടം?
പ്രഥനം കൊലതൊട്ടവയ്ക്കു പാരിൽ
പ്രഥമൻ ഞാൻ പശുവെന്നു വന്നുപോയോ?       137

വിടുവിഡ്ഡി സദസ്സിൽ ഞാൻ വെറും കൈ—
യൊടു ചെന്നെത്തി മുരിക്കുപോലെ നിന്നാൽ
കൊടുംതാമസികൾക്കു ശീഘ്രമെന്മയ്—
ച്ചുടുചോരപ്പുതുകാപ്പി കൂട്ടരേകും.       138

അതിനല്ലിതുനാൾവരയ്ക്കുമോരോ
ചതിയും ദൌഷ്ട്യവുമഭ്യസിച്ചതീ ഞാൻ;

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/81&oldid=172932" എന്ന താളിൽനിന്ന് ശേഖരിച്ചത്