ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തീരെക്കുലുങ്ങാതെ, തീക്ഷ്ണനേത്രാഞ്ചല-
ഘോരാഗ്നേയാസ്ത്രങ്ങൾ മാറി മാറി
അന്യോന്യമെയ്തുകൊണ്ടാത്മജതാതന്മാ-
രങ്ങനെമേവിനാരല്പനേരം.
"എന്നെങ്കിലുമൊരുനാളിലിക്കശ്മല-
നെന്നോടുതന്നെയെതിർത്തണയും.
ദ്രോഹിയിവനെജ്ജനിമുതലിന്നോളം
സ്നേഹിച്ചിട്ടില്ല ഞാൻ ചെറ്റുപോലും.
എന്നാലും ഭീതിപ്പെടേണ്ട ഞാൻ--തൽക്കൈക-
ളെന്നോടെതിരിടാൻ ദുർബ്ബലങ്ങൾ.
തൽക്കരപ്രാഭവം നായാട്ടിൽ കാട്ടിലെ
മർക്കടപോതമോ, മാൻകിടാവോ
വല്ലിപ്പടർപ്പിലെപ്പച്ചക്കിളികളോ
വല്ലപ്പോളെങ്ങാനറിഞ്ഞിരിക്കാം.
അല്ലാതൊരുത്തമയോധനോടേൽക്കുവാ-
നില്ലവനെള്ളോളം ധൈര്യമിന്നും!
കർശനമായൊരാ വാക്കുകൾ, നോക്കുകൾ
വിശ്വസിക്കില്ല ഞാനേതുനാളും.
ഇല്ലില്ല, മേലിൽ ഞാൻ സൂക്ഷിക്കുമെത്രയും
വല്ലതും വഞ്ചന പറ്റിയാലോ?
മാമകനേത്രങ്ങൾക്കെന്നും 'ചതുർത്ഥി'യാ-
ണീ മുഖം,--ആട്ടെ ഞാൻ നോക്കിക്കൊള്ളാം.
എന്താണക്കേൾപ്പതെൻ സൗഭാഗ്യലോലയാം
സന്താനവല്ലിതൻ ശബ്ദമല്ലേ?

ഓതാവതല്ലാത്ത മാരന്ദധാരയെൻ
കാതിലാ നാദം പകരുന്നല്ലോ!
ഓമനപ്പൈതലേ, നീയല്ലാതാരുമി-
ല്ലീ മന്നിലാമോദമേകുവാൻ മേ.
സ്നേഹിപ്പതുണ്ടു നിന്നമ്മയേക്കാളും ഞാൻ
മോഹനേ, നിന്നെ മരിക്കുവോളം.
വന്നാലും വന്നാലും വേഗത്തിലോമനേ,
നിന്നെ ഞാൻ കാണുവാനാശിക്കുന്നു.
ഘോരമരുഭൂവിൻ മദ്ധ്യത്തിൽ മിന്നുന്ന
നീരുറവിൻ‌മൃദുകല്ലോലങ്ങൾ
കൂടുന്ന തൃഷ്ണയാൽ പാരം വിവശമായ്
വാടിയ ചുണ്ടുകൾക്കെന്നപോലെ
എത്ര സമാധാനദായകം നേത്രങ്ങൾ-
ക്കുത്തമേ, നിന്മുഖദർശനം മേ.."


(അപൂർണ്ണം)


"https://ml.wikisource.org/w/index.php?title=താൾ:കല്ലോലമാല.djvu/32&oldid=172999" എന്ന താളിൽനിന്ന് ശേഖരിച്ചത്