ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഹീനേയുടെ ഗാനങ്ങൾ

എന്തുകൊണ്ട്?

പനിമലരിത്രമേൽ വിളറുന്നതെന്തെന്നു
പറയാമോ നീയെന്നോടോമലാളേ?
മരതകക്കുന്നിന്റെ ചെരുവിങ്കലതുപോലെ
പരിലസിച്ചീടുമാക്കുറുമൊഴിയും;
ഇതളറ്റു തെരുതെരെപ്പൊടിമണ്ണിൽ പൊഴിയുവാ-
നിടയാവതെന്തെന്നുമരുളുമോ, നീ?
ഗഗനത്തിൽച്ചിതറിയ മുകിലുകൾക്കിടയിലായ്
ഗതിതുടർന്നീടുമാ വാനമ്പാടി,
ചൊരിയുന്നതെന്തിനാണിതുവിധമുൽക്കട-
പരിതാപഭരിതമാം ഗാനപൂരം?
മലർമുകുളങ്ങളിൽനിന്നെന്തിനിങ്ങനെ
മരണത്തിൻ പരിമളമുത്ഭവിപ്പൂ?
പ്രകടിതനീരസം മരുവുന്നതെന്തിനാ
നഗവനനികരത്തിൻ മുകളിലർക്കൻ?
വസുമതിയെന്തിനു ശവകുടീരോപമ-
മസുഖദപരിണാമമേന്തിനിൽപൂ?
അതുവിധമെന്തുകൊണ്ടിവിടെയീ ഞാനുമൊ-
രലസവിരസതയാർന്നിരിപ്പൂ?
അതുവിധമനുപമേ, ഭവതിയുമെന്തുകൊ-
ണ്ടദയമെന്നെ സ്വയം കൈവെടിഞ്ഞൂ?

ആഴിപ്പരപ്പിൽ

ആ മഹാസമുദ്രത്തി,ലോമലേ, നമ്മളൊരു-
തോണിയിലിരുന്നന്നു തുഴഞ്ഞുപോയി-
ആലോലകല്ലോലമാലകൾതോറും, നമ്മൾ
താലോലമാടിയാടിത്തുഴഞ്ഞുപോയി-
വിസ്തൃതജലധിതന്മീതേയാ നിശീഥിനി
വിസ്മയപ്രശാന്തയായ് പരിലസിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:കല്ലോലമാല.djvu/5&oldid=173002" എന്ന താളിൽനിന്ന് ശേഖരിച്ചത്