താൾ:പ്രപഞ്ചവും മനുഷ്യനും.djvu/119

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ജീവൻ എന്ന പ്രതിഭാസം 113


കോശങ്ങളായി മാറുന്നു. ഈ കോശവിഭജനപ്രക്രിയയിൽ നിർണ്ണായക പങ്കുവഹിക്കുന്നത് കോശങ്ങളിലെ ക്രോമസങ്ങളാണ്. ഓരോ ക്രോമസവും സമാനരൂപഘടനകളോടുകൂടിയ രണ്ടു ക്രോമസങ്ങളായി ഇരട്ടിക്കുന്നു. ക്രോമസങ്ങളിലെ പ്രധാനഘടകമായ ഡി.എൻ.ഏ.യുടെ സമാന മാതൃകകൾ സ്വയം പകർത്താനുള്ള ഈ കഴിവാണ് എല്ലാ ജൈവപ്രതിഭാസങ്ങൾക്കും നിദാനമായി വർത്തിക്കുന്നത്.

ജൈവപ്രതിഭാസത്തിന്റെ മൗലികസ്വഭാവമിതാണെങ്കിലും, കഴിഞ്ഞ 300 കോടിയിൽ പരം വർഷങ്ങളായിട്ട് ജീവലോകം ഭൂമുഖത്ത് നിലനില്ക്കുന്നതിനും നിരന്തരമായ പരിണാമപ്രക്രിയയിലൂടെ മനുഷ്യൻ വരെ പുരോഗമിക്കുന്നതിനും നിദാനമായ മറ്റൊരു സവിശേഷത കൂടിയുണ്ട്. ഒരു മാറ്റവും കൂടാതെ, തികച്ചും യാന്ത്രികമായി നിരന്തരം പുനരാവർത്തിക്കുകമാത്രം, അഥവാ ഇരട്ടിക്കുക മാത്രമാണ് ആദിമകാലം മുതൽ ജീവികൾ ചെയ്തിരുന്നതെങ്കിൽ അവ ആ കാലഘട്ടങ്ങളിൽ തന്നെ മാറി വന്ന പരിതഃസ്ഥിതികളിൽ നശിച്ചുപോകുമായിരുന്നു. ഒരു തരത്തിലുള്ള പരിണാമവും സാദ്ധ്യമാവുകയുമില്ലായിരുന്നു. ഇങ്ങനെ ഒരു ആദിജീവരൂപത്തോടുകൂടി തുടർന്നുള്ള പരിണാമം നിലച്ചുപോകാതിരിക്കാൻ തക്കവിധത്തിലുള്ള ഒരു സ്വഭാവവിശേഷം ജീവലോകം കരസ്ഥമാക്കിയിരുന്നു. തത്സ്വരൂപങ്ങളെ പ്രത്യുൽപ്പാദിപ്പിക്കുമ്പോൾ അതിൽ പുതുമ കലർത്താനുള്ള കഴിവാണിത്. എങ്ങനെയാണീ പുതുമകലർത്തുന്നത്? എല്ലാ ജൈവസ്വഭാവങ്ങളുടെയും മൗലികമായ കേന്ദ്രനിയന്ത്രണം കോശകേന്ദ്രങ്ങളിലെ ക്രോമസങ്ങളിലെ ഡി.എൻ.ഏ. ഘടകങ്ങളിൽ അഥവാ ജീനുകളിൽ ആണ് അർപ്പിതമായിരിക്കുന്നത്. സ്വയം ഇരട്ടിക്കുകവഴി തത്സ്വരൂപങ്ങൾ പ്രത്യുൽപ്പാദിപ്പിക്കുന്നതിൽ നിയന്ത്രണം ചെലുത്തുന്നതും ഈ ഡി.എൻ.ഏ. തന്നെയാണല്ലൊ. ഇത് എല്ലായ്പോഴും ഒരു മാറ്റവും കൂടാതെ പ്രത്യുൽപ്പാദനപ്രക്രിയ നടത്തുകയാണെങ്കിൽ, ഒരു ജീവിയുടെ സന്തതിപരമ്പരകളിൽ ഒരിക്കലും ഒരു മാറ്റവുമുണ്ടായിരിക്കുകയില്ല. എന്നാൽ വാസ്തവത്തിൽ സംഭവിക്കുന്നതതല്ല. കോശവിഭജനസമയത്ത് ജീനുകൾ വിവിധരീതിയിൽ സംയോജിക്കുന്നതുവഴി, അവയുടെ പ്രകടസ്വഭാവത്തിൽ അന്തരമുണ്ടാകാൻ സാദ്ധ്യതയുണ്ട്. മാത്രമല്ല, കോശാന്തരീക്ഷത്തിലെ രാസഘടനയിൽ ബാഹ്യപരിതസ്ഥിതികളുടെ സ്വാധീനം മൂലം മാറ്റമുണ്ടാവുകയാണെങ്കിൽ, അത് ഡി.എൻ.എ. ഘടനയിലും മാറ്റമുണ്ടാക്കാനിടയുണ്ട്. ഇതിനെല്ലാം പുറമെ, ബാഹ്യലോകത്തുനിന്നു വരുന്ന പ്രപഞ്ചരശ്മികളും അൾട്രാവയലറ്റ് രശ്മികളും മറ്റും ഡി.എൻ.എ. ഘടനയിൽ മാറ്റമുണ്ടാക്കാൻ പര്യാപ്തമാണ്. ഇങ്ങനെ ഏതുവിധത്തിലായാലും ഡി.എൻ.ഏ. ഘടനയിലുണ്ടാകുന്ന മാറ്റം, അത് നിയന്ത്രിക്കുന്ന ജൈവ സ്വഭാവത്തിലും മാറ്റമുണ്ടാക്കുന്നു. ഇങ്ങനെയുള്ള മാറ്റത്തെയാണ് ഉൽ‌പരിവർത്തനം അഥവാ മ്യൂട്ടേഷൻ എന്നു വിളിക്കുന്നത്. ഡി.എൻ.ഏ. യിലുണ്ടാകുന്ന ഘടനാപരമായ ഈ മാറ്റത്തെ അതേപടി പുനരാവർത്തിക്കാനുള്ള കഴിവും അതിനുണ്ട്. ഈ മാറ്റങ്ങളിൽ പലതും വിനാശകാരികളായേക്കാം. പക്ഷേ, അവയിൽ ചിലത് മാറിവരുന്ന പരിതഃ