താൾ:പ്രപഞ്ചവും മനുഷ്യനും.djvu/192

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന്നാൽ ഹാർഡി-വൈൻബർഗ് സിദ്ധാന്തം അനുശാസിക്കുന്ന ഉപാധികൾ സാധാരണയായി ഒരു സമൂഹത്തിലും നിലനില്ക്കുന്നില്ല. ലൈംഗികപ്രജനനം നടക്കുന്ന ജീവികളിൽ ജീനുകളുടെ പുനർസംയോജനം വഴിയോ മറ്റു മ്യൂട്ടേഷനുകൾ വഴിയോ പുതിയ സ്വഭാവങ്ങൾ ആവിർഭവിക്കാതിരിക്കയില്ല. അങ്ങനെ ജീൻ സന്തുലിതാവസ്ഥ തകരും. അതു മറ്റു പല തരത്തിലുള്ള അനന്തരഫലങ്ങളുളവാക്കും. ഇത്തരം മ്യൂട്ടേഷനുകൾ പലപ്പോഴും മാരകങ്ങളായിരിക്കുകകൊണ്ട് അവ ഉന്മൂലനം ചെയ്യപ്പെടും. എന്നാൽ ചിലപ്പോൾ ഉന്മൂലനം ചെയ്യപ്പെടാത്ത നിലനിൽപ്പുള്ള ചില സ്വഭാവങ്ങൾ തികച്ചും യാദൃശ്ചികമായി ഉടലെടുക്കും. ഇങ്ങനത്തെ സ്വഭാവത്തോടുകൂടിയ ജീവികൾ ആ സമൂഹത്തിലെ മറ്റു ജീവികളുമായി സ്വതന്ത്രമായി ഇണ ചേരാൻ പറ്റാത്തവയായിത്തീരാം. ഇതേ സ്വഭാവത്തോടുകൂടിയ ഒന്നിലധികം ജീവികളുണ്ടാവുകയും അവ തമ്മിൽ ഇണചേരൽ നടക്കുകയും ചെയ്യുകയാണെങ്കിൽ, ആ സമൂഹത്തിൽ പുതിയൊരു ചെറുസമൂഹം രൂപം കൊള്ളും. ഇവ ക്രമത്തിൽ ആദ്യസമൂഹത്തിൽ നിന്ന് വേർപെടുകയും പുതിയൊരു സ്പീഷിസിന് ജന്മമേകുകയും ചെയ്യും. സാധാരണഗതിയിൽ നടന്നുകൊണ്ടിരിക്കുന്ന പരിണാമങ്ങളുടെയെല്ലാം ഗതി ഈ വിധത്തിലായിരിക്കും.

ഇങ്ങനെ പുതിയ സ്പീഷീസുകളുണ്ടാവുന്നതിന് മറ്റു പല ഉപാധികളും സഹായകമായി വർത്തിക്കും. ഒരേ സ്പീഷീസിൽ പെട്ട ജീവികൾ തന്നെ, ഇടയ്ക്ക് സമുദ്രങ്ങളോ പർവ്വതങ്ങളോ മറ്റു ഭൂമിശാസ്ത്രപരമായ കാരണങ്ങളോ മൂലം വേർപെടുകയാണെങ്കിൽ, അത്തരം സമൂഹങ്ങൾ വ്യത്യസ്ത രീതിയിൽ പരിണമിക്കുകയും പുതിയ സ്പീഷീസുകൾക്ക് ജന്മമേകുകയും ചെയ്യും. ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടലാണിതിനു കാരണം. പ്രത്യുല്പാദപരമായ ഒറ്റപ്പെടലും പുതിയ സ്പീഷീസുകൾക്ക് കളമൊരുക്കും. മ്യൂട്ടേഷനുകൾ വഴിയായോ, മറ്റു സാഹചര്യങ്ങൾ മൂലമോ സ്വതന്ത്രമായി ഇണചേരൽ നടക്കാതെ, ജീൻവിനിമയം നടക്കാതാവുമ്പോഴാണ് പ്രത്യുല്പാദനപരമായ ഒറ്റപ്പെടലുണ്ടാകുന്നത്. അങ്ങനെ ഒറ്റപ്പെടുന്ന സമൂഹങ്ങളിൽ മറ്റുള്ളവയിൽനിന്ന് വ്യത്യസ്തമായ പരിവർത്തനങ്ങളുണ്ടാവാനിടയുണ്ട്. മനുഷ്യനിൽ മതജാതിവർണ്ണങ്ങൾ നിമിത്തം, അന്ധമായ മാമൂലുകൾക്കു വിധേയമായി, സ്വതന്ത്രമായ വിവാഹബന്ധങ്ങൾ നിഷേധിക്കപ്പെട്ടിട്ടുള്ള സമൂഹങ്ങൾ ഇത്തരം പ്രത്യുല്പാദനപരമായ ഒറ്റപ്പെടലിനുദാഹരണമാണ്. പക്ഷേ, പലപ്പോഴും ഇത്തരം മാമൂലുകൾ ലംഘിക്കപ്പെടാറുള്ളതുകൊണ്ട് സ്വതന്ത്രമായ പരിണാമത്തിന് വഴിവെയ്ക്കുന്ന വിധത്തിലുള്ള ഒറ്റപ്പെടൽ മനുഷ്യസമൂഹത്തിൽ നടക്കുന്നില്ല. മനുഷ്യരെല്ലാം ഒരേ സ്പീഷീസിൽ പെട്ടവരായതു കൊണ്ട് അവർക്കിടയിൽ സ്വതന്ത്രമായ ബന്ധങ്ങൾ അനുവദിക്കാത്ത വിധത്തിലുള്ള മതപരവും ജാതീയവുമായ എല്ലാ മാമൂലുകളും തികച്ചും അശാസ്ത്രീയമാണ്. മനുഷ്യ സ്പീഷിസിലെ വിവിധ വംശങ്ങൾ തമ്മിലുള്ള സ്വതന്ത്രമായ ബന്ധങ്ങളും ജീൻ വിനിമയങ്ങളും പുതിയതരത്തിലുള്ള ജീൻ സംയോജനങ്ങൾക്കും അങ്ങനെ പുതിയ സ്വഭാവങ്ങൾക്കും വഴി വെക്കുകയേയുള്ളു.