താൾ:പ്രപഞ്ചവും മനുഷ്യനും.djvu/196

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജൈവപരിണാമ ചരിത്രകാലഘട്ടത്തെ മൊത്തത്തിൽ നാലു മഹാകല്പങ്ങളാക്കി തിരിച്ചിരിക്കുന്നു. നമ്മുടെ ഈ കാലഘട്ടം മുതൽ പിന്നോട്ട് 6¼ - 7 കോടി വർഷം മുമ്പുവരെയുള്ള കാലഘട്ടത്തെ സീനോസോയിക് മഹാകല്പമെന്നു പറയുന്നു. ഇതാണ് നാലു മഹാകല്പങ്ങളിലും വച്ച് ആധുനികമായിട്ടുള്ളത്. അതിനുമുമ്പുള്ള മഹാകല്പത്തെ മീസോസോയിക് അഥവാ മധ്യമഹാകല്പം എന്നു വിളിക്കുന്നു. ഏതാണ്ട് 22½ കോടി വർഷങ്ങൾക്കു മുമ്പാരംഭിച്ച് സീനോസോയിക് മഹാകല്പത്തിൽ ഇതവസാനിക്കുന്നു. മീസോസോയിക്കിനു മുമ്പുള്ളതാണ് പാലിയോസോയിക് അഥവാ പ്രാചീന മഹാകല്പം. ഇത് ഏതാണ്ട് 55 കോടി വർഷങ്ങൾക്കുമുമ്പാരംഭിച്ച് മീസോസോയിക്കിന്റെ ആരംഭത്തിലവസാനിക്കുന്നു. ഈ പ്രാചീന മഹാകല്പത്തിന്റെ ആരംഭം മുതൽക്കിങ്ങോട്ടുള്ള 55 കോടി കാലത്തെ പരിണാമചരിത്രത്തെക്കുറിച്ചു മാത്രമേ നമുക്കിപ്പോൾ വസ്തുനിഷ്ഠമായ തെളിവുകൾ ലഭിച്ചിട്ടുള്ളു. ഇതിന് മുമ്പുള്ള ഏതാണ്ട് 300 കോടി വർഷക്കാലത്തെ മുഴുവനും കൂടി പ്രികേംബ്രിയൻ മഹാകല്പമെന്നു പറയുന്നു.

പ്രികേംബ്രിയൻ മഹാകല്പത്തിൽ അത്യധികം പരിണാമപരമായ പരിവർത്തനങ്ങൾ നടക്കുകയുണ്ടായി. ജീവികളുടെ ഘടനാപരവും മറ്റുമായ പരിണാമപരമായ ബന്ധങ്ങളെ ആസ്പദമാക്കിക്കൊണ്ട് ഏതേതു ജീവികളാണ് ആദ്യമുണ്ടായതെന്നും, അവയിൽനിന്ന് ഏതേതു വിഭാഗങ്ങൾ പരിണമിച്ചു എന്നും ഏറെക്കുറെ മനസ്സിലാക്കാൻ നമുക്കിന്നു കഴിയുന്നുണ്ട്. തന്മൂലം, പ്രികേംബ്രിയൻ മഹാകല്പത്തിലെ പരിണാമചരിത്രത്തിനുള്ള തെളിവുകൾ ഭൂവിജ്ഞാനത്തിന് നൽകാൻ കഴിഞ്ഞിട്ടില്ലെങ്കിലും അന്നു നടന്ന പരിണാമഗതികളെക്കുറിച്ച് ഒരേകദേശചിത്രം രൂപീകരിക്കാൻ നമുക്കിന്നു കഴിയും.

പ്രാഥമിക ജീവികൾ

ഇന്നു നിലവിലുള്ള ജീവികളിൽ ഏറ്റവും പ്രാഥമികമായിട്ടുള്ളത് ബാക്ടീരിയങ്ങളും ഏകകോശജീവികളായ പ്രോട്ടോസോവനുകളുമാണ്. വൈറസുകൾ ഘടനയിൽ ഇവയെക്കാൾ ലളിതങ്ങളാണെങ്കിലും, പരിണാമഗതിയിൽ ക്ഷയോന്മുഖമായ പരിവർത്തനഫലമായി അവ രൂപം പ്രാപിച്ചതാണെന്ന് കരുതപ്പെടുന്നു. പ്രികേംബ്രിയൻ മഹാകല്പത്തിലെ ആദ്യഘട്ടം മുഴുവനും ഈ ഏകകോശജീവികളാൽ ഭൂമിയിലെ സമുദ്രങ്ങൾ നിറഞ്ഞു നിന്നിരിയ്ക്കും. സസ്യകോശജീവികളിൽ അന്ന് ഒട്ടേറെ വൈവിധ്യമാർന്ന ജാതികൾ ഉടലെടുത്തിരിക്കും. ഇന്നുതന്നെ ആയിരക്കണക്കിന് ഏകകോശജീവികൾ നിലനിൽക്കുന്ന സ്ഥിതിക്ക് അന്ന് അവയുടെ വൈവിധ്യം അത്യന്തം വിപുലമായിരുന്നിരിയ്ക്കണം.

ബഹുകോശജീവികളുടെ പ്രാഥമിക പ്രതിനിധികളായി കണക്കാക്കപ്പെടുന്ന ഹൈഡ്രനുകളും ജെല്ലിമത്സ്യങ്ങളുമെല്ലാമടങ്ങുന്ന സിലിണ്ടറേറ്റുകൾ ഏകകോശജീവികളിൽനിന്ന് ഉടലെടുത്തവയാണ്. അന്നുമുതലിന്നു വരെ, വളരെ ചെറിയ പരിണാമങ്ങൾക്കു മാത്രം വിധേയമായിക്കൊണ്ട് അവ