താൾ:പ്രപഞ്ചവും മനുഷ്യനും.djvu/234

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മസ്തിഷ്കഭാഗങ്ങളിൽനിന്നും പുറപ്പെടുന്ന 12 ജോഡി ശിരോനാഡികൾ പ്രധാനമായും ബോധേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. വിവിധ ബോധേന്ദ്രിയങ്ങളുടെ സംവേദനപരമായ പ്രവർത്തനങ്ങൾ, അവയുടെ പ്രതികരണങ്ങൾക്കാധാരമായ ചേഷ്ടാപ്രവർത്തനങ്ങൾ, ബന്ധപ്പെട മറ്റവയവങ്ങളുടെ സംവേദനപരവും മറ്റുമായ പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഈ നാഡികൾ വഴിയായി നിർവ്വഹിക്കുന്നു. കൂടാതെ ആന്തരികാവയവങ്ങളിൽ ചിലതിൽ നിന്നുമുള്ള വാർത്തകൾ മസ്തിഷ്കത്തിൽ എത്തിക്കുകയും, ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും മറ്റും ഈ നാഡികളിൽ ചിലത് നിർവഹിക്കുന്നുണ്ട്.

അടുത്ത വിഭാഗമാണ് അനിച്ഛാനാഡീവ്യൂഹം. നമ്മുടെ നിലനില്പിനനുപേക്ഷണീയമായ ഒട്ടേറെ സുപ്രധാന പ്രവർത്തനങ്ങൾ നമ്മുടെ ശരീരത്തിൽ എല്ലായ്പോഴും നടന്നുകൊണ്ടിരിക്കുന്നുണ്ട്. ശ്വാസോച്ഛ്വാസം, ഹൃദയസ്പന്ദനം, രക്തചംക്രമണം, ദഹനം തുടങ്ങി പ്രകടമായതും അല്ലാത്തതുമായ അനവധി ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് അനിച്ഛാനാഡീവ്യൂഹമാണ്. സുഷുമ്നാകാണ്ഡത്തെ പൊതിഞ്ഞുകൊണ്ടുള്ള നട്ടെല്ലിന്റെ പാർശ്വങ്ങളിലായുള്ള നാഡീകോശ സമൂഹങ്ങളോട് ബന്ധപ്പെട്ട് ആന്തരികാവയവങ്ങളെ നിയന്ത്രിക്കുന്ന നാഡികളാണ് ഈ വ്യൂഹത്തിലുള്ളത്. ഇവയെ പ്രധാനമായും മൂന്നാക്കി വിഭജിച്ചിട്ടുണ്ട്. ഉപമസ്തിഷ്കഭാഗങ്ങളിൽനിന്ന് പുറപ്പെടുന്ന ഏതാനും നാഡികൾ പ്രധാനമായും ഗ്രന്ഥികളെയും മറ്റുമാണ് നിയന്ത്രിക്കുന്നത്. അതുപോലെതന്നെ സുഷുമ്നാകാണ്ഡത്തിന്റെ പിന്നറ്റത്തുനിന്നും പുറപ്പെടുന്ന അല്പം ചില നാഡികളും ഇത്തരത്തിൽ പെട്ടതാണ്. ഈ രണ്ടു വിഭാഗം നാഡികളും ചേർന്ന് അനുചേതനാ നാഡീവ്യൂഹത്തിന് രൂപം നൽകുന്നു. സാധാരണഗതിയിൽ ശരീരത്തിൽ നടക്കുന്ന ദഹനം, വളർച്ച, ലൈംഗിക വളർച്ച തുടങ്ങിയ വിവിധ പ്രവർത്തനങ്ങളെ ഇവ നിയന്ത്രിക്കുന്നു. ഇപ്പറഞ്ഞ രണ്ടുവിഭാഗം നാഡികളുടെയും ഇടയ്ക്ക് സുഷുമ്നാകാണ്ഡത്തിൽ നിന്ന് പുറപ്പെടുന്ന ഒട്ടേറെ നാഡികളുണ്ട്. അവയെല്ലാം ചേർന്നതാണ് ചോതനാനാഡീവ്യൂഹം. അടിയന്തിരഘട്ടങ്ങളിൽ പ്രത്യേകം പ്രവർത്തോന്മുഖമാകുന്ന വയാണിവ. രക്തക്കുഴലുകളും ചില അന്തസ്രോതഗ്രന്ഥികളും മറ്റും ഇവയാൽ നിയന്ത്രിക്കപ്പെടുന്നുണ്ട്.

അനിച്ഛാനാഡീവ്യൂഹം കേന്ദ്രനാഡീവ്യൂഹത്തിൽനിന്ന് തികച്ചും സ്വതന്ത്രമല്ല. കാരണം, അതിൽ പെട്ട എല്ലാ നാഡികളും ജന്മമെടുക്കുന്നത് സുഷുമ്നാകാണ്ഡത്തിൽനിന്നുമാണ്. പക്ഷേ, അവയോരോന്നും തന്നെ നട്ടെല്ലിന്റെ പാർശ്വത്തിലുള്ള അനിച്ഛാനാഡീകോശകേന്ദ്രങ്ങളാൽ നിയന്ത്രിക്കപ്പെടുന്നവയാണ്. ഇവയുടെ പ്രവർത്തനങ്ങൾ വ്യക്തിത്വരൂപവൽക്കരണത്തിൽ അതിയായ പങ്കു വഹിക്കുന്നുണ്ട്. വ്യക്തിയുടെ വൈകാരികമായ നിലവാരത്തെ ഏറ്റവുമധികം സ്വാധീനിക്കുന്നത് ഈ നാഡീവ്യൂഹമാണ്.