താൾ:പ്രപഞ്ചവും മനുഷ്യനും.djvu/269

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

26

സ്വപ്നസുഷുപ്തികൾ

ദിവസംപ്രതി, സ്വപ്നങ്ങളുടെ അകമ്പടിയോടെയും അല്ലാതെയും, നമ്മെ ആശ്ളേഷിക്കുന്ന ഉറക്കം, ശാരീരികമായ നവോന്മേഷവും ഉണർവും പകർന്നു തരുന്നു. ഒരു യന്ത്രത്തെപ്പോലെ നിരന്തരം ഒരുപോലെ പ്രവർത്തിക്കാൻ ജീവശരീരത്തിന് കഴിയുന്നില്ല. അതിന് വിശ്രമം ആവശ്യമാണ്. വിശ്രമം ഏറ്റവും ആവശ്യമായിട്ടുള്ളത് ശരീരത്തിലെ ഏറ്റവും ഊർജസ്വലമായ ഭാഗങ്ങൾക്കാണ്. ജൈവപ്രവർത്തനത്തിൽ ഏറ്റവും മുന്നിട്ടു നില്ക്കുന്നത് കേന്ദ്രനാഡീവ്യൂഹത്തിലെ നാഡീകോശങ്ങളാണ്. അതീവ സൂക്ഷ്മങ്ങളായ പ്രചോദനങ്ങളെപ്പോലും സ്വീകരിക്കാൻ തക്കവിധം ക്ഷിപ്രസംവേദികളാണ് ഈ കോശങ്ങൾ. അതുകൊണ്ടുതന്നെ ശക്തിമത്തായ ഉത്തേജനങ്ങളിൽ നിന്ന് നാഡീകോശങ്ങളെ സംരക്ഷിക്കേണ്ടതും അത്യാവശ്യമാണ്. അതിനുവേണ്ടി നാഡീകോശങ്ങൾ പ്രയോഗിക്കുന്ന മാർഗ്ഗമാണ് നിരോധം എന്നു നേരത്തെ കണ്ടുവല്ലോ. പൂർവ്വമസ്തിഷ്കത്തിൽ സദാ ജാഗരൂകമായിരിക്കുന്ന ഒട്ടേറെ കേന്ദ്രങ്ങളുണ്ട് - വിവിധ ബോധേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട സംജ്ഞാകേന്ദ്രങ്ങളും, ആവശ്യാനുസാരം പ്രതികരണങ്ങളുളവാക്കാൻ പറ്റിയവിധം പേശികളെ നിയന്ത്രിക്കുന്ന ചേഷ്ടാകേന്ദ്രങ്ങളും, ബാഹ്യലോകത്തുനിന്നുവരുന്ന വാർത്തകളെ വിവിധരീതിയിൽ കൂട്ടിയിണക്കുന്ന സംയോജകകേന്ദ്രങ്ങളും മറ്റും. ബാഹ്യലോകവുമായി ബന്ധപ്പെടുത്തുന്ന ഈ മസ്തിഷ്കകേന്ദ്രങ്ങളുടെ പ്രവർത്തനം മറ്റേതൊരു അവയവത്തെ അപേക്ഷിച്ചും സങ്കീർണ്ണമാണ്. ഇവയുടെ പ്രവർത്തനം ഏറെക്കാലം തുടരുന്നതിന് ഇടയ്ക്കിടെ വിശ്രമം ആവശ്യമാണ്. ഈ ആവശ്യത്തെ മുൻനിർത്തി, മസ്തിഷ്കത്തിലെ പ്രസ്തുത കേന്ദ്രങ്ങളിലെ നാഡീകോശങ്ങളിൽ സംജാതമാകുന്ന നിരോധപ്രക്രിയയുടെ അനന്തരഫലമാണ് നിദ്ര.

ഏറ്റവും ഊർജസ്വലമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കേന്ദ്രനാഡീവ്യൂഹത്തിലെ കോശങ്ങൾ പൊതുവെ ലോലങ്ങളാണ്. ശരീരത്തിലെ മറ്റു പല കോശസമൂഹങ്ങൾക്കും ഊർജദായക പദാർത്ഥങ്ങൾ എളുപ്പത്തിൽ ലഭിച്ചുകൊണ്ടിരിക്കുമ്പോൾ മസ്തിഷ്കകോശങ്ങൾക്ക് ആ സാധ്യത വളരെ വിരളമാണ്. അതേ സമയം നാഡീകോശങ്ങളുടെ ചയാപചയ പ്രക്രിയ മറ്റു കോശങ്ങളെക്കാൾ വളരെ കൂടുതലാകയാൽ, മറ്റുള്ളവ ഉപയോഗിക്കുന്നതിന്റെ അനേക മടങ്ങ് ഓക്സിജൻ ഇവയ്ക്കാവശ്യമായി വരുന്നു. ഊർജോല്പാദനത്തിന് അനിവാര്യമായ ഗ്ളൂക്കോസിന്റെ കാര്യവും ഇതുപോലെതന്നെയാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി വളരെയേറെ ശാഖോപശാഖകളുള്ള ഒരു രക്തപര്യയനവ്യവസ്ഥയാണ് മസ്തിഷ്കത്തിൽ നിലനില്ക്കു