താൾ:പ്രപഞ്ചവും മനുഷ്യനും.djvu/274

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശരശ്മികൾ, ശബ്ദകമ്പനങ്ങൾ, താപപ്രസരണങ്ങൾ, ഇളംകാറ്റ് തുടങ്ങി പല തരത്തിലുള്ള പ്രചോദനങ്ങൾ ഇന്ദ്രിയങ്ങൾ വഴി മസ്തിഷ്കത്തിലെത്തുന്നു. തന്മൂലം മസ്തിഷ്കത്തിലെ നിരോധിക്കപ്പെട്ടിട്ടില്ലാത്ത കേന്ദ്രങ്ങളിൽ ഈ പ്രചോദനങ്ങൾക്കനുസരിച്ചുള്ള പ്രതിസ്പന്ദനങ്ങൾ രൂപംകൊള്ളുന്നു. എന്നാൽ, ഒട്ടേറെ മസ്തിഷ്ക കേന്ദ്രങ്ങൾ പരസ്പരബദ്ധമായി പ്രവർത്തിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന വിശ്ലേഷകവ്യവസ്ഥ നിദ്രയിൽ ശിഥിലമായിപ്പോകുന്നു. അതിനാൽ ഈ ഘട്ടത്തിൽ ഉളവാകുന്ന പ്രചോദനങ്ങൾ യുക്തിസഹമായ മസ്തിഷ്കപ്രതിബിംബങ്ങൾ രൂപീകരിക്കുന്നതിൽ പരാജയപ്പെടുന്നു. മറിച്ച്, യാഥാർത്ഥ്യവുമായി ബന്ധമില്ലാത്തവിധം പലതരത്തിലുള്ള പൂർവ്വകാലചിത്രങ്ങൾ അണിനിരക്കുന്നു. യുക്തിപരമായ വിശകലനം നടക്കാത്തതു നിമിത്തം ഈ ചിത്രങ്ങൾക്കു നിയതമായ കെട്ടുറപ്പുണ്ടാവില്ലെന്നു മാത്രം.

ഉണർന്നിരിക്കുമ്പോൾ തന്നെ പലതരത്തിലുള്ള പ്രചോദനങ്ങൾ നിനച്ചിരിക്കാത്ത പല പൂർവ്വകാലസ്മരണകളെയും ഉണർത്തിവിടുക സാധാരണമാണല്ലോ. പലപ്പോഴും വ്യക്തമായ പ്രതിബിംബങ്ങളെന്നവിധം അവ മാനസികതലത്തിൽ തെളിഞ്ഞുവരും. അതുപോലെ പെട്ടെന്നു കേൾക്കാനിടയാവുന്ന ഒരു ശബ്ദം, അതോട് സാമ്യമുള്ളതും നമുക്കു മുൻപു പരിചയമുള്ളതുമായ പല ശബ്ദങ്ങളെയും ഉണർത്തിവിടും. ഈ പ്രതിഭാസത്തിന്റെ കുറേകൂടി ശിഥിലമായ, കെട്ടുറപ്പില്ലാത്ത മാതൃകകളാണ് സ്വപ്നത്തിൽ ദൃശ്യമാകുന്നത്.

ഹിപോനോസിസിനെക്കുറിച്ച് പറഞ്ഞപ്പോൾ ഉണർവിൽ നിന്നു നിദ്രയിലേയ്ക്കുള്ള പരിവർത്തനഘട്ടത്തിൽ മസ്തിഷ്ക കോശങ്ങളുടെ മൗലികപ്രവർത്തനത്തിൽ വരുന്ന വൈരുധ്യത്തെക്കുറിച്ചു സൂചിപ്പിച്ചുവല്ലോ. അതിവിടെയും ബാധകമാണ്. ഭാഗികമായ നിദ്രയിൽ സ്വപ്നങ്ങൾക്കു വിഷയമാകുന്ന, ലോലങ്ങളായ പ്രചോദനങ്ങൾ ശക്തിമത്തായ അനുഭവങ്ങൾ ഉളവാക്കുന്നു. അതുപോലെ മറിച്ചും. സമീപത്തുണ്ടായ ചെറിയൊരു ശബ്ദം വെടിപൊട്ടിയാലെന്നവണ്ണം ഭീകരമായ ശബ്ദമായി സ്വപ്നത്തിൽ അനുഭവപ്പെട്ടെന്നു വരും. കൊതുകിന്റെൻറ കുത്ത് കുന്തംകൊണ്ടുള്ള കുത്തായും തോന്നാം.

സ്വപ്നങ്ങൾ രൂപംകൊള്ളുന്നതിനു സഹായകമാകാവുന്ന മറ്റൊരു കാരണം ആന്തരികാവയവങ്ങളിൽ നിന്ന് വന്നുചേരുന്ന ചോദനങ്ങളാണ്. ശ്വാസോച്ഛ്വാസത്തിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ, ഹൃദയത്തിന്റെ പ്രവർത്തനത്തിൽ വേദനയനുഭവപ്പെടൽ, കിടപ്പിലുള്ള അപാകതകൾ മുതലായവ വിവിധ തരത്തിലുള്ള സ്വപ്നങ്ങൾക്കു കാരണമാണ്.

സ്വപ്നങ്ങളുടെ രൂപവൽക്കരണത്തിന് ഉപയുക്തമാവുന്ന ഏറ്റവും പ്രധാനപ്പെട്ട അസംസ്കൃതവസ്തുക്കൾ മസ്തിഷ്കത്തിൽ സമാഹരിക്കപ്പെടുന്ന സ്മരണകളാണ്. ഈ അമൂല്യമായ ഭൂതകാലസമ്പത്ത് സ്വപ്നത്തിൽ പുതിയ പുതിയ ബന്ധങ്ങൾ സ്ഥാപിച്ചുകൊണ്ട് അണിനിര