താൾ:പ്രപഞ്ചവും മനുഷ്യനും.djvu/282

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അപൂർവ സന്ദർഭങ്ങളെ തന്മയത്വത്തോടുകൂടി കൈകാര്യം ചെയ്യുമ്പോൾ അപൂർവസുന്ദരങ്ങളായ കലാശില്പങ്ങൾ രൂപംകൊള്ളുകയായി. മസ്തിഷ്ക കോശങ്ങളിൽ നടക്കുന്ന ഈ യാദൃശ്ചിക സമ്മേളനങ്ങളാണ് അപൂർവകലാശില്പങ്ങളെ വാർത്തെടുക്കുന്നത് എന്നതുകൊണ്ടാണ്, തന്റെ കവിതയോ കലാശില്പമോ ജനിച്ചതെങ്ങനെയാണെന്നു വിവരിക്കാൻ ഒരു കലാകാരന് കഴിയാതെ വരുന്നത്. ആ അപൂർവ സന്ദർഭങ്ങളെ അവർ വിവരണാതീതമായ, ദിവ്യമായ അനുഭൂതിയെന്നെല്ലാം വിളിക്കുന്നു എന്നുമാത്രം.

ആത്മസാക്ഷാൽക്കാരം

ആത്മീയവാദികളുടെ ആത്മസാക്ഷാൽക്കാര സിദ്ധാന്തത്തെക്കുറിച്ചും ചിലതിവിടെ പറയേണ്ടിയിരിക്കുന്നു. നിരന്തരമായ ധ്യാനത്തിലൂടെ, ബാഹ്യലോകവുമായുള്ള എല്ലാ ബന്ധങ്ങളും വേർപെടുത്തി, ആത്മാവിലേയ്ക്കും അതുവഴി പരമാത്മാവിലേയ്ക്കും ലയിച്ചുചേർന്ന്, ആത്മസാക്ഷാത്ക്കാരമെന്നും, നിർവികല്പ സമാധിയെന്നും വിളിക്കപ്പെടുന്ന അവസ്ഥയിലെത്തിച്ചേരാമെന്ന് പ്രാചീന ഭാരതീയ ചിന്തകർ സിദ്ധാന്തിച്ചിട്ടുണ്ട്. പലരും ഇത് പ്രയോഗത്തിലെത്തിച്ചിട്ടുണ്ടെന്നും രേഖപ്പെടുത്തിയിരിക്കുന്നു.

ഏറെക്കാലത്തെ ആസൂത്രിതമായ പരിശീലനവും, സങ്കീർണ്ണമായ യോഗസൂത്രാനുശാസനങ്ങളുടെ യഥാവിധിയുള്ള ഉപയോഗവുംകൊണ്ടു മാത്രമേ പ്രസ്തുത ലക്ഷ്യത്തിലെത്തിച്ചേരാൻ കഴിയു. ശ്രമാവഹമായ പരിശീലനംകൊണ്ട്, മറ്റു ശാരീരികാവയവങ്ങളെപ്പോലെതന്നെ, ബോധേന്ദ്രിയങ്ങളെയും മസ്തിഷ്കത്തെയും നിയന്ത്രണാധീനമാക്കാൻ പറ്റും. മറ്റവയവങ്ങളെയെല്ലാം മെരുക്കിയെടുത്തതിനുശേഷം മസ്തിഷ്കത്തെയും നിയന്ത്രിക്കുകയാണ് സാധാരണ പതിവ്. നിരന്തരമായ ധ്യാനത്തിലൂടെ ബാഹ്യലോകവുമായുള്ള ബന്ധം വിടർത്തുക സാധ്യമാണ്. പക്ഷേ, ഇത്തരത്തിലുള്ള അന്തർമുഖത്വം സാദ്ധ്യമാവുന്നത് പൂർവമസ്തിഷ്കത്തിലെ ബോധേന്ദ്രിയ മസ്തിഷ്കകോശങ്ങളിൽ നിരോധം ഏർപ്പെടുത്തിയിട്ടാണെന്നു മാത്രം. ഇത് ഒരു സാധാരണക്കാരന് അസാദ്ധ്യമാണ്.

മസ്തിഷ്കകോശങ്ങളുടെ സുഗമമായ പ്രവർത്തനത്തിനിടയ്ക്ക് ആവശ്യമായി വരാറുള്ള നിരോധനത്തെക്കുറിച്ചും, ഉറക്കത്തിന് കാരണമായ വ്യാപകമായ നിരോധത്തെക്കുറിച്ചും, മുന്നദ്ധ്യായങ്ങളിൽനിന്ന് ചിലതെല്ലാം വ്യക്തമായിട്ടുണ്ടല്ലോ. എന്നാൽ അത്തരം നിരോധങ്ങളൊന്നും തന്നെ നമ്മുടെ ബോധപൂർവമുള്ള ആഗ്രഹാനുസാരം ഉടലെടുക്കുന്നതല്ല. അതസാദ്ധ്യവുമാണ്. യോഗാഭ്യാസംകൊണ്ട്, പൂർവമസ്തിഷ്കത്തിലെ ഉപരി കേന്ദ്രങ്ങളിൽ പടിപടിയായി നിരോധം ഏർപ്പെടുത്താൻ സാദ്ധ്യമാവുന്നു. ചേഷ്ടാനാഡീകേന്ദ്രത്തെ നിരോധിക്കുന്നതുനിമിത്തം ചലനമറ്റ് ഏറെ നേരം ഇരിക്കാനും അതുവഴി മറ്റ് ഉപരി കേന്ദ്രങ്ങളുടെ നിരോധത്തിന് കളമൊരുക്കാനും കഴിയുന്നു. പിന്നീട് ഓരോ ബോധേന്ദ്രിയ കേന്ദ്രത്തെയും നിരോധിച്ചുകൊണ്ട്, ക്രമത്തിൽ ബാഹ്യലോകവുമായുള്ള ബന്ധം വേർപെടുത്താൻ കഴിയുന്നു.