താൾ:പ്രപഞ്ചവും മനുഷ്യനും.djvu/287

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ബന്ധപ്പെടാതെ ഒറ്റപ്പെട്ട ഒരു ദ്വീപിൽ ഏകാന്തനായി വളർന്നുവരുന്ന ഒരുവനു സാംസ്കാരികപാരമ്പര്യം ഉൾക്കൊള്ളാനിടവരാത്തതുകൊണ്ട് അവൻ തികച്ചും മൃഗതുല്യനായി പരിണമിക്കും. ആ നിലയ്ക്ക് ഓരോ വ്യക്തിയേയും വാർത്തെടുക്കുന്നതിൽ പരിതഃസ്ഥിതി അഥവാ സമൂഹം ഗണ്യമായ ഒരു പങ്ക് വഹിക്കുന്നുണ്ടെന്നു കാണാം. പക്ഷേ ഒരു വ്യക്തിയെ വാർത്തെടുക്കുന്നതിൽ പരിതഃസ്ഥിതി മാത്രമേ പങ്കു വഹിക്കുന്നുള്ളു എന്നു പറഞ്ഞാൽ അതൊരു അർദ്ധസത്യം മാത്രമേ ആകുകയുള്ളു. എന്തുകൊണ്ടെന്നാൽ ഓരോ വ്യക്തിയുടെയും മൗലികമായ കഴിവുകളുടെ ഉറവിടം അയാളുടെ ശാരീരിക ഘടനയും പ്രവർത്തനരീതിയുമാണ്. വ്യക്തിയുടെ പെരുമാറ്റത്തിന്റെയും സ്വഭാവത്തിന്റെയും അടിസ്ഥാനം മസ്തിഷ്കവും നാഡീവ്യൂഹവും ബന്ധപ്പെട്ട വ്യവസ്ഥകളുടെ പ്രവർത്തനവുമാണ്. ഈ ജൈവവ്യവസ്ഥകളുടെ സവിശേഷതകൾക്കനുസൃതമായ പ്രതികരണങ്ങളാണ് ഓരോ വ്യക്തിയിൽനിന്നുമുണ്ടാവുക. അതേസമയം ഈ ജൈവവ്യവസ്ഥകളെല്ലാം വളരെക്കാലം പരിതഃസ്ഥിതിയുമായി പരസ്പരം പ്രതിപ്രവർത്തിച്ചതിന്റെ ഫലമായി രൂപാന്തരപ്പെട്ടും പരിണമിച്ചുമുണ്ടായതാണു താനും.

മനുഷ്യൻ അടിസ്ഥാനപരമായി ഒരു മൃഗമായതിനാൽ മനുഷ്യനെ സംബന്ധിച്ച എന്തും ജീവശാസ്ത്രപരമായ വിശദീകരണത്തിനു വിധേയമാണ് എന്നു കരുതുന്ന ശാസ്ത്രജ്ഞന്മാരുണ്ട്. അതേസമയം മനുഷ്യന്റെ പെരുമാറ്റങ്ങളെല്ലാം സംസ്കാരത്തെ ആസ്പദമാക്കി നിർണ്ണയിക്കപ്പെടുന്നതാകകൊണ്ട് ജീവശാസ്ത്രപരമായ അടിസ്ഥാനത്തിനിവിടെ പ്രാധാന്യമില്ലെന്നു കരുതുന്ന ശാസ്ത്രജ്ഞന്മാരുണ്ട്.

ഈ രണ്ടു വീക്ഷണങ്ങളും വിപരീതധ്രുവങ്ങളിലാണ് നിലകൊള്ളുന്നത്. വാസ്തവമാകട്ടെ അവയ്ക്കു രണ്ടിനുമിടയിലുമാണ്. ഓരോ മനുഷ്യനും ജീവശാസ്ത്രപരമായ ഒരു പശ്ചാത്തലമുണ്ട്. അന്തർജ്ജന്യമായ സ്വഭാവങ്ങൾക്കും ജൈവപാരമ്പര്യത്തിനും അടിസ്ഥാനമതാണ്. ജൈവപാരമ്പര്യമാണ് എല്ലാ ജീവികളുടെയുമെന്നപോലെ മനുഷ്യന്റെയും മൗലികസ്വഭാവങ്ങളെയെല്ലാം നിയന്ത്രിക്കുന്നത്. എന്നാൽ ഇതുകൊണ്ടുമാത്രം ഒരു മനുഷ്യനിലെ വ്യക്തിത്വം പൂർണ്ണമാകുന്നില്ല. ജൈവസ്വഭാവങ്ങൾക്കു സവിശേഷമായ രൂപഭാവാദികൾ നൽകുന്ന ഒരു സാംസ്കാരികപാരമ്പര്യം കൂടി വ്യക്തിത്വ രൂപീകരണത്തിൽ നിർണ്ണായക പങ്കു വഹിക്കുന്നു. ഈ സാംസ്കാരിക പാരമ്പര്യം വ്യക്തിയിലേക്കു പകരുന്നത് സമൂഹത്തിലൂടെയാണ്. അതിനെ നിലനിർത്തിപ്പോരുന്നത് സമൂഹമാണ്. വ്യക്തി ഈ സാംസ്കാരികപാരമ്പര്യത്തെ ഉൾക്കൊള്ളുന്നതാകട്ടെ, ഭാഷയുടെ മാധ്യമമുപയോഗിച്ചു കൊണ്ടുള്ള പഠനത്തിലൂടെ അഥവാ ബുദ്ധിപരമായ പ്രവർത്തനത്തിലൂടെയാണ്. അങ്ങനെ ജൈവപരവും സാംസ്കാരികവും (സാമൂഹ്യവും) ആയ പാരമ്പര്യങ്ങളുടെ സമ്മിശ്രമാണ് ഓരോ വ്യക്തിയും. ആ നിലയ്ക്കു മനുഷ്യനെക്കുറിച്ചുള്ള പൂർണ്ണമായ ധാരണ രൂപീകരിക്കുന്നതിനു ജീവശാസ്ത്ര