ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി
അവതാരിക

'ഭക്തിദീപിക'യിലെ ഇതിവൃത്തം മാധവാചാര്യരുടേതെന്നു പറയുന്ന ശങ്കരവിജയത്തിൽനിന്നു സംഗ്രഹിച്ചിട്ടുള്ളതാകുന്നു. കഥാംശത്തിൽ മൂലഗ്രന്ഥത്തിൽനിന്നു വലിയ വ്യതിയാനമൊന്നും ഞാൻ വരുത്തീട്ടില്ല. സകല മനുഷ്യർക്കും ഒന്നുപോലെ സഞ്ചരിക്കാവുന്ന ഒരു ഘണ്ടാപദമാകുന്നു ഭക്തി മാർഗ്ഗം എന്നുള്ളതു സനാതനധർമ്മത്തിന്റെ മൗലികതത്വങ്ങളിൽ ഒന്നും, അതു ശ്രീമദ്‌ഭാഗവത്തിൽ

യന്നാമധേയശ്രവണാനുകീർത്തനാ-

ദ്യപ്രഹ്വണാദ്യൽസ്‌മരണാദപി ക്വചിൽ
ശ്വാദോപി സദ്യസ്സവനായ കല്പതേ

ഇത്യാദി പദ്യങ്ങളിൽ വിശദമായി പ്രതിപാദിക്കപ്പെട്ടിട്ടുള്ളതുമാകുന്നു. ഈ കാവ്യത്തിലെ വിവക്ഷയും പ്രാധാന്യേന അതല്ലാതെ മറ്റൊന്നുമല്ല. ഇതിന് ഒരു ചെറിയ ടിപ്പണി എഴുതിച്ചേർത്തിട്ടുണ്ടെങ്കിലും, പദപ്രയോജനം, വ്യങ്ഗ്യഭങ്ഗി, ഇത്യാദിഭാഗങ്ങളെല്ലാം ഭാവുകന്മാർ അനുസന്ധാനദ്വാരാ മാത്രം ആസ്വദിക്കേണ്ടതാകയാൽ ഇവയെ അതിൽ പ്രായേണ സ്പർശിച്ചിട്ടില്ല. ഒരു സഹൃദയനായ എന്റെ അനുജൻ ശ്രീമാൻ എസ്. കൃഷ്ണയ്യർ എം.എ., ബി.എൽ-ന്റെ സാഹായ്യം ഈ കൃതിക്ക് പല പ്രകാരത്തിലും ഉണ്ടായിട്ടുണ്ടെന്നുള്ള വസ്തുത കൂടി ഇവിടെ സന്തോഷപുരസ്സരം രേഖപ്പെടുത്തിക്കൊള്ളുന്നു.


തിരുവനന്തപുരം
1108 മകരം 28
എസ്. പരമേശ്വരയ്യർ
"https://ml.wikisource.org/w/index.php?title=താൾ:ഭക്തിദീപിക.djvu/2&oldid=173846" എന്ന താളിൽനിന്ന് ശേഖരിച്ചത്