ആറാമങ്കം ൧൧൩
കണ്ണുകൾ കൂടാതുള്ളൊ-
രണ്ണൻ നിൻ താതനിരിക്കുമ്പോൾ
പാണ്ഡു മഹീതലമെല്ലാം
പാണ്ഡിത്യത്തൊടു ഭരിച്ചതോർത്താലും 12
ആ വഴി വിചാരിച്ചാലും പാണ്ഡുവിന്റെ പുത്രനും അങ്ങയുടെ ജ്യേഷ്ഠനും ആയിരിക്കുന്ന യുധിഷ്ഠിരൻ തന്നെയല്ലേ ഇപ്പോൾ രാജ്യഭാരം ചെയ്യേണ്ടതു്?
താതന്റെ രാജ്യം തനയർക്കിരിക്കു-
മേതെങ്കിലും സംശയമില്ലിതിങ്കൽ
ചാതുര്യമേറുന്ന ഭവാനിതെല്ലാം
ചേതസ്സിലോർത്താൽത്തിരിയുന്നതല്ലേ? 13
ദുര്യോ- (കുറച്ചു ദ്വേഷ്യത്തോടു കൂടി) വസ്തുത നിരുപിച്ചാൽ ഈ കൗന്തേയന്മാർ പാണ്ഡുവിന്റെ പുത്രന്മാർ തന്നെയല്ല. അതുകൊണ്ടു പാണ്ഡുവിന്റെ രാജ്യമാണെങ്കിൽത്തന്നെ ആ രാജ്യത്തിന്റെ പിന്തുടർച്ചാവകാശം വലിയച്ഛന്റെ മക്കളായിരിക്കുന്ന ഞങ്ങൾക്കാണ്. അവർക്കും അവരുടെ അച്ഛന്റെ രാജ്യത്തിനു് അവകാശമില്ലെന്നു ഞാൻ പറയുന്നില്ല.
അന്തകമാരുതരാജ്യം
ചന്തം ചേരും സുരാധിപതിരാജ്യം
എന്തിനു താമസമീവക
സന്തോഷത്തൊടു ചെന്നു വാങ്ങട്ടെ. 14