ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എന്റെ കുട

['എന്റെ അമ്മ' എന്ന സംസ്കൃതിയുടെ കർത്താവിനോട്‌ ക്ഷമാപണം ]

<poem> ആരെന്റെ രോമമില്ലാത്ത മണ്ടമാന്തിപ്പൊളിക്കുവാൻ കരം നീട്ടുന്ന സൂര്യന്റെ സാഹസത്തെത്തടുപ്പവൻ?

  എന്റെ കുട!

മാരികോരിച്ചൊരിഞ്ഞീടും നേരത്താഹ്ലാദപൂർവ്വകം ഭാര്യവീട്ടിലണഞ്ഞീടാ- നാമെന്നെശ്ശക്തനാക്കുവോൻ?

  എന്റെ കുട!

നായ്ക്കൾ കണ്ടുകുറച്ചെന്നെ- ക്കടി കൂട്ടാനൊരുങ്ങവെ വടിയായ്ത്തീർന്നു. പെട്ടെന്നെൻ തടികാക്കും മിടുക്കനാർ?

  എന്റെ കുട!

കടൽപ്പുറത്തു ഞാൻ ചെന്നു കാറ്റുകൊള്ളുന്ന വേളയിൽ എനിക്കിരിപ്പാൻ നൽകുന്നോ- രൌദാര്യത്തിൻ കുടുക്കയാർ?

  എന്റെ കുട!

മന്ത്രിതൻ വരവും കാത്തു പ്ലാറ്റ്ഫോറത്തിൽ നില്ക്കവേ ഉറക്കു തൂക്കിച്ചായുന്നോ- രെന്നെത്താങ്ങീടൂമിഷ്ടനാർ?

  എന്റെ കുട!

ഇനീഷ്യൽ തുന്നുവാനെന്റെ ഭൈമിക്കുള്ളൊരു പാടവം നാട്ടിൽപ്പരത്തിയെൻ കീർത്തി കൂട്ടാൻ നോക്കുന്ന ബന്ധുവാർ?

  എന്റെ കുട!


സഞ്ജയന്റെ കവിതകൾ / 153