ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

IV.സാന്ധ്യഗീതം

ആരമ്യകുങ്കുമചിത്രകമേന്തുന്ന
തൂനെറ്റി ചാർത്തും ഭ്രമരകങ്ങൾ,
സീമന്തരേഖയിൽനിന്നുതിർന്നീടുന്ന
സിന്ദൂരം പറ്റിത്തിളങ്ങുമാറായ്,
ആനമ്രമാക്കിയും കമ്രമാം തന്മുഖ-
മാനീലനേത്രങ്ങളൊട്ടടച്ചും
നിഷ്ക്കമ്പയായ് നില്ക്കയാണവളൊട്ടിട;
നിഷ്പന്ദമായ് നിൽക്കൂ നെഞ്ചകമേ!

താന്തയാണീശ്വരി: ഭഞ്ജിച്ചൊല്ലേ നീ
ശാന്തമിദ്ധ്യാനത്തെ,ജ്ജഹ്വാഗ്രമേ!
ആശുഗൻകൂടിയുമൊന്നൊതുങ്ങീട്ടല്ലോ
വീശുവതീജ്ജഗന്മോഹിനിയെ!
വാരൊളി ചിന്നിച്ചിതറിക്കിടക്കുന്ന
കാറണിക്കൂന്തലലംകരിപ്പാൻ
സാന്ധ്യതാരങ്ങൾക്കുപോലും തൻചേടിയാം
ശർവ്വരി നല്കീട്ടില്ലാജ്ഞയിപ്പോൾ.....

ലോഹിതചന്ദനകാന്തിമിളിതമാം
നീലോല്പലദ്യുതി നാലുപാടും
തിങ്ങിപ്പരക്കുന്നു; നീന്തുവതെങ്ങു ഞാ-
നിസ്സുഷമാബ്ധിയി, ലാദിമായേ?......

V പ്രഭാതം

ഹേമന്തപ്രത്യുഷഗന്ധവാഹൻ ഭവാൻ,
പൂമണം വീശി,ദ്രുതഗതിയായ്,
പോകുവതെങ്ങുവാൻ തെല്ലിട നില്ക്കണേ
നീ കനിഞ്ഞിച്ചെറുപൂന്തോട്ടത്തിൽ,
വിസ്തൃതമല്ലിതു, നേത്രോത്സവവുമ-
ല്ലുത്തമപുഷ്പങ്ങളില്ലിതിങ്കൽ;
എന്നാലു,മിന്നു കാലത്തീ വഴിയ്ക്കവൾ
വന്നീടാമെന്നൊരു വാർത്ത കേട്ടേൻ.

ഈ മലർക്കാവിലെപ്പൂക്കളിലുത്തമ-
യീ മഞ്ജുവാസന്തിമാത്രമത്രേ!
എന്തു ഞാൻ ചെയ്യും? വിരിഞ്ഞിടുന്നില്ലിവ,-
ളന്തിക്കു റാണിയാൾ പോകുമല്ലോ!

സഞ്ജയൻറെ കവിതകൾ /67