ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഏതൊരു ലോകത്തി,ലേതൊരു നൂറ്റാണ്ടിൽ ഹാ! തനിച്ചിന്നു തെറിച്ചു പോയ് ഞാൻ?

ഏതു പൗരാണികകലത്തി,ലാരുടെ പൂതമാം ഭക്തിതൻ സ്മാരകമായ്, ഇന്നും നിലനിന്നുപോരുന്നതിക്ഷേത്ര- മെന്നും ഗ്രഹിപ്പാനെളുതല്ലൊട്ടും പാപമദ്ധ്യത്തിലും മിന്നുന്ന പൂർവ്വിക- പാവനാദർശങ്ങളെന്നപോലെ, കാലാബ്ധിതൻ തിരമാലകൾ മൂടാത്ത ഹൈന്ദവധർമ്മതതത്വങ്ങൾപോലെ

നാലമ്പലത്തിന്റെ മേൽപ്പാവു താങ്ങുന്ന കാലം കറുപ്പിച്ച കൽത്തൂണുകൾ യോഗക്രമധ്യാനനിഷ്ഠമാം നിശ്ചല- യോഗികളെന്നപോൽ നിന്നിടുന്നു. ചുറ്റും ചുമരുകൾ വീണു കിടക്കുന്നു, പറ്റിപ്പടരുന്നു കാട്ടുവള്ളി. ഓരോ പിളർപ്പിലുമോരോ വിലത്തിലു- മോരോ ചെറുചെടി പൊങ്ങി നിൽപ്പൂ; കീഴിലും മേലെയും നാലുപുറത്തുമീ- പ്പാഴുറ്റ കാടൊന്നേ കാണ്മതുള്ളു.

എങ്കിലുമാ നിർവ്വികല്പസമാധികർ- ക്കെങ്ങുമേ ചാഞ്ചല്യമില്ല തെല്ലും. പഞ്ചേന്ദ്രിയങ്ങളെ നിഗ്രഹി,ച്ചഞ്ചാതെ പഞ്ചാഗ്നിമദ്ധ്യസംസ്ഥാപിതനായ് തത്ത്വമുദ്രാലംകൃതാമലപാണിയായ് സിദ്ധാസനോപരി സംസ്ഥിതനായ് ജാലന്ധരോത്കൃഷ്ടബന്ധത്താൽ പ്രാണനെ ശ്രീലസുഷുമ്നയിൽത്തന്നെ നിർത്തി, സന്തതം ശിഷ്യരാൽ സംവൃതനായേറ്റം വന്തപം ചെയ്യും തപസ്വിപോലെ ഇത്തൂണുകൾക്കു നടുവിലായ് ശ്രീകോവി- ലത്ര നില്പുണ്ടഹോ ശാന്തിപൂർണ്ണം!

പൂജകന്മാർ വെക്കും ഭദ്രദീപങ്ങളാൽ രാജിക്കുകില്ലീ മഹാന്ധകാരം;