ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഹാസ്യാഞ്ജലി 6


കരിമ്പാറപ്പുറംപോലെ കിടക്കുന്ന വാനിടത്തി-
ലൊരു മന്ത്രഘോഷം കേൾപ്പൂ;-കാലഗർജ്ജനം!
ദുഷ്‍പ്രേക്ഷ്യമാം വെളിച്ചത്താലിരട്ടിച്ച കൂരിരുട്ടിൽ-
സ്സപ്രതീക്ഷം സർവ്വംഹരൻ ചിരിക്കയല്ലീ?

മരണമാണിജ്യോതിസ്സിന്നപരമാം പേരെന്നാലും
മടിച്ചടാതതിന്നു ഞാനോതാം സ്വാഗതം!

വരണ്ട വേനലിലെത്ര പൊരിഞ്ഞു ഞാൻ ദിനംതോറും?
നരകത്തീക്കുഴി തന്നിലെത്ര നീറി ഞാൻ?
ദുരന്തമാം ചിന്തകളാ, ലനന്തമാമാശകളാൽ,
പൂരൂദുഃഖംപെടുമെത്രനാൾ കഴിച്ചു ഞാൻ?

ഇനിയുമൊരിറ്റുപോലും കരുണതൻ തെളിത്തണ്ണീർ
കനിയിപ്പാ-നിച്ചൂടൊന്നു തണുപ്പിക്കുവാൻ-
'സമയമായില്ലപോലും! സമയമായില്ലപോലും!'
ക്ഷമ പോയ വഴികൂടിക്കാണ്മതില്ല ഞാൻ!

തിരുമേനി, തിരുമേനി, മരണമൊന്നൊഴിച്ചങ്ങേ-
ക്കരുണയ്ക്കൊരേണി വേറിട്ടില്ലെന്നാവുകിൽ,
ഇരിക്കവേ ചിരിക്കുവാൻ ചരിക്കുമീ വിദൂഷകൻ
മരിക്കുവാനൊരുക്കംതാൻ-ഒരിക്കൽമാത്രം!!

(ഹാസ്യാഞ്ജലി, പുറം 31, സഞ്ജയൻ പുസ്തകം 2, ലക്കം 4, 1937 മെയ് 28, പുറം 97)