ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xix

കേവലം വേദപരിശീലന കേന്ദ്രങ്ങളായിമാത്രം ഇവ പരിഗണിക്കപ്പെടുന്നില്ല.
ട്യൂബിങ്ങനിൽ പഠിക്കുന്നകാലത്തു ഭാരതീയ വിജ്ഞാനവുമായി പരിചയപ്പെടാൻ
ഗുണ്ടർട്ടിനു അവസരമുണ്ടായിരിക്കണം. ഈ വിശാലപശ്ചാത്തലത്തിൽ വേണം
ഗുണ്ടർട്ടിന്റെ കേരള പഠന പരിശ്രമങ്ങൾ മനസ്സിലാക്കാൻ. നിഘണ്ടു
നിർമ്മാണത്തിലും വ്യാകരണ രചനയിലും ചരിത്രാന്വേഷണത്തിലും പാഠപുസ്തക
സംവിധാനത്തിലും മൗൾ ബ്രോൺ- ട്യൂബിങ്ങൻ സമീപനം അദ്ദേഹം പുലർത്തി.
നിഘണ്ടുവിന്റെ കാര്യമെടുക്കുക: വാക്കുകളുടെ അർത്ഥം വെറുതെയങ്ങു പറഞ്ഞു
പോകുക എന്ന പരമ്പരാഗത അലസമാർഗ്ഗം വെടിഞ്ഞ് മൗലികഭാഷാരചനകളിൽ
നിന്നുള്ള ഉദ്ധരണികൾകൊണ്ട് ഓരോ അർത്ഥവും വിശദമാക്കുക എന്ന നയമാണ്
അദ്ദേഹം സ്വീകരിച്ചത്. ഇതിന് അദ്ദേഹം ഉപയോഗിച്ചതോ, മലയാളം ക്ലാസിക്കുകളും.
മലയാളത്തിന്റെ തനിമയും വൈവിധ്യവും പ്രകടമാക്കുന്ന ക്ലാസിക്കുകളായ
മഹാഭാരതം കിളിപ്പാട്ട്, രാമചരിതം, കൃഷ്ണഗാഥ, അധ്യാത്മരാമായണം, നളചരിതം
കിളിപ്പാട്ട്, ശ്രീകൃഷ്ണചരിതം മണിപ്രവാളം തുടങ്ങിയവയ്ക്കു പുറമേ
അദ്വൈതശതകം, അഷ്ടാംഗഹൃദയം, ഭദ്രദീപം, ബ്രഹ്മാണ്ഡ പുരാണം പാട്ട്,
ചന്ദ്രസംഗം കഥ, ചതുർദ്ദശവൃത്തം, ദേവത്സമാഹാത്മ്യം, ഏകാദശിമാഹാത്മ്യം,
അഞ്ചടികൾ, കൈവല്യ നവനീതം, മഹാഭാരതം പാട്ട്, തന്ത്രസംഗ്രഹം,
വൈരാഗ്യചന്ദ്രോദയം, വേതാളചരിതം, വേദാന്ത ദർശനം, വിവേകരത്നം തുടങ്ങിയ
ലഘുരചനകളും ഗുണ്ടർട്ടുഗ്രന്ഥശേഖരത്തിലുണ്ട്. ഇവയിൽ പലതിനും ഓലയിലും
കടലാസിലുമുള്ള പകർപ്പുകൾ ഇവിടെ കാണാം. കടലാസു പകർപ്പുകളിൽ
ഗുണ്ടർട്ടിന്റെ കൈപ്പടയിലുള്ള ചില്ലറതിരുത്തലുകളും അർത്ഥവിവരണങ്ങളുമുണ്ട്.
ഈ ഗ്രന്ഥങ്ങളിൽ നിന്നുള്ള ഉദ്ധരണങ്ങൾ നിഘണ്ടുവിലും വ്യാകരണത്തിലും
ചേർത്തിരിക്കുന്നു. ഇതിൽനിന്നെല്ലാം മനസ്സിലാക്കാവുന്നതു മലയാള ക്ലാസിക്കുകൾ
പദാനുപദം വായിച്ചു ഇഴപിരിച്ചു അർത്ഥവും ഘടനയും മനസ്സിലാക്കിയ അത്യപൂർവ
മലയാളിയാണ് ഗുണ്ടർട്ട് എന്നാണ്. നമ്മുടെ മഹാപണ്ഡിതന്മാരിൽ തന്നെ എത്ര
പേർക്ക് ഇത്രയേറെ മലയാള ക്ലാസിക്കുകൾ ഇത്രത്തോളം സൂക്ഷ്മമായിവായിക്കാൻ
ഇടവന്നിട്ടുണ്ട്? അവ തേടിപ്പിടിച്ചു വായിക്കേണ്ട നിയോഗമായിരുന്നു
അദ്ദേഹത്തിന്റേത്. മലയാള ക്ലാസിക്കുകളുടെ പരിശോധന കേരളത്തിൽ വച്ചു
തന്നെ അദ്ദേഹം നടത്തിയിരിക്കും. ജർമ്മനിയിൽ വച്ച് സൂക്ഷമ പരിശോധന
നടത്താൻ അവ കൊണ്ടുപോകുകയും ചെയ്തു.

ഇരുപതുവർഷത്തിനിടയിൽ

ഈ ഘട്ടത്തിൽ ഗുണ്ടർട്ടിന്റെ കേരളവാസത്തെക്കുറിച്ചുള്ള ചില
തെറ്റുദ്ധാരണകൾ ഒഴിവാക്കേണ്ടിയിരിക്കുന്നു. ഡോക്ടർ ഗുണ്ടർട്ട് ആകെ ഇരുപതു
വർഷം മാത്രമാണ് കേരളത്തിൽ ചെലവഴിച്ചത്. അതിനിടയിൽ തന്നെ ഒരു
വർഷത്തിലേറെ കേരളത്തിനു പുറത്തു മറ്റു ചുമതലകൾ ഏറ്റെടുക്കേണ്ടിവന്നു.
ഏതാനും മാസത്തേക്കു ജർമ്മനിയിൽ പോയി വിശ്രമിക്കയും ചെയ്തു. ഗുണ്ടർട്ടു
കേരളത്തിൽ താമസിച്ചതു തലശ്ശേരിയിലെ ഇല്ലിക്കുന്നിൽ മാത്രമാണ് എന്നും
ചിലർക്ക് ധാരണയുണ്ട്. അവിടെ പത്തുവർഷത്തോളം അദ്ദേഹം താമസിച്ചു. ഏഴെട്ടു

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/25&oldid=201030" എന്ന താളിൽനിന്ന് ശേഖരിച്ചത്