ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxvii

ഭാഷാതത്ത്വങ്ങൾ നിർദ്ദേശിക്കുകയുമാണ് ഈ ലേഖനത്തിന്റെ ഉദ്ദേശം.'

നോക്കണേ, പയ്യന്നൂർപ്പാട്ടിനെക്കുറിച്ചു എഴുതാൻ എം.പി. ശങ്കുണ്ണി നായർ
ഗുണ്ടർട്ടു നിഘണ്ടുവും വ്യാകരണവും പദാനുപദം വായിച്ചു ഉദ്ധാരണങ്ങൾ മുഴുവൻ
സമാഹരിച്ചു അക്കമിട്ടു അവതരിപ്പിക്കുന്നു! പയ്യന്നൂർ പാട്ടിനെക്കുറിച്ചു
ഗോവിന്ദപ്പിള്ളയും ഉള്ളൂരും ഇളംകുളവും ഉന്നയിച്ച അഭിപ്രായങ്ങളെ
ഉദ്ധാരണങ്ങളുടെ പിൻബലത്തോടെ അദ്ദേഹം വിലയിരുത്തുന്നു, ഗുണ്ടർട്ടിനു
കിട്ടിയതു 104 ഈരടിയോ പാട്ടോ ശ്ലോകമോ എന്ന ചോദ്യം അന്നു തന്നെ അദ്ദേഹം
ഉന്നയിച്ചു. വടക്കൻ പാട്ടു രീതിയിലുള്ള ഒരു കാവ്യത്തിന്റെ രീതിയെക്കുറിച്ചു
ഏതാനും പാദങ്ങൾ മാത്രം മുൻ നിറുത്തി അഭിപ്രായം പറയേണ്ടിവന്ന പൂർവികരുടെ
തീർപ്പുകൾ പാളിപ്പോയിട്ടുണ്ടെങ്കിൽ അവരെ കുറ്റപ്പെടുത്താനാവില്ല. കാവ്യത്തിന്റെ
കാലം നിർണ്ണയിക്കാൻ യവനപദം ഉപകരിക്കുമോ എന്ന കാര്യവും ശങ്കുണ്ണിനായർ
ആലോചിക്കുന്നുണ്ട്. പയ്യന്നൂർപ്പാട്ടിലെ യവനർ ഗ്രീക്കുകാരോ വാസ്കോഡി
ഗാമയുടെ പിന്നാലെ വന്ന വെള്ളക്കാരോ എന്നതാണ് ശങ്കുണ്ണി നായർ ഉന്നയിച്ച
മറ്റൊരു ചോദ്യം. പയ്യുന്നൂർ പാട്ടു വായിച്ചു നോക്കാൻ അവസരമില്ലാതിരിക്കെ ഈ
ചോദ്യങ്ങൾ ഉന്നയിക്കാൻ കഴിഞ്ഞു എന്നതു തന്നെ വലിയ കാര്യമാണ്. ഇളംകുളം
കുഞ്ഞൻപിള്ള, 'പയ്യന്നൂർ പാട്ടിന്റെ കാലം ലീലാതിലക കാലത്തിന്നു (ക്രി.പി.
1385 - 1400) മുമ്പാണെന്നുള്ളതിൽ സംശയമില്ല' എന്നും 'ഒന്നു രണ്ടക്ഷരങ്ങൾ
ഇപ്പോൾ അച്ചടിച്ചിട്ടുള്ള പാട്ടിൽ ദ്രമിഡ സംഘാതാക്ഷരങ്ങളല്ലാതെ കാണുന്നതു
അബദ്ധമായിരിക്കണം' എന്നും എഴുതിയിരുന്നതിനെ ഖണ്ഡിക്കാൻ എം പി
ശങ്കുണ്ണിനായർക്കു ഗുണ്ടർട്ടു നിഘണ്ടു മുഴുവൻ അരിച്ചു പെറുക്കേണ്ടി വന്നു.
വിദ്യാവ്യസനികൾ എന്തു തന്നെ ചെയ്യുകയില്ല എന്നു അത്ഭതപ്പെടാനേ നമുക്കു
തരമുള്ളൂ. ദ്രാവിഡേതര വർണ്ണങ്ങൾ പാട്ടിൽ സാർവത്രികമായുണ്ട് എന്ന്
ഒറ്റനോട്ടത്തിൽ ഇന്നു നമുക്കു മനസ്സിലാക്കാം.

പയ്യന്നൂർപ്പാട്ടിനെക്കുറിച്ച് എഴുതിയവരെല്ലാം ഗുണ്ടർട്ടിനെ ഉദ്ധരിച്ചു
കാണുന്നുണ്ടെങ്കിലും മൂലം തേടിപ്പിടിക്കാൻ കുറെ ക്ലേശിക്കേണ്ടി വന്നു. ലോഗനും
ഉള്ളൂരും ആശ്രയിക്കുന്നതു Madras Journal of Literature and Science No 31
(1844) ലെ കുറിപ്പിനെയാണ്. യഹൂദശാസനത്തെക്കുറിച്ചു യശഃശരീരനായ
എഫ്. ഡബ്ല്യു. എല്ലീസ് എഴുതിയ പ്രബന്ധത്തിനു അനുബന്ധമായി അഞ്ചുവണ്ണം
എന്ന സംജ്ഞവിശദീകരിക്കാൻ ഗുണ്ടർട്ടെഴുതിയ കുറിപ്പിലാണ് പയ്യന്നൂർപ്പാട്ട്
കടന്നു വരുന്നത്. കുടിയേറ്റക്കാരുടെ നാലു വണിക് സംഘ (നാലു ചേരി) ങ്ങളിൽ
ഒന്നായ അഞ്ചു വണ്ണത്തിനു ഏഴിമലയ്ക്കപ്പുറവും സ്വാധീനമുണ്ടായിരുന്നു എന്നു
പയ്യന്നൂർപ്പാട്ട് തെളിയിക്കുന്നതായി ഗുണ്ടർട്ട് എഴുതുന്നു.

'This poem is certainly the oldest specimen of Malayalam composition
which I have seen, the language is rich and bold, evidently of a time when the
infusion from Sanskrit had not reduced the energy of the tongue by cramping it
with hosts of unmeaning participles' എന്ന ഗുണ്ടർട്ടിന്റെ പ്രസ്താവം കൺമുമ്പിൽ
നിന്നു മറഞ്ഞുപോയ കാവ്യത്തെക്കുറിച്ചു അതിശയോക്തി പരമായ ധാരണകൾ
വളർത്താൻ പണ്ഡിതന്മാരെ പ്രചോദിപ്പിച്ചിരിക്കാം. ഗുണ്ടർട്ടു പറഞ്ഞതു
അതിശയോക്തിയാണോ എന്നു പണ്ഡിതന്മാർ വസ്തതുനിഷ്ഠമായി തീരുമാനിക്കട്ടെ.

"https://ml.wikisource.org/w/index.php?title=താൾ:11E607.pdf/33&oldid=201046" എന്ന താളിൽനിന്ന് ശേഖരിച്ചത്