xxviii
പ്രസാധനചരിത്രം
പയ്യന്നൂർ പാട്ടിന്റെ പ്രസാധനത്തിനു ഇറങ്ങിപ്പുറപ്പെട്ടപ്പോൾ
സാധാരണക്കാരായ ഞങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾകൂടി ഇവിടെ
സൂചിപ്പിക്കേണ്ടിയിരിക്കുന്നു. മിക്ക പദങ്ങളുടെയും അർത്ഥം നിർണ്ണയിക്കാൻ
കഴിഞ്ഞെങ്കിലും കീറാമുട്ടികൾ അവശേഷിക്കുന്നു. വാക്യഘടന സുപരിചിതമായി
തോന്നുന്നെങ്കിലും അന്വയക്ലേശങ്ങൾ കുറവല്ല. സാമാന്യമായ അർത്ഥബോധം
ലഭിക്കുന്നുണ്ടെങ്കിലും ഭാഷാപഗ്രഥനത്തിനു സൂക്ഷ്മമായ പഠനം തന്നെ വേണം.
ഭാഷയുടെ പരിവർത്തന ഘട്ടമാണോ, അതോ മിശ്രണമാണോ ഇതിലുള്ളതെന്നു
തീർച്ചപ്പെടുത്താനാവുന്നില്ല. ഇതിനെല്ലാം പുറമേ മറ്റൊരു പ്രശ്നംകൂടി ഉണ്ട്.
ഗുണ്ടർട്ടിന്, ഇവിടെ അച്ചടിക്കുന്ന പാഠത്തെക്കുറിച്ചു വലിയ മതിപ്പില്ലായിരുന്നു.
ഇതിൽ അപപാഠങ്ങൾ ധാരാളമുണ്ട് എന്നും സംശുദ്ധമായ മറ്റൊരു പാഠം
ലഭിച്ചിട്ടുവേണം കൃതി സമഗ്രമായി പഠിച്ചവതരിപ്പിക്കാൻ എന്നും മുൻപറഞ്ഞ
കുറിപ്പിൽ അദ്ദേഹം എഴുതിയിട്ടുണ്ട്.
'But the copy which I have is, full of antiquated terms and so disfigured
by errors of transcription, that I could not now undertake to give a correct version
of the whole, valuable as such a picture of bygone times would doubtless be.
Perhaps, I may on another excursion to Payanur and the site of the forgotten
Cachilpatnam, fall in with another copy.'
അക്ഷരവ്യക്തതയുള്ള മറ്റൊരു പകർപ്പ് ഗുണ്ടർട്ടിനു ലഭിച്ചതായി
തെളിവുകളില്ല. പയ്യന്നൂർപ്പാട്ടിന്റെ പ്രാധാന്യം പരിഗണിച്ചായിരിക്കാം
അതുൾക്കൊള്ളുന്ന ഓലക്കെട്ട് തന്റെ ജീവിതകാലത്തുതന്നെ ട്യൂബിങ്ങൻ
സർവകലാശാലയ്ക്കു സംഭാവന ചെയ്തത്. വടക്കെ മലബാറിലെ തളിപ്പറമ്പിൽനിന്നു
ലഭിച്ച ഓലക്കെട്ട് ഗുണ്ടർട്ടാണ് ലൈബ്രറിക്കു സമ്മാനിച്ചതെന്നു 1899 ലെ
കാറ്റ്‌ലൊഗിലുണ്ട്. കാറ്റ്‌ലൊഗിൽ കാണുന്ന വിവരണവും ഗുണ്ടർട്ടു നല്കിയതു
തന്നെ. Ma l 279 എന്ന നമ്പരിലുള്ള കെട്ടിൽ 157 ഓലകളാണുള്ളത്. ഒമ്പതാമത്തെ
ഓലയിൽ പയ്യന്നൂർപ്പാട്ട് അരംഭിക്കുന്നു. നാല്പത്തഞ്ചാമത്തെ ഓലയിൽ
അവസാനിക്കുന്നു. ഓലക്കെട്ടിൽ CDE എന്നിങ്ങനെ അടയാളപ്പെടുത്തിയിരിക്കുന്ന
ഖണ്ഡങ്ങൾ അടങ്ങുന്നതാണ് പയ്യന്നൂർപ്പാട്ട്.
1993 മേയ് 19-ന് സ്റ്റുട്ഗാർട്ടിൽ ഹെർമൻ ഗുണ്ടർട്ട് ചരമശതാബ്ദി
ആഘോഷങ്ങളുടെ ഉദ്ഘാടനവേളയിൽ പയ്യന്നൂർപ്പാട്ടിന്റെ ആദ്യപകർപ്പ്
കേരളത്തിലെ സാംസ്കാരിക വകുപ്പുമന്ത്രി ടി.എം. ജേക്കബ് ബാദൻ വ്യൂർട്ടൻ
ബർഗ് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ ഗവേഷണ വകുപ്പുമന്ത്രി ക്ലോദ് ഫോൺ
ട്രോത്തായ്ക്കു നല്കി പ്രകാശനം നിർവഹിച്ചു. അപ്പോഴും ഇതു
പുസ്തകരൂപത്തിലാക്കാനുള്ള പഠനഗവേഷണങ്ങൾ തുടരുകയായിരുന്നു. പ്രഫസർ
എസ് ഗുപ്തൻനായരും ഡോ എം ലീലാവതിയും അന്നുതന്നെ പഠനങ്ങൾ തയ്യാറാക്കി
തന്നിരുന്നെങ്കിലും മറ്റു പഠനങ്ങൾ പിന്നീടാണു ചേർത്തത്.
കൈയെഴുത്തു ഗ്രന്ഥത്തിന്റെ കാര്യത്തിൽ ഗുണ്ടർട്ടു പ്രകടമാക്കിയിരുന്ന
അസംതൃപ്തിയാണ് ഞങ്ങളെ ഏറ്റവും വിഷമിപ്പിച്ചത്. ഗുണ്ടർട്ടും ഉള്ളൂരും