പയ്യന്നൂർപ്പാട്ട്
മഹാകവി ഉള്ളൂർ
പയ്യന്നൂർപാട്ട് എന്നൊരു കൃതിയെപ്പറ്റി ഡോക്ടർ ഗുണ്ടർട്ട് ചിലതെല്ലാം
പ്രസ്താവിച്ചിട്ടുണ്ട്. ആ ഗ്രന്ഥത്തിന്റെ യാതൊരു പ്രതിയും മറ്റുള്ളവർക്കു കിട്ടീട്ടില്ല;
ഗുണ്ടർട്ടിനുതന്നെയും ആദ്യത്തെ നൂറ്റിനാല് ഈരടികളേ ലഭിച്ചിരുന്നുള്ളു.
ഗുണ്ടർട്ടിന്റെ കൈവശമുണ്ടായിരുന്ന ഏട്ടിന്റെ പോക്കിനെപ്പറ്റിയും
യാതൊരറിവുമില്ല. തമിഴിലേ നീലകേശി എന്ന കാവ്യത്തിനും ഇതിനും തമ്മിൽ
യാതൊരു സംബന്ധവുമില്ല.
വിഷയം: സുന്ദരിമാർക്കു കേൾവിപ്പെട്ട ശിവപേരൂരിൽ (തൃശൂരിൽ) ഒരു
മാന്യകുടുംബത്തിൽ ജനിച്ച നീലകേശി എന്ന സ്ത്രീ അപുത്രയായിരുന്നതിനാൽ
ഭിക്ഷമുകിയായി തീർഥാടനം ചെയ്യുവാൻ തീർച്ചപ്പെടുത്തി. അങ്ങനെ സഞ്ചരിക്കവേ
ഒരിക്കൽ ഉത്തരകേരളത്തിൽ ഏഴിമലയ്കു സമീപമുള്ള കച്ചിൽപട്ടണത്തു
ചെന്നുചേരുകയും അവിടത്തെ പ്രധാന വണിക്കായ നമ്പുചെട്ടി
(ചോമ്പുചെട്ടിയെന്നും പറയും) അവളെ ചില വ്രതങ്ങളും മറ്റും അനുഷ്ഠിപ്പിച്ചു
തന്റെ പത്നിയായി സ്വീകരിക്കുകയുംചെയ്തു. അവർക്കു നമ്പുശാരി അരൻ
എന്നൊരു പുത്രൻ ജനിച്ചു. ആ സംഭവത്തിന്റെ ആഘോഷരൂപമായി
നാല്പത്തൊന്നാം ദിവസം പയ്യന്നൂർ മൈതാനത്തുവച്ചു നമ്പുചെട്ടി ഒരു സദ്യ
നടത്തി. ആ സമയത്തു നീലകേശിയുടെ സഹോദരന്മാർ അവിടെ കപ്പൽവഴിക്കു
ചെന്നുചേർന്നു. അവർ ഒരു ക്ഷേത്രത്തിന്റെ മതിലിൽ കയറിനിന്നുകൊണ്ടു
മൈതാനത്തിൽ നടന്ന ആഘോഷം കണ്ടുകൊണ്ടിരിക്കവേ ചിലർ അവരെ
തടസ്സപ്പെടുത്തി. തങ്ങൾ കൂലവാണികന്മാർ (ധാന്യവിക്രയികൾ) ആണെന്നും
നാട്ടുനടപ്പറിഞ്ഞുകൂടാതെയാണ് അങ്ങനെ ചെയ്തതെന്നും നമ്പുചെട്ടിയോട്
സമാധാനം പറഞ്ഞു. ചെട്ടിയാകട്ടെ അവരിൽ ഒരു സഹോദരന്റെ തലയിൽ
വടികൊണ്ടടിക്കുകയും തദനന്തരമുണ്ടായ ലഹളയിൽ എല്ലാ സഹോദരന്മാരും
കാലഗതിയെപ്രാപിക്കുകയുംചെയ്തു. ആ ദാരുണമായ വൃത്താന്തം കേട്ട നീലകേശി
ഭർത്താവിനേയും പുത്രനേയും ഉപേക്ഷിച്ചു വീണ്ടും ഭിക്ഷകിയായി സഞ്ചരിച്ചു.
പുത്രനെ പിതാവു യഥാകാലം കച്ചവടവും കപ്പൽപ്പണിയും പഠിപ്പിച്ചു.
നമ്പുശാരിഅരൻ സ്വന്തമായി ഒരു കപ്പൽ പണിയിച്ച് അതു കച്ചിൽപട്ടണത്തുനിന്നു
കച്ചവടത്തിനായി കടലിലിറക്കി. പാണ്ഡ്യർ, ജോനകർ, ചോഴിയർ മുതലായവരും
ഒരു യവനനും (ഗ്രീക്കുകാരൻ) അതിൽ വേലക്കാരായി ഉണ്ടായിരുന്നു. അവർ ഏഴിമല
ചുററി പൂമ്പട്ടണത്തേക്കു ചെന്ന് അവിടെനിന്നു മാലദ്വീപുകൾ, താമ്രവർണ്ണീനദി,