ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
16 മൂന്നാം പാഠപുസ്തകം


  കൊണ്ടാടിത്തൻ കരകമലത്തെ-
  ക്കൊണ്ടു പിടിച്ചു മുറുക്കിക്കൊണ്ടാൻ.

  അരചൻ ചെന്നിഹ തൊട്ടതു നേരം
  അരയന്നം താൻ ഝടുതിയുണൎന്നു.
  "അരുതരുതെന്നെക്കൊല്ലരു"തെന്നും
  തെരുതെരെയങ്ങു പറഞ്ഞുതുടങ്ങി;

  "അപരാധത്തെച്ചെയ്യാത്തവനെ-
  ക്കൃപകൂടാതെ വധിച്ചെന്നാകിൽ
  നൃപതേ! നിന്നുടെ നാടും ധനവും
  സപദി നശിക്കുമതോൎത്തീടേണം.

  പക്ഷികളെക്കൊല ചെയ്തൊരു മാംസം
  ഭക്ഷിക്കാനൊരു രുചിയുണ്ടെങ്കിൽ
  ഇക്ഷിതിയിൽ പല കുക്കുടമുണ്ടതു
  ഭക്ഷിച്ചാലും മതിവരുവോളം.

  മാനത്തങ്ങു പറന്നുനടക്കും
  ഞാനെന്തൊരു പിഴ ചെയ്തതു നിങ്കൽ?
  മാനുഷകുലവരമകുടമണേ നീ
  ഹാനി നമുക്കു വരുത്തീടൊല്ല.

  എല്ലും തോലും ചിറകും കൊക്കുമ-
  തെല്ലാം നീക്കി നുറുക്കിക്കണ്ടാൽ;
  തെല്ലുഭുജിപ്പാനുണ്ടെന്നും വരു-
  മില്ലെന്നും വരുമെന്നുടെ മാംസം.

  എന്നുടെ മാതാവിന്നു വയസ്സൊരു
  മുന്നൂറ്ററുപതിലിപ്പുറമല്ല;
  എന്നു വരുമ്പോളവളുടെ ദുഃഖമ-
  തെന്നു ശമിക്കും നിഷധനരേന്ദ്ര!

"https://ml.wikisource.org/w/index.php?title=താൾ:1926_MALAYALAM_THIRD_READER.pdf/20&oldid=155005" എന്ന താളിൽനിന്ന് ശേഖരിച്ചത്