ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xiv

പറത്താനം (വർത്തമാനം) വെകം പൊയിപ്പെകയിങ്ങ് (വേഗം പോയി
വേഗമിങ്ങ്), ഇരിങ്ങണ്ണൂപ്പെള്ളാന (ഇരിങ്ങണ്ണൂർ വെള്ളാന), അപ്പത്തിയ
(ആ വിദ്യ), പരത്തം (വരത്തം) എന്നിങ്ങനെയുള്ള രൂപങ്ങൾ ഒട്ടേറെയുണ്ട്
ഈ സമാഹാരത്തിലെ പാട്ടുകളിൽ.

വ→ബ വിനിമയം വടക്കൻ മലയാളത്തിൽ പ്രചുരമായ ഒന്നാണല്ലോ.
അതിനാൽ, വന്നില്ല →ബന്നില്ല, വടക്ക്→ബടക്ക്, വഴിയെ →ബഴിയെ,
വയനാട് →ബയനാട് എന്നീ രൂപങ്ങൾ അസ്വാഭാവികമായി നമുക്ക്
അനുഭവപ്പെടാറില്ല. ഇതോടൊപ്പം ബ→പ വിനിമയം നാടൻ വ്യവഹാരത്തിൽ
സാധാരണമാണ്. ബന്ധു→പെന്ധു, ബുദ്ധി→പുത്തി, ബോധം → പോതം,
ബുദ്ധൻ → പുത്തൻ. ഭ→പ വിനിമയവും സാധാരണം തന്നെ. ഭാഗ്യം
→പാക്കിയം, ഭേദം →പേതം, ഭഗവതി → പോതി. വാഉന്നോർ, വ→ബ
വിനിമയ രീതിയനുസരിച്ച് ബാഉന്നൊർ എന്നും പിന്നീട്, രണ്ടാമതു
ചൂണ്ടിക്കാണിച്ച വിനിമയ രീതിയിൽ പാഉന്നോർ എന്നും ആയിത്തീരു
കയാവും. ഇത് സ്വാഭാവികമായ ഒരു സാമ്യാനുമാന പ്രക്രിയ (analogical
creation) ആണെന്നു തോന്നുന്നു. ഇരട്ടിപ്പ് ആവശ്യപ്പെടുന്ന സന്ധാന
സ്ഥാനങ്ങളിൽ വർണ്ണം ഇരട്ടിക്കുന്നു (ഞാക്കൊട്ടിപ്പാഉൗൻറരിയും,
ആനെക്കൂട്ടിപ്പലിക്കുന്നൊറ്).

വടക്കൻ പാട്ടുകളുടെ ഗണത്തിൽ സാധാരണയായി ഉൾപ്പെടു
ത്തിക്കണ്ടിട്ടില്ലാത്ത വയനാട്ടിലെ ആദിവാസികളുടെ പാട്ടുകളിൽ അങ്ങിങ്ങ്
വ → പ വിനിമയം കാണുന്നുണ്ട്. എം. ആർ. പങ്കജാക്ഷന്റെ ‘വയനാട്ടിലെ
ആദിവാസികളുടെ പാട്ടുകൾ' (കേരള സാഹിത്യ അക്കാദമി, 1989) എന്ന
ഗ്രന്ഥത്തിൽനിന്ന് ഏതാനും ഉദാഹരണങ്ങൾ കൊടുക്കുന്നു. അമ്പാക്ക്
(ആ + വാക്ക്), പെരുന്ന് (വരുന്ന്), പെരുന്നോ (വരുന്നോ), പെരും (വരും),
ഇമ്പിത്യ (ഈ +വിദ്യ).

ഈ വ→പ വിനിമയം ആരെങ്കിലും ചൂണ്ടിക്കാണിച്ചിട്ടുള്ളതായി
അറിവില്ല. ഗുണ്ടർട്ടു തന്നെയും ഇതിനെക്കുറിച്ചു മൗനം ദീക്ഷിക്കുന്നു.
ഇത്തരം രൂപങ്ങളുടെ ശുദ്ധീകൃത മാതൃകകളാണ് നിഘണ്ടുവിൽ പ്രത്യക്ഷ
പ്പെടുന്നത്. പയ്യാട്, പെന്ധു എന്നിവ വഴിപാട് (1982:926), ബന്ധു (1982:747)
എന്നിങ്ങനെ രൂപം മാറിയാണ് നിഘണ്ടുവിലെത്തുക. ആനെനക്കൂട്ടി
പ്പലിക്കുന്നൊർ എന്ന പ്രയോഗം നിഘണ്ടുവിൽ ആനയെക്കൂട്ടി വലിപ്പിച്ചു
(പു - 918) എന്നാണ് ഉദ്ധരിച്ചിരിക്കുന്നത്. ഈ സമാഹാരത്തിൽ നിന്ന്
നിഘണ്ടുവിൽ ഉദ്ധരിച്ചിട്ടുള്ള സംസ്കരണത്തിനു വിധേയമായ ചില
പ്രയോഗങ്ങൾ താഴെ കൊടുക്കുന്നു. (ബ്രായ്ക്കറ്റിലുള്ളത് പാട്ടിൽ കാണുന്ന
രൂപങ്ങളാണ്) ചെറുവാട വഴിപാടും (പു - 926) (ചെറുആട പയ്യാടും),
നമ്മളിൽ ഏതൊരു ഭേദം ഇല്ലെ (പു-766) (നമ്മളിലെതു ഒരു പെതയില്ലെ),
അവിടെ ജയിപ്പെനക്ക് (പു-404) (ആടച്ചെയിപ്പെനക്ക്), നീ എന്നു ചെല്ലും
ഗതി അമ്മെക്ക് (പു - 329) (നീയെന്നു ചെല്ലും കൈതിയമ്മക്ക്), നാലാം
മതിലിന്മേൽ തിണ്ടിന്മേലേ (പു -781) (നാലമ്മതുമ്മലെ തിണ്ടുമ്മലെ).
എന്നാൽ, ചാത്തിര (യാത്ര), ഇതം (ഹിതം) ഒരുത്തയിൽ (ഒരു സ്ഥലത്ത്)
മീശം, വീശം (വീതം), കലകം (കലഹം), ചോകം (യോഗം), കടുപ്പ(കുടിപ്പക),
നായ്യട്ട (നാഴിക വട്ട), തീക്ക (ദീക്ഷ) എന്നിങ്ങനെ പാട്ടിൽ കാണുന്ന ഒട്ടേറെ
നാടൻ രൂപങ്ങൾ അതേപടി നിഘണ്ടുവിൽ ഉദ്ധരിച്ചിട്ടുമുണ്ട്.

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/47&oldid=200635" എന്ന താളിൽനിന്ന് ശേഖരിച്ചത്