ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഭാരതീയ ഗണിത സൂചിക


ആമുഖം


ചെറുപ്പം മുതലേ കണക്കിൽ തൽപ്പരനായിരുന്നു. പ്രൈമറി ക്ലാസ്സിലായിരിക്കുമ്പോൾ ഉയർന്ന ക്ലാസ്സിലെ കണക്കുകൾ ചെയ്യുമായിരുന്നു, വിദ്യാർത്ഥിയെന്ന നിലയിൽ കണക്ക്‌ എനിക്ക്‌ ഒരു'ഭാര"മായിരുന്നില്ല. S.S.L.C പരീക്ഷയിൽ 100% മാർക്ക്‌ വാങ്ങുകയുണ്ടായി . എന്റെ സഹപാഠിക്ക്‌ ഞാൻ കണക്കിൽ ട്യൂഷൻ ‌ കൊടുത്തിരുന്നു. കോളേജിലും ഐച്ചികവിഷയം കണക്കുതന്നെ.ഗണിതശാസ്ത്രത്തിലുള്ള വാസന ആവേശമായിത്തീർന്നു. എൺപതുകഴിഞ്ഞ എനിക്ക്‌ ഇപ്പോഴും ആ ശാസ്ത്രത്തിലുള്ള താൽപ്പര്യത്തിന്‌ കുറവ്‌ സംഭവിച്ചിട്ടില്ല. ഔദ്യോഗിക ജീവിതകാലത്ത്‌ എന്റെ സ്‌നേഹിതന്മാരുടെ സന്താനങ്ങൾക്ക്‌ ഞാൻ കണക്ക്‌ അദ്ധ്യാപനം ചെയ്യുമായിരുന്നു.വരുമാനത്തിനല്ല പഠിക്കുന്നവരെ പഠിപ്പിക്കുകയെന്നത്‌ എനിക്ക്‌ ആനന്ദകരമായ ഒരനുഭുതിയായിരുന്നു. ഇന്നും ഞാൻ കണക്ക്‌ പഠിക്കുന്നു; തായാദികളെ പഠിപ്പിക്കുന്നു.

ജ്യോതിശ്ശാസ്ത്ര ഗ്രന്ഥങ്ങളിലൂടെ എനിക്ക്‌ ഭാരതീയഗണിതശാസ്ത്ര ലോകത്തിലേക്ക്‌ പ്രവേശനം ലഭിച്ചു. ലീലാവതി, യുക്തിഭാഷ മുതലായ ഗണിതശാസ്ത്രഗ്രന്ഥങ്ങൾ വായിച്ചപ്പോൾ ഞാൻ ആനന്ദത്തിലാറാടുകയായിരുന്നു. കോളേജിൽ ആംഗല ഭാഷയിൽ പഠിച്ച ഗണിതശാസ്ത്രപാഠങ്ങളെല്ലാം ഉൽകൃഷ്ടമായ രീതിയിൽ സംസ്കൃതഭാഷയിൽ കണ്ട ഞാൻ അത്ഭുതപ്പെടുകയും ഭാരതീയരായ നമ്മുടെ പിതാമഹന്മാരുടെ വൈജ്ഞാനികന്നതൃത്തിന്‌ മുമ്പിൽ നമ്രശിരസ്കനാകുകയും ചെയ്തു,ആംഗലഭാഷയിലുള്ള ദീർഘമായ ഉപാദ്യങ്ങളും സിദ്ധാന്തങ്ങളും സംസ്കൃതത്തിൽ പദ്യരൂപമായി രസമായി പ്രകാശിപ്പിച്ചിട്ടുള്ളത്‌ വായിച്ചു ഞാൻ അത്ഭുതസ്തബ്ധനായിട്ടുണ്ട്‌. സത്യം പറയട്ടെ ശ്രുതിമധുരമായ ഗാനങ്ങൾ ആവർത്തിച്ചു കേൾക്കുന്ന താൽപര്യത്തോടെ, ഈ ഗണിതസിദ്ധാന്ത ശ്ലോകങ്ങൾ ഞാൻ ആവർത്തിച്ചു വായിച്ചു ഏകാന്തതയിൽ രസിച്ചിരിക്കുക പതിവാണ്‌.

ഗണിതശാസ്ത്രത്തിലൂടെ ഞാൻ അനുഭവിക്കുന്ന ആത്മനിർവൃതി അവാച്യമാണ്‌. അത്‌ മറ്റുള്ളവരുമായി പങ്കിടുവാൻ എനിക്ക്‌ താൽപര്യമുണ്ട്‌. വിദ്യാർത്ഥികളുടെ ഗണിത വാസനക്ക്‌ മൂർച്ച കൂട്ടാനുദ്ദേശിച്ചുകൊണ്ടുള്ളതാണ്‌ “ബുദ്ധിയും യുക്തിയും കണക്കിലൂടെ”യെന്ന എന്റെ പുസ്തകം. നമ്മുടെ പൂർവ്വീകർ, മറ്റു ശാസ്ത്രങ്ങളിലെ പോലെ, ഗണിതശാസ്ത്രത്തിൽ എത്രമാത്രം അവഗാഹം നേടിയിരുന്നു എന്ന വസ്തുത അറിയുന്നവർ വളരെ തുച്ഛമായിരിക്കുമല്ലൊ. വേദനാജനകമായ ആ അവസ്ഥക്ക്‌ മാറ്റം വരുത്തേണ്ടത്‌ ആവശ്യമാണെന്ന്‌ എനിക്ക്‌ തോന്നി. അഭ്യസ്തവിദ്യരുടെ അറിവിന്നായി അൽപ്പം ചില പ്രാഥമിക ഗണിതപാഠങ്ങൾ മാതൃകക്കായി പലയിനത്തിൽ നിന്നും തെരഞ്ഞെടുത്തു സമാഹരിച്ചതാണ്‌ 'ഭാരതീയ ഗണിത സൂചിക'.

കേരള സർക്കാരിന്റെ സാംസ്‌കാരിക പ്രസിദ്ധീകരണവകുപ്പ്‌ ഈ കൊച്ചുഗ്രന്ഥം അംഗീകരിക്കുകയും അതിന്റെ (പചരണത്തിന്‌ വേണ്ടി സാമ്പത്തിക സഹായം നൽകുകയും ചെയ്തിരിക്കുന്നു. സർക്കാരിനോട്‌ എനിക്കുള്ള കടപ്പാട്‌ നന്ദിപൂർവ്വം ഇവിടെ രേഖപ്പെടുത്തിക്കൊള്ളുന്നു.

ഗണിതശാസ്ത്ര തൽപ്പരന്മാർ ഈ പുസ്തകം വിജ്ഞാനപ്രദവും ആനന്ദദായകവുമായിക്കാണുമെന്ന്‌ വിശ്വസിക്കുന്നു.

പെരിഞ്ഞനം (തൃശ്ശൂർ)
01.11.2001
ഗ്രന്ഥകർത്താവ്‌