ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ന്മാരും ഉത്സാഹഭാരത്തോടെ മാരുതിക്കു ചുറ്റും വന്നുനിന്നു. സാശ്ചൎയ്യം

അവർ ഹനുമാനെ വീക്ഷിച്ചു. വൃദ്ധവാനരന്മാരാൽ സ്തുതിക്കപ്പെട്ട ബൃഹത്കായനും ബലശാലിയുമായ മാരുതിയാകട്ടെ, സഗൗരവം തന്റെ വാൽ ഒന്നു ചുറ്റിവീശി മഹാബലത്തെ കൈക്കൊണ്ടു. തേജസ്സുകൊണ്ടു ജ്വലിക്കുന്ന ആ വാനരവീരന്റെ വിഗ്രഹം നിരുപമമായിശ്ശോഭിച്ചു. ഗിരിഗഹ്വരത്തിൽ മഹാസിംഹമെന്നപോലെ വായുപുത്രനായ ഹനുമാൻ വീണ്ടും വീണ്ടും നീണ്ടു നിവൎന്നു തന്റെ ശരീരം എത്രയും വലുതാക്കി. ധീരനായ അവന്റെ മുഖം ചുട്ടുപഴുത്ത ഉല പോലെയോ വിധൂമമായ ദീപ്താഗ്നിപോലെയോ ഉജ്വലിച്ചു. അനന്തരം സന്തോഷത്താൽ പുളകിതഗാത്രനായ ആഞ്ജനേയൻ ആ വൃദ്ധവാനരന്മാരുടെ മദ്ധ്യത്തിൽ നിന്നെഴുന്നേറ്റു് അവരെ അഭിവാദ്യംചെയ്തുകൊണ്ടിങ്ങിനെ വചിച്ചു. "ഹേ! പ്ലവഗവൎയ്യരെ! മഹാബലനും അപ്രമേയനും ആകാശഗോചരനും പൎവ്വതശിഖരങ്ങളെ അടിച്ചുടയ്ക്കുന്നവനും ഹുതാശനസഖാവുമായ ഗന്ധവാഹനന്റെ ഔരസപുത്രനാണ് ഞാൻ. ചാട്ടത്തിൽ എനിക്കു സമനായി ആരുമില്ല. ഉയർന്നു അംബരത്തോടുരസിനില്ക്കുന്ന അതിവിസ്തീൎണ്ണമായ ഈ മേരുപർവ്വതത്തെപോലും ഒരേ ചാട്ടത്തിൽ നൂറുവട്ടം ചുറ്റുവാൻ എനിക്കു ശക്തിയുണ്ട്. സാഗരവാരയെ ഭുജബലം കൊണ്ടു തള്ളിയേന്തിച്ച് അസംഖ്യം നദികളോടും ഹ്രദങ്ങളോടും ധരണീധരങ്ങളോടും കൂടിയ ഈ ലോകത്തെ മുക്കിമുടിക്കുവാനും എനിക്കു പ്രയാസമില്ല. എന്റെ ഊരുവേഗം ഏല്ക്കുമ്പോൾ ഭയങ്കരനക്രങ്ങൾകൊണ്ടു നിറഞ്ഞ വരുണാലയവും കരകവിഞ്ഞേന്തിത്തുടങ്ങും. പന്നഗാശനനായ പക്ഷിരാജൻ പതംഗസമൂഹത്താൽ പരിവൃഢനായി പുഷ്കരമാർഗ്ഗത്തിൽ പറന്നുകൊണ്ടിരിക്കുന്ന അവസരത്തിൽ പോലും എനിക്കവനെ അനേകപ്രാവശ്യം പ്രദക്ഷിണം ചെയ്യുവാൻ സാദ്ധ്യമാണ്. ആകാശമദ്ധ്യഗതനായി തീവ്രരശ്മികളോടുകൂടെ ഉജ്വലിക്കുന്ന അംശുമാനെ അഭിഗമിപ്പാനും ഞാൻ ശക്തനാണ്. ഹേ! കപിവീരരെ! അതേവഴിയായി യാതൊരുദിക്കും സ്പൎശിക്കാതെ കുതിച്ചു ഭൂമിയിൽ തിരിച്ചെത്തുവാനും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_Gadya_Ramayanam_Kishkindha_kandam_1933.pdf/220&oldid=155914" എന്ന താളിൽനിന്ന് ശേഖരിച്ചത്