ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാചമ്പുക്കൾ

ചമ്പൂനിബന്ധനത്തിനു പ്രാകൃതഭാഷയുടെ അപേക്ഷയില്ല. ഗദ്യപദ്യങ്ങൾ രചിക്കുന്നതിനുള്ള പാടവം കവിക്കു യൗഗപദ്യേന പ്രകാശിപ്പിക്കുകയും ചെയ്യാം. അതു് കൊണ്ട് യുവാക്കന്മാരായ കവികൾക്കു് ആ പന്ഥാവിൽ പര്യടനം ചെയ്യുവാൻ ഔത്സുക്യമുണ്ടാവുന്നതു് അസ്വാഭാവികമല്ല. ആര്യാവർത്തത്തിൽ ചമ്പുക്കൾ താരതമ്യേന അത്യന്തം വിരളമായി പ്രാദുർഭവിച്ചതിനുള്ള കാരണം വ്യക്തമാകുന്നില്ല. ഗദ്യകാവ്യത്തിനു മിശ്രമെന്നൊരു വിഭാഗമുണ്ടാക്കി അതിൽ ചമ്പുക്കളെ ഉൾപ്പെടുത്തിയ പല്ലവ സദസ്യനായ ദണ്ഡിയും ആദ്യത്തെ ചമ്പുവായി ഗണിക്കാവുന്ന ദമയന്തീകഥ രചിച്ച രാഷ്ട്രകൂടസദസ്യനായ ത്രിവിക്രമനും ദാക്ഷിണാത്യന്മാരായിരുന്നു. ദ്രാവിഡഭാഷകളിലേ സാഹിത്യചരിത്രം പരിശോധിച്ചാലും ചമ്പുക്കളുടെ പ്രാധാന്യം വെളിപ്പെടുത്തുന്നുണ്ടു്. കർണ്ണാടകസാഹിത്യത്തിലേ അതിപ്രാചീനങ്ങളായ കാവ്യങ്ങൾ ചമ്പൂരൂപത്തിലാകുന്നു നിബന്ധിക്കപ്പെട്ടിട്ടുള്ളതു്. കേരളത്തിലും പല ഭാഷാചമ്പുക്കളും പുനത്തിന്റെ രാമായണചമ്പുവിനുമുൻപുതന്നെ ആവിർഭവിച്ചിട്ടുണ്ടു്. ഇവിടെ ചാക്യാന്മാരുടെ കൂത്തിനും ഇതരന്മാരുടെ പാഠകപ്രവചനത്തിനും ചമ്പുക്കൾ ആവശ്യകങ്ങളായിരുന്നതിനാൽ അവ നിർമ്മിക്കുന്നതിൽ കവികൾ അന്യദേശീയരെ അപേക്ഷിച്ചു് അധികം ശ്രദ്ധാലുക്കളായി പരിണമിച്ചത് ആശ്ചര്യമല്ലെന്നും സോപപത്തികമായി അനുമാനിക്കാവുന്നതാണു്.


28










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_champukkal_1942.pdf/39&oldid=156258" എന്ന താളിൽനിന്ന് ശേഖരിച്ചത്