ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
5

അങ്ങുന്നു് അനാഥനെപ്പോലെ ഇങ്ങിനെ ദുഃഖിക്കരുതു്. ആശ്രിതനായ ഞാൻ ജീവിച്ചിരിക്കെ നിന്തിരുവടി ഒട്ടും പരിതപിക്കേണ്ട. ഈ നക്തഞ്ചരൻ ഇപ്പോൾത്തന്നെ എൻ്റെ ക്രുദ്ധവിശിഖങ്ങളേററു ഭൂമിയിൽ ചത്തുവീഴും. ഇവൻ്റെ ചുട്ട രക്തം ഭൂമി പാനംചെയ്യട്ടെ. രാജ്യാപഹരണംചെയ്ത ഭരതനോടുള്ള എൻ്റെ ഉഗ്രകോപത്തെ, മഹാചലത്തിൽ വജ്രി വജ്രത്തെയെന്നപോലെ ഞാൻ ഇവങ്കൽ പതിപ്പിക്കുന്നുണ്ട്. എൻ്റെ ഭുജപരാക്രമത്തിൽനിന്നും പാഞ്ഞുചെല്ലുന്ന നിശിതസായകം ഈ രാക്ഷസൻ്റെ വിരിഞ്ഞ മാൎവ്വിടത്തിൽ ചെന്നു തറച്ചു് ഇവൻ ക്ഷോണിയിൽ വീണു പിടയട്ടെ.


സർഗ്ഗം 3
വിരാധാക്രമണം.

അനന്തരം ലക്ഷ്മണൻ വിരാധനോടു് "നീ ഈ വനത്തിൽ സഞ്ചരിക്കുന്നതെന്തിന്നു്?" എന്നു ചോദിച്ചതിന്നു് അവൻ വനം മുഴുവൻ മാറെറാലിക്കൊള്ളുമാറു് ഇങ്ങിനെ പറഞ്ഞു. "നിങ്ങൾ ആർ? എന്തിന്നായിട്ടിവിടെ വന്നു? എന്നീ വൃത്താന്തം മുഴുവൻ വിസ്തരിച്ചുപറയുവിൻ; പിന്നീടു ഞാനെന്റെ കാൎയ്യം പറഞ്ഞുകൊള്ളാം." രാക്ഷസന്റെ ഈ ചോദ്യങ്ങൾകേട്ടു് മഹാതേജസ്വിയായ രാമൻ ഉജ്വലനേത്രനായ വിരാധനോടു് "ഞങ്ങൾ ഇക്ഷ്വാകുകുലജാതരായ ക്ഷത്രിയരാണു്. സദാചാരനിഷ്ഠരുമാണു്. ഇതാ ഇപ്പോൾ കാട്ടിൽ സഞ്ചരിക്കുന്നു. ഈ ദണ്ഡകവനത്തിൽ ചുറ്റിനടക്കുന്ന നീ ആരെന്നു കേൾക്കട്ടെ" എന്നിങ്ങനെ മറുപടി പറഞ്ഞു. സത്യവിക്രമനായ ശ്രീരാഘവന്റെ ഈ വചനങ്ങൾക്കു വിരാധൻ 'ഹെ! രാഘവ! പറയാം കേട്ടുകൊൾക. ഞാൻ ജയന്റെ പുത്രനാണു്. ശതഹ്രദയെന്നാണു് എന്റെ അമ്മയുടെ പേർ. രാക്ഷസന്മാർ എന്നെ വിരാധൻ എന്നു വിളിച്ചുവരുന്നു. തപസ്സുകൊണ്ടു ബ്രഹ്മാവിനെ പ്രസന്നനാക്കി ശസ്ത്രാവദ്ധ്യത്വം, അച്ഛേദ്യത്വം, അഭേദ്യത്വം എന്നീ വരങ്ങൾ ഞാൻ വരിച്ചിരിക്കുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/10&oldid=203252" എന്ന താളിൽനിന്ന് ശേഖരിച്ചത്