ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
104

തിപ്പിച്ചു. ഇതെല്ലാം ഓൎത്തിട്ടാണു് ഹേ! രാവണ! രാമനോടു് പിണങ്ങരുതെന്നു് അങ്ങയെ, ഞാൻ വിലക്കുന്നതു്. ഇത്രയും പറഞ്ഞിട്ടും ആ മഹാത്മാവോടു നേൎക്കുന്നുവെങ്കിൽ, നീ നിശ്ചയമായും ഘോരവിപത്തിൽ ചെന്നുവീഴും. ക്രീഡാരസവിധിജ്ഞരായി, സംജാതകുതൂഹലത്തോടെ വൎത്തിക്കുന്ന രാക്ഷസന്മാൎക്കു്, നീ, അനൎത്ഥവും ആകുലവും വലിച്ചുചേൎത്തും. അസംഖ്യം ഹൎമ്മ്യപ്രാസാദങ്ങളോടും രത്നസഞ്ചയത്തോടുംകൂടി, ഈ ലങ്കാപുരി, സീത നിമിത്തം നിശ്ശേഷം മുടിഞ്ഞുപോകുന്നതു് നിന്റെ കണ്ണുകൊണ്ടു് കാണുമാറാകും. പാപികൾ ചെയ്യുന്ന ദുഷ്കൎമ്മംനിമിത്തം പരിശുദ്ധാത്മാക്കളുംകൂടി, നാഗഹ്രദത്തിൽ അകപ്പെട്ട മത്സ്യങ്ങൾപോലെ നശിച്ചുപോകുന്നു. ദിവ്യചന്ദനവും ശ്രേഷ്ഠഭൂഷകങ്ങളും ചാൎത്തി, ഉത്സാഹഭാരത്തോടെ മരുവുന്ന സൎവ്വരാക്ഷസന്മാരും നിന്റെ ഒരുവന്റെ ദോഷം നിമിത്തം മുടിഞ്ഞുപോകുവാൻ ഇതാ കാലമായിരിക്കുന്നു. ഭാൎയ്യ നശിച്ചും ഭാൎയ്യയോടുകൂടിയും ഉള്ള ശേഷിച്ച രക്ഷസ്സുകൾ, തീരെ ഗതിയില്ലാതെ, നാലുദിക്കും പായുന്നതു് നിന്റെ കണ്ണുകൊണ്ടു കാണേണ്ടിവരും. ശരജാലങ്ങൾകൊണ്ടു മൂടി, ഭവനങ്ങൾ ഭസ്മമായി, ലങ്കാപുരി മുഴുവൻ വെന്തഴിഞ്ഞുപോകുന്നതും നിനക്കു കാണ്മാൻ കാലംവരും. ഹേ! രാജൻ! പരദാരസ്പൎശത്തിൽ കവിഞ്ഞു് മറെറാരു പാപവും ഇല്ല. അങ്ങയ്ക്കു് ഭാൎയ്യമാരായി അസംഖ്യം സുന്ദരിമാരുണ്ടു്. ഹേ! രാക്ഷസേന്ദ്ര! സ്വദാരങ്ങളിൽ രമിച്ചു്, അങ്ങുന്നു് അങ്ങയുടെ വംശത്തെപ്പാലിക്ക. മാനം, ഐശ്വൎയ്യം, രാജ്യം, ജീവിതം, ശാന്തകളായ കളത്രങ്ങൾ, മിത്രങ്ങൾ എന്നിവയെല്ലാം കണ്ടുംകൊണ്ടു് ചിരകാലം വസിക്കേണമെന്നു് നീ ഇച്ഛിക്കുന്നുവെങ്കിൽ, രാമന്നു വിപ്രിയം ചെയ്യരുതു്. സ്നേഹാദരത്തോടെ ഞാൻ പറയുന്ന ഈ വാക്കുകൾ അവഗണിച്ചു്, നീ സീതയെ അതിക്രമിക്കുന്നുവെങ്കിൽ രാമസായകമേററു്, പരവശനായി, നീ നിന്റെ പരിബന്ധികളോടൊന്നിച്ചു് കാലപുരം പ്രാപിക്കും നിശ്ചയം.

--------------












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/109&oldid=203346" എന്ന താളിൽനിന്ന് ശേഖരിച്ചത്