ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
106

ത്രുനാശകങ്ങളായ മൂന്നു ബാണങ്ങൾ തൊടുത്തുവിട്ടു. അക്ലിഷ്ടകൎമ്മാവായ രാമന്റെ കാൎമ്മുകത്തിൽനിന്നു് പാഞ്ഞുവരുന്ന, സൎപ്പതുല്യങ്ങളും ഉന്മത്തങ്ങളുമായ ആ ബാണത്രയം, ദണ്ഡകവനത്തെ മുഴുവൻ ഉജ്വലിപ്പിച്ചു. രക്തഭോജികളും വജ്രസന്നിഭങ്ങളുമായ ആ ബാണങ്ങൾ മൂന്നും, ഞങ്ങളുടെ നേരെ ഒന്നായി കുതിച്ചുവന്നു. രാമപരാക്രമം കണ്ടു് പണ്ടുതന്നെ പരിത്രസ്തനായുള്ള ഞാൻ, ഒരുവിധം ആ ബാണങ്ങളിൽനിന്നും വിമുക്തനായി. എന്നാൽ അവ, എന്റെ ഒരുമിച്ചുണ്ടായിരുന്ന മററു രണ്ടു രാക്ഷസന്മാരുടെയും പ്രാണങ്ങൾ അപഹരിച്ചുകളഞ്ഞു. ഇങ്ങിനെ ഒരുവിധത്തിൽ ജീവൻ വീണ്ടുകിട്ടിയ ഞാൻ, പിന്നീടു് സൎവ്വവിധമായ ദുർവൃത്തികളിൽനിന്നും പിന്തിരിഞ്ഞു് യോഗയുക്തനായി ഇതാ ഇപ്പോൾ ഇവിടെ വസിക്കുന്നു. ഹേ! രാവണ! ചീരകൃഷ്ണാജിനധാരിയും ചാപപാണിയുമായ രാഘവനെ, ഞാൻ, പാശഹസ്തനായ അന്തകനെപ്പോലെ ഇന്നും, വൃക്ഷങ്ങൾതോറും കാണുന്നു. രാമസായകത്തെ ഭയന്നു് ഇപ്പോഴും വിറച്ചുകൊണ്ടിരിക്കുന്ന ഞാൻ, അസംഖ്യം രാമന്മാരെ എങ്ങും ദൎശിക്കുന്നു. ഈ വനംതന്നെ, എനിക്കു് രാമമയമായി കാണപ്പെടുന്നു. ഹേ! രാക്ഷസാധിപ! രാമൻ ഇല്ലാത്ത സ്ഥലത്തും രാമൻ എന്റെ ദൃഷ്ടികൾക്കു് വിഷയമാകുന്നു. സ്വപ്നത്തിലും, ഞാൻ രാമനെത്തന്നെ കാണുന്നു. അപ്പോഴെല്ലാം, വിചേതനനായി, ഞാൻ പലതും പുലമ്പുകയും ചെയ്യാറുണ്ടു്. ഹേ! രാവണ! 'ര'കാരാദിയായ 'രഥം, രത്നം' തുടങ്ങിയ നാമങ്ങൾ കൂടിയും, രാമപരിത്രസ്തനായ എന്നിൽ, അതിഭയം ജനിപ്പിക്കുന്നു. അദ്ദേഹത്തിന്റെ പ്രഭാവം, ഞാൻ നല്ലപോലെ അറിയുന്നവനാണു്. ആ പ്രഭുവോടു പിണങ്ങുന്നതു് നിനക്കു് ഒന്നുകൊണ്ടും ശോഭനമല്ല. ബലിയേയൊ നമുചിയേയൊ ഹനിപ്പാൻ പോലും രാമൻ ശക്തനാണു്. ഹേ! രാക്ഷസേശ്വര! നല്ലവണ്ണം ചിന്തിച്ചു് രാമനോടെതിൎക്കയൊ ക്ഷമയെ ആശ്രയിക്കയൊ, നീ ചെയ്തുകൊൾക. എന്റെ ജീവിതത്തിൽ നിനക്കിച്ഛയുണ്ടെങ്കിൽ രാമന്റെ കഥ മാത്രം എന്നോടു് പറയ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/111&oldid=203357" എന്ന താളിൽനിന്ന് ശേഖരിച്ചത്