ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
111

ക്ഷ്ണനും പ്രതികൂലിയും അവിനീതനുമായ രാജാവു്, രാജ്യത്തെപ്പാലിപ്പാൻ ശക്തനാകയില്ല. അസമൎത്ഥനായ ഒരു സാരഥി, താൻ നടത്തുന്ന ശീഘ്രഗാമികളായ വാജികളൊന്നിച്ചു് ദുൎഘടസ്ഥലത്തെന്നപോലെ തീക്ഷ്ണമന്ത്രരായ അമാത്യന്മാർ, രാജാവൊടുകൂടെ മുടിഞ്ഞുപോകുന്നു. ലോകത്തിൽ, ധൎമ്മചാരികളായ അസംഖ്യം സത്തുക്കൾ, പരാപരാധംനിമിത്തം കൂട്ടത്തോടെ നശിച്ചിട്ടുണ്ടു്. ഹേ! രാവണ! പ്രതികൂലിയും തീക്ഷ്ണനുമായ പാൎത്ഥിവനാൽ പാലിക്കപ്പെടുന്ന പ്രജകൾ, ഗോമായുവാൻ രക്ഷിക്കപ്പെടുന്ന മേഷങ്ങൾ പോലെ ക്ഷയിച്ചുപോകുന്നു. ഹേ! കൌണപേന്ദ്ര! കൎക്കശനും ദുർബ്ബുദ്ധിയും അജിതേന്ദ്രനുമായ, നീയാണല്ലൊ, രാജാവു്. പിന്നെ രാക്ഷസന്മാർ മുഴുവൻ, മുടിയാതിരിക്കുന്നതെങ്ങിനെ? ഈ ഘോരകൎമ്മത്തിൽ, 'കാകതാളീയം'പോലെ യദൃച്ഛയാ ഞാൻ വന്നുചേൎന്നുവെന്നേ വരൂ. മുഴുവൻ സൈന്യത്തോടെ ചത്തൊടുങ്ങുന്ന ഈ കാൎയ്യത്തിൽ, നിനക്കാണു് വ്യസനത്തിന്നവകാശം. എന്നെക്കൊന്നു് അധികം താമസിയാതെ രാമൻ, നിന്നെയും കൊല്ലും, നിശ്ചയം. ശത്രുകരത്താലാണു് മരണം സിദ്ധിക്കുന്നതെന്ന കൃതാൎത്ഥത എനിക്കുണ്ടു്. രാമന്റെ ദൃഷ്ടിയിൽ അകപ്പെട്ടാൽ, ആ നിമിഷം, ഞാൻ മരിച്ചുവെന്നു കരുതിക്കൊൾക. സീതയെ അപഹരിക്കുന്ന ആ ക്ഷണംതന്നെ, ബന്ധുസമേതം നീയും, മൃത്യുപാശത്തിൽ കുടുങ്ങിയെന്നു കരുതിക്കൊൾക. എന്റെ സാഹായ്യത്തോടെ നീ ആശ്രമത്തിൽ ചെന്നു്, സീതയെ അപഹരിച്ചു കൊണ്ടുപോരുന്നുവെങ്കിൽ, പിന്നെ നീയാകട്ടെ, ഞാനാകട്ടെ, മററു രാക്ഷസന്മാരാകട്ടെ, ഈ ലങ്കയിൽ ഇല്ലെന്നു നിശ്ചയമാണു്. നിന്റെ ഹിതകാംക്ഷിയായ ഞാൻ, തടുത്തിട്ടുംകൂടി, നീ ഈ കാൎയ്യത്തിൽനിന്നും പിന്തിരിയുന്നില്ലല്ലൊ. സുഹൃത്തുക്കളാൽ വചിക്കപ്പെടുന്ന ഹിതവാണികൾ, ആസന്നമരണരായ ഗതായുസ്സുകൾ, ഒരിക്കലും സ്വീകരിക്കയില്ല.

--------------












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/116&oldid=203385" എന്ന താളിൽനിന്ന് ശേഖരിച്ചത്