ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
118

മഹാതേജസ്വിയായ അഗസ്ത്യമുനിയെ പ്രാപിച്ചു്, അദ്ദേഹത്തിന്നിരയായി. ശ്രാദ്ധാനന്തരം തന്നെ ഭുജിപ്പാനൊരുമ്പെട്ടിരുന്ന ആ രാക്ഷസനോടു് ഭഗവാനായ അഗസ്ത്യം ഇങ്ങിനെ പറഞ്ഞു. "ഹേ! വാതാപെ! നീ നിന്റെ പ്രതാപം നിമിത്തം അസംഖ്യം വിപ്രവൎയ്യരെ വളരെ കഷ്ടപ്പെടുത്തീട്ടുണ്ടല്ലൊ. തന്നിമിത്തം ഇതാ നീയും ഇപ്പോൾ നശിക്കുന്നു." ഹേ! സൌമിത്രെ! എന്നെപ്പോലെ നിത്യദൎമ്മിയും ജിതേന്ദ്രിയനുമായ ഒരുവനോടു നേരിടുന്നുവെങ്കിൽ, ഈ മാരീചനും, അഗസ്ത്യമുനിയെ പ്രാപിച്ച വാതാപിയെപ്പോലെ, നിശ്ചയമായും നശിക്കും. ഹേ! രഘൂദ്വഹ! വേണ്ടുന്ന മുൻകരുതലോടെ നീ സീതയെ കാത്തുകൊണ്ടു്, ഇവിടെത്തന്നെ നില്ക്കുക. നമ്മുടെ ഈ കൃത്യങ്ങൾതന്നെ, ഇവൾക്കുവേണ്ടിയാണല്ലൊ. നിശ്ചയമായും ഞാൻ ഈ മാനിനെ ജീവനോടെ പിടിക്കും. അല്ലാത്തപ്പക്ഷം, ഇതിനെ വധിക്കയെങ്കിലും ചെയ്യും. ഏതുവിധവും ഞാൻ ഇതിനെയുംകൊണ്ടെ തിരിച്ചുപോരൂ. ഹേ! സുമിത്രാത്മജ! സീതക്കു് ഇതിന്റെ ചൎമ്മത്തിലുള്ള കൊതി നോക്കുക. മനോഹരമായ തന്റെ ചൎമ്മം നിമിത്തമാണല്ലൊ, ഈ മൃഗം ഇപ്പോൾ നശിപ്പാൻ പോകുന്നതു്. വളരെ ശ്രദ്ധയോടെ നീ സീതയെ കാക്കുക. ഓൎമ്മകേട് ഒന്നുകൊണ്ടും വന്നുപോകരുതു്. ഒരേ ഒരു ബാണംകൊണ്ടു് ഞാൻ ഇതിനെക്കൊന്നു്, ചൎമ്മത്തോടെ ക്ഷണം തിരിച്ചുപോരാം. ബലശാലിയും ബുദ്ധിമാനുമായ ജടായുവൊന്നിച്ചു് നീ വളരെ ജാഗ്രതയോടും ശ്രദ്ധയോടും ഓരോ ക്ഷണവും സീതയെ കാത്തുകൊൾക.

--------------
സർഗ്ഗം 44
മാരീചവധം
--------------

തേജോവാരിധിയായ രാഘവൻ, തന്റെ ഭ്രാതാവോടു് ഇപ്രകാരമെല്ലാം ചട്ടംചെയ്തശേഷം, തങ്കപ്പിടിചേൎന്ന തന്റെ ഖൾഗവും മൂന്നു വളവുള്ള വില്ലും തൂണികളും ധരിച്ചു പുറപ്പെട്ടു. ശരചാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/123&oldid=203419" എന്ന താളിൽനിന്ന് ശേഖരിച്ചത്