ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
123

നക്കു സന്തോഷമായിട്ടാണു് കാണുന്നതു്. രാമൻ ആപത്തിൽ അകപ്പെട്ടുവെന്നുകണ്ടിട്ടും, നീ ഇങ്ങിനെ, അനങ്ങാതെയിരിക്കുന്നുവല്ലൊ. നിന്നെപ്പോലെ കപടഹൃത്തും കൎക്കശനുമായ വൈരിയിൽ പാപം വന്നണയുന്നതു് ആശ്ചൎയ്യമല്ല. ഭരതനാൽ നിയോഗിക്കപ്പെട്ടിട്ടുള്ള അത്യന്തദുഷ്ടനായ നീ, ഏകനായ രാമനെ, വനത്തിൽ തനിയെ അനുഗമിക്കുന്നു. എന്നെ ഉദ്ദേശിച്ചു് ഗൂഢമായി, രാമനെ പിന്തുടരുവാൻ ഭരതൻ നിന്നോടു് ആജ്ഞാപിച്ചിരിക്കണം. ഹേ! ലക്ഷ്മണ! നിനക്കോ ഭരതന്നോ ഈ ഉദ്ദേശ്യം ഒരിക്കലും സാധിക്കയില്ല. പുണ്ഡരീകശ്യാമളനും പത്മപത്രോദരംപോലെ പ്രസന്നനേത്രനുമായ രാമന്റെ ഉത്തമപത്നിയായ ഞാൻ, ഒരു ക്ഷുദ്രനെക്കാമിക്കയൊ. ഹേ! നിൎദ്ദയ! നിന്റെ മുമ്പിൽ വെച്ചുതന്നെ ഞാൻ ഇതാ ജീവൻ കളയുന്നുണ്ടു്; കണ്ടുകൊൾക. രാമനെക്കൂടാതെ കാൽക്ഷണംപോലും ഞാൻ ജീവിക്കയില്ല. രോമാഞ്ചംകൊള്ളുമാറു് അത്യന്തം ശക്തിയുള്ള സീതയുടെ ഈ പരുഷോക്തികൾ കേട്ടു്, ജിതേന്ദ്രിയനായ ലക്ഷ്മണൻ സാഞ്ജലിയായി, ഇങ്ങിനെ പറഞ്ഞു, "ഹ! ദേവീ! നിന്തിരുവടിയുടെ ഈ വാക്കുകൾക്കു് സമാധാനം പറവാൻ ഞാൻ ശക്തനല്ല. അങ്ങുന്ന് എനിക്കു് ഈശ്വരിയാണു്. ഹേ! മിഥിലജെ! നിന്തിരുവടിയുടെ ഈ വാക്കുകൾ സ്ത്രീകൾക്കു് തീരെ അനുചിതമാണ്. ഇവ എന്നിൽ എത്രയും ആശ്ചൎയ്യം വളൎത്തുന്നു. ഈ വിധംതന്നെയാണു് സ്ത്രീസ്വഭാവം ലോകത്തിൽ സാധാരണ കണ്ടുവരുന്നതു്. ചപലകളും, അത്യന്തരൂക്ഷകളുമായ അവർ ധൎമ്മം പരിത്യജിച്ചു്, അന്യോന്യം ഛിദ്രിപ്പിക്കുന്നു. ഹെ! ശോഭനെ! നിന്തിരുവടിയുടെ ഈ വാണികൾ സഹിക്കത്തക്കവയല്ല. ചുട്ടുപഴുത്ത നാരാചംകൊണ്ടെന്നപോലെ അവ, എന്റെ കൎണ്ണങ്ങൾ തുളക്കുന്നു. യഥായുക്തം ന്യായം പറയുമ്പോൾ നിന്തിരുവടി എന്നോടു് മൎയ്യാദകെട്ട ഇത്തരം പരുഷവാക്കുകളാണല്ലൊ ഉരചെയ്യുന്നതു്. ഈ വനത്തിൽ വസിക്കുന്ന സൎവ്വ ഭൂതങ്ങളും ഇതിന്നു സാക്ഷികളാണ്. പ്രകൃത്യാതന്നെ സ്ത്രീകൾ ദുഷ്ടകളാണ്. അതിലും ദുഷിച്ചുപോയിരിക്കുന്നു നിന്തിരുവടി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/128&oldid=203469" എന്ന താളിൽനിന്ന് ശേഖരിച്ചത്