ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
124

ഗുരുവാക്യത്തിൽ വ്യവസ്ഥയോടെ വൎത്തിക്കുന്ന, എന്നെയാണല്ലൊ ഭവതി ഇത്രയും ശങ്കിക്കുന്നതു്. നിന്തിരുവടിക്കു് ആപത്തടുത്തുവെന്നതിന്ന് സൂചകങ്ങളാണിവ. ഇതാ ഞാൻ അഗ്രജനെ തിരഞ്ഞു പോകുന്നു. ഹേ! മാന്യെ! അങ്ങയ്ക്കു് സ്വസ്തി ഭവിക്കട്ടെ. വനദേവതമാർതന്നെ നിന്തിരുവടിയെ സൎവ്വവിധമായ ആപത്തിൽനിന്നും കാത്തുരക്ഷിക്കട്ടെ. അയ്യൊ! ഇതെന്താണു്! ഘോരനിമിത്തങ്ങളാണല്ലൊ ഇതാ ഞാൻ കാണുന്നതു്. രാമനോടുകൂടെ തിരിച്ചുവന്നു്, നിന്തിരുവടിയെക്കാണ്മാൻ എനിക്കു സംഗതിയാകുമൊ." ലക്ഷ്മണന്റെ ഈ വാക്കുകൾക്കു് ദേവി - ജാനകി കണ്ണുനീർ പൊഴിച്ചു്, കഠിനതരം രോദനം ചെയ്തുകൊണ്ടു് വീണ്ടും ഇങ്ങിനെ പറകയാണുണ്ടായതു. ഹേ! ലക്ഷ്മണ! രാമനെപ്പിരിഞ്ഞ ഞാൻ ഗോദാവരിയിൽ ചെന്നുവീണു്, പ്രാണങ്ങൾ കളയുന്നുണ്ടു്. അല്ലാത്തപ്പക്ഷം കെട്ടിത്തൂങ്ങിയൊ, വിഷം കുടിച്ചൊ, വിഷമത്തിത്തിൽ ചെന്നു വീണൊ മരിച്ചുകളയാം. ഏതുവിധവും ഞാൻ ജീവൻ കളയും; നിശ്ചയമാണു്. രാഘവനെയല്ലാതെ പരപുരുഷനെ ഞാൻ കാലുകൊണ്ടുപോലും സ്പർശിക്കുമെന്നു നീ കരുതേണ്ട. ഇങ്ങിനെ കഠിനവാക്കുകൾ പലതും പറഞ്ഞു മുറയിട്ടും, മാറത്തടിച്ചും, സീത ലക്ഷ്മണനെ രൂക്ഷതരം നോക്കിനിന്നു. ദുസ്സഹമായ ദുഃഖത്തോടെ ആൎത്തലച്ചു്, കണ്ണുനീർപൊഴിക്കുന്ന ആ വിശാലലോചനയെ ആശ്വസിപ്പാൻ ലക്ഷ്മണൻ പലതും പറഞ്ഞുനോക്കി. എന്നാൽ ആ മനസ്വിനിയാവട്ടെ - പിന്നീടു് ലക്ഷ്മണനോടു് ഒരു വാക്കുപോലും ഉരിയാടിയില്ല. ഇതു കണ്ടു ലക്ഷ്മണൻ സീതെയെ വീണു വന്ദിച്ചു് തിരിഞ്ഞു തിരിഞ്ഞു നോക്കിയുംകൊണ്ടു് രാമനെ അന്വേഷിച്ചു പുറപ്പെട്ടു.

--------------












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/129&oldid=203470" എന്ന താളിൽനിന്ന് ശേഖരിച്ചത്