ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
136

കുണ്ഡലങ്ങളോടും കൂടി മഹാദ്യുതിയാൎന്ന പംക്തികന്ധരൻ ചാപബാണങ്ങൾ ധരിച്ചു് ക്രോധത്താൽ പല്ലുഞെരിച്ചുകൊണ്ടു്, നീലജീമൂതംപോലെ ഏററവും ഉഗ്രനായി. ഭിക്ഷുവേഷം വെടിഞ്ഞു, തന്റെ മഹാകായത്തോടും രക്താംബരത്തോടും പത്തു തലകളോടും തുടുത്ത കണ്ണുകളോടുംകൂടി, രാക്ഷസാധിപനായ അവൻ സതീരത്നമായ സീതയെ, മിഴികൾ ഉരുട്ടിക്കൊണ്ടൊന്നു നോക്കി. സുകേശിനിയും അരുണകാന്തിപോലെ അതീവശോഭയുള്ളവളും ദിവ്യഭൂഷകങ്ങൾ അണിഞ്ഞവളുമായ ആ വൈദേഹിയോടു്, അവൻ ഇങ്ങിനെ പറഞ്ഞുതുടങ്ങി. "ഹേ! വരാരോഹെ! മൂന്നു ലോകത്തിലും പ്രഖ്യാതനായ പതിയോടൊന്നിച്ചു രമിപ്പാൻ നീ ഇച്ഛിക്കുന്നില്ലെ? ഇതാ എന്നോടു ചേൎന്നുകൊള്ളുക. നിനക്കു ചേൎന്ന ഭൎത്താവാണു് ഞാൻ. ഭദ്രെ! എന്നോടൊന്നിച്ചു് വളരെക്കാലം ക്രീഡിക്കുക. ഞാൻ നിനക്കു്, എത്രയും ശ്ലാഖ്യനായൊരു ഭൎത്താവാണെന്നു്, ഉടനെ നിനക്കു ബോദ്ധ്യമാകും. ഹേ! കാന്തെ! ഹേ! മനോഹരെ! നിനക്കു വിപ്രിയമായി ഒരു കാൎയ്യവും ഞാൻ ആചരിക്കയില്ല. ഒരു മാനുഷനോടുള്ള നിന്റെ അനുരാഗം പരിത്യജിക്ക. എന്നെ സ്നേഹിക്ക. രാജ്യവും പോയി അലങ്ങുതിരിയുന്ന പരിമിതായുസ്സായ രാഘവനിൽ നീ അനുരക്തയാകയൊ? ഹേ! മുഗ്ധവിലോചനെ! പണ്ഡിതമാനിയായ അവന്റെ എന്തു ഗുണം കണ്ടിട്ടാണു് നീ ഈവിധം ഭ്രമിക്കുന്നതു്. ഒരു പെണ്ണിന്റെ വാക്കുനിമിത്തം രാജ്യം വെടിഞ്ഞു, ഇഷ്ടജനങ്ങളോടൊന്നിച്ചു്, ദുഷ്ടമൃഗങ്ങൾ നിറഞ്ഞ ഈ കൊടുങ്കാട്ടിൽ വന്നു വസിക്കുന്ന, ബുദ്ധികെട്ടവനല്ലെ അവൻ." കാമമോഹിതനും ദുഷ്ടബുദ്ധിയുമായ ആ രാക്ഷസൻ ഇങ്ങിനെ ഇഷ്ടവചനങ്ങൾ പലതും പറഞ്ഞുനോക്കി. ആകാശത്തിൽ ബുധൻ രോഹിണിയെയെന്നപോലെ, പ്രിയവാദിനിയായ സീതയെ അവൻ മെല്ലെ പിടികൂടി. വാമകരംകൊണ്ടു് ഉത്തമാംഗം താങ്ങി, ദക്ഷിണകരംകൊണ്ടു് തുടകൾ രണ്ടും ചേർത്തുപിടിച്ചു്, പത്മപത്രാക്ഷിയായ വൈദേഹിയെ അവൻ പൊക്കിയെടുത്തു. അന്തകനിഭനും കരാളദംഷ്ട്രനും മഹാഭുജനും വൻമലപോലെ ഭയങ്കരനുമായ ആ രാക്ഷസനെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/141&oldid=203529" എന്ന താളിൽനിന്ന് ശേഖരിച്ചത്