ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
27

സൽക്കാരങ്ങൾ കൈക്കൊണ്ടു. എല്ലാ ആശ്രമങ്ങളും ചെന്നു കണ്ട ശേഷം വീണ്ടും ആദ്യം ചെന്നിരുന്ന ആശ്രമത്തെ ദൎശിച്ചു. ഇങ്ങിനെ ക്രമത്തിൽ മഹാസ്ത്രവേദിയായ രാമൻ ഓരോ ആശ്രമവും പല പ്രാവശ്യം ദൎശിച്ചു. ചിലേടത്തു പത്തു മാസം, ഒരു കൊല്ലം, നാലു മാസം, അഞ്ചു മാസം, ആറു മാസം, ഏഴു മാസം, ,മറ്റു ചിലേടത്തു ഒരു മാസം, ഒന്നേകാൽ മാസം, ഒന്നര മാസം, മുക്കാൽ മാസം, പതിനൊന്നു മാസം ഇങ്ങിനെ ആ മഹാപുരുഷൻ ഓരോ ആശ്രമത്തിലും ചെന്നു സസുഖം വസിച്ചു് സംവത്സരം പത്തു കഴിഞ്ഞു. വീണ്ടും സുതീക്ഷ്ണന്റെ ആശ്രമത്തിൽ ചെന്നു കേറി. മുനിമാരാൽ പൂജിക്കപ്പെട്ടുകൊണ്ടു സീതയോടും ലക്ഷ്മണനോടും കൂടെ അരിമന്ദനായ ദാശരഥി കുറെ ദിവസം അവിടെ താമസിച്ചു. അന്നൊരു നാൾ ശ്രീരാഘവൻ തപോധനനായ സുതീക്ഷ്ണനെ പ്രാപിച്ചു് "ഹെ! മഹൎഷിപുംഗവ! മുനിസത്തമനായ അഗസ്ത്യൻ ഈ വനത്തിൽ പാൎക്കുന്നുണ്ടെന്നു ഞാൻ പലപ്പോഴും കേട്ടിട്ടുണ്ട്. ഈ വനത്തിന്റെ വിപുലത്വം നിമിത്തം ധീമാനായ ആ ഋഷിവൎയ്യന്റെ പുണ്യാശ്രമം എവിടെയാണെന്നു കണ്ടറിവാൻ എനിക്കു സാധിച്ചിട്ടില്ല. അങ്ങയുടെ പ്രസാദംനിമിത്തം സീതയോടും ലക്ഷ്മണനോടുംകൂടി ആ മുനിവൎയ്യനെച്ചെന്നു വന്ദിപ്പാൻ എനിക്കു സാദ്ധ്യമാകേണമെ. മഹാഭാഗനായ ആ തപോസത്തമനെച്ചെന്നു കൈവണങ്ങേണമെന്ന മഹത്തായ മനോരഥം ഹെ! ഭഗവൻ! എന്റെ ഉള്ളിൽ കിടപ്പുണ്ടു്" എന്നിങ്ങിനെ പറഞ്ഞു. ധൎമ്മാത്മാവായ രാമന്റെ ഈ വചനങ്ങൾ ശ്രവിച്ചു് ഏറ്റവും സന്തുഷ്ടനായ സുതീക്ഷ്‌ണൻ ദാശരഥിയോടിങ്ങിനെ പറഞ്ഞു. "ഹെ! രാഘവ! ഇതു നിങ്ങളോടു പറയേണമെന്നു ഞാനും വിചാരിച്ചിരുന്നു. ആയതിപ്പോൾ ഭവാന്തന്നെ എന്നോടു പറഞ്ഞുവല്ലൊ. വളരെ നന്നായി. സീതയോടുംകൂടെ നിങ്ങൾ വേഗം ചെന്നു് അഗസ്ത്യനെക്കാണുക. ഹെ! വത്സ! മഹാമുനിയായ അഗസ്ത്യൻ വസിക്കുന്നതെവിടെയാണെന്നു ഞാൻ പറഞ്ഞുതരാം. ഈ ആശ്രമത്തിൽനിന്നു നേരെ തെക്കോട്ടു നാലു യോജന ദൂരം ചെന്നാൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/32&oldid=203123" എന്ന താളിൽനിന്ന് ശേഖരിച്ചത്